SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.23 AM IST

ഇഴഞ്ഞിഴഞ്ഞ് തീരദേശ ഹൈവേ

kk

തീരമേഖലയ്‌ക്കും സംസ്ഥാനത്തെ ടൂറിസം വികസനത്തിനും പ്രതീക്ഷയേകുന്ന നിർദ്ദിഷ്ഠ തീരദേശ ഹൈവേ പദ്ധതി പ്രഖ്യാപിച്ച് മൂന്ന് വർഷമായിട്ടും ഏതാനും ജില്ലകളിലൊഴികെ നിർമ്മാണം മന്ദഗതിയിലാണ്. ദേശീയപാതയിലെ വാഹനത്തിരക്ക് കുറയ്ക്കാനും സുഗമമായ ചരക്കുഗതാഗതവും വിനോദസഞ്ചാര വികസനവും ലക്ഷ്യമിടുന്ന തീരദേശ ഹൈവേ തിരുവനന്തപുരം പൂവാർ മുതൽ കാസർകോട് തലപ്പാടി വരെ 657 കിലോമീ​റ്റർ നീളുന്നതാണ്. ഒൻപത് തീരദേശ ജില്ലകളിലൂടെ കടന്നുപോകുന്ന പദ്ധതിയിൽ നിലവിലെ തീരദേശ റോഡുകളുടെ വീതി കൂട്ടിയും അതില്ലാത്തിടത്ത് പുതിയപാത നിർമ്മിക്കാനുമാണ് വിഭാവനം ചെയ്യുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂ‌ർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ സമുദ്രതീരത്തോട് ചേർന്നാണ് പാത കടന്നുപോകുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2018 ഒക്ടോബറിലാണ് പദ്ധതിക്ക് ഭരണാനുമതി നൽകിയത്. 2019 മാർച്ച് 10 ന് അന്നത്തെ പൊതുമരാമത്തു മന്ത്റി ജി.സുധാകരൻ മലപ്പുറം ജില്ലയിലെ പടിഞ്ഞാറേക്കര പാലം മുതൽ ഉണ്ണ്യാൽ ജംഗ്ഷൻ വരെയുള്ള 15 കിലോമീ​റ്ററിലെ ഒന്നാം സ്ട്രെച്ചിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. മലപ്പുറത്ത് രണ്ട് റീച്ചുകളിൽ മാത്രമാണ് ഇപ്പോൾ ജോലി പുരോഗമിക്കുന്നത്.

ചലനമറ്റു കിടന്ന പദ്ധതിക്ക് രണ്ടാം പിണറായി മന്ത്രിസഭ വന്നതോടെ ജീവൻവച്ചു തുടങ്ങി. ഫെബ്രുവരി 28 ന് മുൻപ് വിശദ പദ്ധതിരേഖ തയ്യാറാക്കാനും ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാനും മന്ത്രി മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിരുന്നു. തീരദേശപാതയുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നത് സംബന്ധിച്ച് അടുത്തിടെ ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തീരദേശ ഹൈവേ സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയാണ്. പാതയുടെ നിർമ്മാണത്തിനാവശ്യമായ നടപടികൾ സമയബന്ധിതമായി നടപ്പാക്കുന്ന തരത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. നിർമ്മാണം വിലയിരുത്താൻ രണ്ടു മാസത്തിലൊരിക്കൽ മന്ത്രിതല അവലോകനയോഗം ചേരും. ജില്ലാതലത്തിൽ കളക്ടർമാരെ പങ്കെടുപ്പിച്ച് വിലയിരുത്തൽ യോഗം നടത്തും. ഓരോ ജില്ലയിലെയും പാതയുടെ ഓരോ റീച്ചിന്റെ നിർമ്മാണം സംബന്ധിച്ചും വിലയിരുത്തും. പ്രശ്‌നങ്ങൾ ഉള്ളിടത്ത് നേരിട്ടുതന്നെ പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. തീരദേശപാതയുടെ വിശദ പദ്ധതിരേഖ തയ്യാറാക്കാൻ തിരഞ്ഞെടുത്ത ഏജൻസികളായ നാറ്റ്പാക്, ഐഡെക്ക്, എൽ ആന്റ് ടി എന്നിവയുടെ പ്രതിനിധികൾ തയ്യാറാക്കിയ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. തുടർന്നാണ് വിശദമായ പദ്ധതിരേഖ ഫെബ്രുവരി 28 ന് മുമ്പായി സമർപ്പിക്കാൻ മൂന്ന് ഏജൻസികളോടും മന്ത്രി നിർദ്ദേശിച്ചത്. കിഫ്ബി ആദ്യം അംഗീകരിച്ച പദ്ധതിയിൽ സ്ഥലമെടുപ്പിനുള്ള തുക വകകൊള്ളിച്ചിരുന്നില്ല. പിന്നീട് മലപ്പുറം ജില്ലയിലെ രണ്ട് റീച്ചുകൾക്ക് സ്ഥലമെടുപ്പിന് 72 കോടി അനുവദിച്ചു. മറ്റു ഭാഗങ്ങളിലെ സ്ഥലമെടുപ്പിന് തുക ചോദിച്ച് മരാമത്ത് വകുപ്പ് കിഫ്ബിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ വർഷം പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട പദ്ധതിക്ക് 6,500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഒൻപത് ജില്ലകളിലായി 17റീച്ചുകളായാണ് നിർമ്മാണം. ഏജൻസികൾ തയ്യാറാക്കിയ പദ്ധതിരേഖ ഉടൻ ലഭിക്കുമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എൻജിനിയർ ബി. ശ്രീകുമാർ പറഞ്ഞു.

