SignIn
Kerala Kaumudi Online
Friday, 19 April 2024 9.29 PM IST

വലക്കണ്ണികൾ മുറുക്കി സൈബർ കെണികൾ

opinion

യാത്രപോകുന്ന വിവരം വെറുതേ ഒരു വാട്ട്സ് ആപ് സ്റ്റാറ്റസായി നൽകിയാൽപ്പോലും സൈബർ തട്ടിപ്പുകൾക്ക് ഇരയാകാമെന്ന പൊലീസിന്റെ മുന്നറിയിപ്പ് അതീവഗൗരവത്തോടെ തന്നെ കാണേണ്ടതുണ്ട്. മൊബൈലിലും സാമൂഹ്യമാദ്ധ്യമങ്ങളിലും എന്തു ചെയ്താലും കുറ്റകൃത്യങ്ങൾ ലാക്കാക്കി സൃഷ്ടിക്കപ്പെടുന്ന ഫേക്ക് പ്രൊഫൈലുകൾ വിവരം ഹാക്ക് ചെയ്യാനും സുഹൃത്തുക്കൾ എന്ന രീതിയിൽ മറ്റുള്ളവർക്ക് തെറ്റായ സന്ദേശങ്ങൾ കൈമാറുന്നതിനും ഇടയാക്കുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. യാത്ര പോകാൻ ഉദ്ദേശിക്കുന്ന വിവരങ്ങൾ, അന്നന്നത്തെ പ്ലാനുകൾ തുടങ്ങിയവ സമൂഹമാദ്ധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്യുന്നതും മൊബൈൽ സ്റ്റാറ്റസിൽ പരസ്യപ്പെടുത്തുന്നതും തട്ടിപ്പ് നടത്താനുള്ള താക്കോലാകുമെന്ന് ചുരുക്കം. ഫേസ്ബുക്കിലും മറ്റും നിരവധി പ്രൊഫൈലുകൾ വ്യാജമാണ്. ഓൺലൈനിൽ എന്ത് പോസ്റ്റ് ചെയ്താലും അതെല്ലാം തട്ടിപ്പുകാർ നിരീക്ഷിക്കുന്നുണ്ടെന്ന് ഓർക്കണം. ഭാവി പദ്ധതികൾ, സ്ഥലവും സ്ഥാനവും വെളിപ്പെടുത്തുന്ന വിവരം, ഫോൺ, വിലാസം, എന്നിവയും തട്ടിപ്പിനിരയാക്കാൻ വഴിയൊരുക്കും. ഓൺലൈനിൽ പങ്കിടുന്ന ഫോട്ടോകളിൽ, ജി.പി.എസ് ലൊക്കേഷനുകൾ, ലാൻഡ്മാർക്ക് തുടങ്ങിയവ ഒഴിവാക്കണം. അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നതും, മറ്റൊരാളുടെ പേരിൽ അക്കൗണ്ടുകൾ ഉണ്ടാക്കുന്നതും അധിക്ഷേപിക്കുന്നതും തട്ടിപ്പുനടത്തുന്നതുമായി നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഫെയ്‌സ്ബുക്കിൽ പ്രൊഫൈലും പോസ്റ്റുകളും മറ്റും ആരൊക്കെ കാണണം എന്നത് സ്വയം നിയന്ത്രിക്കാവുന്ന തരത്തിൽ പ്രൈവസി സെറ്റിംഗ്‌സ് ക്രമീകരിച്ചാൽ അപരിചിതരെയും ശല്യക്കാരെയും ഒഴിവാക്കാൻ സഹായകമാകും. പരിചയമുള്ളവരുടെ ഫ്രണ്ട് റിക്വസ്റ്റ് മാത്രം സ്വീകരിക്കണം. അപരിചിതരുമായി ചാറ്റിംഗ് ഒഴിവാക്കണം. പാസ്‌വേഡുകൾ ഇടയ്ക്കിടെ മാറ്റണം. വീടിന്റെ താക്കോൽ പോലെയാണ് പാസ്‌വേഡുകളെന്ന് മറക്കരുതെന്നും പൊലീസ് ആവർത്തിച്ച് പറയുന്നു. മൊബൈലും സാമൂഹ്യമാദ്ധ്യമങ്ങളുമെല്ലാം വളരെ ശ്രദ്ധയോടെയും കരുതലോടെയും ഉപയോഗിച്ചില്ലെങ്കിൽ യാതൊരു തെറ്റും ചെയ്യാതെ തന്നെ നമ്മൾ പ്രതികളും ഇരകളുമെല്ലാമായി പോകുന്നുവെന്നതാണ് ഏറെ സുപ്രധാനമായ കാര്യം. ചില മുൻകരുതലുകൾ സ്വീകരിച്ചാൽ നമുക്ക് കുറേയൊക്കെ സുരക്ഷിതരാകാം. ബാങ്ക് അക്കൗണ്ട് പോലുള്ള വിവരങ്ങളുള്ള സോഷ്യൽ മീഡിയ അക്കൗണ്ട്‌സ് പബ്ലിക് വൈഫൈയിൽ ഉപയോഗിക്കരുത് എന്നതാണ് അതിൽ പ്രധാനപ്പെട്ട കാര്യം. ഫേസ്ബുക്കിലൂടെയോ മെയിലിലൂടെയോ അപരിചിതർ അയച്ചുതരുന്ന ഒരു ലിങ്കുകളും തുറക്കരുത്. മറ്റു വെബ്‌സൈറ്റുകൾ വഴിയോ അപരിചിതർ അയയ്‌ക്കുന്ന മെയിൽ വഴിയുള്ള ലിങ്കിലൂടെയോ ലോഗ് ഇൻ ചെയ്യാതിരിക്കുക. പേര്, ജനനത്തീയതി, അടുത്ത സുഹൃത്തിന്റെ പേര് തുടങ്ങിയവ പാസ്‌വേർഡുകൾ ആയി ഉപയോഗിക്കാതിരിക്കാനും ശ്രമിക്കണം.

