SignIn
Kerala Kaumudi Online
Tuesday, 16 April 2024 8.03 PM IST

ലഹരി മാഫിയ ; വിഷമരത്തിന്റെ വേരറുക്കാൻ ആരുണ്ട് ?

narcotics

കൊച്ചിയിൽ യുവമാേഡലുകൾ വാഹനാപകടത്തിൽ മരിച്ചതിനു പിന്നാലെ ഉയർന്ന ലഹരിപാർട്ടി വിവാദം കെട്ടടങ്ങിയെങ്കിലും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അനവധിയാണ്. വർഷത്തിൽ ഇത്തരത്തിൽ രണ്ട് മൂന്ന് സംഭവങ്ങൾ ലഹരിയുടെ ഹബ്ബായ കൊച്ചിയിൽ ഉയരുമെങ്കിലും അതുപോലെ അവസാനിക്കുകയാണ് പതിവ്. ഇത്തവണയും പതിവ് തെറ്റിയില്ല. ലൊക്കേഷനും ആരോപണവിധേയരും മാറിയെന്ന് മാത്രം. കുറെ നാളുകളായി കൊച്ചി കേന്ദ്രീകരിച്ചുള്ള പാർട്ടികളിലെ ലഹരി ട്രെൻഡാണിത്. ഇന്ന് കാണുന്നവരല്ല നാളെത്തെ ചർച്ചയിലെ താരങ്ങൾ. ലഹരിമാഫിയ വളർന്നു പന്തലിച്ചെന്ന് വ്യക്തം. എല്ലാ അന്വേഷണ ഏജൻസികൾക്കും കാര്യങ്ങൾ വ്യക്തമാണെങ്കിലും ലഹരി മാഫിയയെ തടയാനുള്ള ഒരു പദ്ധതിക്കും ആരും ചുക്കാൻ പിടിക്കില്ല. മുന്നിൽ വന്നു വീഴുന്നവരെ പിടികൂടുകയെന്ന രീതിയാണ് കുറെ നാളുകളായി നടക്കുന്നത്. അതിനാൽ അന്വേഷണ ഏജൻസികൾക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരങ്ങളിലേക്ക് ലഹരി മാഫിയ പടർന്നു കയറി.

മാഫിയയുടെ നീരാളി പിടുത്തത്തിൽ അമർന്ന കൊച്ചിയിൽ പുതുവത്സരാഘോഷങ്ങൾക്കുള്ള പാർട്ടികൾ അണിയറയിൽ ഒരുങ്ങുകയാണെന്ന് എല്ലാവർക്കുമറിയാം. ലഹരി മാഫിയയുടെ ഇഷ്‌ട ലൊക്കേഷനായി മാറിയ കൊച്ചിയിൽ പിടിക്കപ്പെടാനുള്ള സാദ്ധ്യത കുറവാണെന്നാണ് ഈ രംഗത്തുള്ളവരുടെ വിലയിരുത്തൽ. അതിനൊത്ത സങ്കേതങ്ങൾ വാനോളമുണ്ടെന്നതാണ് കൊച്ചിയെ ആകർഷകമാക്കുന്ന പ്രത്യേകത. വലിയ ഹോട്ടലുകളിൽ അരങ്ങേറിയിരുന്ന റേവ് പാർട്ടികൾ ഇന്ന് ഫ്ളാറ്റുകളിലേക്ക് മാറി. ചുരുക്കം ചിലരിൽ ഒതുങ്ങുന്ന ഈ പാർട്ടികളിൽ ഉന്നതരുടെ സാന്നിദ്ധ്യവുമുണ്ട്. ന്യൂജെൻ ലഹരിയുടെ ഉന്മാദത്തിൽ ഒരു രാത്രി കൊഴിഞ്ഞു വീഴുമ്പോൾ ലക്ഷങ്ങളുടെ ഇടപാടുകളാണ് പലയിടങ്ങളിലായി പൊടിപൊടിക്കുന്നത്.

ലഹരി മരുന്ന് ഇടപാടുകാരുടെ ഇഷ്ട ലൊക്കേഷനായി കേരളം മാറിയതിന്റെ സൂചനകളിലേക്കാണ് അടുത്തകാലത്തെ ലഹരി വേട്ടകൾ വിരൽ ചൂണ്ടുന്നത്. നിരോധനവും ബോധവത്കരണവും ഒരു ഭാഗത്ത് നടക്കുമ്പോൾ മയക്കുമരുന്ന് ഉപയോഗവും അതുവഴിയുള്ള കുറ്റകൃത്യങ്ങളും സംസ്ഥാനത്ത് വർദ്ധിക്കുകയാണ്. ലഹരിമരുന്നുകൾക്ക് അടിമപ്പെട്ടവരാണ് അടുത്തകാലത്തുണ്ടായ പ്രധാന ക്രിമിനൽ കേസുകളിലെ പ്രതികൾ.

