SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.30 PM IST

കൊല്ലം സി.പി.ഐ യിൽ സ്ഥിരം സെക്രട്ടറിയായി

p-s-supal

ഔദ്യോഗിക നേതൃത്വത്തിനെതിരെ ശക്തമായ വിഭാഗീയത നിലനിന്ന കൊല്ലം ജില്ലയിൽ പി.എസ് സുപാൽ എം.എൽ.എ യെ പുതിയ സെക്രട്ടറിയായി ജില്ലാ സമ്മേളനം തിരഞ്ഞെടുത്തതോടെ വിഭാഗീയതയ്ക്ക് താത്ക്കാലികമായെങ്കിലും ശമനമായെന്ന് ആശ്വസിക്കാം. മൂന്ന് വർഷം മുമ്പ് നടന്ന പാർട്ടി സമ്മേളനത്തിൽ ഔദ്യോഗിക നേതൃത്വത്തിനെതിരെ ജില്ലയിലെ ഭൂരിപക്ഷം നേതാക്കളും അണിനിരന്നതോടെയാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നാണക്കേട് ഒഴിവാക്കാൻ സെക്രട്ടറിയെ തിരഞ്ഞെടുക്കാതിരുന്നത്. കാനം പക്ഷക്കാരനായ ആർ. രാജേന്ദ്രനെ ജില്ലാസെക്രട്ടറിയാക്കാനുള്ള അന്നത്തെ നീക്കമാണ് എതിർപക്ഷം പൊളിച്ചടുക്കിയത്.

രാജ്യത്തുതന്നെ പാർട്ടിക്ക് ഏറ്റവും കൂടുതൽ അംഗങ്ങളുള്ളതും സംസ്ഥാനത്ത് പാർട്ടിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രവുമായ കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനം സി.പി.ഐ യെ സംബന്ധിച്ച് അതീവ പ്രാധാന്യമേറിയതാണ്. ഇക്കുറി കാനത്തിന്റെ സ്വന്തം ജില്ലയായ കോട്ടയത്ത് അദ്ദേഹത്തിന്റെ എതിർപക്ഷം തിരഞ്ഞടുപ്പിലൂടെ നേടിയ അട്ടിമറി ജയവും കൊല്ലത്തെത്തിയപ്പോൾ കാനം പക്ഷത്തിന്റെ കണ്ണുതുറപ്പിച്ചെന്ന് വേണം കരുതാൻ. അറിയപ്പെടുന്ന കാനം വിരുദ്ധനായ പി.എസ് സുപാലിനെ സ്വന്തം പക്ഷത്തെത്തിച്ച് സമവായത്തിലൂടെ കാനത്തിന്റെ തന്നെ പിന്തുണയോടെ തിരഞ്ഞെടുക്കാനായതും പാർട്ടി ജില്ലാ ഘടകത്തിൽ പുത്തൻ സമവാക്യങ്ങളുടെ വിജയമായി വിശേഷിപ്പിക്കപ്പെടുന്നു. കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ സുപാലിനെ വെട്ടാൻ കാനം നടത്തിയ തന്ത്രപരമായ നീക്കം ഇക്കുറിയും പാളിയാൽ ഉണ്ടാകാവുന്ന നാണക്കേടും അദ്ദേഹം മുന്നിൽ കണ്ടിട്ടുണ്ടാകാം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സി.പി.ഐ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മുല്ലക്കര രത്നാകരനെയും കെ.ആർ ചന്ദ്രമോഹനനെയുമൊക്കെ മാറ്റിമാറ്റി പരീക്ഷിച്ചതോടെയാണ് 'ഇന്നാരാണ് സെക്രട്ടറി' എന്ന് പാർട്ടിക്കാർ ചോദിക്കാൻ തുടങ്ങിയത്. ജില്ലാ സെക്രട്ടറിയായിരുന്ന എൻ. അനിരുദ്ധനെ മാറ്റി പുതിയ സെക്രട്ടറിയെ കൊണ്ടുവരാനുള്ള നീക്കമാണ് ജില്ലയിലെ വിഭാഗീയതയ്ക്ക് തീകൊളുത്തിയത്. രാജേന്ദ്രനെ സെക്രട്ടറിയാക്കാനുള്ള നീക്കം പാളിയതോടെ സംസ്ഥാന നേതൃത്വം ഇടപെട്ടാണ് മുല്ലക്കരയെ താത്ക്കാലിക സെക്രട്ടറിയാക്കിയത്. പിന്നീട് മുല്ലക്കര വ്യക്തിപരമായ കാരണങ്ങളാൽ പാർട്ടിയിൽ നിന്ന് അവധിയെടുത്തപ്പോൾ കെ.ആർ ചന്ദ്രമോഹനന് സെക്രട്ടറിയുടെ ചുമതല നൽകി. അവധി കഴിഞ്ഞ് തിരികെ എത്തിയ മുല്ലക്കരയ്ക്ക് വീണ്ടും ചുമതല നൽകി. മൂന്ന് വർഷമായി നിലനിന്ന അനിശ്ചിതത്വത്തിൽ പാർട്ടി ഘടകങ്ങളും അണികളും ഏറെ അസ്വസ്ഥരായിരുന്നു. അണികൾ കൊഴിഞ്ഞു പോകുന്ന സ്ഥിതി വരെയുണ്ടായി.

