SignIn
Kerala Kaumudi Online
Friday, 19 April 2024 5.51 PM IST

അരങ്ങിന് നിറവായ നടൻ

margi-vijayakumar

ആശുപത്രിയിൽ പോകുന്നതിന്റെ തലേദിവസം നെടുമുടി വേണു വാട്‌സ് ആപ്പിൽ ഹ്രസ്വമായൊരു ലേഖനമെഴുതി പ്രശസ്ത കഥകളി കലാകാരനായ മാർഗി വിജയകുമാറിന് അയച്ചു. മരിക്കുന്നതിനുമുമ്പ് വേണു അവസാനമായി എഴുതിയ ആ കുറിപ്പ് വിജയകുമാറിന്റെ ഷഷ്ടബ്ദ്യപൂർത്തി കൊവിഡ് കാരണം ആഘോഷിക്കാൻ കഴിയാത്തതിന്റെ ദു:ഖവും ആ അതുല്യ കലാകാരനോടുള്ള ആദരവും പ്രകടിപ്പിക്കുന്നതായിരുന്നു.

" അരങ്ങിന്റെ ചാരുത " എന്ന ആ അപ്രകാശിത കുറിപ്പിൽ വേണു ഇങ്ങനെ എഴുതുന്നു.

" വിജയകുമാറിന്റെ ഷഷ്ടബ്ദ്യപൂർത്തി കേങ്കേമമായി കൊണ്ടാടാൻ ആസ്വാദകർ കോപ്പുകൂട്ടിയതാണ്. പലതിനോടുമൊപ്പം ' കൊറോണ ' ആ മോഹവും കൊണ്ടുപോയി. മുമ്പൊക്കെ അറുപതിലെത്തിയവരെ ' വൃദ്ധന്മാർ ' എന്നു പറയുമായിരുന്നു. ഇപ്പോഴാ വിശേഷണം ആയുരാരോഗ്യത്തോടെ മനുഷ്യകുലത്തിന് കുറേക്കൂടി നീട്ടിക്കിട്ടി. അങ്ങനെ നോക്കുമ്പോൾ ചിട്ടയായി ജീവിക്കുന്ന ഒരു നർത്തകനെ സംബന്ധിച്ചിടത്തോളം അറുപത് തീർച്ചയായും ഒരു പെൻഷൻ പ്രായമല്ല. എന്റെ കണക്കിൽ അദ്ദേഹത്തിന് ഒരു നാല്പതു വയസ് കല്പിക്കാം. ചുരുക്കത്തിൽ ഒരു ഇരുപത് വർഷം കൂടി കഴിയുമ്പോഴേ വിജയകുമാർ അറുപതിന്റെ മൈൽക്കുറ്റിയിൽ എത്തൂ. ഇത്രയും കാലത്തെ അരങ്ങുപരിചയത്തിന്റെ നിറവാർന്ന പിന്തുണയോടെ ആടിത്തിമിർക്കാനുള്ള സമയമാണ് മുന്നിൽ നീണ്ടുനിവർന്നു കിടക്കുന്നത്. അഭ്യുദയകാംക്ഷികളുടെ പ്രാർത്ഥനയും ഗുരുകാരണവൻമാരുടെ അനുഗ്രഹവും അദ്ദേഹത്തിന്റെ നെറുകയിൽ സദാചൈതന്യോദ്ബുദ്ധമായി തൊട്ടുനില്‌ക്കുന്നു" - വേണുവിന്റെ കുറിപ്പ് ഇങ്ങനെ പോകുന്നു.

