SignIn
Kerala Kaumudi Online
Tuesday, 16 April 2024 4.05 PM IST

എന്ന് നിർമ്മിക്കും ഈ വീടുകൾ?

veedu

ആകാശമൊന്ന് ഇരുണ്ടാൽ കവളപ്പാറക്കാരുടെ മനസിൽ ആശങ്കയുടെ പെരുമഴ പെയ്യാൻ തുടങ്ങും. ശക്തമായ മഴയ്ക്ക് പിന്നാലെ 2019 ആഗസ്റ്റ് എട്ടിന് രാത്രി എട്ട് മണിയോടെ കവളപ്പാറയിലെ മുത്തപ്പൻകുന്ന് ഒന്നാകെ ഇടിഞ്ഞുണ്ടായ ദുരന്തത്തിൽ 59 ജീവനുകളാണ് പൊലിഞ്ഞത്. 48 പേരുടെ മൃതദേഹം മാത്രമാണ് പുറത്തെടുക്കാനായത്. മൺകൂമ്പാരം ഒന്നാകെ ഇളക്കിമറിച്ച് പരിശോധിച്ചിട്ടും 11 പേരെ കണ്ടെത്താനായിട്ടില്ല. കണ്ടെത്തിയവരുടെ മൃതദേഹങ്ങളാവട്ടെ പലഭാഗങ്ങളായും അഴുകിയും വികൃതവുമായ നിലയിലായിരുന്നു. ഉറ്റവരെ അവസാന നോക്ക് പോലും കാണാൻ കഴിയാത്തതിന്റെ വേദനയിൽ നീറിപ്പുകഞ്ഞാണ് കവളപ്പാറയിലെ പല കുടുംബങ്ങളും ഇന്നും ജീവിക്കുന്നത്.

കേരളം തന്നെ നടുങ്ങിയ സമാനതകളില്ലാത്ത ദുരന്തമായിരുന്നു കവളപ്പാറക്കാർ നേരിട്ടത്. ഏറെ അനുകമ്പയോടെ ആയിരുന്നു അന്ന് സർക്കാർ സംവിധാനങ്ങളും ജനപ്രതിനിധികളും കവളപ്പാറക്കാരെ സംരക്ഷിച്ചിരുന്നത്. ഉടുതുണിക്ക് മറുതുണിയില്ലാതെ എടുത്തെറിയപ്പെട്ടവർക്ക് നേരെ നിരവധി സഹായഹസ്തങ്ങൾ നീണ്ടു. പുനരധിവാസം ആറ് മാസത്തിനകം പൂർത്തിയാക്കുമെന്ന് സർക്കാർ ഉറപ്പേകി. എന്നാൽ ദുരന്തമുണ്ടായി വർഷം രണ്ട് കഴിഞ്ഞിട്ടും പുനരധിവാസം പൂർണമായും നടപ്പാക്കാനായിട്ടില്ല. ഇതിന്റെ നേർസാക്ഷ്യമാണ് പോത്തുകല്ല് ഓഡിറ്റോറിയത്തിലെ ദുരിതാശ്വാസ ക്യാമ്പിലെ 16 ആദിവാസി കുടുംബങ്ങൾ. നേരത്തെ 32 ആദിവാസി കുടുംബങ്ങളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇതിൽ 16 കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറി. മറ്റെവിടേക്കും പോവാനില്ലാത്ത കുടുംബങ്ങളിലെ 74 പേരാണ് മതിയായ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ക്യാമ്പിൽ പ്രതീക്ഷകളറ്റ് ജീവിക്കുന്നത്.

എങ്ങനെ കഴിയും ഇവിടെ?
കവളപ്പാറ ദുരന്തത്തിന്റെ ഇരകളായ 56 കുടുംബങ്ങളുടെ പുനരധിവാസം ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. ദുരന്തമുണ്ടായി ആദ്യമാസങ്ങളിൽ ക്യാമ്പുകളിലേക്ക് മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും ഒഴുക്കായിരുന്നു. ജീവിതം തന്നെ നഷ്ടപ്പെട്ടവർക്ക് മുന്നിൽ പലവിധ വാഗ്ദാനങ്ങളേകി. എന്നാൽ കവളപ്പാറക്കാർ ഭരണകൂടങ്ങളെ പിടികൂടുന്ന മറവി രോഗത്തിന്റെ ഇരകളായി മാറി. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ വൃന്ദങ്ങളുമടക്കം ആരും ഇന്ന് കവളപ്പാറക്കാരെ ഓർക്കാറില്ല. ഇതിൽ ഇടത്, വലത് വ്യത്യാസമില്ല. ദുരന്തത്തിന് പിന്നാലെ പ്രഖ്യാപിച്ച മോഹന വാദ്ഗാനങ്ങളൊന്നും പാലിച്ചില്ലെങ്കിലും ഒരു ചെറുകൂര എങ്കിലും തരണമേ എന്നാണ് ഈ നിസഹായരായ ജനത ഭരണകൂടങ്ങളോട് ചോദിക്കുന്നത്.
പോത്തുകല്ലിലെ ക്യാമ്പ് സന്ദർശിക്കുന്ന ആരുടെ മനസിലും ഉയരുന്നൊരു ചോദ്യമുണ്ട്. കൊവിഡ് കാലത്ത് 74 പേർ ഈ ചെറിയ ക്യാമ്പിൽ എങ്ങനെ കഴിയുന്നു എന്ന്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികളടക്കം ഇവിടെയുണ്ട്. അസൗകര്യങ്ങളം ബഹളവും നിറഞ്ഞ അന്തരീക്ഷത്തിൽ എങ്ങനെ ഇവർ പഠിക്കും. ക്യാമ്പ് പരിസരത്തെ മലിനജല പൈപ്പ് പൊട്ടിയിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും ശരിയാക്കാൻ അധികൃതർ തയാറാകുന്നില്ലെന്നത് അറിയുമ്പോഴേ അവഗണനയുടെ ആഴം ബോദ്ധ്യമാവൂ. അസൗകര്യങ്ങളും മലിന ജലത്തിന്റെ ദുർഗന്‌ധവുമെല്ലാം സഹിച്ച് ജീവിക്കുകയാണ് ഈ കുടുംബങ്ങൾ. കാടിന്റെ മക്കൾക്ക് പരാതിപ്പെടാൻ ആളില്ലെന്ന ധൈര്യമാവാം ഇതിനെല്ലാം പിന്നിൽ.

