SignIn
Kerala Kaumudi Online
Friday, 19 April 2024 10.33 PM IST

പുണ്യകാലത്തെ കാഴ്ചകൾ

anayoottu

ആരാണ് കർക്കടകത്തെ കള്ളകർക്കടകമെന്നും ദുർഘടകാലമെന്നും പറഞ്ഞ് നിരാശപ്പെടുന്നത് ? ഈ കൊവിഡ് വ്യാപനകാലത്തും ശുഭചിന്തകളാൽ ശക്തി പകർന്ന് രാമായണപാരായണവും ആനയൂട്ടും ആനകളുടെ സുഖചികിത്സയുമെല്ലാമായി പുണ്യകാലത്തെ കാഴ്ചകൾ സമ്മാനിക്കുകയാണ് കർക്കടകം. തൃശൂരിന്റെ ഗ്രാമങ്ങളും നഗരങ്ങളുമെല്ലാം ആ കാഴ്ചകളാൽ സജീവം. ക്ഷേത്രങ്ങളിലും പൊതുഇടങ്ങളിലും കൂടിച്ചേരലുകളില്ലെങ്കിലും വീടുകളിൽ പതിവിലേറെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധപുലർത്തുന്നവരായി ഭൂരിഭാഗവും. രോഗപ്രതിരോധശേഷിയ്ക്ക് കർക്കടകകഞ്ഞി പായ്‌ക്കറ്റ് വാങ്ങുന്നവരുടെ എണ്ണവും കൂടി. പാഴ്സലായി കഞ്ഞി വിതരണം നടത്തുന്ന ഹോട്ടലുകളും കൂട്ടായ്മകളുമുണ്ട്.

ചുരുക്കത്തിൽ ശരിയായ ചികിത്സാ വിശ്രമങ്ങളിലൂടെ, മാനസികവും ശാരീരികവുമായ പുത്തൻ ഉണർവ് പ്രദാനം ചെയ്യാൻ ഈ പുണ്യകാലത്തിന് കഴിയുന്നു. കഠിനമായ വേനലിൽ പണിയെടുത്ത് മനസും ശരീരവും തളർന്നു പോയവർക്ക് ആശ്വാസത്തിന്റെ തലോടൽ.

മനുഷ്യനും പ്രകൃതിയുമായുള്ള പൊക്കിൾക്കൊടി ബന്ധത്തിന്റെ ഓർമ്മപ്പെടുത്തലാണ് കർക്കടകമെന്ന് അടിവരയിടുന്ന കാലം. നന്മയും തിന്മയും, സത്തും അസത്തും തിരിച്ചറിയാനുള്ള ആഹ്വാനവും ഈ പുണ്യകാലത്തിന്റെ ആചാരാനുഷ്ഠാനങ്ങളിൽ അടങ്ങിയിരിക്കുന്നുണ്ടെന്നാണ് ജ്ഞാനികൾ പറയുന്നത്. ദശപുഷ്പാരാധനയും, ഔഷധ ചെടികളുടെ സംരക്ഷണവും ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിയവരായിരുന്നു കേരളീയർ. മഹത്തായ സാംസ്കാരിക പൈതൃക സമ്പത്തുക്കളെ മനഃപൂർവം മറന്നു കൊണ്ട്, പുതുമ തേടിയുള്ള നെട്ടോട്ടം മനുഷ്യനെ സർവനാശത്തിലെത്തിക്കുമെന്ന് കൊവിഡ് അടക്കമുള്ള മഹാമാരികൾ തിരിച്ചറിവ് പകർന്നിരിക്കുകയാണ്.

ഭാരതത്തിന്റെ തനത് എന്നവകാശപ്പെടാൻ കഴിയുന്ന ആയുർവേദ ശാസ്ത്രം, ആയുസിന്റെ വേദമാണല്ലോ. മനസും ശരീരവും ഒന്നായി കാണണമെന്ന ശാശ്വതമായ അറിവും ആയുർവേദം നൽകിയതാണ്. ശരീര ധാതുക്കൾക്ക് നവോന്മേഷവും അനുകൂല ഊർജ്ജവും നൽകി പൂർവാവസ്ഥയിലെത്തിയ്ക്കാമെന്ന് "അഷ്ടാംഗഹൃദയം' സമഗ്രമായി തന്നെ പ്രതിപാദിക്കുന്നുണ്ട്.

ആരോഗ്യമാണ് സർവധനാൽ പ്രധാനമെന്ന് ഉൗന്നിപ്പറയുകയും അതുപ്രകാരം ജീവിതം ക്രമപ്പെടുത്തുകയും ചെയ്യുന്ന കാലം കൂടിയായി ഈ സമയം മാറിയിട്ടുണ്ട്. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ് കുടികൊള്ളുകയുള്ളൂ എന്നും നമ്മൾ എന്നേ തിരിച്ചറിഞ്ഞതാണ്.

