SignIn
Kerala Kaumudi Online
Friday, 19 April 2024 11.02 PM IST

ചുവപ്പൻ കാലമോർത്ത് നെടുവീർപ്പുമായി തിരൂർ വെറ്റില

thirur

പാക്കിസ്ഥാനികളുടെ ചുണ്ട് വരെ ചുവപ്പിച്ചിട്ടുണ്ട് തിരൂർ വെറ്റില. നയതന്ത്ര പ്രശ്നങ്ങൾക്ക് മുമ്പ് തിരൂരിൽ നിന്നും പാക്കിസ്ഥാനിലേക്ക് വെറ്റില യഥേഷ്ടം കയറ്റി അയച്ചിരുന്നു. ഉത്തരേന്ത്യക്കാർക്കും തിരൂർ വെറ്റില കഴിഞ്ഞിട്ടെ മറ്റു വെറ്റിലകളോട് പ്രിയമുണ്ടായിരുന്നുള്ളൂ. തിരൂർ വെറ്റിലയുടെ പ്രത്യേക രുചിയും ഔഷധ ഗുണവുമെല്ലാം വെറ്റില പ്രേമികളെ വല്ലാതെ ആകർഷിച്ചിരുന്നു. വെറ്റില എന്നാൽ തിരൂർ എന്ന തരത്തിലേക്ക് വരെ കാര്യങ്ങളെത്തി. തിരൂരിനോട് അനുബന്ധിച്ചുള്ള വിവിധ ഭാഗങ്ങളിലും വെറ്റില കൃഷി വ്യാപിച്ചു. താനൂർ,​ ചെമ്മാട്,​ വളാ‍ഞ്ചേരി,​ ആതവനാട്,​ വേങ്ങര,​ കോട്ടയ്ക്കൽ,​ ഒതുക്കുങ്ങൽ മേഖലകളിലായി 5,​000 കർഷകരാണ് കൃഷിവകുപ്പിന്റെ കണക്കു പ്രകാരമുള്ളത്. ഇതിലും കൂടുതൽ കർഷകരുണ്ടെന്ന് തിരൂർ വെറ്റില ഉത്പാദക സംഘം പറയുന്നു. കഷ്ടിച്ച് ഒരു പതിറ്റാണ്ട് മുമ്പ് വരെ ഈ കാഴ്ചയായിരുന്നെങ്കിൽ ഇന്ന് തിരൂർ വെറ്റിലയുടെ നിലനിൽപ്പ് തന്നെ ഭീഷണിയിലാണ്. നിരവധി പേർ വെറ്റില കൃഷിയിൽ നിന്ന് പിന്മാറി. പരമ്പരാഗത കർഷകർ നഷ്ടങ്ങൾ വന്നിട്ടും വെറ്റില കൃഷിയെ കൈവിടാത്തതാണ് ഏറെ പേരും പെരുമയുമുള്ള തിരൂർ വെറ്റിലയെ ഈ ഭൂമുഖത്ത് പിടിച്ചുനിറുത്തുന്നത്.

മറ്റ് വെറ്റിലകൾക്കൊന്നും ഇല്ലാത്ത നിരവധി പ്രത്യേകതകൾ തിരൂർ വെറ്റിലയ്ക്ക് ഉള്ളതിനാൽ ഭൗമ സൂചികാ പദവിയുടെ പ്രതീക്ഷയിലായിരുന്നു കർഷകർ. കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ ഏറെ കാലത്തെ ശ്രമഫലമായി കഴിഞ്ഞ വർഷം തിരൂർ വെറ്റിലയ്ക്ക് ഭൗമസൂചികാ പദവി ലഭിച്ചു. എന്നാൽ പദവി ലഭിച്ച് ഒരു വർഷം കഴിഞ്ഞിട്ടും കർഷകർക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത അവസ്ഥയാണ്. ഓരോ തവണയും വെറ്റിലയുടെ വില ഇടിയുന്നത് കർഷകരെ തീരാ കടത്തിലേക്കാണ് തള്ളിയിടുന്നത്.

