SignIn
Kerala Kaumudi Online
Saturday, 20 April 2024 6.37 AM IST

ടി.പി.ആർ കുറച്ചതോ കുറഞ്ഞതോ?

covid-test

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ മുന്നിലാണ് മലപ്പുറം. ശരാശരി 3,000ത്തോളം പേർ രോഗികളാവുന്നുണ്ട്. നേരത്തെ ആറായിരത്തിന് മുകളിൽ വരെ രോഗികളുടെ എണ്ണം എത്തിയപ്പോഴാണ് മലപ്പുറത്ത് ട്രിപ്പിൾ ലോക്‌ഡൗൺ ഏർപ്പെടുത്തിയത്. മലപ്പുറത്തിനൊപ്പം ട്രിപ്പിൾ പൂട്ടിട്ട തിരുവനന്തപുരം,​ എറണാകുളം,​ തൃശൂർ ജില്ലകൾ തുറന്നപ്പോഴും മലപ്പുറം അടഞ്ഞുകിടന്നു. രണ്ടാഴ്ചയിലധികം കഴിഞ്ഞ ശേഷമാണ് മലപ്പുറത്തെ ട്രിപ്പിൾ പൂട്ട് തുറന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആ‌ർ) 30ന് മുകളിലായിരുന്നു മിക്ക ദിവസങ്ങളിലും. ട്രിപ്പിളിലും പോസിറ്റിവിറ്റി നിരക്ക് കുറയാതെ വന്നതോടെ കടുത്ത ആശങ്കയിലായിരുന്നു ആരോഗ്യപ്രവർത്തകർ. എ.ഡി.ജി.പിയും ഐ.ജിയും മലപ്പുറത്ത് ക്യാമ്പ് ചെയ്തു നിയന്ത്രണങ്ങൾ കർശനമാക്കി. സർക്കാർ, സ്വകാര്യ ആശുപത്രികളെല്ലാം നിറഞ്ഞു കവിഞ്ഞതോടെ ബെഡ് പോലും കിട്ടാത്ത അവസ്ഥ. വെന്റിലേറ്റർ കിട്ടാതെ രോഗികൾ മരിച്ച സംഭവവുമുണ്ടായി. മലപ്പുറത്തെ സ്ഥിതി അതിഗുരുതരമാണെന്ന ബോദ്ധ്യം പൊതുജനങ്ങളെയും സ്വാധീനിച്ചു. ആശുപത്രി അടക്കം അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ജനം പുറത്തിറങ്ങിയില്ല. എന്നിട്ടും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മാത്രം കുറഞ്ഞില്ല. മറ്റ് ജില്ലകളിൽ നിന്ന് വ്യത്യസ്തമായി മലപ്പുറത്ത് വീട്ടകങ്ങളായിരുന്നു രോഗ ബാധ കേന്ദ്രങ്ങൾ. കൂട്ടുകുടുംബ വ്യവസ്ഥിതി കൂടുതലായതിനാൽ ഒരാൾക്ക് അസുഖം ബാധിച്ചാൽ രോഗം പകരുന്നവരുടെ എണ്ണവും വർദ്ധിച്ചു. വീടിനുള്ളിലടക്കം മാസ്‌ക്കിടണമെന്നും കുട്ടികൾ, പ്രായമുള്ളവർ, രോഗികൾ എന്നിവർ വീട്ടിലുണ്ടെങ്കിൽ സമ്പർക്കം പാടില്ലെന്നും ആരോഗ്യവകുപ്പ് നിരന്തരം മുന്നിറിയിപ്പേകി. എന്നിട്ടും രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 20ൽ താഴ്ന്നില്ല.

മേയ് 26ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ഓൺലൈനായി ചേർന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ മന്ത്രി നിർദ്ദേശം നൽകി. മലപ്പുറം ജില്ലയിൽ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് കുറച്ചു കൊണ്ടുവരാൻ ഊർജ്ജിത ടെസ്റ്റിംഗ് പ്ലാൻ നടപ്പിലാക്കാനും ഇതനുസരിച്ച് 20,000 മുതൽ 25,000 വരെ ടെസ്റ്റുകൾ പ്രതിദിനം നടത്താനും ഇതോടൊപ്പം സർവയലൻസ് സാമ്പിളുകൾ കൂടി പരിശോധിക്കാനും തീരുമാനിച്ചു. രോഗം സ്ഥിരീകരിക്കുന്നവർക്ക് ഡി.സി.സി, സി.എഫ്.എൽ.ടി.സി എന്നിവിടങ്ങളിൽ പ്രവേശനം ഉറപ്പ് വരുത്താനും മന്ത്രി നിർദേശം നൽകി. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജൻ എൻ.ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ. രമേഷ്, ഡി.എം.ഒ. ഡോ. കെ.സക്കീന തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.