കർക്കടകം പതിനാറ് ഒൗഷധസേവാദിനമാണ്. ഒരു വർഷത്തേയ്ക്കുളള പ്രതിരോധശക്തി കൂട്ടുന്നകാലം. ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇങ്ങനെയുളള കാര്യങ്ങൾക്കു വേണ്ടിയാണെന്ന് പ്രശസ്ത ജ്യോതിഷ പണ്ഡിതൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് തന്നെ ചൂണ്ടിക്കാണിക്കുന്നു.

രാമന്റെ അയനമായ രാമായണമാണ് ഈ കാലത്ത് പാരായണം ചെയ്യുന്നത്. ഉത്തമപുരുഷനായ രാമന്റെ ധർമ്മാധിഷ്ഠിതമായ യാത്രകളാണത്. നന്മയുടേയും ധർമ്മത്തിന്റെയും പ്രതീകമായ രാമന്റെ അയനം, ആ ധർമ്മാധിഷ്ഠിത യാത്രയുടെ ഭാഗങ്ങളെല്ലാം കഥാവിവരണമായി നമ്മൾ ചൊല്ലുന്നു. മനനം ചെയ്യുന്നു. അടുത്ത തലമുറയ്ക്ക് നന്മകൾ പകർന്ന് നൽകുന്നു. നന്മകൾ കൈമാറുന്ന ആശയങ്ങൾ തന്നെയായിരിക്കാം, കർക്കടകത്തിന്റെ ആദ്ധ്യാത്മികവും ജ്യോതിഷവുമായ ബന്ധത്തിന്റെ സാദ്ധ്യതയെന്നും കാണിപ്പയ്യൂർ അടിവരയിടുന്നുണ്ട്.

ചികിത്സയിൽ

സുഖിച്ച് ഗജകേസരികൾ

ആനകളെല്ലാം ആരോഗ്യസംരക്ഷണത്തിനും ശരീരപുഷ്ടിക്കും വേണ്ടിയുളള സുഖചികിത്സയിലാണ്. തേച്ച് കുളിപ്പിച്ച് ഒരുക്കി വടക്കുന്നാഥക്ഷേത്രാങ്കണത്തിലെത്തിച്ച് മരുന്നുകളുടെ ചേരുവകളോടെ ചോറുരുള നൽകിയാണ് കൊച്ചിൻ ദേവസ്വം ബോർഡിലെ ആനകളുടെ സുഖചികിത്സയ്ക്ക് തുടക്കം കുറിച്ചത്. ച്യവനപ്രാശം, അരി, അഷ്ടച്ചൂർണം, മഞ്ഞൾപൊടി, ഉപ്പ്, വിവിധങ്ങളായ സിറപ്പുകൾ, ഗുളികകൾ എന്നിവയാണ് സുഖചികിത്സയ്ക്കായി ആനകൾക്ക് നൽകുന്നത്. ദേവസ്വം എലിഫന്റ് കൺസൾട്ടന്റ് ഡോ. പി. ബി. ഗിരിദാസിന്റെ നിർദ്ദേശമനുസരിച്ചാണ് സുഖചികിത്സ. ബോർഡിന്റെ കീഴിലുള്ള നെല്ലുവായ് ധന്വന്തരി ആയുർവേദ ആശുപത്രിയിലാണ് മരുന്നുകൂട്ടുകൾ തയ്യാറാക്കിയത്.

ഗുരുവായൂർ ദേവസ്വത്തിലെ ആനകളും സുഖചികിത്സയിലാണ്. ആയുർവേദ, അലോപ്പതി മരുന്നുകൾ ഉൾപ്പെടുത്തി പ്രത്യേക ആഹാരക്രമമാണ് ആനകൾക്ക് നിശ്ചയിച്ചിട്ടുള്ളത്. 12.5 ലക്ഷം രൂപയാണ് സുഖചികിത്സയ്ക്കായി ദേവസ്വം എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളത്. ആനകളുടെ ആരോഗ്യ സംരക്ഷണത്തിനും, ശരീരപുഷ്ടിക്കും വേണ്ടി പ്രത്യേകം തയ്യാറാക്കിയ സമീകൃത ആഹാരം ആനകൾക്ക് നൽകും. 45 ആനകളും സുഖചികിത്സയിലാണ്. കൊവിഡ് മാനദണ്ഡങ്ങൾ നിലവിലുള്ളതിനാൽ സുഖചികിത്സാ സമയത്ത് പുറത്തുനിന്ന് ആരെയും ആനത്താവളത്തിലേക്ക് പ്രവേശിപ്പിക്കില്ല.
4050 കിലോ അരി, 1350 കിലോ ചെറുപയർ, മുതിര, 1350 കിലോ റാഗി, 135 കിലോ അഷ്ടചൂർണ്ണം, 337.5 കിലോ ച്യവനപ്രാശം, 135 കിലോ മഞ്ഞൾപ്പൊടി , ഷാർക്കോഫെറോൾ, മിനറൽ മിക്‌സ്ചർ, ധാതുലവണങ്ങൾ തുടങ്ങി ആനകൾക്കുളള ഭക്ഷണങ്ങളുടെ ലിസ്റ്റ് വളരെ നീണ്ടതാണ്. മുപ്പത് ദിവസമാണ് ഗുരുവായൂരിലേയും കൊച്ചിൻ ദേവസ്വത്തിലേയും ആനകൾക്കുളള ചികിത്സാകാലം.