മാർഗി വിജയകുമാറിന് കഴിഞ്ഞ ദിവസവും ഒരു ഫെല്ലോഷിപ്പ് കിട്ടി. കഥകളിയിലെ സ്ത്രീവേഷങ്ങളെക്കുറിച്ച് പഠിക്കാനാണ് കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ പ്രതിമാസം ഇരുപതിനായിരം രൂപ വീതം രണ്ട് വർഷത്തേക്കുള്ള ഫെല്ലോഷിപ്പ്. കലാമണ്ഡലത്തിന്റെ മികച്ച കഥകളി നടനുള്ള അവാർഡ് മാർഗി വിജയകുമാറിനെ തേടിയെത്തിയത് അടുത്തിടെയാണ്. സ്ത്രീ വേഷത്തിൽ വിജയകുമാറിനെ വെല്ലാനൊരാൾ ഇന്നില്ലെന്നു നിസംശയം പറയാനാകും. എന്നാൽ കഥകളി പഠനം തുടങ്ങുമ്പോൾ സ്ത്രീവേഷത്തോട് ഒരു താത്പ്പര്യവും വിജയകുമാറിന് ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല അരങ്ങേറ്റത്തിന് ലഭിച്ച സ്ത്രീവേഷം കെട്ടാൻ തയ്യാറായതുമില്ലായിരുന്നു .

തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശിയായ വിജയകുമാർ യാദൃശ്ചികമായാണ് കഥകളി പഠിക്കാൻ പോയത്. തോന്നയ്ക്കൽ പീതാംബരനാശാൻ വീട്ടിനടുത്ത് കഥകളി വിദ്യാലയം തുടങ്ങിയപ്പോൾ അഞ്ചാം ക്ളാസുകാരനായ വിജയകുമാറിനെ അച്ഛനാണ് പഠിക്കാൻ പറഞ്ഞുവിട്ടത്. എന്നാൽ പത്തുദിവസമായപ്പോഴേക്കും വിദ്യാലയം പൂട്ടി ആശാൻ കൊട്ടിയത്തേക്കു പോയതോടെ ആ പഠനം മുടങ്ങി . പത്താം ക്ളാസ് കഴിഞ്ഞപ്പോഴാണ് തിരുവനന്തപുരത്ത് മാർഗിയിൽ കഥകളി കോഴ്സ് തുടങ്ങുന്ന പത്രപരസ്യം കണ്ടത്. വിജയകുമാർ അപേക്ഷിച്ചു. ഒന്നാമനായി സെലക്ഷൻ നേടി. മാങ്കുളം വിഷ്ണുനമ്പൂതിരിയും ഇഞ്ചയ്ക്കാട്ട് രാമചന്ദ്രനുമായിരുന്നു ആശാൻമാർ. 1975 ലായിരുന്നു ക്ളാസ് തുടങ്ങിയത്. 1977 ൽ അരങ്ങേറ്റമായി.

ഗുരു മാങ്കുളവും സഹപാഠിയും അരങ്ങിലൊത്തുണ്ടായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട രുഗ്മിണിയുടെ വേഷമാണ് ഗുരു വിജയകുമാറിനു നൽകിയത്. പക്ഷേ സ്ത്രീ വേഷമായതിനാൽ അത് ചെയ്യാൻ പറ്റില്ലെന്ന് വാശിപിടിച്ചപ്പോൾ രുഗ്മിണിയുടെ സഹോദരൻ രുഗ്മിയുടെ വേഷം മാറ്റി നൽകി. മുഖത്തെ മനയോലയുടെ ഗന്ധമാണോ എന്തോ വിജയകുമാർ അരങ്ങേറ്റത്തിനിടെ ബോധരഹിതനായി നിലംപതിച്ചു. വേഷം പൂർത്തിയാക്കാനായില്ല. തനിക്കു പറ്റിയ വേഷം നിരസിച്ചതിനാലാണോ അങ്ങനെ സംഭവിച്ചതെന്ന തോന്നൽ അന്നുമിന്നും അദ്ദേഹത്തിനുണ്ട്. പുരുഷ വേഷത്തേക്കാൾ വിജയകുമാറിന് പറ്റിയത് സ്ത്രീ വേഷമാണെന്ന് ഉപദേശിച്ചത് മാങ്കുളമാണ്. ഗുരുവിന്റെ ഉപദേശം വിജയകുമാർ തുടർന്ന് സ്വീകരിക്കുകയായിരുന്നു. ഉത്തരാസ്വയംവരത്തിലെ ഭാനുമതിയാണ് ആദ്യം ചെയ്ത സ്ത്രീവേഷം. അങ്ങനെ പാഞ്ചാലിയായും രുഗ്മിണിയായും ലളിതയായും ദമയന്തിയായും ഒക്കെ അരങ്ങിൽ തിളങ്ങി.