കുറഞ്ഞതോ അതോ കുറച്ചതോ


ആരോഗ്യ വകുപ്പ് മന്ത്രി യോഗം വിളിച്ച ദിവസം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.62 ശതമാനമായിരുന്നു. മുൻ ദിവസങ്ങളെ അപേക്ഷിച്ച് രോഗ നിരക്ക് കുറഞ്ഞിരുന്നു. 4,751 പേർക്കാണ് അന്ന് രോഗം ബാധിച്ചത്. ഇതിൽ 4,587 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെ ആയിരുന്നു രോഗബാധ. തൊട്ടടുത്തെ ദിവസം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.82 ശതമാനമായി കുറഞ്ഞു. രോഗികളുടെ എണ്ണം 4,212ഉം. ഇതിൽ 4,057 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതാണ്. മേയ് 28ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.3 ശതമാനമായി. രോഗികളുടെ എണ്ണം 3,938ഉം. മേയ് 30ന് മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.15 ശതമാനമായിരുന്നു. വൈറസ് ബാധിതരുടെ എണ്ണം 3,015 ആയി. മലപ്പുറത്തെ കാര്യങ്ങൾ നിയന്ത്രണാതീതമാണെന്നും രോഗ പരിശോധന ശക്തമാക്കണമെന്നുമുള്ള മന്ത്രിയുടെ തീരുമാന ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ താഴുന്ന കാഴ്ച്ചയായിരുന്നു. മന്ത്രിതല സമിതിയുടെ യോഗത്തിന് തൊട്ട് മുമ്പത്തെ ദിവസം മലപ്പുറത്തെ രോഗികളുടെ എണ്ണം 5,315 പേരായിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.57 ശതമാനവും. ഇതിന് മുമ്പുള്ള പല ദിവസങ്ങളിലും 30 ശതമാനത്തിന് മുകളിലായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മറ്റ് ജില്ലകളെ അപേക്ഷിച്ച് മലപ്പുറത്ത് വീട്ടകങ്ങളാണ് രോഗ ബാധ കേന്ദ്രങ്ങൾ എന്നതിനാൽ രോഗ നിരക്കിൽ പെട്ടെന്നുള്ള കുറവ് അവിശ്വസനീയമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. 

ഇനിയാണ് ട്വിസ്റ്റ്

ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാൻ വേണ്ടിയുള്ള ചരടുവലികളിൽ പോസിറ്റിവിറ്റി നിരക്ക് കുറച്ചതാണോ എന്ന ചോദ്യം ഒരുവശത്ത് ഉയരുന്നുണ്ട്. നാല് ദിവസങ്ങൾക്കുള്ളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കുറഞ്ഞത്. ഒരുദിവസം 20,000 പേർക്ക് ആന്റിജൻ ടെസ്റ്റ് നടത്തണമെന്ന് മന്ത്രിതല യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ പല കേന്ദ്രങ്ങളിലായി പരിശോധനയും നടന്നു. എന്നിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു തന്നെ. രണ്ടാഴ്ച്ചയിലധികം നീണ്ട ട്രിപ്പിൾ പൂട്ടിലും തളക്കാൻ കഴിയാതിരുന്ന കൊവിഡിനെ പെടുന്നനെ മെരുക്കിയ അവസ്ഥയായിരുന്നു. രോഗ വ്യാപനം കുറഞ്ഞെന്ന് പൊതുജനം ആശ്വസിക്കുമ്പോഴാണ് മറുവശത്ത് ടെസ്റ്റിനെ പരാജയപ്പെടുത്താനുള്ള നീക്കം പുറത്തായത്. ഇടതു, വലത് വ്യത്യാസമില്ലാതെ ചില തദ്ദേശ സ്ഥാപന ഭരണ സമിതികൾ നൽകിയ നിർദ്ദേശങ്ങളാണ് പുറത്തുവന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ യാതൊരു ലക്ഷണങ്ങളുമില്ലാത്ത ചെറുപ്പക്കാരെ കൂടുതലായി പരിശോധന കേന്ദ്രങ്ങളിൽ എത്തിക്കണമെന്നും ഇല്ലെങ്കിൽ ട്രിപ്പിൾ ലോക്‌ഡൗൺ ഇനിയും നീട്ടിയേക്കും എന്നുമായിരുന്നു പ്രചാരണം. പല വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ കാട്ടുതീ പോലെ വോയ്സുകൾ പ്രചരിച്ചു. ജില്ലാ ഭരണകൂടത്തിലെ ഉന്നതരുടെ നിർദ്ദേശം കൂടി പരാമർശിച്ചായിരുന്നു ചില വോയ്സ് ക്ലിപ്പുകൾ. ഈ സംഘടിത നീക്കത്തിൽ ട്രിപ്പിൾ ലോക്ഡൗണിൽ വീർപ്പുമുട്ടുന്നവർ പരിശോധന കേന്ദ്രങ്ങളിൽ എത്തിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. വ്യാപാര സ്ഥാപനങ്ങൾ അടക്കം കടുത്ത പ്രതിസന്ധിയിലായിരുന്നു. വ്യാപക ആന്റിജൻ പരിശോധനയിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ താഴ്ന്നു. 11.15 എന്ന ശതമാനത്തിൽ എത്തിയതിന് തൊട്ടുപിന്നാലെ ട്രിപ്പിൾ പൂട്ട് സംസ്ഥാന സർക്കാർ തുറന്നു. എല്ലാം ശുഭമെന്ന് കരുതി പൊതുജനം ആശ്വസിക്കുമ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഉയരുന്ന കാഴ്ച്ചയാണിപ്പോൾ. പിന്നാലെ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണവും വർദ്ധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനവും ആക്ടീവ് കേസുകളുടെ എണ്ണം 300ന് മുകളിലുമുള്ള തദ്ദേശ സ്ഥാപനങ്ങളെയാണ് കണ്ടെയ്ൻമെന്റ് സോണുകളാക്കുന്നത്. ഇതുപ്രകാരം കഴിഞ്ഞ ദിവസം മാത്രം മലപ്പുറത്തെ 34 പഞ്ചായത്തുകൾ പൂർണ്ണമായും കണ്ടെയ്ൻമെന്റ് സോണുകളാക്കി. ഇതിന് പുറമെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും 70 വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങൾ നീക്കാൻ വേണ്ടി ടെസ്റ്റും പോസിറ്റിവിറ്റി നിരക്കും കുറച്ചതാണോ അതോ കുറ‌ഞ്ഞതാണോ എന്ന ചോദ്യമാണിപ്പോൾ ഉയരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MALAPPURAM DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.