പാർട്ടി സജീവമാകും

നിലവിൽ സംസ്ഥാന കൗൺസിൽ അംഗവും ജില്ലാ അസി. സെക്രട്ടറിയുമായ പി.എസ് സുപാൽ (52) സെക്രട്ടറിയായതോടെ ജില്ലയിൽ പാർട്ടി കൂടുതൽ സജീവമാകുമെന്നാണ് കരുതുന്നത്. പുനലൂർ എം.എൽ.എ ആയ സുപാൽ പാർട്ടിയുടെ കൂടി അമരക്കാരനാകുമ്പോൾ ജില്ലയിലെ പാർട്ടി ശക്തി കേന്ദ്രങ്ങളായ കിഴക്കൻ മേഖലയ്ക്ക് കരുത്തേറും. ജില്ലയിൽ മിക്കയിടത്തും സി.പി.ഐ യുടെ എതിരാളികൾ സി.പി.എം ആണെന്നതാണ് വിചിത്രമായ വസ്തുത. വിദ്യാർത്ഥി സംഘടനകളായ എസ്.എഫ്.ഐ യും എ.ഐ.എസ്.എഫും കലാലയങ്ങളിൽ തിരഞ്ഞെടുപ്പ് വേളകളിലും അല്ലാത്തപ്പോഴും ഏറ്റുമുട്ടൽ പതിവാണ്. പത്തനാപുരത്ത് കെ.ബി ഗണേശ്കുമാറും സി.പി.ഐ യും തമ്മിൽ ബദ്ധശത്രുക്കളെപ്പോലെയാണ് പെരുമാറുന്നത്. ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനത്തിൽ ഏറ്റവും കൂടുതൽ പ്രതിനിധികൾ വിമർശിച്ചതും ആഞ്ഞടിച്ചതും ഗണേശിനെതിരെ ആയിരുന്നു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ മുന്നിൽ നിന്ന് നയിക്കുന്ന സുപാൽ തന്നെ പാർട്ടി നേതൃത്വത്തിലെത്തിയത് പ്രശ്നങ്ങളെ നേരിടുന്നതിൽ അണികൾക്ക് കൂടുതൽ ഊർജ്ജം പകരുമെന്നാണ് പൊതുവായ വിലയിരുത്തൽ. പാർട്ടിയിലെ കരുത്തനായിരുന്ന പി.കെ ശ്രീനിവാസന്റെ മകനായ സുപാൽ അച്ഛന്റെ മരണത്തോടെ 25-ാം വയസ്സിലാണ് പാർട്ടിയിൽ സജീവമായത്. മൂന്ന് തവണ പുനലൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ശ്രീനിവാസൻ 1996 ൽ മരണമടഞ്ഞതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് സുപാൽ ആദ്യമായി മത്സരിച്ച് നിയമസഭയിലെത്തിയത്. 2001 ലും 2021 ലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വീറും വാശിയും എടുത്തുചാട്ടവും ഒത്തുചേർന്നപ്പോൾ കാനത്തിന്റെ എതിർപക്ഷത്തെ ശക്തനായി നിലയുറപ്പിച്ചതാണ് ഇക്കുറി മന്ത്രിസ്ഥാനം ലഭിക്കാതെ പോയതെന്നാണ് പാർട്ടിയിലെ സംസാരം. ഏതായാലും ഇങ്ങനെ പോകുന്നതിനെക്കാൾ നല്ലത് കാനവുമായി ഒത്തുപോകുന്നതാണ് നല്ലതെന്ന തിരിച്ചറിവാണ് ഇപ്പോഴത്തെ പാർട്ടി സെക്രട്ടറി സ്ഥാനലബ്ധിയെന്നതും തർക്കമറ്റ കാര്യമാണ്.

