SignIn
Kerala Kaumudi Online
Saturday, 20 April 2024 7.00 AM IST

ഇരച്ചെത്തി ജനസാഗരം, യു ടേണിലേക്ക് ലീഗും സമസ്തയും

muslim-league

അക്ഷരാർത്ഥത്തിൽ കോഴിക്കോട് കടപ്പുറം ജനസാഗരമായി. നോക്കത്താദൂരത്തോളം മണൽപ്പരപ്പിനെ മറച്ച് പച്ചപുതച്ച് നില്‌ക്കുന്ന ജനക്കൂട്ടത്തെ കണ്ട് വലിയ ആനന്ദത്തിരയിലായിരുന്നു മുസ്‌ലിം ലീഗ് നേതാക്കൾ. വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ മുസ്‌ലിം ലീഗ് വ്യാഴാഴ്ച വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടത്തിയ വഖഫ് സംരക്ഷണ സമ്മേളനം ഫലത്തിൽ ലീഗിന്റെ മധുരപ്രതികാരം കൂടിയായി. വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ മുസ്‌ലിം സംഘടനകളെ അണിനിരത്തി പ്രക്ഷോഭം നടത്താൻ തുനിഞ്ഞിറങ്ങിയ മുസ്‌ലിം ലീഗിന് ആദ്യമേറ്റ അടിയായിരുന്നു സമസ്തയുടെ പിന്മാറ്റം. സമരത്തിന്റെയും മുസ്ലിം കോ‌ ഓർഡിനേഷൻ കമ്മിറ്റിയുടെയും മുൻനിരയിലുണ്ടായിരുന്ന സമസ്ത മുഖ്യമന്ത്രിയുടെ ക്ഷണത്തിന് പിന്നാലെ തിരുവനന്തപുരത്തെത്തി ചർച്ച നടത്തി പ്രത്യക്ഷ സമരത്തിൽ നിന്ന് പിന്മാറി. പ്രത്യക്ഷ സമരത്തിന് സമസ്ത ആഹ്വാനം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഉറപ്പിൽ വിശ്വാസമുണ്ടെന്നും നേതാക്കൾ പറഞ്ഞു. കോഴിക്കോട്ടേത് ലീഗിന്റെ രാഷ്ട്രീയ റാലിയാണെന്നും സമസ്ത നേതാക്കൾ പങ്കെടുക്കേണ്ട കാര്യമില്ലെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ അടിവരയിട്ടു. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ തീരുമാനങ്ങൾക്കൊപ്പം നീങ്ങുകയെന്ന കാലങ്ങളായുള്ള പതിവ് തെറ്റിക്കുകയും ഒരുകാലത്തും കമ്മ്യൂണിസ്റ്റ് ഭരണകൂടവുമായി സന്ധി ചെയ്യാൻ തയ്യാറാവുകയും ചെയ്യാതിരുന്ന സമസ്തയുടെ പുതിയ ചുവടുമാറ്റത്തിൽ മുസ്‌ലിം ലീഗ് നേതൃത്വം തീർത്തും അസ്വസ്ഥരാണ്.

