SignIn
Kerala Kaumudi Online
Thursday, 25 April 2024 4.28 AM IST

'ഇടനില'യിലായി ലോകം

idanilakkar

ഏജന്റുമാരും ഇടനിലക്കാരും നമ്മുടെ എല്ലാ വകുപ്പുകളേയും തൊഴിൽ മേഖലകളേയും വിഴുങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഈ കൊവിഡ് കാലത്ത് അവരുടെ ഇടപെടലുകൾ കൂടിവരുന്നുവെന്നാണ് പറയുന്നത്. പണിയെടുക്കുന്നവനല്ല, മേൽനോട്ടം വഹിക്കുന്നവനും സൂത്രപ്പണികൾ കൊണ്ട് കാര്യങ്ങൾ നടത്തിക്കൊടുന്നവനുമാണ് വരുമാനം കിട്ടുന്നത്. കാർഷികമേഖലയിലായാലും സർക്കാർ ഓഫീസുകളിലായാലും അങ്ങനെത്തന്നെ.

ഖനനാനുമതി ലഭിക്കാനും നിബന്ധനകൾ ലഘൂകരിക്കാനും മണ്ണിന്റെ വില നിയന്ത്രിക്കാനും ജിയോളജിസ്റ്റുമാരിൽ സമ്മർദ്ദം ചെലുത്തുന്നത് ഏജന്റുമാരാണെന്നത് എല്ലാവർക്കും അറിയാം. ഇത്തരത്തിൽ ഭൂരിഭാഗം മൈനിംഗ് ആൻഡ് ജിയോളജി ജില്ലാ ഓഫീസുകളിലും മണ്ണ് നീക്കം നിയന്ത്രിക്കുന്ന ഏജന്റുമാർ കൂടിവരുന്നുവെന്നാണ് ആക്ഷേപം. നിയമപ്രകാരമേ അനുമതിയുള്ളൂവെന്ന് പറഞ്ഞാൽ, സമ്മർദ്ദം ശക്തമാക്കാൻ അവർ സാമൂഹ്യമാദ്ധ്യമങ്ങളിലും മറ്റും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കും.

തൃശൂർ ജില്ലാ ഓഫീസിൽ ഖനന ചട്ടം നടപ്പിലാക്കുന്നതിന് ഒരു ജിയോളജിസ്റ്റും രണ്ട് അസി. ജിയോളജിസ്റ്റുമാരും ഒരു മിനറൽ റവന്യൂ ഇൻസ്‌പെക്ടറുമാണുള്ളത്. ഓഫീസിന്റെ പ്രവർത്തനം തടസപ്പെടുത്തുന്ന വിധത്തിലാണ് ഏജന്റുമാരുടെ ഇടപെടൽ. ഓഫീസിനുള്ളിൽ ഏജന്റുമാർക്ക് പ്രവേശനം അനുവദിക്കാറില്ല. അപേക്ഷകർക്ക് ഏത് സമയത്തും ഓഫീസിൽ ഹാജരായി ആവശ്യം നേടിയെടുക്കാം. അപേക്ഷകരുടെ മറവിൽ ഓഫീസിലെത്തി പ്രശ്‌നങ്ങൾ സൃഷ്ടിച്ചതോടെ പൊലീസിന്റെ സഹായം തേടേണ്ട അവസ്ഥ വരെയുണ്ടായിട്ടുണ്ട്.

അപേക്ഷയിലെ രേഖകളിൽ കൃത്യമായ പരിശോധന നടത്തേണ്ടതുണ്ട്. അപേക്ഷയിൽ പറയുന്ന സ്ഥലം നിലമാണോ, എൽ.എ പട്ടയത്തിൽപ്പെടുന്നതാണോ, റവന്യൂ രേഖകൾ കാലഹരണപ്പെട്ടതാണോയെന്നെല്ലാം അന്വേഷിക്കണം. എന്നാൽ ഈ പരിശോധനകൾ ഏജന്റുമാർ തടസപ്പെടുന്നുവെന്ന് പറയുന്നു. മണ്ണ് നീക്കം ചെയ്യാൻ കൂടുതൽ കാലാവധി ആവശ്യപ്പെട്ടും സമ്മർദ്ദമുണ്ടാക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു.

