SignIn
Kerala Kaumudi Online
Thursday, 25 April 2024 11.04 PM IST

കലക്കവെള്ളത്തിൽ ആരാണ് മീൻ പിടിക്കുന്നത്?

photo
മേയർ എം.കെ വർഗീസ് പീച്ചി ഡാമിലെ പുതിയ ഫ്‌ളോട്ടിംഗ് ഇൻടേക് പമ്പിംഗ് സിസ്റ്റം പരിശോധിക്കുന്നു

കുടിവെള്ളമാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി തൃശൂർ നഗരത്തിലെ പ്രതിഷേധങ്ങളുടെ പൊടിപൂരത്തിന് കാരണം. കുടിവെള്ളത്തിൽ ചെളി കലർന്നാൽ പ്രതിഷേധം കത്തിപ്പിടിക്കുന്നത് സ്വാഭാവികം. പ്രതിഷേധം കൈയാങ്കളിയിലെത്തിയതാണ് കഴിഞ്ഞ ആഴ്ച കണ്ട കാഴ്ച. അതും ജനപ്രതിനിധികൾ തമ്മിൽ, കോർപറേഷൻ കൗൺസിലിൽ. പ്രതിപക്ഷം മേയറുടെ കാർ തടയുന്നു. കാർ മുന്നോട്ടെടുക്കുന്നു, ചിലർക്ക് പരിക്കേൽക്കുന്നു. രാവും പകലും കുത്തിയിരിപ്പ് സമരം തുടരുന്നു. ആകെ കോലാഹലം. ഒടുവിൽ മേയറും സംഘവും കുടിവെള്ളത്തിൽ എങ്ങനെ ചെളി കലരുന്നുവെന്ന് കാണിക്കാൻ മാദ്ധ്യമപ്രവർത്തകരെ പീച്ചി ഡാമിലേക്ക് കൊണ്ടുപോയി. പമ്പിംഗ് സംവിധാനം ജലത്തിന് അടിയിലായതിനാലാണ് ചെളി കലരുന്നതെന്ന് ബോദ്ധ്യപ്പെടുത്തി. പീച്ചി ഡാമിലെ ജലോപരിതലത്തിൽ നിന്ന് വെള്ളമെടുത്ത് ജനങ്ങൾക്ക് വിതരണം ചെയ്യാൻ കഴിയുന്ന ഫ്ളോട്ടിംഗ് ഇൻടേക് പമ്പിംഗ് സിസ്റ്റം മേയ് ആദ്യം പ്രവർത്തനസജ്ജമാകുമെന്ന് പ്രഖ്യാപനവും നടത്തി. ഇതോടെ ഒരിക്കലും വെള്ളത്തിൽ ചെളിയുണ്ടാകുന്ന സാഹചര്യമുണ്ടാകില്ലെന്ന് മേയർ എം.കെ. വർഗീസ് ആണയിട്ടു പറഞ്ഞു.

വലിയ ടാങ്കുകൾ കൂട്ടിയോജിപ്പിച്ച് അതിനുമീതേ പമ്പുകൾ ചേർത്തുവെച്ചാണ് ഫ്ളോട്ടിംഗ് ഇൻടേക് പമ്പിംഗ് സിസ്റ്റം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത്. നിലവിൽ ജലസംഭരണിയിൽ അറുപത് മീറ്റർ ഉയരത്തിൽ വെള്ളമുണ്ട്. ഉപരിതലത്തിലെ വെള്ളമായതിനാൽ ഒരിക്കലും ചെളിയുണ്ടാകില്ലെന്നതാണ് പ്രത്യേകത. നൂറു കോടിയിലേറെ രൂപ ചെലവിട്ട് മൂന്നുവർഷം മുൻപ് തുടങ്ങിയ പദ്ധതി സാങ്കേതികപ്രശ്നങ്ങളാൽ വൈകിയിരുന്നു. തൃശൂർ കോർപറേഷനിലേക്കും സമീപത്തെ പത്ത് പഞ്ചായത്തുകളിലേക്കും ഇൻടേക്ക് പൈപ്പ് വഴി 360 ലക്ഷം ലിറ്റർ വെള്ളമാണ് പ്രതിദിനം എടുക്കാനാകുകയെന്നും പീച്ചിയിലെ പമ്പിംഗ് സിസ്റ്റം പരിശോധിച്ച ശേഷം മേയർ വ്യക്തമാക്കി. പമ്പ് ഹൗസിലേക്കായി പുതിയ ഇലക്ട്രിക്കൽ ഡെഡിക്കേറ്റഡ് ലൈനിന്റെ നിർമ്മാണവും പൂർത്തീകരിച്ചിട്ടുണ്ട്. ഇതിനായി വൈദ്യുതി കണക്‌ഷന് അപേക്ഷ നൽകി. ഇരുപത് എം.എൽ.ഡി ട്രീറ്റ്മെൻ്റ് പ്ളാൻ്റ് കമ്മിഷൻ ചെയ്തിരുന്നു. അറുപത് ലക്ഷം ലിറ്റർ വെള്ളമാണ് പ്രതിദിനം ഈ പ്ളാൻ്റ് വഴി കൂടുതലായി പമ്പ് ചെയ്യാനായത്.