മുസ്ലിം സമുദായത്തിലെ ഏറ്റവും പ്രബല കക്ഷികളാണ് ഇ.കെ.സുന്നി വിഭാഗം. സമസ്തയിൽ നിന്ന് വിഘടിച്ച കാന്തപുരം വിഭാഗം കാലങ്ങളായി ഇടതിനൊപ്പമാണ്. അംഗബലത്തിൽ മുന്നിലുള്ള ഇ.കെ സുന്നികളുടെ പിന്തുണ ലീഗിന് കുറച്ചൊന്നുമല്ല ആത്മവിശ്വാസമേകുന്നത്. ഈ ബന്ധം ഊട്ടിയുറപ്പിക്കാൻ വേണ്ടി നിർ‌ണായക രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുമ്പോൾ സമസ്ത നേതൃത്വത്തോട് കൂടിയാലോചിക്കുന്ന പതിവും മുസ്‌ലിം ലീഗിനുണ്ട്. പാണക്കാട് തങ്ങൾമാർ സമസ്തയുടെയും പോഷക സംഘടനകളുടെയും തലപ്പത്ത് ഭാരവാഹികളായി എത്തുന്ന പതിവുമുണ്ട്. പലപ്പോഴും ഇത് ആലങ്കാരിക പദവിയാണെങ്കിലും ഇരുസംഘടനകൾക്കും ഇടയിലെ ബന്ധത്തിന് ഇത് കൂടുതൽ കരുത്തേകിയിരുന്നു. ലീഗ് അധികാരത്തിൽ വരുമ്പോൾ വിദ്യാഭ്യാസ മേഖലയിൽ സമസ്തയ്ക്ക് വാരിക്കോരി നൽകാറുമുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും അടുത്ത കാലത്തായി സമസ്തയിലും ലീഗിനും ഭിന്നസ്വരങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. സ്വതന്ത്ര സംഘടനകളാണെന്നും പരസ്പരം നിയന്ത്രിക്കാൻ ശ്രമിക്കേണ്ടെന്ന വികാരവും ഇരുസംഘടനകളിലെയും പുതുതലമുറയിലെ നേതാക്കൾക്കിടയിലുണ്ട്. സമസ്തയിലെ ലീഗ് വിരുദ്ധരും ലീഗിലെ സമസ്ത വിരുദ്ധരും പലപ്പോഴും ഒളിയമ്പുകൾ തൊടുത്തുവിടാറുണ്ടെങ്കിലും ഇരുസംഘടനകളുടെയും ബന്ധത്തിൽ ഇതൊന്നും കാര്യമായ വിള്ളൽ ഉണ്ടാക്കിയിരുന്നില്ല. രണ്ടാംനിര നേതാക്കൾക്കിടയിലെ ഭിന്നത മുൻനിരയിലെ നേതാക്കൾക്കിടയിൽ എത്തുകയോ ഇതിനെ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിരുന്നില്ല.

പൗരത്വ ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാടുകൾ സമസ്തയിലെ ലീഗ് വിരുദ്ധർക്ക് പിടിവള്ളിയായി. മുസ്‌ലിം സമുദായത്തിന്റെ ആശങ്കകളെ ഏറ്റെടുത്ത് മുഖ്യമന്ത്രി ശക്തമായ നിലപാടുകൾ സ്വീകരിച്ചതോടെ അകറ്റിനിറുത്തപ്പെടേണ്ടവരല്ല ഇടത് എന്ന തോന്നൽ സമസ്തയുടെ മുൻനിര നേതാക്കൾക്കിടയിലുമുണ്ടായി. കേരള പര്യടനവുമായി ബന്ധപ്പെട്ട് കോഴിക്കോട് ചേ‌ർന്ന മുഖ്യമന്ത്രിയുടെ പരിപാടിയിൽ സമസ്തയുടെ രണ്ട് ഉന്നത നേതാക്കൾ പങ്കെടുത്തു. ലീഗിന്റെ എതിർപ്പ് പരിഗണിക്കാതെയായിരുന്നു സമസ്തയുടെ ഈ നീക്കം. ഇതിനു പിന്നാലെ യോഗത്തിൽ പങ്കെടുത്ത സമസ്ത നേതാക്കൾക്കെതിരെ മുസ്‌ലിം ലീഗ് അണികളിൽ നിന്ന് പരസ്യ പ്രതിഷേധങ്ങളുണ്ടായി. സാമൂഹിക മാദ്ധ്യമങ്ങളിലെ വിമർശനങ്ങൾ വ്യക്തിഹത്യയിലേക്ക് നീണ്ടപ്പോഴും ലീഗ് നേതൃത്വം മൗനം അവലംബിച്ചു. ഇടതുവേദികളിലെ സമസ്തയുടെ സാന്നിദ്ധ്യം തുടക്കത്തിലേ നുള്ളിയില്ലെങ്കിൽ അപകടമാണെന്ന് ലീഗും വിലയിരുത്തി.