ആക്രമണം സി.പി.എമ്മിനും

കാനത്തിനും എതിരെ

കൊല്ലം ജില്ലാ സമ്മേളനത്തിലടക്കം സി.പി.ഐ സമ്മളനങ്ങളിൽ ഉയരുന്ന കടുത്ത വിമർശനങ്ങൾ സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും കാനത്തിനും എതിരെയാണെന്നതാണ് ഏറെ കൗതുകകരം. രണ്ടാം എൽ.ഡി.എഫ് സർക്കാരിലെ രണ്ടാമത്തെ വലിയ കക്ഷിയായിട്ടും സി.പി.ഐക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നതാണ് പ്രധാന പരാതി. രണ്ടാം എൽ.ഡി.എഫ് സർക്കാരിനെ അങ്ങനെ വിശേഷിപ്പിക്കാതെ പിണറായി സർക്കാരെന്ന് വിശേഷിപ്പിച്ച് ബ്രാൻഡ് ചെയ്യാനാണ് സി.പി.എം ശ്രമം. ഒരു ഇടതുപക്ഷ നേതാവിന് ചേരുന്ന രീതിയിലല്ല പിണറായി വിജയന്റെ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെയും അതീവ സുരക്ഷയോടെയും ഉള്ള യാത്ര. സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളിൽ പോലും കാര്യങ്ങൾ തീരുമാനിക്കുന്നത് സി.പി.എമ്മാണ്. സി.പി.ഐ മന്ത്രിമാരെക്കുറിച്ച് ആദ്യമായി മന്ത്രിയായതു കൊണ്ടാണ് കാര്യങ്ങൾ അറിയാത്തതെന്ന് മുഖ്യമന്ത്രി പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ചർച്ചയിൽ വിമർശനം ഉയർന്നു. സി.പി.ഐ യെ പ്രതിക്കൂട്ടിലാക്കുന്ന അവസരങ്ങളിൽ പോലും കാനം മൗനിയായിരിക്കുന്നുവെന്നാണ് കാനത്തിനെതിരായി ഉയർന്ന പ്രധാന വിമർശനം. സി.കെ ചന്ദ്രപ്പനും വെളിയം ഭാർഗ്ഗവനും പാർട്ടിയെ നയിച്ചിരുന്നപ്പോൾ ഇതായിരുന്നില്ല സ്ഥിതി. സഹകരണ മേഖലയിൽ സി.പി.എം തന്നിഷ്ട പ്രകാരമാണ് പ്രവർത്തിക്കുന്നത്. സി.പി.ഐയുടെ കൈവശമുണ്ടായിരുന്ന വകുപ്പുകൾ രണ്ടാം പിണറായി സർക്കാരിൽ സി.പി.എം പിടിച്ചെടുത്ത് എൽ.ഡി.എഫിലെ ചെറിയ പാർട്ടികൾക്ക് നൽകി. പ്രധാന വകുപ്പുകൾ ചോദിച്ച് വാങ്ങാനായില്ലെന്നും നേതൃത്വത്തെ വിമർശിച്ചുകൊണ്ട് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇനി ഇടത് സർക്കാർ അധികാരത്തിൽ വരുമ്പോൾ ഒന്നോ രണ്ടോ വർഷത്തേക്കെങ്കിലും മുഖ്യമന്ത്രി പദം വാങ്ങിയെടുക്കണമെന്ന ആവശ്യവും കൊല്ലം ജില്ലാ സമ്മേളന പ്രതിനിധികൾ ചർച്ചയിൽ ഉയർത്തി. സി.പി.എമ്മിനും സി.പി.ഐക്കും അല്ലാതെ എൽ.ഡി.എഫിലെ ഒരു ഘടക കക്ഷിക്കും കൊല്ലം ജില്ലയിൽ സ്വാധീനമില്ലെന്ന് കേരള കോൺഗ്രസ് ബി യുടെ പേരെടുത്ത് പറയാതെയാണ് സമ്മേളന പ്രവർത്തന റിപ്പോർട്ടിലെ വിമർശനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOLLAM DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.