ഗുരു മാങ്കുളം 1979 ൽ മാർഗി വിട്ടു. 1980 ൽ കലാമണ്ഡലം കൃഷ്ണൻനായർ അദ്ധ്യാപകനായി വന്നു. ഒരർത്ഥത്തിൽ വലിയൊരു നടനായി വിജയകുമാറിനെ തേച്ചുമിനുക്കിയെടുത്തത് കൃഷ്ണൻനായരാശാനാണ്. ആത്മകഥയിൽ കൃഷ്ണൻനായർ വിജയകുമാറിനെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. ചിട്ടപ്രകാരം അഭിനയത്തിലും കഥകളിയിലെ സാങ്കേതികതയിലും ഒരുപോലെ മികച്ചു നില്‌ക്കുന്ന കാലകേയവധത്തിലെ ഉർവശിയെ ആശാൻ വിജയകുമാറിനെക്കൊണ്ട് കെട്ടിച്ചു. അത് വലിയ ആത്മവിശ്വാസം നല്‌കി. വേദികളിൽ മാർഗി വിജയകുമാർ ആസ്വാദകരെ ഹരംകൊള്ളിച്ചാടി. മാർഗിയിൽ പ്രിൻസിപ്പലായി അടുത്തിടെ വിരമിച്ചെങ്കിലും വിസിറ്റിംഗ് പ്രൊഫസറായി തുടരുന്നു. തോന്നയ്ക്കലിൽ നാട്യഗ്രാമം എന്ന പേരിൽ കഥകളി ഉൾപ്പെടെയുള്ള കലാരൂപങ്ങളെ ബോധവത്‌കരിക്കുന്ന സ്ഥാപനം തുടങ്ങി. കഥകളി അവതരിപ്പിക്കാൻ 52 തവണ വിദേശയാത്ര നടത്തി. ബിന്ദുവാണ് ഭാര്യ. മകൾ ലക്ഷ്മിപ്രിയ. വാനപ്രസ്ഥത്തിൽ മോഹൻലാലിനൊപ്പം വേഷം ചെയ്തിട്ടുണ്ട്. ശിവാജിഗണേശൻ വിജയകുമാറിന്റെ പെർഫോമൻസ് കണ്ട് അഭിനന്ദിച്ച് ആശ്ളേഷിച്ചിട്ടുണ്ട്.

നെടുമുടിവേണു തുടരുന്നു." ഏതു കഥയും കഥാപാത്രവുമായിക്കൊള്ളട്ടെ വിജയകുമാറുണ്ടെങ്കിൽ അരങ്ങിന് തികഞ്ഞ നിറവാണ്. കഥാസന്ദർഭത്തിലും കഥാപാത്രവ്യാഖ്യാനത്തിലും മുഴുകി നില്‌ക്കുന്ന സാംഗോപാംഗ അഭിനയരീതിയാണ് വിജയകുമാറിന്റേത്. അഭിനയപ്രത്യഭിനയമാണല്ലോ ഏതു കലാരൂപത്തിലും നാട്യധർമ്മം. തുടക്കം മുതലേ അതു തിരിച്ചറിഞ്ഞ നടനാണ് അദ്ദേഹം. "

വിജയകുമാർ അരങ്ങിന്റെ വിസ്മയമായിട്ട് നാലര പതിറ്റാണ്ടാകുന്നു. കലയിലും ജീവിതത്തിലും തികഞ്ഞ അച്ചടക്കത്തോടെയാണ് അദ്ദേഹത്തിന്റെ ഓരോ ചുവടും. തിരിഞ്ഞ് നോക്കുമ്പോൾ തികഞ്ഞ ആത്മസംതൃപ്തിയുണ്ടെന്ന് വിജയകുമാർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.