SignIn
Kerala Kaumudi Online
Thursday, 25 April 2024 1.14 PM IST

പോർക്കളം തീർത്ത് മുസ്ലിം ലീഗും സി.പി.എമ്മും

cpm

മുസ്ലിം ലീഗും സി.പി.എമ്മും ഒരുമിച്ച് പോർക്കളത്തിലേക്ക് ഇറങ്ങിയിട്ട് നാളുകൾ ഒരുപാടായി. മുസ്ലിം ലീഗിന്റെ മുഖ്യ കടിഞ്ഞാൺ സമസ്തയാണെന്നതിനാൽ സി.പി.എം തൊടുത്തു വിടുന്ന അമ്പുകളിൽ ചിലതെല്ലാം മുസ്ലിം ലീഗിന് ഏല്ക്കുന്നുമുണ്ട്. വഖഫ് നിയമന വിവാദത്തിൽ മുസ്ലിം സംഘടനകളെല്ലാം ഒരേ ആശയത്തിന്റെ പാതയിലായിരുന്നു. വഖഫ് വിഷയത്തിൽ ലീഗ് കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങിയപ്പോൾ സി.പി.എം ലീഗിനെതിരെ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തി. സമുദായത്തിന്റെ അട്ടിപ്പേറാവകാശം ലീഗിന് അവകാശപ്പെട്ടതല്ലെന്നും അവർ രാഷ്ട്രീയ പാർട്ടിയാണോ എന്നത് തീരുമാനിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. വഖഫ് നിയമനം പി.എസ്.സിക്ക് വിടുന്ന തീരുമാനത്തിനെതിരെ പള്ളികളിൽ പ്രതിഷേധം നടത്തില്ലെന്ന തീരുമാനം സമസ്ത എടുത്തപ്പോൾ ലീഗ് വെട്ടിലായെന്ന പ്രചരണത്തിനും ആക്കംകൂട്ടി. കോഴിക്കോട് കടപ്പുറത്ത് വൻ ജനാവലിയെ അണിനിരത്തി വഖഫ് നിയമനത്തിനെതിരെ ലീഗ് നടത്തിയ പ്രതിഷേധ സദസായിരുന്നു പിന്നീട് കണ്ടത്. വധഭീഷണിയുണ്ടെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കുമ്പോൾ, അതിലും ലീഗിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. സിൽവർ ലൈനിൽ ഭരണപക്ഷം തുടരുന്ന മൗനത്തിലാണ് ലീഗ് നേതാക്കൾ ഏറ്റവുമൊടുവിൽ കയറിപ്പിടിച്ചത്. കെ-റെയിലിനെതിരെയുള്ള പ്രതിഷേധത്തിൽ യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും തീരുമാനത്തിനൊപ്പം നിന്ന് പുതിയ സമര പരിപാടികളിലേക്ക് കടക്കുമെന്നുമാണ് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി സി.പി.എമ്മിനെതിരെയുള്ള ആശയ സമരത്തിൽ ഒടുവിൽ അഭിപ്രായം പറഞ്ഞത്. ലീഗ്- സി.പി.എം പോർക്കളത്തിനിടയിൽ വഖഫ് നിയമന വിവാദം വന്നതോടെ സി.പി.എമ്മിന് ലീഗിനെതിരെ സംസാരിക്കാൻ പ്രത്യേക സാഹചര്യങ്ങൾ വീണുകിട്ടുകയും ചെയ്തു. ലീഗ് സി.പി.എമ്മിന്റെ ആരോപണങ്ങൾക്ക് കൊടുക്കുന്ന മറുപടിയും പോർക്കളത്തിൽ വാശികൂട്ടുന്നുണ്ട്.

വധഭീഷണിക്ക് പിന്നിലാര് ?

സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണിയുണ്ടെന്ന് അദ്ദേഹം പറഞ്ഞതിന് പിന്നാലെ സി.പി.എമ്മും ലീഗും രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ പാർട്ടികൾ പരസ്പരം പഴിചാരുമ്പോൾ വധഭീഷണിക്ക് പിറകിലാരെന്നത് ഇനിയും വ്യക്തമായിട്ടില്ല. സമസ്തയെ കേന്ദ്രമാക്കി സി.പി.എമ്മും ലീഗും നടത്തുന്ന പോർക്കളത്തിലിപ്പോൾ രണ്ടുപേരും തുല്യശക്തികളാണ്. ദുരൂഹ സാഹചര്യത്തിൽ മരിച്ച കാസർകോട് ചെമ്പരിക്ക ഖാസി സി.എം.അബ്ദുള്ള മൗലവിയുടെ അനുഭവമുണ്ടാകുമെന്ന് പറഞ്ഞായിരുന്നു പലരും ജിഫ്രി തങ്ങൾക്ക് ഫോൺ ചെയ്തിരുന്നത്. ഇതിന് പിന്നാലെ സാമൂഹിക മാദ്ധ്യമങ്ങളിലടക്കം ചർച്ചകൾക്ക് ആക്കം കൂട്ടി. മന്ത്രി വി.അബ്ദുറഹ്മാൻ ജിഫ്രി തങ്ങളെ ഫോണിൽ വിളിച്ച് സർക്കാരിന്റെ പിന്തുണ അറിയിച്ച് പൊലീസ് സംരക്ഷണം ഉറപ്പുനല്കി. എന്നാൽ വിഷയം ഗൗരവത്തിൽ എടുത്തിട്ടില്ലെന്നായിരുന്നു ജിഫ്രി തങ്ങളുടെ മറുപടി. ശേഷം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ഇ.കെ.സനോജ് വാർത്താസമ്മേളനം നടത്തി വധഭീഷണി ലീഗിൽ നിന്നാണെന്ന് ആരോപിച്ചു. എന്നാൽ പി.കെ.കുഞ്ഞാലിക്കുട്ടിയും പി.എം.എ.സലാമും ഇതിനെതിരെ രംഗത്തെത്തി. വധഭീഷണിക്ക് പിന്നിൽ ലീഗാണെന്ന് ആരോപിക്കുന്ന സി.പി.എം, പിണറായിയുടെ സൈബർ പൊലീസിനെവച്ച് അന്വേഷണം നടത്തണമെന്നതായിരുന്നു പി.എം.എ സലാമിന്റെ പ്രതികരണം. വഖഫ് വിഷയത്തിൽ പറഞ്ഞ കാര്യങ്ങളെല്ലാം ന്യായമാണെന്ന് തെളിയിക്കുന്നതാണ് ലീഗിനെ വേർതിരിച്ചുള്ള ആക്രമണമെന്ന് കുഞ്ഞാലിക്കുട്ടിയും തിരിച്ചടിച്ചു. ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെയുള്ള വധഭീഷണി ഭീരുക്കളുടെ സ്വഭാവമാണെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരും പ്രതികരിച്ചിരുന്നു.