ഒന്നാം പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതി

രണ്ടാം പിണറായി സർക്കാരിന്റെ കെ - റെയിൽ പോലെ ഒന്നാം പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിയാണ് തീരദേശ ഹൈവേ. 1993 ലാണ് തീരദേശ ഹൈവേ നാട്പാക് വിഭാവനം ചെയ്തത്. സ്ഥലം കിട്ടുന്നിടത്ത് 12 മീറ്ററും മറ്റിടങ്ങളിൽ എട്ട് മീറ്ററും വീതിയാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ സൈക്കിൾ ട്രാക്കുൾപ്പെടെ 14 മീറ്റർ വീതി വേണമെന്ന് കിഫ്ബി കർശന നിലപാടെടുത്തു. തീരദേശത്ത് ഭൂമി ഏറ്റെടുക്കുന്നതിന്റെ പരിമിതികൾ മരാമത്ത് വകുപ്പ് കിഫ്ബിയെ ബോദ്ധ്യപ്പെടുത്തി. കഴിഞ്ഞ മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും കിഫ്ബി സി.ഇ.ഒയും ചർച്ച നടത്തിയാണ് പദ്ധതി എങ്ങനെയും നടപ്പാക്കാൻ തീരുമാനിച്ചത്. പാത കടന്നുപോകുന്ന 44 മണ്ഡലങ്ങളിലെ എം.എൽ.എ മാരുടെ സഹകരണത്തോടെ സ്ഥലമെടുപ്പ് ഊർജ്ജിതമാക്കാനും തീരുമാനിച്ചു. ഭൂമി ലഭ്യമായ സ്ഥലങ്ങളിൽ നിർമ്മാണം തുടങ്ങുക, മറ്റിടങ്ങളിൽ ന്യായവില നൽകി ഭൂമി ഏറ്റെടുക്കുക, ഒഴിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കുക, തീരെ സ്ഥലം കിട്ടാത്ത ഭാഗത്ത് ഫ്ളൈ ഓവർ നിർമ്മിക്കുക അല്ലെങ്കിൽ പാത തിരിച്ചുവിടുക തുടങ്ങിയ തീരുമാനങ്ങളും എടുത്തു. തീരദേശ ഹൈവെ നടപ്പാക്കുമ്പോൾ കാര്യമായ കുടിയൊഴിപ്പിക്കൽ ഉണ്ടാകില്ലെന്ന് മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നുവെങ്കിലും പലയിടത്തും സർവേ നടത്തുന്നതിനിടെ തന്നെ നാട്ടുകാരുടെ പ്രതിഷേധം ഉയർന്നു. നിലവിലുള്ള തീരദേശ റോഡ് വികസിപ്പിച്ചാൽ മതിയെന്ന് ചില കേന്ദ്രങ്ങൾ ആവശ്യം ഉന്നയിച്ചെങ്കിലും കൂടുതൽ പേരെ ഒഴിപ്പിക്കേണ്ട സാഹചര്യം ഉണ്ടാക്കുമെന്നതിനാൽ പരിഗണിച്ചിട്ടില്ല.

