SignIn
Kerala Kaumudi Online
Thursday, 25 April 2024 1.59 PM IST

ആർക്കുവേണ്ടി കൃഷി ചെയ്യണം?

vs

കന്നിമാസത്തിലെ മകം നാളിൽ നെല്ലിന്റെ പിറന്നാൾ കഴിഞ്ഞുപോയിരിക്കുന്നു. അരിയാഹാരം കഴിക്കുന്നവർ അതറിഞ്ഞുവോ? വയലേലകളിൽ വിളയുന്ന നെൻമണികൾക്ക് പിറന്നാളാശംസ ആരും പറഞ്ഞില്ലെങ്കിലും നെല്ലിനെക്കുറിച്ച് ഒരുവേള ഓർത്തിരുന്നെങ്കിൽ എന്ന് ചിന്തിച്ചുപോകുന്നു.

നെല്ലിന് പിറന്നാളുണ്ടെന്ന് പറയുന്നവരോട് നെല്ലിന്റെ ജനനസർട്ടിഫിക്കറ്റ് കൈയിലുണ്ടോ എന്ന് ചോദിക്കരുത്. ഇങ്ങനെയൊരു ദിനമുണ്ടായിരുന്നുവെന്നും പഴമക്കാർ പ്രത്യേകപൂജകളോടെയും ചടങ്ങുകളോടെയും ആഘോഷിച്ചിരുന്നുവെന്നും മാത്രം അറിയുക. ദക്ഷിണ, മദ്ധ്യകേരളത്തിൽ മുൻകാലങ്ങളിൽ ഈ ദിനാചരണമുണ്ടായിരുന്നു. കന്നിമാസത്തിൽ നെൽകൃഷിയിറക്കുന്ന സമയമായതുകൊണ്ടാകാം ആ ദിനം തിരഞ്ഞെടുത്തത്. ഓണത്തിന് തൃക്കാക്കരയപ്പനെ പൂജിക്കുന്നതുപോലെ 'മകത്തടിയനെ ' പ്രതിഷ്ഠിച്ച് പൂജ ചെയ്തിരുന്നു. കന്നുകളേയും ഒരുക്കിയിരുന്നു. കന്യാകുമാരിയുടെ പരിസരപ്രദേശങ്ങൾ ഉൾപ്പെട്ട നാഞ്ചിനാട്ടിൽ വെള്ളാളർ കർഷകസമൂഹവും മകം നാളിൽ പിറന്നാൾ ആഘോഷിച്ചിരുന്നുവെന്ന് ചരിത്രം പറയുന്നു. അന്ന് അവർ നെല്ലു പുഴുങ്ങുകയോ കുത്തുകയോ വയൽ ഉഴുകയോ ചെയ്തിരുന്നില്ല. കൊടുക്കൽ വാങ്ങലുകളും നടത്തിയിരുന്നില്ല. സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാവണം വെള്ളാളർ ആ ആഘോഷം പിന്തുടർന്നത്. പിന്നീട് ഈ ദിനം മലയാളിയുടെ ഓർമ്മയിൽ സജീവമാകുന്നത് 2018 ലാണ്. നെല്ലിന്റെ ജന്മദിനത്തിൽ 'പാഠം ഒന്ന് പാടത്തേയ്ക്ക് ' എന്ന പദ്ധതിയുമായി കൃഷി - വിദ്യാഭ്യാസവകുപ്പുകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ കൃഷിയിടത്തിലിറിക്കി. കാർഷിക ക്ളബുകൾ രൂപീകരിച്ചു. കൊവിഡ് മഹാമാരിയിൽ സ്കൂളുകൾ അടഞ്ഞതോടെ ആ ദിനാചരണവും ഇല്ലാതായി.

