SignIn
Kerala Kaumudi Online
Friday, 19 April 2024 12.31 PM IST

മാതൃഭാഷയെ ചിറ്റമ്മയാക്കുമ്പോൾ

pala-pala-nalukal

ഔപചാരിക വിദ്യാഭ്യാസത്തിൽ ഒരു ഭാഷയ്ക്കു സ്ഥാനം നേടാനാവുമ്പോഴേ അറിവ് നേടാനും അത് വിനിമയം ചെയ്യാനുമുള്ള മാദ്ധ്യമമെന്ന നിലയ്‌ക്ക് ആ ഭാഷയ്ക്ക് അംഗീകാരവും വളർച്ചയും ഉണ്ടാകുന്നുള്ളൂ. അറിവിന്റെ ഉത്പാദനവിനിമയ പ്രക്രിയകളിൽ നിന്ന് അകറ്റി നിറുത്തപ്പെടുന്ന ഭാഷകൾക്ക് കേവലം നിത്യവ്യവഹാരത്തിൽ മാത്രമേ സ്ഥാനമുണ്ടാവൂ. പിന്നെ സർഗാത്മക സാഹിത്യം രചിക്കപ്പെടുന്നുവെങ്കിൽ അത്രയും മാന്യതയും ആവിഷ്‌കാര ക്ഷമതയും കൈവരും. അപ്പോഴും സാഹിത്യേതര മേഖലകളിൽ ആ ഭാഷയ്ക്കു പ്രവേശനമുണ്ടാവില്ല. ഉന്നതമായ അക്കാഡമിക് പ്രവർത്തനങ്ങളിൽ അതിനു സ്ഥാനമുണ്ടാവില്ല. ഈ അശുഭചിന്തകൾ ഇപ്പോൾ മനസിൽ കടന്നുകൂടാൻ ചില അനുഭവങ്ങളുണ്ടായി. വീട്ടുജോലി ചെയ്തു കുടുംബം പോറ്റുന്ന ഒരു വിധവ തന്റെ നാലുവയസായ മകളെ ഒരു സ്വകാര്യ സ്‌കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിൽ ചേർത്തു. വല്ല വിധേനയും പണമെല്ലാം അടച്ചു. പുസ്തകങ്ങളെല്ലാം സ്‌കൂളിൽ നിന്ന് തന്നെ കൊടുത്തു. ഏഴാംതരത്തിൽ പഠിത്തം നിറുത്തിയ ആ അമ്മയ്ക്ക് അവയിൽ ഒരു പുസ്തകവും വായിക്കാൻ കഴിയില്ല. എല്ലാം ഇംഗ്ലീഷാണ്. പിറ്റേന്ന് സ്‌കൂളിൽ പോയി ചോദിച്ചു:

'' മലയാളം പുസ്തകം തരാൻ വിട്ടുപോയതാണോ? '' ലേശം പുച്ഛം കലർന്ന സ്വരത്തിൽ സ്‌കൂൾ അധികൃതർ പറഞ്ഞു: ''മറന്നതല്ല; ഇവിടെ മലയാളം പഠിപ്പിക്കില്ല. നിങ്ങളുടെ മകളോട് ക്ലാസ് സമയത്തു മലയാളത്തിൽ സംസാരിക്കരുതെന്നു പ്രത്യേകം പറയണം'. മലയാളം ഒന്നാം ഭാഷയാണെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്നത് ശരി തന്നെ. പക്ഷെ പ്രീപ്രൈമറി തലത്തിൽ അത് പഠിപ്പിച്ചില്ലെങ്കിൽ എന്ത് ചെയ്യാൻ കഴിയും? ഇതിന് സ്‌കൂളുകളെ മാത്രം പഴിച്ചാൽ മതിയോ? തങ്ങളുടെ മക്കളെ ഇംഗ്ലീഷിലേ പഠിപ്പിക്കാവൂ എന്ന് ശാഠ്യം പിടിക്കുന്ന മാതാപിതാക്കളുമില്ലേ? അത് കുട്ടികൾക്ക് ഗുണം ചെയ്യുന്നു എന്ന (മൂഢ)വിശ്വാസത്തിലാണ് അവർ ഈ നിലപാടിൽ എത്തിച്ചേരുന്നത്. സർക്കാർ എയ്ഡഡ് സ്‌കൂളുകളിലും പ്രൈമറി തലത്തിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ അനുവദിക്കാൻ സർക്കാർ നിർബദ്ധമായതും പ്രബലമായ ഈ അഭിപ്രായത്തിന്റെ സ്വാധീനത്തിലാണ്. ഈ ധാരണയ്ക്ക് സമൂഹത്തിൽ വേരോട്ടം ഉള്ളിടത്തോളം എൽ.