തിരിച്ചു പിടിക്കണം

പഴയ പ്രൗഢി

ഭൗമസൂചികാ പദവിക്ക് പിന്നാലെ തിരൂർ വെറ്റിലയെ വീണ്ടും വിദേശ വിപണിയിൽ എത്തിക്കാൻ കർഷക കൂട്ടായ്മയായ തിരൂർ വെറ്റില ഉത്പാദക സംഘം നീക്കം തുടങ്ങിയിരുന്നെങ്കിലും ഇതു ഫലപ്രാപ്തിയിലെത്തിയിട്ടില്ല. നേരത്തെ പാക്കിസ്ഥാനിലേക്ക് വലിയതോതിൽ തിരൂർ വെറ്റില കയറ്റി അയച്ചിരുന്നു. ഭംഗി,​ എരിവ്,​ കനംകുറവ്, ഔഷധഗുണം എന്നിവയിൽ മുന്നിലാണെന്നതിനാൽ മുറുക്കുന്നവരുടെ പ്രിയ ഇനമായിരുന്നു തിരൂർ വെറ്റില. നയതന്ത്ര പ്രശ്നങ്ങൾക്ക് പിന്നാലെ പാക്കിസ്ഥാനിലേക്കുള്ള കയറ്റുമതി നിന്നു. വെറ്റിലയ്ക്ക് ഏറെ ആവശ്യക്കാരുള്ള ബംഗ്ലാദേശിലേക്ക് കയറ്റുമതി ലക്ഷ്യമിട്ടിരുന്നു . ഇതിനൊപ്പം ഉത്തർപ്രദേശ്,​ ഡൽഹി,​ മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലേക്ക് കൂടി വെറ്റില അയയ്‌ക്കുന്നതോടെ പഴയ പ്രൗഢിയിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. 2020 ആഗസ്റ്റ് 17നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഭൗമസൂചികാ പദവി തിരൂർ വെറ്റിലയ്ക്ക് ലഭിച്ചത്. കാർഷിക സർവകലാശാല ബൗദ്ധിക സ്വത്തവകാശ സെല്ലാണ് പദവി നേടിയെടുക്കാൻ പരിശ്രമിച്ചത്. പാലക്കാടൻ മട്ട,​ ആറന്മുള കണ്ണാടി,​ ആലപ്പുഴ കയർ,​ നിലമ്പൂർ തേക്ക് എന്നിവ പോലെ ഭൗമസൂചികാ പദവിയിലൂടെ ലോക വിപണിയിലടക്കം കൂടുതൽ സ്വീകാര്യത കൈവരിക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു വെറ്റില കർഷകർ.

