SignIn
Kerala Kaumudi Online
Thursday, 28 March 2024 10.07 PM IST

ലഹരിയിൽ മുക്കാൻ മാഫിയ

mdma

കഞ്ചാവും പുകയിലയും മദ്യവുമെല്ലാം ഒൗട്ട് ഫാഷനായപ്പോൾ മാരകവും വൻവിലയുമുളള മയക്കുമരുന്നുകളുടെ പിന്നാലെയാണിപ്പോൾ കേരളത്തിൻ്റെ യൗവനം. കൗമാരവും ഈ മഹാവിപത്തിൽ അകപ്പെടുന്നുണ്ടെന്നാണ് ഞെട്ടിക്കുന്ന വിവരം. കോളേജുകളിൽ നിന്ന് ഹയർസെക്കൻഡറി സ്കൂളുകളിലേക്കും ഈ വ്യാപാരശൃംഖലയുടെ കണ്ണികൾ കണ്ണുവെയ്ക്കാൻ തുടങ്ങിയിരിക്കുന്നു. ഈ പുതുവർഷക്കാലം മയക്കുമരുന്നുകളുടെ വ്യാപക ഉപയോഗം നടക്കുന്ന സമയമാണെന്ന് എല്ലാവർക്കും അറിയാം. ഡി.ജെ പാർട്ടികൾ നാഗരികസമൂഹത്തിൻ്റെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. കഞ്ചാവും മദ്യവും പുകയില ഉത്പന്നങ്ങളും ഉപയോഗിച്ചിരുന്ന യുവാക്കൾ വ്യാപകമായി കൊവിഡ് കാലത്ത് മയക്കുമരുന്നിലേക്ക് എത്തിയിരിക്കുകയാണെന്നാണ് എക്‌സൈസ് നല്‌കുന്ന വിവരം. ഏതാനും വർഷമായി മയക്കുമരുന്നിന്റെ പ്രധാനകേന്ദ്രം ബംഗളൂരുവാണ്. മയക്കുമരുന്ന് ഗുളികകളും മാജിക് മഷ്‌റൂമും അടക്കം സംസ്ഥാനത്തേക്ക് എത്തുന്നുണ്ട്. ഏറ്റവും വീര്യം കൂടിയ എം.ഡി.എം.എ അടുത്തിടെയാണ് വരവ് തുടങ്ങിയത്.

ട്രെയിനിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അയ്യപ്പഭക്തരുടെ വേഷത്തിലെത്തിയാണ് കഴിഞ്ഞദിവസം മൂന്ന് കോടിയോളം വിലവരുന്ന 2.9 കിലോഗ്രാം എം.ഡി.എം.എയുമായെത്തിയ പ്രതികളെ ആലുവയിൽ കുടുക്കിയത്. പ്രതികൾ ലഹരി ഇടപാട് നടത്തുന്നതായി വിവരം ലഭിച്ചിരുന്നു.ഇവരെ നിരീക്ഷിച്ചു വരുന്നതിനിടെ ലഹരിയുമായി ട്രെയിനിൽ വരുന്ന വിവരം തൃശൂർ എക്‌സൈസ് ഇന്റലിജന്റ്‌സിന് ലഭിച്ചു. മംഗള- ലക്ഷദ്വീപ് എക്‌സ്പ്രസിന്റെ സ്‌ളീപ്പർ കോച്ചിലായിരുന്നു പ്രതികൾ. മയക്കുമരുന്ന് അടങ്ങിയ ബാഗ് മറ്റൊരിടത്തായിരുന്നു. ആലുവയെത്തിയപ്പോൾ ബാഗുമായി പ്‌ളാറ്റ്‌ഫോമിൽ ഇറങ്ങിയ ഉടനെ ആലുവ എക്‌സൈസ് സംഘത്തിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. പിടിയിലായ സംഘത്തിൽ നിന്ന് ഡൽഹി ഫരീദാബാദിൽ നിന്നുള്ള ട്രെയിൻ ടിക്കറ്റ് കണ്ടെടുത്തു. സംശയം തോന്നാതിരിക്കാൻ ജ്യൂസ് പാക്കറ്റിന്റെ അടിഭാഗം തുറന്ന് ജ്യൂസ് കളഞ്ഞശേഷം അതിലും പാനിപ്പൂരി പായ്ക്കറ്റിൽ കവറുകളിലാക്കിയ നിലയിലുമായിരുന്നു എം.ഡി.എം.എ ഒളിപ്പിച്ചിരുന്നത്. തൃശൂർ, എറണാകുളം ജില്ലകളിൽ വിതരണത്തിനെത്തിച്ചതാണ് ഇതെന്നാണ് വിവരം. പിടിയിലായ കൊടുങ്ങല്ലൂർ തിരുവള്ളൂർ സൈനുലാബുദീൻ (23), കൊടുങ്ങല്ലൂർ ടി.കെ.എസ്. പുരം കളപ്പുരയ്ക്കൽ രാഹുൽ സുഭാഷ് (27) എന്നിവർ ലഹരിക്കടത്ത് മാഫിയകളുടെ കണ്ണികളാണെന്നാണ് സംശയിക്കുന്നത്. ലഹരിക്കടത്തിന് പിന്നിൽ വൻമാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് സംശയിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. കൊച്ചി, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ വിവിധ ഹോട്ടലുകളിലും സ്വകാര്യസ്ഥലങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലൂടെയും മറ്റും വ്യാപക പ്രചാരണം നല്‌കി പുതുവർഷ ഡി.ജെ പാർട്ടികൾ നടക്കുന്നുണ്ട്. ഇത് ലക്ഷ്യമിട്ടായിരുന്നു ലഹരിക്കടത്തെന്ന് എക്‌സൈസ് പറഞ്ഞു. ഡി.ജെ പാർട്ടികളിൽ വ്യാപകമായി ഉപയോഗിക്കുന്ന എം.ഡി.എം.എയ്ക്ക് ആഘോഷ സമയങ്ങളിൽ വൻ ഡിമാൻഡുണ്ട്. കോടികൾ വിലവരുന്ന ലഹരി വസ്തുക്കൾ കേരളത്തിലെത്തിക്കാനുള്ള പണത്തിന്റെ സ്രോതസും അന്വേഷിക്കുന്നുണ്ട്. കൊടുങ്ങല്ലൂർ സ്വദേശികളെ ആലുവയിൽ പിടികൂടിയതോടെ ഇതിന്റെ നല്ലൊരു പങ്ക് മുൻപ് തൃശൂരിലുമെത്തിച്ചിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് എക്‌സൈസ്.

