SignIn
Kerala Kaumudi Online
Thursday, 25 April 2024 7.00 AM IST

മഴയിൽ തണുക്കാതെ സമരാങ്കണങ്ങൾ

strike

ഒരു മാസത്തോളം പിന്മാറിയ കാലവർഷം തിമിർത്തു പെയ്യുമ്പോഴും കൊവിഡ് വ്യാപനം തുടരുമ്പോഴും സമരരംഗത്ത് നിന്ന് പിന്മാറാൻ തയ്യാറല്ല പ്രതിപക്ഷ സംഘടനകൾ. ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടി കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധ സദസുമായി മുസ്ലിംലീഗ് രംഗത്തെത്തിക്കഴിഞ്ഞു. ബാറുകൾ തുറന്നു കൊടുത്തും വിദേശമദ്യ ഷോപ്പുകൾക്ക് മുൻപിൽ നൂറുകണക്കിന് മദ്യപർക്ക് പൊലീസ് അകമ്പടിയോടെ സൗകര്യങ്ങളൊരുക്കി കൊടുത്തും കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ പിണറായി സർക്കാർ കേരളത്തിലെ വിശ്വാസി സമൂഹത്തിന് ആരാധന സ്വാതന്ത്ര്യം അനുവദിക്കാത്തതാണ് അവരുടെ പ്രതിഷേധത്തിന് കാരണം.

40 പേർ പങ്കെടുക്കാവുന്ന വിധം ജുമുഅ നിസ്‌കാരവും കുർബാനകളും ക്ഷേത്ര ദർശനങ്ങളും അനുവദിക്കണമെന്നാണ് ലീഗിൻ്റെ ആവശ്യം. നാലുദിവസം അതിതീവ്ര മഴ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അടുപ്പുകൂട്ടി സമരം മൂന്നുദിവസം മാറ്റിയെങ്കിലും കോൺഗ്രസുകാർ അത് വേണ്ടെന്ന് വെച്ചില്ല. ജില്ലയിലെ 1100 കേന്ദ്രങ്ങളിലാണ് സമരം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും, മഹിളാ കോൺഗ്രസ്സിന്റെയും നേതൃത്വത്തിലാണ് പെട്രോൾഡീസൽ, പാചകവാതക വിലവർദ്ധനവിനെതിരെയുള്ള സമരം.

അടുപ്പ് പുകയാനും...

കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചപ്പോഴും ഹോട്ടൽ മേഖലയ്ക്ക് നിയന്ത്രണം തുടരുന്നതിനാൽ തൊഴിൽ നഷ്ടപ്പെട്ട്

ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങൾ നട്ടം തിരിയുമ്പോൾ അവരും സമരരംഗത്തേയ്ക്ക് വരികയാണ്. ബാങ്ക് വായ്പാ തിരിച്ചടവ്, വാടക, വൈദ്യുതി ബില്ലുകൾ എന്നിവ താങ്ങാനാവാതെ ഹോട്ടലുടമകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പാഴ്‌സൽ, ടേക്ക് എവേ സംവിധാനത്തിൽ മുപ്പത് ശതമാനം ഹോട്ടലുകൾ മാത്രമാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. പാഴ്‌സൽ മാത്രം നൽകി ഹോട്ടൽ പ്രവർത്തിക്കാനാകില്ലെന്ന് ഉടമകൾ പറയുന്നു. ബിവറേജസ് ഔട്ട് ലെറ്റുകളിൽ അടക്കം വലിയ ആൾക്കൂട്ടവും തിരക്കുമുളള പശ്ചാത്തലത്തിൽ ഹോട്ടലുകൾക്ക് നിയന്ത്രണം തുടരുന്നതിലാണ് ഹോട്ടലുടമകൾ പ്രതിഷേധിക്കുന്നത്. ട്രിപ്പിൾ ലോക്ക് ഡൗൺ ദിവസങ്ങളിൽ പാഴ്‌സൽ നൽകരുതെന്ന നിർദ്ദേശം യുക്തിക്ക് നിരക്കുന്നതല്ലെന്നും നിയന്ത്രണം കാരണം ഭൂരിപക്ഷം ഹോട്ടലുകളും റസ്‌റ്റോറന്റുകളും അടഞ്ഞുകിടക്കുകയാണെന്നും ചൂണ്ടിക്കാട്ടി ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സർക്കാരിന് നിവേദനം നൽകിയിരുന്നു. സീറ്റിംഗ് കപ്പാസിറ്റിയുടെ അമ്പത് ശതമാനം ഇരിപ്പിടങ്ങളിലെങ്കിലും ആളുകളെ പ്രവേശിപ്പിക്കണമെന്നും ടി.പി.ആർ. 16 ശതമാനത്തിന് താഴെയുളള പ്രദേശങ്ങളിൽ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നും രാത്രി ഒമ്പതര വരെ പ്രവർത്തനാനുമതി നീട്ടണമെന്നും അവർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ജില്ലയിൽ മൊത്തം ഹോട്ടലുകൾ 3000 ഓളമുണ്ട്. തൊഴിലാളികൾ 30,000 ലേറെയും. എന്നാൽ നിലവിൽ പ്രവർത്തിക്കുന്നവ 30 ശതമാനം മാത്രം.

