SignIn
Kerala Kaumudi Online
Thursday, 25 April 2024 2.06 AM IST

പഞ്ചവടിപ്പാല ത്തിൽ പൊലിഞ്ഞ ജീവൻ

irumpu-palam

കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയും മികച്ച ഗായകനുമായിരുന്ന എ. സുരേഷ് കുമാർ കഴിഞ്ഞ ദിവസം ഒരു വാഹനാപകടത്തിൽ കൊല്ലപ്പെട്ടത് പൊലീസ് സേനയെ മാത്രമല്ല, കലാസ്നേഹികളായ ഒട്ടേറെപ്പേരെയാണ് അതീവ ദു:ഖത്തിലാഴ്ത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പകൽ പതിനൊന്നരയ്‌ക്ക് കൊല്ലം ഇരുമ്പുപാലത്തിലുണ്ടായ അപകടത്തിലാണ് സുരേഷ്‌കുമാറിന് ജീവൻ നഷ്ടമായത്. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് തന്റെ സ്കൂട്ടറിൽ വരുന്നതിനിടെ പിന്നിൽനിന്നു വന്ന കോൺക്രീറ്റ് മിക്സിംഗ് ലോറിയാണ് അദ്ദേഹത്തിന്റെ അന്തകനായി മാറിയത്. ലോറിതട്ടി റോഡിൽവീണ് ഗുരുതര പരിക്കേറ്റ സുരേഷ് കുമാറിനെ വിവിധ ആശുപത്രികളിൽ എത്തിച്ചെങ്കിലും ഏവരെയും കണ്ണീരിലാഴ്ത്തി വൈകിട്ടോടെ ആ ജീവൻ പൊലിഞ്ഞു. ഇരുമ്പുപാലത്തിന് സമാന്തരമായി ഏതാനും വർഷം മുമ്പ് നിർമ്മിച്ച പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്നതിനാൽ പഴയ പാലത്തിലൂടെയായിരുന്നു ഇരുദിശയിലേക്കുമുള്ള വാഹനങ്ങൾ പോയിരുന്നത്. കൊല്ലത്തെ 'പഞ്ചവടിപ്പാല"മെന്ന പേരു പതിഞ്ഞ ഇരുമ്പ് പാലത്തിൽ വച്ചുണ്ടായ അപകടത്തിൽ ജീവൻ പൊലിഞ്ഞ പൊലീസുകാരൻ പാലം അറ്റകുറ്റപ്പണിയ്ക്കിടെയുണ്ടായ ഗതാഗതക്കുരുക്കിന്റെ ആദ്യ രക്തസാക്ഷിയായി.

കേരള പൊലീസ് അസോസിയേഷൻ ഗായകസംഘത്തിലെ പ്രധാന ഗായകനായിരുന്ന സുരേഷ് കുമാർ പഠനകാലത്ത് മുളങ്കാടകം ജി.എച്ച്. എസിലും കൊല്ലം എസ്.എൻ കോളേജിലും നിറഞ്ഞുനിന്ന പാട്ടുകാരനായിരുന്നു. പിന്നീട് കൊല്ലം ഹാർമണി ബീറ്റ്സ് എന്ന ഗാനമേള ട്രൂപ്പിലും ഫാഷൻ മ്യൂസിക്കിലുമൊക്കെ ഗായകനായിരുന്നു. കഴിഞ്ഞ 29 ന് ചവറ പരിമണത്ത് നടന്ന പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ കുടുംബ സംഗമത്തിലാണ് സുരേഷ് കുമാർ അവസാനമായി പാടിയത്. കേരളത്തിലെ നിരത്തുകളിൽ നിത്യേനെ പൊലിയുന്ന മനുഷ്യ ജീവനുകൾക്ക് കണക്കില്ലെങ്കിലും സുരേഷ് കുമാറിന്റെ ജീവനെടുത്ത ഇരുമ്പുപാലത്തിലുണ്ടായ അപകടം കൊല്ലത്തെ പഞ്ചവടിപ്പാലങ്ങളുടെ പിന്നാമ്പുറ കഥകളിലേക്ക് ശ്രദ്ധപായാനുള്ള അവസരം ഒരുക്കുന്നതായി.