പത്തുശതമാനം നെല്ല്

ഉത്പാദിപ്പിച്ചിരുന്നെങ്കിൽ

കേരളത്തിൽ നെൽപ്പാടങ്ങളുടെ വിസ്തൃതിയും നെല്ലുത്പാദനവും കുറയുന്നത് വ്യക്തമാക്കാൻ പ്രത്യേക കണക്കുകൾ വേണമെന്നില്ല. പത്തുശതമാനം നെല്ല് പോലും കേരളം ഉത്പാദിപ്പിക്കുന്നില്ലെന്ന് തിരിച്ചറിയാൻ ചുറ്റുമൊന്ന് കണ്ണോടിച്ചാൽ മതി. നീർത്തടസംരക്ഷണ നിയമം വരും മുമ്പേ തരിശായ പാടങ്ങൾ, നെൽവയൽ എന്നിവ നികത്തി പണിത ബഹുനില കെട്ടിടങ്ങൾ, അന്യസംസ്ഥാനങ്ങളിൽ നിന്നുളള അരിലോറികളുടെ പാച്ചിൽ...ഇതെല്ലാം തന്നെ ധാരാളം. 1990 കളിലാണ് നെൽക്കൃഷി വ്യാപകമായി കുറഞ്ഞത്. സ്പെഷ്യൽ ഡയറക്ടർമാരും ശാസ്ത്രജ്ഞരും ഓഫീസുകളും മണ്ണു പരിശോധനാകേന്ദ്രങ്ങളും കാർഷിക ഗവേഷണശാലകളും ഏജൻസികളും നന്നായി വിളഞ്ഞെങ്കിലും ഇപ്പോഴും കിലോഗ്രാമിന് 32 മുതൽ 40 രൂപ വരെയുള്ള അന്യസംസ്ഥാനങ്ങളിലെ അരിയാണ് മൂന്നുനേരം നമ്മുടെ വയറ് നിറയ്ക്കുന്നത്. അവർ മണ്ണിൽ പണിയെടുത്തില്ലെങ്കിൽ മലയാളിയുടെ അന്നം മുട്ടും.

പരിസ്ഥിതി സുരക്ഷ ഇല്ലാതായതിന്റെ അനന്തരഫലമാണ് പ്രളയമായി നമ്മൾ അനുഭവിച്ചതെന്ന്

കേരളകാർഷിക സർവകലാശാലയുടെ ബൗദ്ധിക സ്വത്തവകാശസെൽ മുൻ കോ ഓർഡിനേറ്ററും നെല്ല് ഗവേഷകയുമായ ഡോ.സി.ആർ.എൽസി പറയുന്നു. മലയാളിയുടെ പ്രധാന ഭക്ഷണമാണ് അരി. പക്ഷേ, കേരളത്തിന് ആവശ്യമായ പത്തുശതമാനം പോലും ഇവിടെ ഉത്പാദിപ്പിക്കുന്നില്ലെന്ന സത്യം നമ്മൾ തിരിച്ചറിഞ്ഞിട്ടില്ല. നെല്ല് ഉത്പാദനം കുറയുമ്പോൾ ഭക്ഷ്യസുരക്ഷ മാത്രമല്ല, പാരിസ്ഥിതിക സന്തുലനം കൂടിയാണ് തകിടം മറിയുന്നത്. നെൽവയൽ നീർത്തട സംരക്ഷണത്തിനായുളള വിദഗ്ധസമിതി അംഗമായിരുന്നു ഞാൻ. നെൽപ്പാടങ്ങൾ നികത്താനുളള നിരവധി അപേക്ഷകളായിരുന്നു അന്ന് വന്നിരുന്നത്. നെൽവിത്തുകൾക്ക് ഒൗഷധഗുണങ്ങളുണ്ട്. ആയുർവേദത്തിന് കേരളത്തിന്റെ സംഭാവനയാണ് നവര. നവരക്കിഴി, നവരക്കഞ്ഞി, നവരലേപനം, കർക്കടകകഞ്ഞി എന്നിവയ്ക്കെല്ലാം നവരപ്രധാനമാണ്. അത്യുത്‌പാദനശേഷിയുളള അന്നപൂർണ്ണ, ജയ, ഐ.ആർ -എട്ട് തുടങ്ങിയ വിത്തിനങ്ങൾ ഹരിതവിപ്ളവത്തിന്റെ ഫലമാണെന്നും പതിറ്റാണ്ടുകളുടെ നിരീക്ഷണ,ഗവേഷണങ്ങളുടെ തിരിച്ചറിവിൽ നിന്ന് അവർ അടിവരയിട്ടു പറയുന്നു.

ജപ്പാനിലും വിദ്യാർത്ഥികളെ കൃഷിയിടങ്ങളിൽ ഇറക്കുന്ന പതിവുണ്ട്. കുട്ടികളെ പാടത്തേക്ക് ഇറക്കാനും മണ്ണിലിറങ്ങി കൃഷിചെയ്യാൻ അവർക്ക് പ്രചാേദനം നൽകാനുമായിരുന്നു മുൻ സർക്കാർ 'പാഠം ഒന്ന് പാടത്തേയ്ക്ക് ' തുടങ്ങിയത്. കൃഷിസംബന്ധമായ ക്ളാസുകൾ നൽകാനും കൃഷിയറിവുകൾ കുട്ടികൾക്ക് പകർന്നു നൽകാനും ആ ദിനാചരണം കൊണ്ട് കഴിഞ്ഞു. പക്ഷേ, കൊവിഡിൽ എല്ലാം തകിടം മറിഞ്ഞുവെന്ന് സാക്ഷ്യപ്പെടുത്തുന്നു, മുൻ കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ.