കെ.ജി - യു.കെ.ജി മുതൽ അശാസ്ത്രീയമായ വിധത്തിൽ ഇംഗ്ലീഷ് പഠിപ്പിച്ചു കൊണ്ടേയിരിക്കും. മലയാളം രണ്ടാംഭാഷയായി പഠിപ്പിക്കാൻ 'സൗമനസ്യം' കാട്ടിയ ഒരു സി.ബി.എസ്.ഇ സ്‌കൂളിലെ മൂന്നാം ക്ലാസിലെ മലയാളം പാഠാവലി വായിക്കാനിടയായതാണ് രണ്ടാമത്തെ ഷോക്ക്. ഒരു സ്വകാര്യ പ്രസാധനശാല തയ്യാറാക്കിയിരിക്കുന്ന മലയാളം പാഠപുസ്തകം ആവേശത്തോടെ വായിച്ചു തുടങ്ങിയ എനിക്ക് നാല് പേജ് കഴിഞ്ഞപ്പോൾ 'എത്ര വിരസം' എന്ന് പറയാൻ തോന്നി. ഓരോ ക്ലാസിലെയും പാഠ്യപദ്ധതിയും പാഠപുസ്തകവുമെല്ലാം എത്ര വിശദവും വിദഗ്ദ്ധവുമായ ചർച്ചകൾക്ക് ശേഷമാണ് ഉരുത്തിരിയേണ്ടത്. സർക്കാർ തയ്യാറാക്കുന്ന പാഠപുസ്തകങ്ങൾ തീർച്ചയായും ഈ നിഷ്ഠ പുലർത്തുന്നുണ്ട്. പക്ഷെ അവയൊന്നും ഈ 'ആഢ്യ' വിദ്യാലയങ്ങൾ ഉപയോഗിക്കില്ല. (വിദ്യാഭ്യാസ വകുപ്പ് പുസ്തകങ്ങൾ കൊടുക്കാറില്ലെന്നും അതിനെന്തോ നിയമ തടസമുണ്ടെന്നും ഒരു സി.ബി.എസ്.ഇ സ്‌കൂൾ പ്രിൻസിപ്പൽ പറഞ്ഞതും ഓർക്കുന്നു.) ഇനി മറ്റൊരു വെളിപാടുണ്ടായത് ഒന്നാംഭാഷയായി മലയാളം തന്നെ തിരഞ്ഞെടുക്കേണ്ടതില്ല എന്ന വ്യാഖ്യാനം അറിയാൻ ഇടയായപ്പോഴാണ്. അറബിയും സംസ്‌കൃതവും കേരളത്തിലെ കുട്ടികൾക്ക് മാതൃഭാഷയ്ക്കു തുല്യമായി തിരഞ്ഞെടുക്കാമത്രേ. (ആ വിഷയങ്ങളിലെ ബിരുദധാരികൾക്ക് വേറെ തൊഴിലവസരങ്ങളില്ലത്രേ!) കർണാടകത്തിനോടോ തമിഴ്നാടിനോടോ ചേർന്നുള്ള അതിർത്തി ഗ്രാമങ്ങളിലെ സ്‌കൂളുകളിലെ കാര്യമല്ല ഇത്. മാതൃഭാഷയായ മലയാളം പഠിക്കുന്നതിനു മത്സരിച്ചു പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്ന ഒരു വിചിത്ര സമൂഹമായി നമ്മൾ മാറിപ്പോയോ? ഭാഷാഭ്രാന്തും ഭാഷാതീവ്രവാദവും വേണ്ട, പക്ഷേ സ്വന്തം ഭാഷയെക്കുറിച്ച് അഭിമാനം വേണ്ടേ? നമ്മുടെ മക്കൾക്ക് മാതൃഭാഷ അറിഞ്ഞുകൂടാ എന്ന് പറയേണ്ടി വരുന്നതിൽ നാണക്കേടെങ്കിലും വേണ്ടേ? ഇല്ല; ഒരു നാണക്കേടുമില്ല; പലർക്കും തെല്ലു അഭിമാനമുണ്ട് താനും. മലയാള സർവകലാശാല സ്ഥാപിക്കാൻ നിയുക്തനായപ്പോൾ എന്നോട് വലിയ സ്‌നേഹസ്വാതന്ത്ര്യമുള്ള ഒരാൾ ചോദിച്ച ചോദ്യത്തിൽ ഈ മനോഭാവം മുഴങ്ങിയത് ഓർക്കുന്നു. 