എട്ടുകാലി മമ്മൂഞ്ഞുമാരുണ്ടോ?

കോർപറേഷൻ അതിർത്തിയിൽ കുടിവെള്ളം വിതരണം ചെയ്യുന്നത് കലക്കവെള്ളമാണെന്ന് പരാതിപ്പെട്ട് കൗൺസിലിൽ അനിഷ്ട സംഭവങ്ങൾ സൃഷ്ടിച്ച കോൺഗ്രസ് കൗൺസിലർമാർ എട്ടുകാലി മമ്മൂഞ്ഞ് വേഷം കെട്ടുകയാണെന്നാണ് മേയർ എം.കെ.വർഗീസ് ആവർത്തിക്കുന്നത്. കോൺഗ്രസ് കൗൺസിലർമാർ ഉന്നയിച്ച വിഷയം ഗൗരവമുള്ളത് തന്നെയാണെന്ന് മേയർ സമ്മതിക്കുന്നു. എന്നാൽ 2000ത്തിൽ കൗൺസിലറായി താൻ വന്നപ്പോൾ മുതൽ ഈ വിഷയമുണ്ടെന്നും അന്ന് അതേക്കുറിച്ചൊക്കെ പഠനം നടത്താനോ പഠനത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതിയുണ്ടാക്കാനോ എം.പി.യും എം.എൽഎ.യും കോൺഗ്രസ്സുകാരായിരുന്നിട്ടും കേരളത്തിലും കേന്ദ്രത്തിലും കോർറേഷനിലും ഭരണമുണ്ടായിട്ടും കോൺഗ്രസ് ചെറുവിരൽ അനക്കിയില്ലെന്ന് മേയർ കുറ്റപ്പെടുത്തി.

60 വർഷക്കാലം കൊണ്ട് ഡാമിൻ്റെ അടിയിൽ ചെളി നിറഞ്ഞുവന്നു. സ്വാഭാവികമായും അടിയിലുള്ള ചെളിയും ഇരുമ്പിന്റെ അംശവും ട്രീറ്റ്‌മെൻ്റ് പ്ലാൻ്റിലേക്ക് എത്തിത്തുടങ്ങി. ഇത് പരിഹരിക്കാൻ ശ്രമിക്കാതെ ബഹളം മാത്രമായിരുന്ന കോൺഗ്രസ് കൗൺസിലർമാരുടെ സ്ഥിരം പരിപാടി. എന്നാൽ 2015-20 കാലഘട്ടത്തിൽ എൽ.ഡി.എഫ്. ഭരണത്തിൽ വിദഗ്ധരുമായി ചർച്ച ചെയ്ത് പരിഹാരത്തിന് മൂന്ന് പദ്ധതികൾ ഉണ്ടാക്കി.
പദ്ധതികൾ മാർച്ചിൽ പൂർത്തിയാകേണ്ടതും അതോടെ പ്രശ്‌നം തീരേണ്ടതുമായിരുന്നു. പല കാരണങ്ങൾ കൊണ്ട് വൈകി. അടുത്തമാസം പൂർത്തിയാകുമെന്ന് വന്നപ്പോഴാണ് അതിനു പിന്നിൽ തങ്ങളാണെന്ന് പറഞ്ഞ് കോൺഗ്രസ് കൗൺസിലർമാർ എട്ടുകാലി മമൂഞ്ഞിന്റെ വേഷം കൗൺസിലിൽ അവതരിപ്പിക്കുന്നതെന്നാണ് മേയറുടെ ആരോപണം.