കുട്ടികളെ ശ്രദ്ധിക്കണം

രക്ഷിതാക്കൾ ജാഗ്രത പാലിക്കുക എന്ന രീതിയിൽ പല സ്‌കൂൾ ഗ്രൂപ്പുകളിലും മറ്റു സോഷ്യൽ മീഡിയകളിലും പ്രചരിക്കുന്ന ചില പോസ്റ്റർ കേരള പൊലീസിന്റെ ഔദ്യോഗിക അറിയിപ്പല്ല. പൊലീസിന്റെ അറിയിപ്പുകൾക്കായി ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഔദ്യോഗിക വെബ്‌സൈറ്റും ശ്രദ്ധിക്കണം. കുട്ടികൾ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു, അവരുടെ സുഹൃത്തുക്കൾ ആരൊക്കെ തുടങ്ങിയവ രക്ഷിതാക്കൾ അറിഞ്ഞിരിക്കണം. കുട്ടികളുടെ പെരുമാറ്റത്തിൽ നിന്നുള്ള വ്യത്യാസം ശ്രദ്ധയിൽപ്പെട്ടാലോ സ്വഭാവ വ്യത്യാസം നിയന്ത്രണാതീതമായാലോ പൊലീസിനെ അറിയിക്കണം. 'ചിരി' കൗൺസിലിംഗ് സെന്ററിന്റെ 9497900200 എന്ന നമ്പർ അതിനുവേണ്ടി ഉള്ളതാണ്. സൈബർ സുരക്ഷയ്ക്ക് പരിശീലനം നൽകാൻ തന്നെ പൊലീസ് തീരുമാനിച്ചിരിക്കുകയാണ്. സൈബർ സുരക്ഷയ്ക്കായി കേരള പൊലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സുരക്ഷ കോൺഫറൻസ് ആയ കൊക്കൂണിന് രജിസ്‌ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. കൊച്ചിയിലെ ഹോട്ടൽ ഗ്രാന്റ് ഹയാത്തിൽ സെപ്തംബർ 23, 24 തീയതികളിൽ നടക്കുന്ന കോൺഫറൻസിലും, 21, 22 തീയതികളിലും നടക്കുന്ന പ്രീ കോൺഫറൻസിലേക്കുമുള്ള രജിസ്‌ട്രേഷനാണ് നടക്കുന്നത്. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും, ബാങ്കിംഗ്, സ്വകാര്യ മേഖലകളിലെ സൈബർ തട്ടിപ്പുകളിൽ പ്രതിരോധം തീർക്കുന്നതിനുമായുള്ള പരിശീലനങ്ങളും നൽകുന്നുണ്ട്. വിദ്യാർത്ഥികൾ, സ്വകാര്യവ്യക്തികൾ, കോർപ്പറേറ്റുകൾ തുടങ്ങിയ വിഭാഗക്കാർക്ക് രജിസ്റ്റർ ചെയ്യാം: https://india.c0c0n.org/2022/registration.