'മലയാളത്തിന് സർവകലാശാലയോ? ആരെങ്കിലും അവിടെ ചേരുമോ? നഴ്സറി ക്ലാസിൽ മലയാളം പഠിക്കാൻ ആളില്ല; പിന്നല്ലേ മലയാളം സർവകലാശാല?'' (മലയാള സർവകലാശാലയിൽ ആദ്യവർഷം തന്നെ വേണ്ടത്ര കുട്ടികൾ പ്രവേശനപ്പരീക്ഷ എഴുതി ചേർന്നു എന്നത് മറ്റൊരു സത്യം.) അടിസ്ഥാന രഹിതവും അപകടകരവുമായ ഇംഗ്ലീഷ് വിധേയത്വത്തിൽ നിന്ന് മലയാളിയുടെ പൊതുബോധത്തിന് ഇപ്പോഴും സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല. ഈ യാഥാർത്ഥ്യത്തിൽ നിന്ന് ഇനിയും ഒളിച്ചോടാൻ പാടില്ല. മാതൃഭാഷാ പഠനത്തിന്റെ അനിവാര്യതയും പ്രാധാന്യവും മലയാളികളോട് നിരന്തരമായി പറയേണ്ട അവസ്ഥയാണിപ്പൊഴും. സാംസ്‌കാരിക നായകന്മാർ മാത്രം മുറവിളി കൂട്ടിയത് കൊണ്ടായില്ല. സർക്കാർ തന്നെ ഈ ദൗത്യം ഏറ്റെടുക്കണം. മലയാളം മിഷൻ ഭാഷ പഠിക്കാൻ സൗകര്യമൊരുക്കുന്നു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക സാഹിത്യം പ്രോത്സാഹിപ്പിക്കുന്നു. സർക്കാരാവശ്യങ്ങൾക്കു മലയാളം കൂടുതലായി ഉപയോഗിക്കാൻ സഹായിക്കലാണ് ഔദ്യോഗിക ഭാഷാ വകുപ്പിന്റെ ചുമതല. പക്ഷെ മലയാളത്തിന്റെ സമഗ്ര വികാസം ലക്ഷ്യമിടുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനോ, അക്കാഡമിക മേഖലയിൽ മലയാളത്തിന്റെ പ്രാമുഖ്യം ഉറപ്പു വരുത്തുന്നതിനോ, വൈജ്ഞാനിക ക്ഷമത പരിപോഷിപ്പിക്കുന്നതിനോ, പരിഭാഷകൾ പ്രോത്സാഹിപ്പിക്കുന്നതിനോ, ഉചിതമായ നയങ്ങൾ ആവിഷ്‌കരിക്കുന്നതിനോ പരിപാടികൾ ഏകോപിപ്പിക്കുന്നതിനോ ഇപ്പോൾ ഒരു സർക്കാർ വകുപ്പിനും ഉത്തരവാദിത്തമില്ല. മലയാള ഭാഷാവികസനത്തിനായി മാത്രം ഒരു സ്വതന്ത്ര സർക്കാർ വകുപ്പ് ഇന്നത്തെ കേരളത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ അനിവാര്യമായിരിക്കുന്നു. മാതൃഭാഷയിലൂടെയല്ലാതെ അറിവ് വിമോചനോപകരണമാവില്ല. കടംകൊണ്ട ഇംഗ്ലീഷ് ഭാഷയുടെ കുടക്കീഴിൽ കേരളത്തിന് ഒരു വിജ്ഞാന സമൂഹമായി വളരാനാവില്ല. തദ്ദേശീയമായ അറിവുകൾ സൃഷ്ടിക്കപ്പെടണമെങ്കിൽ മാതൃഭാഷയുടെ സാദ്ധ്യതകൾ നിരന്തരം പ്രയോജനപ്പെടുത്തണം. മാതൃഭാഷയെ ചിറ്റമ്മയാക്കുന്ന അറിവില്ലായ്മയ്ക്ക് നാളത്തെ കേരളം വലിയ വില കൊടുക്കേണ്ടി വരും. സ്വന്തം ഭാഷയിൽ അഭിമാനമില്ലാത്ത ഒരു സമൂഹത്തെ നോക്കി ഭാഷാഭിമാനമുള്ള മറ്റു ദേശക്കാർ സഹതപിക്കും; ചിലർ പുച്ഛിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIRAKATHIR, MATHRUBHASHA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.