ഉദ്യോഗസ്ഥർക്ക് സമ്മർദ്ദമേറെ

തൊഴിൽപരമായിൽ മേലുദ്യോഗസ്ഥരിൽ നിന്ന് സമ്മർദ്ദം സ്വാഭാവികമാണ്. പക്ഷേ, ഏജൻ്റുമാർ സാമൂഹ്യമാദ്ധ്യമങ്ങൾ വഴിയും മറ്റും പ്രചരണം നടത്തി സമ്മർദ്ദമുണ്ടാക്കുന്നത് അവർക്ക് സഹിക്കാനാവുന്നില്ലെന്നാണ് പറയുന്നത്. തൃശൂരിൽ ഡിസംബർ ഒന്നിന് പുതിയ ജിയോളജിസ്റ്റ് ചാർജെടുക്കുമ്പോൾ കെട്ടിടനിർമ്മാണത്തിന്റെ ഭാഗമായി മണ്ണ് നീക്കം ചെയ്യുന്നതിന് അനുമതിക്കായുള്ള 300 ലേറെ അപേക്ഷകൾ തീർപ്പുകല്പ്പിക്കാനുണ്ടായിരുന്നു. സർക്കാരിന്റെ നേരിട്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും നടത്തുന്ന വികസനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള ധാതുനീക്കത്തിനുള്ള അപേക്ഷകളും തീർപ്പുകല്‌പിക്കാതെ കിടന്നിരുന്നു. ഏറ്റവും അധികം തീർപ്പുകൽപ്പിക്കാനായിട്ടുണ്ടായിരുന്നത് കെട്ടിടനിർമ്മാണത്തിന്റെ ഭാഗമായി മണ്ണ് നീക്കം ചെയ്യുന്നതിനായിരുന്നു. പല അപേക്ഷകളിലും ഗൗരവമായ ന്യൂനതകൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ ന്യൂനതകൾ അപേക്ഷകരെ അറിയിക്കാനായിരുന്നു ജിയോളജിസ്റ്റ് ആദ്യം ശ്രമിച്ചത്. അവശ്യരേഖകൾ ഇല്ലാത്തതും ന്യൂനതകൾ നിറഞ്ഞതുമായ പല അപേക്ഷകളിലും റോയൽറ്റി ചെല്ലാൻ ഒടുക്കിയിട്ടുള്ളതായി ശ്രദ്ധയിൽപെട്ടതോടെ അനുമതി നൽകുന്നതിലെ സാങ്കേതിക ബുദ്ധിമുട്ട് അപേക്ഷകരെ രേഖാമൂലം അറിയിച്ചതോടെ ചിലർ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ജിയോളജിസ്റ്റിനെക്കുറിച്ച് അപവാദപ്രചാരണമുണ്ടായെന്നാണ് വിവരം.

മണ്ണാണ്, പൊന്നാണ്...

കരിങ്കല്ല് മണ്ണ് ഖനനത്തിന് ക്വാറിയിംഗ് പെർമിറ്റ് അനുവദിക്കുക, കരിങ്കല്ല് ഖനനത്തിന് ദീർഘകാല ക്വാറിയിംഗ് ലീസ് അനുവദിക്കാൻ ഡയറക്ടർക്ക് ശുപാർശ ചെയ്യുക, കെട്ടിടനിർമ്മാണത്തിന് ഭൂമി നിരപ്പാക്കാൻ മണ്ണ് നീക്കം ചെയ്യുന്നതിനായി പ്രത്യേക അനുമതി നൽകുക തുടങ്ങിയ നിർണായക പ്രവർത്തനങ്ങളാണ് ഈ വകുപ്പിനുളളത്. തൃശൂർ ജില്ലയിൽ കരിങ്കല്ല് ക്വാറികൾ മാത്രം 25 എണ്ണമുണ്ട്. ഇവയുടെ പ്രവർത്തനങ്ങളിലെല്ലാമുളള ഇടപെടലുകൾ വളരെ ശക്തമായിക്കൊണ്ടിരിക്കുകയാണ്. മണ്ണിന് പൊന്നുവില എന്നായിരിക്കുന്നു.