മദ്യവും കഞ്ചാവും വഴിമാറിയതോടെ സിന്തറ്റിക് ലഹരി മരുന്നുകളാണ് ഇപ്പോഴത്തെ ട്രെൻഡ്. വിദേശ രാജ്യങ്ങളിൽ നിന്ന് പല മാർഗങ്ങളിലൂടെ എത്തുന്ന ഇവയുടെ പ്രധാന വിപണന കേന്ദ്രമായി കേരളം മാറി. കേരളത്തിലേക്ക് എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളും ലഹരിമരുന്ന് വിപണിയുടെ കണ്ണികളാണ്. ഒരുകാലത്ത് വിദേശങ്ങളിലേക്ക് മയക്കുമരുന്നു കടത്തുന്നതിന്റെ ഇടത്താവളമായിരുന്ന കേരളം ഇന്ന് ലഹരിമരുന്ന് ഉപയോഗത്തിന്റെ ഹബ്ബായി മാറി. ആന്ധ്രയുടെ വടക്കൻ മേഖലകളിൽ നിന്നും ഒഡിഷയിൽ നിന്നുമൊക്കെയായി തമിഴ്‌നാട് വഴിയാണ് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തുന്നത്. കേരളത്തിലേക്ക് ലഹരിമരുന്ന് എത്തുന്നതു തടയാൻ കഴിഞ്ഞില്ലെങ്കിൽ അന്താരാഷ്ട്ര ലഹരി മരുന്നു കടത്തു സംഘങ്ങളും ഭീകര പ്രവർത്തകരും തമ്മിലുള്ള ബന്ധം തിരിച്ചറിയാനാവാതെ പോകും. വൻതോതിൽ ലഹരി മരുന്ന് എത്തുന്നതു തടയേണ്ടി വരുന്നത് പൊലീസ്, എക്‌സൈസ് വിഭാഗങ്ങൾക്ക് അധികഭാരം നൽകുന്നുണ്ട്. കേരളത്തിൽ വൻതോതിൽ ലഹരി മരുന്നുകൾ സ്ഥിരമായി പിടികൂടുന്നുണ്ട്. എന്നാൽ ഇതിന്റെ കണ്ണികൾ അന്യസംസ്ഥാനത്തേക്ക് വ്യാപിച്ചിരിക്കുന്നതിനാൽ പലപ്പോഴും അന്വേഷണവും വഴിമുട്ടുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസിന്റെ സഹായമില്ലാതെ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താൻ കഴിയില്ല.