  • വ്യക്തിഗത വിവരങ്ങൾ വളരെ പ്രധാനം

വ്യക്തിഗത വിവരങ്ങൾ ഓൺലൈനിലൂടെ നഷ്ടപ്പെടുന്നതാണ് ഏറെ അപകടകരം. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ ഏറെ ശ്രദ്ധവേണമെന്നാണ് പൊലീസിൻ്റെ മുന്നറിയിപ്പ്. വ്യക്തിഗതവും ബാങ്ക് അക്കൗണ്ട് അടക്കമുളളതുമായ വിവരങ്ങൾ അപരിചിതർക്ക് കൈമാറരുത്. ഇമെയിൽ, ബാങ്കിംഗ് ആപ്പുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങിയവയ്ക്ക് സ്‌ട്രോങ്ങ് പാസ്സ്‌വേർഡുകൾ ഉപയോഗിക്കേണ്ടതുണ്ട്. ഇന്റർനെറ്റിൻ്റേയും വൈ ഫൈ കണക്ഷൻ്റേയും പാസ്സ്‌വേർഡും സ്‌ട്രോങ്ങ് ആക്കണം. ആപ്പുകൾക്ക് അനാവശ്യമായി അനുമതി നൽകുമ്പോൾ ഏറെ ശ്രദ്ധിക്കണം. കാരണം, മൊബൈലിലെ വിവരങ്ങൾ ആപ്പുകാരുടെ സെർവറിലേക്ക് മാറ്റാനുള്ള അനുമതിയാണ് നൽകുന്നത്.

ഓൺലൈനിൽ വ്യാജ ജോലി വാഗ്ദാനങ്ങൾ വഴിയുളള തട്ടിപ്പുകളും തീരുന്നില്ല. ദിവസം പതിനായിരം രൂപ വരെ സമ്പാദിക്കാമെന്ന സന്ദേശം അയച്ച് ലിങ്ക് അയച്ചുകൊടുത്ത് പോലും തട്ടിപ്പുകൾ നടത്തുന്നുണ്ട്. ജോലി ഓഫറുമായി ബന്ധപ്പെട്ട് റജിസ്‌ട്രേഷനു വേണ്ടിയോ അല്ലാതെയോ ആദ്യം അങ്ങോട്ടു പണം ആവശ്യപ്പെടും. എ.ടി.എം നമ്പർ, പിൻ, ഒ.ടി.പി തുടങ്ങിയവ ചോദിക്കുമ്പോൾ തന്നെ തട്ടിപ്പാണെന്ന് തിരിച്ചറിയണം. വ്യാജ പാർട്ട് ടൈം ജോലി ഓഫറുകളും നിരവധിയുണ്ട്. തട്ടിപ്പിൽപെട്ട് ധനനഷ്ടമുണ്ടാകുന്നവർ ആയിരങ്ങളുണ്ട്. എന്നാൽ ഇരയാകുന്നവരിൽ ചെറിയൊരു ശതമാനം മാത്രമാണ് പരാതിയുമായി പൊലീസിലെത്തുന്നത്. അതു തന്നെയാണ് തട്ടിപ്പുകാർക്കു് വളമാകുന്നതും...

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOMBUM THUMBEEM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.