ഇങ്ങോട്ട് വന്ന് കാണാം

പാണക്കാട് തങ്ങൾമാരെ പാണക്കാട്ടെത്തി കാണുകയെന്ന പതിവ് സമസ്ത നേതൃത്വം പിന്തുടർന്നിരുന്നു. എന്തിന് അങ്ങോട്ട് പോയി കാണണമെന്ന് സമസ്തയുടെ ഉന്നത നേതൃത്വത്തിലുള്ള നേതാവിന് തോന്നിയതോടെ ഈ പതിവിനും വിരാമമായി. സമസ്തയുടെ സ്ഥാനം മുസ്‌ലിം ലീഗിന് മുകളിലാണ്. രാഷ്ട്രീയ പാർട്ടികൾ മതനേതാക്കളെ അങ്ങോട്ട് പോയി കാണുന്നതാണ് പതിവ്. മുസ്‌ലിം ലീഗിനും ആ മാതൃക പാലിക്കാമെന്നായി നേതാവ്. മാത്രമല്ല സമസ്തയുടെ പ്രസിഡന്റും തങ്ങൾ വിഭാഗത്തിൽ നിന്നുള്ള മുതിർന്ന വ്യക്തിയാണ്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പൊതുവേദികളിൽ നിന്ന് വിട്ടുനില്‌ക്കുന്നതിനാൽ മലപ്പുറം ജില്ലാ പ്രസിഡന്റായ പാണക്കാട് സാദിഖലി തങ്ങൾക്കാണ് ചുമതല. ഹൈദരലി തങ്ങളുടെ നേതൃത്വം അംഗീകരിച്ചിരുന്ന സമസ്തയിലെ മുതിർന്ന നേതാവ് സാദിഖലി തങ്ങളുടെ കാര്യത്തിൽ മൂപ്പിളമ തർക്കത്തിലാണ്. സമസ്തയിലെ ലീഗ് വിരുദ്ധർക്ക് ഇത് വലിയ പിടിവള്ളിയായി. ലീഗിലെ പുകഞ്ഞ കൊള്ളിയായി ഇടതിലെത്തിയ മുൻമന്ത്രി കെ.ടി. ജലീൽ അവസരം പരമാവധി പ്രയോജനപ്പെടുത്തി.

മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി മുഴുവൻ മുസ്‌ലിം സംഘടനകളെയും അണിനിരത്തി മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ച് പല വിഷയങ്ങളിലും ഒന്നിച്ചുപോവാൻ ലീഗ് ശ്രമിക്കുന്നുണ്ട്. വ്യത്യസ്ത ആശയധ്രുവങ്ങളിലുള്ള സുന്നി, മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങളെ വിഷയാധിഷ്‌ഠിതമായി ഒന്നിച്ചുനിറുത്താൻ പലപ്പോഴും ലീഗിനായി. മുസ്‌ലിം വിഭാഗത്തിന്റെ പൊതു പ്ളാറ്റ്ഫോമാക്കി മുസ്‌ലിം ലീഗിനെ മാറ്റുകയെന്ന സ്വപ്നം കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗിലെ മുൻനിര നേതാക്കളുടെ സ്വപ്നമാണ്. വിവാദ വിഷയങ്ങളിൽ യോഗം ചേർന്ന് തീരുമാനം പ്രഖ്യാപിക്കാനും ഏകോപന ചുമതലയും ലീഗിനെ ഏല്‌പിക്കുകയാണ് മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റി ചെയ്തിരുന്നത്. മുസ്‌ലിം സംഘടനകളുടെ പൊതുപ്ളാറ്റ് ഫോമായി മുസ്‌ലിം ലീഗ് മാറിയാലുള്ള അപകടം തിരിച്ചറിഞ്ഞ ഇടത് നേതൃത്വം രഹസ്യമായും പരസ്യമായും ഇതിനെതിരെ കരുക്കൾ നീക്കി. തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ മലപ്പുറത്ത് ഇടതിന്റെ വോട്ട് വിഹിതത്തിൽ 10 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കാലിനടിയിലെ മണ്ണ് ചോരുന്നത് ലീഗും തിരിച്ചറിഞ്ഞിട്ടുണ്ട്. ന്യൂനപക്ഷ വിഷയങ്ങൾ ഏറ്റെടുക്കുന്നതിൽ പിന്നാക്കം പോയെന്ന വിമർശനം അടുത്തിടെ ലീഗിനെതിരെ അണികളിൽ നിന്നുപോലും ഉയർന്നിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ പരാജയ കാരണം പഠിക്കാൻ നിയോഗിച്ച സമിതിയും ഈ ആക്ഷേപം ചൂണ്ടിക്കാട്ടി. ഇതോടെയാണ് ന്യൂനപക്ഷ വിഷയങ്ങളിൽ ശക്തമായ നിലപാടും മുസ്‌ലിം സംഘടനകളുടെ കോ ഓർഡിനേഷനുമായി ലീഗ് കൂടുതൽ സജീവമായത്. ലീഗിന്റെ ഈ നീക്കം അപകടം ചെയ്യുമെന്ന ഇടതിന്റെ കണക്കുകൂട്ടലും കൃത്യമായ ആസൂത്രണവും വഖഫ് വിഷയത്തിൽ സമസ്തയെ തങ്ങളുടെ വഴിയേ എത്തിക്കാനായി.