ഓൺലൈനായാൽ

മോട്ടോര്‍വാഹന പെര്‍മിറ്റുകള്‍ ഓണ്‍ലൈനില്‍ ആക്കിയതോടെ വാഹന ഉടമകള്‍ക്ക് ഇടനിലക്കാരെ ആശ്രയിക്കാതെ മോട്ടോര്‍വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍നിന്ന് പെര്‍മിറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന സൗകര്യമായിരുന്നു. ഓട്ടോറിക്ഷ, ടാക്‌സി, കോണ്‍ട്രാക്റ്റ് കാരേജ്, ചരക്ക് വാഹനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപന വാഹനങ്ങള്‍ തുടങ്ങിയ പെര്‍മിറ്റുകളെല്ലാം ഓണ്‍ലൈനില്‍ പുതുക്കാം. ഇടനിലക്കാരുടെ പ്രധാനകേന്ദ്രമായിരുന്നു മോട്ടോർവാഹനവകുപ്പ്. ഇതുപോലെ പല സേവനങ്ങളും ഓൺലൈനിലാക്കിയാൽ പണിയെടുക്കാതെ പണം വിഴുങ്ങുന്നവരെ പടിക്കുപുറത്ത് നിറുത്താം. ഉദ്യോഗസ്ഥർക്കുമേലുളള അനാവശ്യസമ്മർദ്ദങ്ങളും കുറയും. ഉദ്യോഗസ്ഥർ അഴിമതിരഹിതരുമാകും. അഴിമതി നടത്താനുളള വലിയ പ്രേരണകൾ നല്കുന്ന ഇത്തരം ഏജന്റുമാരും ഇടനിലക്കാരുമാണ്. വിജിലൻസിനെ വെട്ടിച്ച് കൈക്കൂലി വാങ്ങാനുളള പല വഴികളും ഉദ്യോഗസ്ഥർക്ക് അറിയാം. അത് എങ്ങനെ നൽകണമെന്ന് കൃത്യമായി ഏജന്റുമാർക്കും ഇടനിലക്കാർക്കും വ്യക്തം. അതുകൊണ്ടു തന്നെ കൈക്കൂലിയും അഴിമതിയും വഴിമാറി പലതരത്തിൽ നാട്ടിൽ അരങ്ങേറുന്നുണ്ടെന്നത് സത്യം.

മണ്ണിൽ പണിയെടുക്കുന്നവന് വിലയില്ല

മണ്ണിന് പൊന്നുവിലയാണെങ്കിലും മണ്ണിൽ പണിയെടുക്കുവന് വിലയുണ്ടോ? കർഷകന് വിലയുണ്ടോ? ഇല്ല. പച്ചക്കറിയും നെല്ലുമെല്ലാം വില്‌ക്കാൻ ഇടനിലക്കാരെ തേടുന്ന കർഷകർ നമ്മുടെ നാട്ടിൽ ഇപ്പോഴുമുണ്ട്. അവരുടെ കൈയിൽ ഉത്പന്നങ്ങൾ എത്തിക്കാനായില്ലെങ്കിൽ വില്ക്കാനാളില്ലാതെ വരും. അങ്ങനെ എല്ലാ നശിച്ചുപോകുകയും ചെയ്യും. മറുനാടുകളിലും കേരളത്തിലെ ഇടനിലക്കാരുണ്ട്. പച്ചക്കറി വിലക്കയറ്റം തടയാൻ ഇടനിലക്കാരെ ഒഴിവാക്കി തമിഴ്‌നാട്ടിലെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കാൻ ധാരണാപത്രം ഒപ്പിട്ടതിന് പിന്നാലെ ഹോർട്ടികോർപ് മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും കർഷകരെ തേടി പോയിരുന്നു. ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ മൈസൂർ, തിരുനെൽവേലി തുടങ്ങിയ സ്ഥലങ്ങളിലും മൂന്നാറിലുമുള്ള കാർഷികക്കൂട്ടായ്മകളുമായും കർഷക ഫെഡറേഷനുമായും സഹകരിക്കാനാണ് ഒരുങ്ങിയതെങ്കിലും ഇടനിലക്കാരുടെ സമ്മർദ്ദതന്ത്രങ്ങൾ നിരവധിയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOMBUM THUMBEEM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.