ലഹരി ഉപയോഗത്തിനപ്പുറം ഭീകരപ്രവർത്തനങ്ങളിലേക്ക് ഫണ്ട് കണ്ടെത്താനുള്ള മാർഗമായി മയക്കുമരുന്ന് കടത്ത് മാറുന്നത് രാജ്യസുരക്ഷയെയാണ് ബാധിക്കുക. ലഹരി മരുന്ന് ഉപയോഗിച്ചാൽ മദ്യത്തെപ്പോലെ വേഗത്തിൽ കണ്ടെത്താനാകില്ലെന്നതാണ് പൊലീസിനെയും എക്‌സൈസിനെയും വലയ്ക്കുന്നത്. ഗുജറാത്ത് ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ ലഹരി മരുന്നുകളുടെ ഉപയോഗം തിരിച്ചറിയുന്ന കിറ്റുകളുണ്ട്. സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം ഈ കിറ്റിലൂടെ തിരിച്ചറിയാം. ഈ കിറ്റുകൾ കേരളത്തിൽ പ്രചാരത്തിലെത്തിയിട്ടില്ല. പേരിന് മാത്രം ഏതാനും കിറ്റുകൾ അടുത്തകാലത്ത് എക്‌സൈസിന് ലഭ്യമായിട്ടുണ്ട്. മാരകമായ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരാണ് ക്വട്ടേഷൻ സംഘങ്ങളിൽ ഭൂരിഭാഗവും. ലഹരിമരുന്ന് പിടികൂടിയാൽ ശക്തമായ കുറ്റങ്ങൾ ചുമത്താൻ നിയമമുണ്ടെങ്കിലും അന്വേഷണങ്ങൾ കൃത്യമായ ഉറവിടങ്ങളിലേക്ക് എത്തുന്നില്ലെന്നതാണ് വാസ്തവം. കാരിയർമാരായിരിക്കും പ്രധാനമായി പിടിയിലാകുന്നത്. ഉറവിടം തേടിയുള്ള അന്വേഷണം പാതിവഴിയിൽ നിലയ്ക്കുന്നതാണ് സമീപകാല കാഴ്ച. മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും എത്തിയുള്ള അന്വേഷണങ്ങൾക്ക് ചില പരിമിതികളുണ്ട്. അതിനെ തരണം ചെയ്താൽ മാത്രമേ കേരളത്തിലേക്കുള്ള ലഹരി മരുന്നുകളുടെ ഒഴുക്ക് നിലയ്ക്കുകയുള്ളൂ. വിവിധ ഏജൻസികളുടെ സംയുക്ത ഓപ്പറേഷനുകളാണ് ഫലപ്രദമായ മാർഗം. നേരത്തെ സ്വർണക്കടത്ത് പിടികൂടാനുള്ള ഏജൻസികളുടെ സംയുക്ത ഓപ്പറേഷൻ വിജയം കണ്ടിരുന്നു. പൊലീസ്, എക്‌സൈസ്, കേന്ദ്ര നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, നർക്കോട്ടിക് സെൽ എന്നിവർ സംയുക്തമായി അന്വേഷണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരം കേസുകളിൽ കോ ഓർഡിനേഷന്റെ അഭാവമാണ് മുഖ്യപ്രതികളെ പിടികൂടാൻ തടസം. അവർ പുതിയ കാരിയർമാരെ കണ്ടെത്തി മയക്കുമരുന്ന് വിപണനം തുടർന്നു കൊണ്ടേയിരിക്കും.

സ്കൂൾ - കാേളേജ് വിദ്യാർത്ഥികളാണ് ന്യൂജെൻ ലഹരിയുടെ പിന്നാലെ പായുന്നത്. താളം തെറ്റിയ കുടുംബസാഹചര്യങ്ങൾ കുട്ടികളെ ലഹരിയിലേക്ക് നയിക്കുന്നതിൽ പ്രധാന ഘടകമാണ്. മാതാപിതാക്കൾ തമ്മിലുള്ള പ്രശ്‌നങ്ങൾ കാരണം കുട്ടികൾ ഒറ്റപ്പെടുന്നത് സ്വാഭാവികമാണ്. അവരുടെ പ്രശ്‌നങ്ങളിൽ ഇടപെടാനോ പരിഹരിക്കാനോ ശ്രമിക്കാതെ മാതാപിതാക്കൾ പരസ്പരം പോരാടാൻ സമയം ചെലവഴിക്കുമ്പോൾ കുട്ടികൾ കടുത്ത മാനസിക സമ്മർദ്ദങ്ങളിൽ അടിപ്പെടും. ഇത്തരത്തിൽ സ്വന്തം ലോകത്ത് ഒറ്റപ്പെട്ടുപോയ കുട്ടികൾ ലഹരിക്ക് അടിമപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്.

ലഹരിക്കെതിരെ ഫലപ്രദമായ ഇടപെടലുകൾ സ്കൂളുകളിൽ നിന്ന് ആരംഭിക്കണം. സ്കൂൾ ജാഗ്രതാ സമിതികൾ, ലഹരി വിരുദ്ധ ക്ളബുകൾ എന്നിവ കൂടുതൽ ഫലപ്രദമായി ഇടപെടണം. ചില സ്കൂളുകളിൽ സംഭവങ്ങൾ പിടിക്കപ്പെട്ടാലും പേരുദോഷമെന്ന് കരുതി നിയമപാലകരെ അറിയിക്കില്ല. ഈ പ്രവണത ഒഴിവാക്കുക തന്നെ വേണം. ലഹരിയുടെ വേരുകൾ പൂർണമായും അറുത്തുമാറ്റിയില്ലെങ്കിൽ അത് കൂടുതൽ കുട്ടികളിലേക്ക് പടർന്നു കയറുമെന്ന കാര്യം മറക്കരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LAHARI, LAHARI MAFIA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.