2016 ൽ ഉദ്ഘാടനം ചെയ്ത പാലം

നാലുവർഷം മുമ്പ് മാത്രം ഉദ്ഘാടനം ചെയ്ത ഇരുമ്പുപാലത്തിന്റെ സമാന്തര പാലമാണ് കാര്യമായ അറ്റകുറ്റപ്പണികൾക്കായി ഒരു മാസത്തിലേറെയായി അടച്ചിട്ടിരിക്കുന്നത്. തുടർന്ന് താലൂക്ക് കച്ചേരി ജംഗ്ഷൻ മുതൽ ഹൈസ്കൂൾ ജംഗ്ഷൻ വരെ ഗതാഗതക്കുരുക്കിലാണ്. അരനൂറ്റാണ്ടിനപ്പുറം നിർമ്മിച്ച പഴയപാലത്തിലൂടെയാണ് ഇപ്പോൾ ഇരുദിശയിലേക്കും വാഹനഗതാഗതം നടക്കുന്നത്. പഴയപാലം ഇപ്പോഴും കാര്യമായ തകരാറില്ലാതെ നില്‌ക്കുമ്പോൾ നാലുകൊല്ലം മുമ്പ് മാത്രം നിർമ്മിച്ച പുതിയ പാലത്തിന് അറ്റകുറ്റപ്പണി നടത്തേണ്ട സ്ഥിതി എന്തുകൊണ്ടുണ്ടായെന്ന ചോദ്യമാണ് എറണാകുളം പാലാരിവട്ടം പാലം പോലെ ഈ പാലത്തെയും പഞ്ചവടിപ്പാലമാക്കി മാറ്റുന്നത്. 2012 ൽ നിർമ്മാണം തുടങ്ങിയപ്പോൾ തന്നെ ഇരുമ്പുപാലത്തിന്റെ സമാന്തരപാലം വിവാദത്താൽ ശ്രദ്ധേയമായിരുന്നു. പാലംപണി പൂർത്തിയായിട്ടും അപ്രോച്ച് റോഡിന് പണം അനുവദിച്ചില്ലെന്നതായിരുന്നു വിവാദം. പി.കെ ഗുരുദാസൻ എം.എൽ.എ ആയിരുന്നപ്പോൾ അനുമതി ലഭിച്ച പാലം ഇക്കാരണത്താൽ തന്നെ ഏറെക്കാലം ഉദ്ഘാടനം കാത്തുകിടന്നു. ഒടുവിൽ അപ്രോച്ച് റോഡ് നി‌ർമ്മാണം പൂർത്തീകരിച്ച് 2015 ൽ ഉദ്ഘാടനം ചെയ്തപ്പോഴേ പാലത്തിന്റെ നി‌മ്മാണത്തിലെ അപാകത മുഴച്ചു നിന്നിരുന്നു. മഴ പെയ്താൽ പാലത്തിനു മുകളിൽ കെട്ടിനില്‌ക്കുന്ന വെള്ളം ഒഴുകിപ്പോകാത്തത് എന്ത് ടെക്നോളജി എന്നതായിരുന്നു പൊതുജനത്തിന്റെ സംശയം. കോടികളുടെ നിർമ്മാണച്ചെലവായ പാലത്തിന് ഏഴരമീറ്റർ വീതം നീളമുള്ള 18 ജോയിന്റുകളാണുള്ളത്. അറ്റകുറ്റപ്പണിയുടെ ഭാഗമായി കഴിഞ്ഞ നവംബർ 18 ന് അടച്ച പാലത്തിന്റെ സ്ലാബുകൾ ചേരുന്ന ഭാഗത്തെ സ്ക്രിപ്റ്റ് സ്റ്റീൽ മാറ്റി പുതിയത് ഉറപ്പിച്ചു. പാലത്തിന്റെ മുകൾഭാഗത്തെ കോൺക്രീറ്റ് ഇളക്കി മാറ്റി സ്ക്രിപ്റ്റ് സ്റ്റീൽ ഉറപ്പിച്ച ശേഷം പുതുതായി കോൺക്രീറ്റ് ചെയ്യുന്ന ജോലിയും പൂർത്തിയാക്കി ഈ മാസം 21 ന് പാലം തുറന്നു കൊടുക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കോൺക്രീറ്റ് ഉറയ്ക്കാൻ 28 ദിവസം വേണ്ടിവരുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്.