വേരറ്റ് വെറ്റില കൃഷി

പുതിയ തലമുറ ഈ രംഗത്തേക്ക് വരാൻ തന്നെ മടിക്കുകയാണെന്ന് പരമ്പരാഗത കർഷക‌ർ പറയുന്നു. വെറ്റിലക്കൃഷി ചെയ്യുന്ന പ്രദേശങ്ങളുടെ എണ്ണവും കുറഞ്ഞു വരുന്നുണ്ട്. പ്രതിദിനം 20 ക്വിന്റലിലേറെ വെറ്റില കയറ്റി അയച്ചിരുന്ന സ്ഥാനത്തിപ്പോൾ രണ്ട് ക്വിന്റലിന് താഴെയായിട്ടുണ്ട്. ശ്രീലങ്കയിൽ വെറ്റിലക്കൃഷി വ്യാപകമായതിനൊപ്പം പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധങ്ങളിൽ വന്ന മാറ്റങ്ങളും കർഷകർക്ക് തിരിച്ചടിയായി. ഇന്ന് ഉത്തരേന്ത്യയിലേക്ക് മാത്രമാണ് തിരൂരിൽ നിന്ന് വെറ്റില കൊണ്ടുപോവുന്നത്. കൊവിഡിന് പിന്നാലെ ഈ കയറ്റുമതിയും കുറഞ്ഞു. ഇടനിലക്കാരുടെ ചൂഷണം കൂടിയതും ഉത്പാദന ചെലവ് വർദ്ധിച്ചതും തിരൂർ വെറ്റിലയുടെ പ്രതാപം മങ്ങാനുള്ള പ്രധാന കാരണമാണ്. പരമ്പരാഗത കർഷകർ മാത്രമാണ് മേഖലയിൽ തുടരുന്നത്. നൂറ് വെറ്റിലകളടങ്ങുന്ന ഒരുകെട്ടിന് 100 രൂപ കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 20 രൂപയാണ് ലഭിക്കുന്നത്. ഇത്രയും വെറ്റില നുള്ളാൻ 11 രൂപ കൂലിയായി നൽകണം. വെറ്റിലയുടെ വിലയിൽ മിക്കപ്പോഴും സ്ഥിരതയില്ല. ചുരുങ്ങിയത് 50 രൂപയെങ്കിലും കിട്ടിയാലേ മുന്നോട്ടു പോകാനാവൂ എന്ന് കർഷകർ പറയുന്നു. വെറ്റില ഉത്പാദനം കൂടുമ്പോൾ വില കുത്തനെ കുറയ്ക്കുന്ന രീതിയാണ് ഇടനിലക്കാരുടേത്. മൺസൂണിൽ ഉത്പാദനം വലിയ തോതിൽ കൂടുമ്പോൾ ഏജന്റുമാർ വെറ്റില വില കുത്തനെ കുറയ്‌ക്കും. കയറ്റുമതിക്കാർ ഏജന്റുമാർ മുഖേനയാണ് വെറ്റില ശേഖരിക്കുന്നത്. വെറ്റിലക്കൊടി പടർത്താനുള്ള കവുങ്ങ്, വളം എന്നിവയുടെ വില കൂടിയതും തിരിച്ചടിയായി. പാരമ്പര്യമായി വെറ്റിലക്കൃഷി ചെയ്യുന്നവർ മാത്രമാണ് നഷ്ടം സഹിച്ചും കൃഷിയിൽ തുടരുന്നത്.

വേണം അതിവേഗ നടപടികൾ

ലഹരിവസ്തു എന്നതിനപ്പുറം വെറ്റിലയുടെ സാദ്ധ്യതകൾക്ക് പ്രാധാന്യമേകണമെന്നാണ് കർഷകരുടെ കാലങ്ങളായുള്ള ആവശ്യം. നിലവിൽ പത്തോളം ആയുർവേദ മരുന്നുകളിൽ തിരൂർ വെറ്റില ഉപയോഗിക്കുന്നുണ്ട്. വെറ്റിലയുടെ ഔഷധഗുണം സംബന്ധിച്ച് കൂടുതൽ പഠനം നടത്തണമെന്നും കർഷകർ ആവശ്യപ്പെടുന്നു. വിദേശ വിപണിയിലെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ കേന്ദ്ര,​ സംസ്ഥാന സർക്കാർ തലങ്ങളിൽ നടപടികൾ വേഗത്തിലാക്കണം. വെറ്റിലയെ കാർഷിക വിളയായി അംഗീകരിക്കുന്നതിനൊപ്പം വിള നഷ്ടപരിഹാരവും ഉയർത്തണമെന്നും കർഷകർ ആവശ്യപ്പെടുന്നു. ഒരു കുരുമുളക് വള്ളിക്ക് 150 രൂപ ലഭിക്കുമ്പോൾ വെറ്റിലയ്ക്ക് സെന്റിന് 300 രൂപയാണ് നഷ്‌ടപരിഹാരം ലഭിക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കി കർഷകസംഘം വഴി വെറ്റിലയുടെ വില്‌പന ഉറപ്പാക്കാൻ സർക്കാർ തലത്തിൽ നടപടികൾ ഉണ്ടാവണമെന്നും കർഷകർ ആവശ്യപ്പെടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MALAPPURAM, MALAPPURAM DIARY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.