ഭക്ഷണസമൃദ്ധിയിൽ...

ആനത്തറികളും ഭക്ഷണ സമൃദ്ധം. എഴുന്നള്ളിപ്പും ശീവേലിയുമൊന്നുമില്ലെങ്കിലും പോഷകസമ്പന്നമായ ഭക്ഷണവും വ്യായാമവും ആനകൾക്ക് ഉടമകളും ദേവസ്വങ്ങളും നിർബന്ധമാക്കിയിട്ടുണ്ട്. ആളും ആരവങ്ങളുമില്ലാതെ കർക്കടക പുലരിയിൽ വടക്കുന്നാഥന്റെ തിരുമുറ്റത്ത് നടത്തിയ ആനയൂട്ടിൽ 15 ആനകളാണ് അണിനിരന്നത്. കൊവിഡ് പ്രോട്ടോക്കാൾ പ്രകാരം പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു. വടക്കുന്നാഥക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിൽ 108 നാളികേരം കൊണ്ടുള്ള ഗണപതി ഹോമത്തോടെയായിരുന്നു തുടക്കം. 15 ആനകളെയും ഇരുത്തിയായിരുന്നു ഗജപൂജ. ആറ് ആനകളെ വീതം ഇരുത്തി കരിമ്പടം വിരിച്ച് പൂജ നടത്തിയ ശേഷം കുട്ടികൊമ്പൻ വാരിയത്ത് ജയരാജിന് ക്ഷേത്രം മേൽശാന്തി കൊറ്റംമ്പിള്ളി നാരായണൻ നമ്പൂതിരി ആദ്യ ഉരുള നല്‍കി ആനയൂട്ടിന് തുടക്കമിട്ടു. ദേവസ്വം റവന്യൂമന്ത്രി കെ.രാധാകൃഷ്ണൻ, മുന്‍ മന്ത്രി വി.എസ് സുനിൽകുമാർ തുടങ്ങിയവർ വിഭവങ്ങൾ നല്‍കാനെത്തി. ഔഷധ കൂട്ടുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഉണക്കല്ലരി ചോറ്, പൈനാപ്പിള്‍, ആപ്പിൾ, ശർക്കര, നാളികേരം, വെള്ളരിക്ക...ഇങ്ങനെ വിഭവങ്ങൾ വടക്കുന്നാഥന്റെ മുറ്റത്ത് നിറഞ്ഞിരുന്നു.

ചടങ്ങ് നടത്താനായി അമ്പത് പേർക്ക് മാത്രമായിരുന്നു പ്രവേശനം. വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിച്ച ശേഷമാണ് ആനകളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചത്. പടിഞ്ഞാറേ നടയിലൂടെ ക്ഷേത്രത്തിലെത്തിയ ആനകൾ ഊട്ടിന് ശേഷം വടക്കുന്നാഥനെ വലംവച്ച് കിഴക്കേ ഗോപുര നടവഴിയാണ് പുറത്തുപോയത്. ക്ഷേത്രത്തിനുള്ളിൽ ഗണപതി ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്നിലായിരുന്നു ഗണപതി ഹോമം. മുൻവർഷങ്ങളിൽ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ വലിയ ഹോമകുണ്ഡം ഒരുക്കി 10,008 നാളികേരം കൊണ്ടായിരുന്നു ഹോമം.

ക്ഷേത്രങ്ങളിലെ മറ്റ് ചടങ്ങുകളും പതിനായിരങ്ങൾ എത്തുന്ന നാലമ്പല തീർത്ഥാടനവും കൊവിഡ് നിയന്ത്രണം ഉള്ളതിനാൽ ഇത്തവണയില്ല. എങ്കിലും

പ്രകൃതി പകർന്നു തരുന്ന അറിവും അനുഭവവും ആചാരങ്ങളും ആചരണങ്ങളും മനുഷ്യരെ സംതൃപ്തരാക്കുന്ന കാലം കൂടിയാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOMBUM THUMBEEM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.