പരസ്പരം തുറന്നടിച്ച് ഇരുകൂട്ടരും

സി.പി.എം കൊമ്പ് കോർക്കുമ്പോൾ ലീഗിന് പ്രതീക്ഷ സർക്കാരിന്റെ കെ-റെയിൽ പദ്ധതിയിൽ തന്നെയാണ്. ‌കെ-റെയിലിനെതിരെയുള്ള പ്രതിഷേധത്തിൽ ലീഗ് ശക്തമായി മുന്നിലുണ്ടാകുമെന്നത് കുഞ്ഞാലിക്കുട്ടി മാദ്ധ്യമങ്ങളെക്കണ്ട് പറഞ്ഞിരുന്നു. ഇതിൽ യു.ഡി.എഫിൽ ഭിന്നതയില്ലെന്നും അടുത്ത ഘട്ടമായി പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കാനുള്ള യോഗങ്ങൾ ചേരുമെന്നും കുഞ്ഞാലിക്കുട്ടി സൂചിപ്പിക്കുന്നു. യു.ഡി.എ.ഫിൽ ഭിന്നതയുണ്ടെന്ന് പറയുന്നവർ പാർട്ടിയുടെ ശത്രുക്കളാണെന്നും ലീഗ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇക്കാര്യം വ്യക്തമാക്കിയതോടെ മലപ്പുറം ജില്ലാ സമ്മേളനത്തിലടക്കം ലീഗിനെതിരെയുള്ള പോരാട്ടമായിരുന്നു സി.പി.എം നടത്തിയത്. ജമാഅത്തെ ഇസ്ലാമിയുടെ മേലങ്കി അണിയുന്നവരാണ് ലീഗെന്നും തീവ്ര വർഗീയതയിൽ എസ്.ഡി.പി.ഐയോട് മത്സരിക്കുകയാണ് ലീഗെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തിനിടെ തുറന്നടിച്ചത്. ചെത്തുകാരന്റെ മകനായതിൽ തനിക്ക് അഭിമാനമുണ്ടെന്നും അമ്മയേയും പെങ്ങളേയും തിരിച്ചറിയണമെന്നും പിണറായി പറഞ്ഞു. എന്നാൽ സി.പി.എമ്മിനാണ് ഏറെകാലം ജമാ അത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐ.യുടെയും പിന്തുണ കിട്ടിയതെന്ന് ലീഗ് നേതാക്കൾ തുറന്നടിച്ചു. ജിഫ്രി തങ്ങളോട് ലീഗിനുള്ളത് അടുത്ത ബന്ധമാണെന്നും ലീഗ് നേതാക്കൾ വ്യക്തമാക്കി. സി.പി.എമ്മുമായുള്ള തുറന്ന പോരാട്ടത്തിനിടയിലേക്ക് സമസ്തയിലെ വഖഫ് പ്രശ്നവും വന്നതോടെയുള്ള പ്രതിസന്ധി അകറ്റാൻ ലീഗ് തന്നെ നന്നായി പരിശ്രമിക്കേണ്ടതുണ്ട്. സമസ്ത നേതാക്കൾ വഖഫ് വിഷയത്തിൽ സർക്കാരിൽ വിശ്വാസമർപ്പിച്ച് മടങ്ങിയതടക്കം ലീഗിനേറ്റ തിരിച്ചടിയാണ്. ലീഗും സമസ്തയും ഒറ്റക്കെട്ടാണെന്ന നിലപാടിന് ശോഷണം സംഭവിച്ചാൽ ലീഗിന്റെ രാഷ്ട്രീയ മുന്നേറ്റത്തിന് അത് വലിയ തിരിച്ചടിയാകും. അതേസമയം കെ-റെയിലിൽ യു.ഡി.എഫിന്റെ നിരന്തര പ്രതിഷേധം തണുപ്പിക്കാൻ സി.പി.എം പോംവഴി കണ്ടേ തീരൂ. കെ-റെയിലിൽ നിരവധി അപാകതകൾ പ്രതിപക്ഷം ചൂണ്ടിക്കാണിക്കുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുമ്പോൾ ഇടതുസർക്കാർ കൃതമായി മറുപടി പറയാതെ അങ്കത്തട്ടിന് കനം കുറയുകയുമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MALAPPURAM DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.