ഫിക്‌സഡ് ചാർജ് ഒഴിവാക്കി ഉപയോഗിച്ച വൈദ്യുതിക്ക് മാത്രം ബില്ല് ഈടാക്കുക, ലോക്ക് ഡൗണിൽ വെള്ളക്കരം ഒഴിവാക്കുക, കുടിശിക തവണകളായി അടയ്ക്കാൻ അനുവദിക്കുക, ലോക്ക് ഡൗണിൽ കെട്ടിട നികുതിയും ജി.എസ്.ടി.യും ഒഴിവാക്കുക, ബാങ്ക് വായ്പ കുടിശികയ്ക്ക് മൊറട്ടോറിയം, പ്രവർത്തനം പുനരാരംഭിക്കാൻ ഹ്രസ്വകാലവായ്പകൾ കുറഞ്ഞപലിശയ്ക്ക്
എം.എസ്.എം.ഇയിൽ ഉത്പാദനമേഖലയും സേവനമേഖലയും തമ്മിലുള്ള വേർതിരിവ് ഒഴിവാക്കി പൊതുആനുകൂല്യങ്ങൾ ഹോട്ടൽ മേഖലയ്ക്കും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അവർ ഉന്നയിക്കുന്നത്.

പാഴ്‌സൽ മാത്രം നൽകി ഹോട്ടലുകൾ പ്രവർത്തിക്കാനാകില്ലെന്നും വഴിയോര കച്ചവടക്കാർക്ക് നൽകുന്ന പരിഗണന പോലും ലഭിക്കുന്നില്ലെന്നും ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സി. ബിജുലാൽ ചൂണ്ടിക്കാട്ടുന്നു.

കല്യാണത്തിലൂടെ പ്രതിഷേധം

പ്രതീകാത്മക കല്യാണത്തിലൂടെയായിരുന്നു ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ ഒഫ് തൃശൂർ (ഇമാറ്റ്) പ്രതിഷേധ പരിപാടി നടത്തിയത്. പൂമാലയണിഞ്ഞ് വരനും വധുവും. കൊട്ടും കുരവയുമായി കുടുംബാംഗങ്ങളെപ്പോലെ അസോസിയേഷൻ അംഗങ്ങൾ. കല്യാണാന്തരീക്ഷം കണ്ടാണ് വടക്കേ സ്റ്റാൻഡിനു സമീപം യാത്രക്കാർ അന്തംവിട്ടത്. വരന്റെ വേഷം മുകളിൽ കോട്ടും താഴെ ലുങ്കിയും! കല്യാണവണ്ടിയിൽ നിന്നിറങ്ങിയ സംഘത്തിൽ ചിലരുടെ കയ്യിൽ റീത്തും പ്ലക്കാർഡുകളും. കല്യാണപ്പാർട്ടി റോഡിൽ നിരന്ന് മുദ്രാവാക്യം വിളിച്ചു തുടങ്ങിയപ്പോഴാണ് കാഴ്ചക്കാർക്കു കാര്യം പിടികിട്ടിയത്. കൊവിഡ് മാനദണ്ഡങ്ങളിൽ സർക്കാർ വിവേചനം പുലർത്തുന്നതായി ആരോപിച്ചായിരുന്നു വേറിട്ട രീതിയിൽ പ്രതിഷേധം. ഓടുന്ന ബസിൽ വിവാഹച്ചടങ്ങ് പ്രതീകാത്മകമായി നടത്തിയത് വടക്കേ സ്റ്റാൻഡിലായിരുന്നു. നാദസ്വരം, തകിൽ എന്നിവ താലികെട്ടിന് അകമ്പടിയായി. അലങ്കരിച്ചൊരുക്കിയ സൈക്കിൾ റിക്ഷയും കല്യാണവണ്ടിയെ അനുഗമിച്ചു.

വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 100 ആയി വർദ്ധിപ്പിക്കുക, വൈദ്യുതി കുടിശിക തവണകളായി അടയ്ക്കാൻ അനുവദിക്കുക, ജി.എസ്.ടി വകുപ്പിന്റെ പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ പ്രതിഷേധക്കാർ ഉന്നയിച്ചു. കല്യാണത്തിനു ശേഷം ശക്തൻ സ്റ്റാൻഡിലാണ് പ്രതിഷേധം അവസാനിച്ചത്‌, അതും വിലാപയാത്രയായി.

നിലംനികത്തലിനെതിരേയും

പ്രതിപക്ഷ സംഘടനകൾ മാത്രമല്ല, ഇടതുസംഘടനകളും സമരരംഗത്തുണ്ട്. ഇന്ധന, പാചകവാതക വിലവർദ്ധനയിൽ പ്രതിഷേധിച്ച് കേന്ദ്രസർക്കാരുകൾക്കെതിരെയാണ് അവരുടെ സമരം. കൊവിഡിന്റെ മറവിൽ നടക്കുന്ന അനധികൃത നിലംനികത്തലിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയില്ലെങ്കിലും പ്രതിഷേധവുമായി സി.പി.ഐയും രംഗത്തുണ്ട്. ലോക് ഡൗണിന്റെ മറവിൽ തൃശൂർ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന അനധികൃത നിലംനികത്തലും പാടശേഖരങ്ങളിൽ നടക്കുന്ന അനധികൃത നിർമ്മാണപ്രവർത്തനങ്ങളും അവസാനിപ്പിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് അവരുടെ ആവശ്യം.
തൃശൂർ നഗരത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലുൾപ്പെടെ നടക്കുന്ന ഇത്തരം അനധികൃത പ്രവർത്തനങ്ങളെ സംബന്ധിച്ച് പലവട്ടം ഉത്തരവാദപ്പെട്ടവർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത സ്ഥിതിയാണെന്നും നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നയത്തിൽ വെള്ളം ചേർക്കുന്ന തരത്തിലുള്ള ഉദ്യോഗസ്ഥരുടെ നിലപാട് ദുരൂഹമാണെന്നും നടപടി സ്വീകരിക്കാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOMBUM THUMBEEM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.