ഭൗമസൂചികാപദവി

ലഭിച്ചാൽ

പാലക്കാട് മട്ട, നവര, വയനാട് ജീരകശാല, വയനാട് ഗന്ധകശാല, പൊക്കാളി അരി, കൈപ്പാട് അരി തുടങ്ങിയ നെൽവിത്തിനങ്ങൾക്കാണ് ഭൗമസൂചികാപദവി ലഭിച്ചത്. നെല്ലിന് മാത്രമല്ല, ചെങ്ങാലിക്കോട് നേന്ത്രവാഴയ്ക്കും കഴിഞ്ഞ ദിവസം എടയൂർ മുളകിനും കുറ്റ്യാട്ടൂർ മാങ്ങയ്ക്കുമെല്ലാം ഭൗമ സൂചികാപദവി ലഭിച്ചു. എടയൂർ മുളക് മലപ്പുറത്തെ എടയൂർ, ആതവനാട്, മാറാക്കര, ഇരിമ്പിളിയം, കൽപ്പകഞ്ചേരി, വളാഞ്ചേരി, മൂർക്കനാട്, കുറുവ പഞ്ചായത്തുകളിലുള്ള പ്രാദേശിക കൃഷിയാണ്. കൊണ്ടാട്ട മുളകായും ഉപയോഗിക്കുന്നുണ്ട് ഇത്. ഏപ്രിൽ മുതൽ ഡിസംബർ വരെയാണ് സീസൺ. കൃഷിസ്ഥലത്തിന്റെ പാരിസ്ഥിതിക പ്രത്യേകത, മണ്ണിന്റെ സവിശേഷത, പരമ്പരാഗത കൃഷിരീതികൾ എന്നിവയാണ് എടയൂർ മുളകിന്റെ രുചിക്കും മണത്തിനും കാരണം. കുറ്റിയാട്ടൂർ മാങ്ങ കണ്ണൂരിലെ കുറ്റിയാട്ടൂരിലും സമീപ പഞ്ചായത്തുകളിലുമുള്ള പരമ്പരാഗത മാമ്പഴമാണ്. മാർച്ച്, ഏപ്രിൽ, മേയിൽ വിളവെടുക്കും. കണ്ണൂരിലിത് നമ്പ്യാർ മാങ്ങ, കണ്ണപുരം മാങ്ങ, കുഞ്ഞിമംഗലം മാങ്ങ, വടക്കുംഭാഗം മാങ്ങ എന്നീ പേരുകളിലും അറിയപ്പെടുന്നു. മഞ്ഞകലർന്ന ഓറഞ്ച് നിറമാണിതിന്. രുചിക്കും മണത്തിനും പ്രസിദ്ധമാണ്.

ഭൗമസൂചികാ പദവി ഈ ഇനങ്ങൾക്ക് മികച്ച വിപണി നൽകുമെന്നാണ് സർക്കാർ പറയുന്നത്. ഭൗമസൂചികാ രജിസ്‌ടേഷൻ നാടൻ ഉത്പന്നങ്ങൾക്ക് സ്വദേശത്തും വിദേശത്തും സ്വന്തമായ ഇടം നൽകുമെന്നും പറയുന്നു. പക്ഷേ, ചെങ്ങാലിക്കോടൻ ഏത്തക്കായയുടെ കാര്യം എടുക്കുക. കിലോഗ്രാമിന് വെറും അമ്പതുരൂപയാണ് തൃശൂരിൽ ഈ കായയ്ക്കുള്ളത്. കർഷകന് കിട്ടുന്നത് ഇരുപതുരൂപ മാത്രമാകും. ഒരു വർഷത്തെ അദ്ധ്വാനവും മുടക്കുമുതലും എല്ലാം കൂട്ടിനോക്കിയാൽ കർഷകന് എന്തു ഗുണം? ആർക്കു വേണ്ടിയാണ് അവർ കൃഷി ചെയ്യുന്നത് ? ഇടനിലക്കാർക്കും വൻകിട മുതലാളിമാർക്കും വേണ്ടിയോ? പദവികൾ എന്തെല്ലാം കിട്ടിയാലും കർഷകന് കുമ്പിളിൽ തന്നെ കഞ്ഞി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOMBUM THUMBEEM, KRISHI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.