വിള്ളലിൽ സമസ്തയും

വഖഫ് വിഷയത്തിലെ സമസ്ത നേതൃത്വത്തിന്റെ നിലപാടുകൾ സമസ്തയ്ക്കുള്ളിലും വിള്ളലുണ്ടാക്കിയതിന്റെ തെളിവ് കൂടിയായിരുന്നു കോഴിക്കോട്ട് ലീഗ് വഖഫ് സംരക്ഷണ സമ്മേളനത്തിൽ കണ്ടത്. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് നിയോഗിക്കപ്പെട്ട സമസ്ത സംഘത്തിലെ പ്രധാന നേതാവായ അബ്ദുസമദ് പൂക്കോട്ടൂർ‌ ലീഗ് സമ്മേളന വേദിയിലെത്തി. സമ്മേളനത്തിൽ ലീഗ് നേതാക്കൾ മാത്രമാണ് സംസാരിച്ചതെങ്കിലും അബ്ദുസമദ് പൂക്കോട്ടൂരിന്റെ സാന്നിദ്ധ്യത്തിലൂടെ ലീഗ് വിരുദ്ധ നീക്കങ്ങൾ നടത്തുന്നവർക്കുള്ള മുന്നറിയിപ്പാണ് ലീഗ് നേതൃത്വം നല്‌കിയത്. സമസ്ത പ്രവർത്തകരിൽ 90 ശതമാനവും ലീഗുകാരാണ്. ഇതുതന്നെയാണ് ഇരുസംഘടനകൾക്കിടയിലെ ബന്ധത്തിന്റെ ചാലക ശക്തിയും. ചിലർ ഇല്ലെങ്കിൽ ലീഗിന് പരിപാടി നടത്താൻ കഴിയുമോയെന്ന് സംശയമുള്ളവർക്ക് കോഴിക്കോട് കടപ്പുറത്തേക്ക് വരാമെന്ന് ലീഗ് നേതാവ് എം.കെ.മുനീർ പരസ്യ വെല്ലുവിളി ഉയർ‌ത്തിയിരുന്നു. ഫലത്തിൽ സമസ്ത നേതൃത്വത്തിന് നേരെയായിരുന്നു ഈ വെല്ലുവിളി. കോഴിക്കോട് ജില്ലയിൽ നിന്നുള്ള പ്രധാന നേതാവ് എന്നതിനപ്പുറം എം.കെ.മുനീറിനെ തന്നെ പരിപാടിയുടെ അദ്ധ്യക്ഷനാക്കിയതും യാദൃശ്ചികമല്ല. പൗരത്വബില്ലിനെതിരെ നടത്തിയ പ്രക്ഷോഭം ഒഴിച്ചുനിറുത്തിയാൽ പാണക്കാട് തങ്ങൾ കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ചു പങ്കെടുത്ത പരിപാടി കൂടിയായി കോഴിക്കോട്ടേത്. പതിവിന് വിപരീതമായി സമ്മേളനം ദിവസം രാവിലെ മുതൽ എല്ലാ തങ്ങൾമാരും ലീഗിന്റെ പ്രധാന നേതാക്കളും സോഷ്യൽമീഡിയയിലൂടെ സമ്മേളനത്തിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാൻ ആഹ്വാനം ചെയ്തിരുന്നു. ലീഗിന്റെ അനിഷേധ്യ നേതാവും അണികളുടെ വികാരവുമായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഖബറിടം സന്ദർശിച്ചാണ് സമ്മേളന നഗരിയിലേക്ക് പുറപ്പെടുന്നതെന്ന സന്ദേശമേകാൻ ഈ ചിത്രവും സാദിഖലി തങ്ങൾ പങ്കുവച്ചു. പാണക്കാട് തങ്ങൾമാ‌ർക്കാണോ സമസ്തയിലെ തങ്ങൾക്കാണോ കൂടുതൽ സ്വാധീനമെന്ന് തെളിയിക്കേണ്ടതിന്റെ ബാദ്ധ്യത കൂടി മുസ്‌ലിം ലീഗിന്റെ ചുമലിൽ വന്നിരുന്നു. പാണക്കാട് തങ്ങൾമാർ ആഹ്വാനം ചെയ്താൽ അത് ഏറ്റെടുത്ത പാരമ്പര്യമാണ് മുസ്‌ലിം സമുദായത്തിനെന്നായിരുന്നു സോഷ്യൽമീഡിയകളിലെ ലീഗ് നേതാക്കളുടെ ആഹ്വാനം. ലീഗിനെ പരസ്യമായി തള്ളുകയെന്ന നിലപാട് ആദ്യമായി സമസ്ത സ്വീകരിച്ചപ്പോൾ അതിന് അതേ നാണയത്തിൽ മറുപടി കൊടുക്കുകയും എന്നാൽ സമസ്ത നേതാക്കൾക്കെതിരെ ഒരക്ഷരം പോലും പരസ്യമായി പറയാതിരിക്കുകയും ചെയ്യുകയെന്ന തന്ത്രമായിരുന്നു ലീഗിന്റേത്. ഇത് വിജയിച്ചെന്ന് കൂടി തെളിയിക്കുന്നതായിരുന്നു കടപ്പുറത്തേക്ക് ഒഴുകിയെത്തിയ ജനസാഗരം. സമസ്തയുമായുള്ള ഭിന്നത മുന്നോട്ടുകൊണ്ടുപോകാൻ ലീഗ് ആഗ്രഹിക്കുന്നില്ലെന്ന സന്ദേശം കൂടി സമ്മേളനമേകി. സമുദായത്തിനകത്ത് ഭിന്നത സൃഷ്ടിക്കാൻ ഇടതുമുന്നണിയും മുഖ്യമന്ത്രിയും ശ്രമിക്കുന്നെന്നും ഇത് ആഗ്രഹിച്ച് ആരും മന:പ്പായസുമുണ്ണേണ്ട എന്നുമായിരുന്നു സാദിഖലി തങ്ങൾ പറഞ്ഞത്. സമസ്തയിലെ ഇടതുകൂലികളെ അടർത്തിമാറ്റി പിളർപ്പുണ്ടാക്കുകയെന്ന ലക്ഷ്യമാണ് ഇടതിനെന്ന മുന്നറിയിപ്പും ലീഗ് നേതൃത്വം സമസ്തയ്‌ക്ക് നല്‌കിയിട്ടുണ്ട്. ജനസാഗരത്തെ അണിനിരത്തി ലീഗ് നടത്തിയ നീക്കങ്ങളെ തീർത്തും അവഗണിച്ച് മുന്നോട്ടുപോവാൻ സമസ്തയ്ക്കും കഴിയില്ല. ഇരുകൂട്ടർക്കും ഇടയിലെ 'മഞ്ഞ് ' ഉടൻ ഉരുകുമെന്നാണ് ഇരുസംഘടനകളിലെയും പ്രമുഖർ പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LEAGUE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.