1962ലെ പദ്ധതി


ചെറിയ വിസ്തൃതി മാത്രമുണ്ടായിരുന്ന തൃശൂർ മുനിസിപ്പൽ പ്രദേശത്തിന് കുടിവെള്ളമെത്തിക്കാനാണ് 1962ൽ പീച്ചി കുടിവെള്ള പദ്ധതിയുണ്ടാക്കിയത്. 14.5 എം.എൽ.ഡി. മിൽറ്റ്‌മെന്റ് പ്ലാനും തേക്കിൻകാട്ടിൽ നാല് വിതരണപ്ലാന്റുമായിരുന്നു പദ്ധതി. പീച്ചി ജലസംഭരണിയുടെ അടിയിൽനിന്ന് ട്രീറ്റ്‌മെൻ്റ് പ്ലാന്റിലേക്കും അതിനുശേഷം തേക്കിൻകാട്ടിലെ ടാങ്കുകളിലേക്കും വെള്ളമെത്തുന്നത് പമ്പിംഗ് ഇല്ലാതെയാണെന്ന 'അപൂർവത'യാണ് ഈ പദ്ധതിയുടെ സവിശേഷത. ഇടതുകര , വലതുകര കനാലുകളിലേക്കും സമീപത്തുള്ള ജലവൈദ്യുത പദ്ധതിയിലേക്കും വെള്ളമെടുക്കുന്നതിന്റെ മദ്ധ്യത്താണ് ട്രീറ്റ്‌മെൻ്റ് പ്ലാൻ്റിലേക്ക് വെള്ളമെടുക്കുന്ന കേന്ദ്രം.

പിടിവിടാതെ കോൺഗ്രസ്

കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് ഇതുപോലെ മാലിന്യം കലർന്ന വെള്ളം വിതരണം ചെയ്തിട്ടില്ലെന്നാണ് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറയുന്നത്. ദീർഘവീക്ഷണമില്ലാതെ 165 കോടി ചെലവഴിച്ചിട്ടും ഗുണപ്രദമാകുന്ന രീതിയിൽ ഒരു പദ്ധതി തയ്യാറാക്കാൻ ഇടതു ഭരണത്തിന്കഴിഞ്ഞില്ല. നേരത്തെ നന്നായി പ്രവർത്തിച്ചിരുന്ന 14.50 എം.എൽ.ഡി ട്രീറ്റ്‌മെന്റ് പ്ലാന്റ് നിറുത്തുകയും കോടിക്കണക്കിന് രൂപ ചെലവഴിച്ച് 20 എം.എൽ.ഡി ട്രീറ്റ്‌മെന്റ് പ്ളാന്റ് സ്ഥാപിച്ചിട്ടും നേരത്തെയുണ്ടായിരുന്ന പ്രവർത്തനക്ഷമതയ്ക്ക് ഒപ്പമെത്താൻ കഴിഞ്ഞിട്ടില്ലെന്നും ജോസ് വള്ളൂർ പറഞ്ഞു. മുൻകാലങ്ങളിലും ഡാമിന്റെ അടിത്തട്ടിൽ നിന്നാണ് വെള്ളമെടുക്കുന്നത്. മാർച്ച് 31ന് കുടിവെള്ള പ്രശ്‌നം പരിഹരിക്കുമെന്ന് പറഞ്ഞ മേയർ ഇപ്പോൾ മേയ് - ജൂൺ മാസങ്ങളിൽ കുടിവെള്ള പ്രശ്‌നം പരിഹരിക്കുമെന്നാണ് പറയുന്നത്. ഈസ്റ്റർ -വിഷു പ്രമാണിച്ച് സൗജന്യമായി കോൺഗ്രസ് കൗൺസിലർമാർ ശുദ്ധജലം ടാങ്കർ ലോറികളിൽ വിതരണം ചെയ്തു. കുടിവെള്ള വിഷയത്തിൽ മേയറെ വഴി തടയുന്നത് അടക്കമുള്ള സമരപരിപാടികളും സംഘടിപ്പിക്കുമെന്നുമാണ് കോൺഗ്രസിന്റെ മുന്നറിയിപ്പ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOMBUM THUMBEEM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.