കമ്മിഷണർ ഓഫീസ് മേൽപ്പാലവും അടച്ചിടേണ്ടി വരും

കൊല്ലത്തെ മറ്റൊരു പഞ്ചവടിപ്പാലമായി മാറുകയാണ് സിറ്റി പൊലീസ് കമ്മിഷണ‌ർ ഓഫീസിനു മുന്നിലെ റെയിൽവെ മേൽപ്പാലവും. ഇരുമ്പുപാലത്തിന്റെ സമാന്തര പാലം അറ്റകുറ്റപ്പണി നടത്തി തുറന്നു കൊടുക്കുന്നതിനു പിന്നാലെ പത്തുവർഷം മുമ്പ് മാത്രം ഉദ്ഘാടനം ചെയ്ത ഈ മേൽപ്പാലവും അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തേണ്ട സ്ഥിതിയിലാണ്. അത്രമേൽ തകർന്നു കിടക്കുകയാണ് പാലം. മൂന്ന് വർഷം മുമ്പും ഒന്നരമാസത്തോളം അടച്ചിട്ട് ലക്ഷങ്ങൾ ചെലവഴിച്ച് പാലത്തിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. നിർമ്മാണത്തിലെ അപാകതയും വൈകല്യങ്ങളുമാണ് പുതിയപാലങ്ങൾ അടിയ്ക്കടി തകരാനും പിന്നാലെ ലക്ഷങ്ങളുടെ അറ്റകുറ്റപ്പണി നടത്താനും കാരണമെന്ന ആരോപണം ഉയരുമ്പോഴും ഇതെക്കുറിച്ച് അന്വേഷണം നടത്താനോ ബന്ധപ്പെട്ടവരുടെ മേൽ നടപപടി സ്വീകരിക്കാനോ ആരും മുന്നോട്ട് വരുന്നില്ലെന്നതാണ് ആശ്ചര്യകരമായ വസ്തുത. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളോ സംഘടനകളോ ഇത്തരം ആവശ്യമുന്നയിക്കുന്നില്ലെന്നതും എടുത്തു പറയേണ്ട വസ്തുതയാണ്. അടുത്ത കാലത്ത് നിർമ്മിച്ച കൊച്ചുപിലാമൂട് പാലത്തിന്റെ മുകളിലും സ്റ്റീൽ സ്ക്രിപ്റ്റുകൾ ഇളകിമാറിയ നിലയിലാണ്. ഓരോ വാഹനം പോകുമ്പോഴും ഇളകിയ സ്റ്റീൽ സ്ക്രിപ്റ്റിൽ കയറുമ്പോൾ പേടിപ്പെടുത്തുന്ന ശബ്ദമാണുണ്ടാകുന്നത്. എത്രയും വേഗം അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ ഈ പാലവും അപകടാവസ്ഥയിലാകുമെന്നതിൽ സംശയമില്ല.

പഞ്ചവത്സര പദ്ധതി പോലെ കല്ലുപാലം

കൊല്ലം തോടിന് കുറുകെയുള്ള പഴയ കല്ലുപാലം പൊളിച്ചിട്ട് രണ്ടരവർഷം ആകാൻ പോകുന്നു. കൃത്യമായി പറഞ്ഞാൽ 2019 സെപ്തംബ‌റിൽ. ഇപ്പ ശര്യാക്കുമെന്ന് പറഞ്ഞ് അടുത്തമാസം മുതൽ പണി തുടങ്ങി. ഒരു വർഷത്തിനകം പുതിയ പാലം തുറക്കുമെന്നായിരുന്നു ഉറപ്പ്. പാലം അടച്ചതോടെ അതുവഴിയുള്ള വാഹനഗതാഗതം മറ്റു വഴികളിലൂടെ തിരിച്ചു വിട്ടു. വാഹനവും ആളും വരാത്തതിനാൽ പാലത്തിനടുത്തുണ്ടായിരുന്ന നിരവധി കച്ചവട സ്ഥാപനങ്ങൾ അടച്ചുപൂട്ടി. പല വ്യാപാരികളും കടംകയറി കുത്തുപാളയെടുത്തു. പറഞ്ഞിട്ടെന്ത് കാര്യം. സർക്കാർ കാര്യം മുറപോലെയെന്ന് പറയാറുണ്ടെങ്കിലും അതുപോലും കല്ലുപാലത്തിന്റെ കാര്യത്തിൽ നടക്കുന്നില്ല. ഇതിനിടെ കരാർ കാലാവധി നാലുതവണ നീട്ടി നല്‌കി. കഴിഞ്ഞ ഡിസംബർ 31 വരെ നീട്ടി നല്‌കിയ കാലാവധിയും അവസാനിച്ചു. ഇനി മാർച്ച് 31 വരെ ദീർഘിപ്പിച്ച് നല്‌കണമെന്നാവശ്യപ്പെട്ട് കരാറുകാരൻ ഉൾനാടൻ ജലഗതാഗത വകുപ്പിന് അപേക്ഷ നല്‌കിയിരിക്കുകയാണ്. കല്ലുപാലം ഉടനെയെങ്ങും യാഥാർത്ഥ്യമായി അതുവഴിയുള്ള ഗതാഗതം പുനസ്ഥാപിക്കുമെന്ന കാര്യത്തിൽ ആർക്കും ഒരു പ്രതീക്ഷയുമില്ല. ഗതാഗതക്കുരുക്കിൽപ്പെട്ട് വിലപ്പെട്ട ജീവനുകളെ മരണം കവരുമ്പോഴും അധികൃതർക്ക് മനം മാറ്റമുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എ.സുരേഷ് കുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ജീവൻ അകാലത്തിൽ നഷ്ടമായതിലൂടെ ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ് തകിടം മറിഞ്ഞത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOLLAM DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.