  • ഡി.ജെ. പാർട്ടികൾ എന്തിനുവേണ്ടി?

കൊച്ചിയിൽ നടക്കാറുള്ള പുതുവർഷ ഡി.ജെ പാർട്ടികൾക്ക് സമാനമായ ആഘോഷം തൃശൂരിലും ഉണ്ടായേക്കാമെന്നതിനാൽ എക്‌സൈസ് - പൊലീസ് വിഭാഗങ്ങൾ പരിശോധനകൾ കടുപ്പിച്ചിട്ടുണ്ട്. പാട്ടും ഡാൻസും ആഘോഷവുമല്ല ഡി.ജെ.പാർട്ടികളുടെ ലക്ഷ്യമെന്ന് വ്യക്തം. മദ്യവും കഞ്ചാവും പുകയിലയുമല്ല അവിടെ ലഹരി നിറയ്ക്കുന്നത്. മയക്കുമരുന്നാണ്. മൂന്ന് കോടിയിലേറെ വിലവരുന്ന ലഹരി വസ്തുക്കൾ ഒറ്റദിവസം കേരളത്തിൽ എത്തിക്കണമെങ്കിൽ ഇതിന് പിന്നിൽ വൻ മാഫിയകൾ പണം വാരിയെറിയുന്നുണ്ടെന്നതും വ്യക്തം. ആലുവയിൽ
പിടിയിലായ സംഘത്തിൽ നിന്ന് ഡൽഹി ഫരീദാബാദിൽ നിന്നുള്ള ട്രെയിൻ ടിക്കറ്റ് കണ്ടെടുത്തിരുന്നു. ഡൽഹി കേന്ദ്രീകരിച്ചുളള സംഘം ഇതിന് പിന്നിലുണ്ടെന്നാണ് സംശയം. ലഹരിക്കടത്തിന് പിന്നിൽ വൻമാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി തൃശൂർ എക്‌സൈസ് ഇന്റലിജൻസും സാക്ഷ്യപ്പെടുത്തുന്നു. കൊച്ചി, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ വിവിധ ഹോട്ടലുകളിലും സ്വകാര്യ കേന്ദ്രങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപക പ്രചാരണം നൽകി പുതുവർഷ ആഘോഷപരിപാടികൾ നടത്തുന്നുണ്ട്. ഡി.ജെ പാർട്ടികളിൽ വ്യാപകമായി ഉപയോഗിക്കുന്ന എം.ഡി.എം.എയ്ക്ക് പുതുവർഷം അടക്കമുള്ള ആഘോഷ സമയങ്ങളിൽ ഡിമാൻഡ് കൂടും.

വൻവില

ബംഗളൂരുവിൽ എം.ഡി.എം.എയ്ക്ക് ഗ്രാമിന് വില 1800 മുതൽ 2000 രൂപ വരെയാണ്. നാട്ടിൽ വിൽക്കുന്നത് 4000 മുതൽ 6000 രൂപവരെയും. എം.ഡി.എം.എ (മെത്തലിൻ ഡയോക്‌സി മെത്തഫെറ്റാമിൻ) പൊടി രൂപത്തിലാണ് ലഭിക്കുക. ഉപയോഗിച്ചാൽ തലച്ചോറിന്റെ പ്രവർത്തനം താളം തെറ്റി പ്രത്യേക മാനസികാവസ്ഥയിലേക്കെത്തും. ലഹരി മണിക്കൂറുകളോളം നിലനിൽക്കുമെന്നതിനാൽ വിലയും ഡിമാൻഡും കൂടുതൽ. പാർട്ടി ഡ്രഗ് എന്ന പേരിൽ അറിയപ്പെടുന്ന ഇതിന് അന്താരാഷ്ട്ര മയക്കുമരുന്ന് വിപണിയിലും വലിയ ട്രെൻഡാണ്.

എക്‌സൈസും പൊലീസും ജാഗ്രതയിൽ

പുതുവത്സരാഘോഷം അതിരു കടക്കാതിരിക്കാൻ എക്‌സൈസും പൊലീസും രംഗത്തുണ്ട്. അടുത്തദിവസങ്ങളിൽ നഗരത്തിലടക്കം കൂടുതൽ പൊലീസുകാരുണ്ടാകും. വ്യാജമദ്യം ഉൾപ്പെടെ തടയാനുള്ള നടപടികളും ശക്തമാക്കി. ഇതിനായി സ്‌പെഷ്യൽ സ്‌ക്വാഡിനെ രംഗത്തിറക്കി. ഡി.ജെ പാർട്ടികളിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ളവയുടെ ഉപയോഗം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഇരു വകുപ്പുകളും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOMBUM THUMBEEM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.