കരിമണൽ വ്യവസായ മേഖലയ്ക്ക് ആശങ്ക

കൊല്ലം ജില്ലയിലെ നീണ്ടകര മുതൽ ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി വരെ 42 കിലോമീറ്റർ തീരമേഖലയിൽ വ്യാപിച്ചു കിടക്കുന്ന കരിമണലിനെ ആശ്രയിച്ച് പ്രവർത്തിക്കുന്ന രണ്ട് പൊതുമേഖലാ സ്ഥാപനങ്ങൾ തീരദേശ പാതയുടെ അലൈൻമെന്റ് ഏതുരീതിയൽ വരുമെന്നത് സംബന്ധിച്ച് ഉത്ക്കണ്ഠയിലാണ്. ചവറയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ആർ.ഇ യും (ഇന്ത്യൻ റെയർ എർത്ത്സ്) സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലു (കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ്) മാണ് തീരത്തെ കരിമണൽ അധിഷ്ഠിത വ്യസായങ്ങൾ. നീണ്ടകര മുതൽ കായംകുളം പൊഴി വരെയുള്ള 22 കി.മീറ്ററാണ് ഈ ഫാക്ടറികൾക്കാവശ്യമായ പ്രകൃതിദത്ത കരിമണൽ നിക്ഷേപമുള്ളത്. ഐ.ആർ.ഇ യുടെ ചവറ, ആലുവ യൂണിറ്റുകൾ, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളായ കെ.എം.എം.എൽ, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് (ടി.ടി.പി) എന്നിവയ്ക്കു പുറമെ ചില സ്വകാര്യ ഫാക്ടറികളും ചവറയിലെ കരിമണൽ നിക്ഷേപത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നുണ്ട്.

തീരദേശപാത ഇതുവഴിയാണ് പോകുന്നതെങ്കിൽ കോടികൾ വിലയുള്ള കരിമണൽ നഷ്ടപ്പെടുകയും മണൽ ഖനനത്തെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് ഐ.ആർ.ഇ, കെ.എം.എം.എൽ അധികൃതർ പറയുന്നത്. തീരദേശ പാതയ്ക്കായി ഇതുവഴി സർവ്വെ നടത്തിയപ്പോൾ സ്ഥാപന മേധാവികൾ ഈ ആശങ്ക ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. അങ്ങനെയെങ്കിൽ തീരദേശപാത നീണ്ടകരയിൽ നിന്ന് ദേശീയപാത 66 മായി ബന്ധിപ്പിക്കേണ്ടി വരും. കരുനാഗപ്പള്ളി ലാലാജി ജംഗ്ഷൻ വരെ ദേശീയപാത വഴി പോയ ശേഷം പണിയ്ക്കർകടവ് പാലത്തിലൂടെ തീരദേശ പാതയിലെത്തി ആലപ്പാട് വഴി പോകും. ഈ മാസം 10 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വലിയഴീക്കൽ പാലം വഴി ആലപ്പുഴ ജില്ലയിൽ കടക്കാം. നീണ്ടകര മുതൽ കരുനാഗപ്പള്ളി വരെയുള്ള 14 കിലോമീറ്റർ ദൂരം ദേശീയപാത വഴിയാക്കിയാൽ തീരദേശ ഹൈവേ എന്ന സങ്കൽപ്പത്തിന് മങ്ങലേൽക്കുമെന്നാണ് വിലയിരുത്തുന്നത്. തീരത്തെ കരിമണൽ ഖനന മേഖലയിലൂടെ പോയാൽ രണ്ട് കൂറ്റൻ വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ഈ പ്രദേശം ഒഴിവാക്കിയുള്ള അലൈൻമെന്റിനാകും സാദ്ധ്യത.


.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOLLAM DIARY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.