തല്ലുകൂടി പുറമ്പോക്കിലാക്കി
ആറ് മാസത്തിനകം കവളപ്പാറക്കാരുടെ പുനരധിവാസം യാഥാർത്ഥ്യമാക്കുമെന്നായിരുന്നു അന്ന് ദുരന്തപ്രദേശങ്ങൾ സന്ദർശിച്ച മുൻമന്ത്രി കെ.ടി.ജലീൽ പ്രഖ്യാപിച്ചിരുന്നത്. പിന്നാലെ ഭൂമിയേറ്റെടുക്കുന്നതിനുള്ള നടപടിക്ക് ജില്ലാ ഭരണകൂടം തുടക്കം കുറിച്ചു. അന്നത്തെ ജില്ലാ കളക്ടർ ജാഫർ മാലിഖ് പുനരധിവാസത്തിനുള്ള സ്ഥലം കണ്ടെത്തി. എന്നാൽ ഈ സ്ഥലം അനുയോജ്യമല്ലെന്നും ഇവിടെ വീടുകൾ നിർമ്മിക്കരുതെന്നും പറഞ്ഞ് സ്ഥലം എം.എൽ.എ പി.വി.അൻവറും രംഗത്തെത്തി. കളക്ടറും എം.എൽ.എയും തുടക്കമിട്ട പോര് പരസ്യപ്രസ്താവനകളിലേക്ക് വരെ എത്തി. സാമൂഹ്യമാദ്ധ്യമങ്ങളിലും കളക്ടറും എം.എൽ.എയും പരസ്പര ആരോപണങ്ങളുമായി എത്തി. ഭൂമി കച്ചവടത്തിനാണ് വ്യവസായി കൂടിയായ എം.എൽ.എയുടെ ശ്രമം എന്നതടക്കമുള്ള ആരോപണങ്ങളുയർന്നു. എം.എൽ.എയുടെ നേതൃത്വത്തിൽ പ്രളയ ബാധിതർക്കായി നടപ്പിലാക്കുന്ന റീ ബിൽഡ് നിലമ്പൂർ പദ്ധതിയുടെ വിശ്വാസ്യതയിലേക്കും സംശയമുന നീണ്ടു. കളക്ടറും എം.എൽ.എയും തമ്മിലെ പോര് അതിരുകളെല്ലാം ലംഘിച്ച് മുന്നേറിയപ്പോൾ കവളപ്പാറക്കാരുടെ വീടെന്ന സ്വപ്നം പുറമ്പോക്കിലായി. പദ്ധതി മുടന്തിയതോടെ കവളപ്പാറക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഇതോടെയാണ് പദ്ധതിക്ക് അല്‌പമെങ്കിലും ജീവൻ വച്ചത്. നിലവിൽ 32 ആദിവാസി കുടുംബങ്ങൾക്ക് ആനക്കല്ല് ഭാഗത്ത് സ്ഥലം ഏറ്റെടുത്ത് 28 വീടുകളുടെ നിർമ്മാണം തുടങ്ങിയിട്ടുണ്ട്. ഫണ്ട് ലഭിക്കാനുള്ള കാലതാമസമാണ് നാല് വീടുകളുടെ പണി തുടങ്ങുന്നത് വൈകിപ്പിക്കുന്നത്. 33 കുടുംബങ്ങൾക്ക് പ്രമുഖ വ്യവസായി എം.എ. യൂസുഫലിയുടെ നേതൃത്വത്തിലും 19 കുടുംബങ്ങൾക്ക് സർക്കാർ സഹായത്തോടെയും മറ്റും വീട് വച്ച് നൽകിയിട്ടുണ്ട്. പ്രളയത്തിൽ വീടും ജീവിതവും കവർന്ന നിരവധി കോളനികൾ പോത്തുകല്ല് പ്രദേശത്തുണ്ട്. കവളപ്പാറക്കാർക്കൊപ്പം പുനരധിവാസ പദ്ധതികൾ യാഥാർത്ഥ്യമാവുന്നതിനായി കാത്തിരിക്കുകയാണ് ഇവരും. സർക്കാർ സംവിധാനങ്ങളുടെ മെല്ലെപ്പോക്ക് നിസഹായരായ ഈ മനുഷ്യരുടെ പ്രതീക്ഷകൾക്ക് മുകളിലാണ് കരിനിഴൽ വീഴ്ത്തുന്നത്. ദുരന്തത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരെ ഇനിയും വേദനിപ്പിക്കരുതെന്ന ആവശ്യമാണ് എല്ലാ കോണുകളിൽ നിന്നും ഉയരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MALAPPURAM DIARY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.