SignIn
Kerala Kaumudi Online
Thursday, 25 April 2024 12.46 PM IST

ഉയർന്നുപറക്കട്ടെ,​ മായ...

maya

ഇരുവശത്തേക്കും നീട്ടിയ കൈകളുള്ള ഒരു സ്ത്രീ...പിറകിൽ ചിറകുവിരിച്ച് ഉയരത്തിലേക്ക് പറക്കുന്ന പ്രാവിന്റെ ചിത്രം... ഉദയസൂര്യൻ... കവിയും സാമൂഹികപ്രവർത്തകയുമായ മായ ആഞ്ചലോയുടെ ചിത്രവുമായി പുറത്തിറങ്ങിയ യു.എസ് ട്രഷറി വകുപ്പിന്റെ പുതിയ ക്വാർട്ടർ,​ ചരിത്രത്തിൽ ഇടംപിടിക്കാൻ കാരണങ്ങളേറെയാണ്....




മായ ആഞ്ചലോയുടെ കവിതകളും അവർ കടന്നുപോയ അനുഭവങ്ങളും അതിജീവനവുമാണ് യു.എസിന്റെ 25 സെന്റ് നാണയമായ ക്വാർട്ടറിൽ വിഷയമാക്കിയിരിക്കുന്നത്. അങ്ങനെ,​ യു.എസ് ട്രഷറി പുറത്തിറക്കിയ നാണയത്തിൽ ഇടംപിടിക്കുന്ന ആദ്യത്തെ കറുത്തവർഗക്കാരിയായി മായ ആഞ്ചലോ മാറുകയാണ്. ഒരു അമേരിക്കൻ പ്രസിഡന്റ് സ്ഥാനമേൽക്കുന്ന വേളയിൽ കവിത എഴുതുകയും അവതരിപ്പിക്കുകയും ചെയ്ത ആദ്യത്തെ കറുത്തവർ​ഗക്കാരി കൂടിയാണ് മായ. അമേരിക്കൻ ചരിത്രത്തിലെ പ്രധാന വനിതകളുടെ മുഖം മുദ്രണംചെയ്ത് നാണയങ്ങൾ പുറത്തിറക്കാൻ കഴിഞ്ഞവർഷമാണ് ഭരണകൂടം തീരുമാനിച്ചത്. ഇത്തരത്തിൽ ഇറങ്ങുന്ന ആദ്യ നാണയമാണിത്.

അനുഭവങ്ങൾ ഉരുക്കിയെടുത്ത മായ

1928 ഏപ്രിൽ 4 ന് മിസോറിയിലെ സെന്റ് ലൂയിസിലാണ് മായ ആഞ്ചലോ ജനിച്ചത്. മാർഗരിറ്റ് ആനി, ജോൺസൺ എന്നിവരാണ് ആഞ്ചലോയുടെ മാതാപിതാക്കൾ. ആത്മകഥ, മൂന്ന് ഉപന്യാസങ്ങൾ, നിരവധി കവിതാ പുസ്തകങ്ങൾ എന്നിവ അവർ രചിച്ചിട്ടുണ്ട്. സാമൂഹികപ്രവർത്തകയും എഴുത്തുകാരിയുമായ ആഞ്ചലോ 2014 ൽ എൺപത്തിയാറാമത്തെ വയസിലാണ് മരിച്ചത്. ഡീപ് സൗത്തിലെ തന്റെ ബാല്യകാലത്തെക്കുറിച്ച്, 1969 ലെഴുതിയ 'ഐ നോ വൈ ദ കേജ്ഡ് ബേഡ്സ് സിംഗ്സ്' (എനിക്കറിയാം കൂട്ടിലെ കിളി പാടുന്നതെന്തിനെന്ന്) എന്ന ആത്മകഥയിലൂടെയാണ് അവർ ശ്രദ്ധിക്കപ്പെടുന്നത്. സ്ത്രീകൾക്കെതിരെ നടക്കുന്ന ബലാത്സംഗത്തിന്റെയും വംശീയവിദ്വേഷത്തിന്റെയും കഥ പറയുന്ന പുസ്തകം കൂടിയാണിത്.

അമ്മയുടെ കാമുകനാൽ ഏഴാം വയസിലാണ് മായ ആഞ്ചലോ ബലാത്സംഗത്തിന് ഇരയായത്. പിന്നീട് ആഞ്ചലോയുടെ അമ്മാവന്മാർ ചേർന്ന് പ്രതിയെ തല്ലികൊന്നെന്നാണ് പറയപ്പെടുന്നത്. ആ സംഭവത്തിന് ശേഷം ഏകദേശം ആറ് വർഷത്തോളം ആഞ്ചലോ ആരോടും സംസാരിച്ചിരുന്നില്ല. മാനസികമായും ശാരീരികമായും അവർ വല്ലാത്ത സംഘർഷത്തിലായിരുന്നു. എന്നാൽ ഈ കാലഘട്ടത്തിൽ അവർ എഴുത്തിലേക്ക് തന്റെ ജീവിതത്തെ തിരിക്കുകയും അന്ന് അനുഭവിച്ച വിഷമങ്ങളുടെ നേർചിത്രം തന്റെ തൂലികയിലൂടെ ലോകത്തിന് മുന്നിൽ എത്തിക്കുകയും ചെയ്തു.

തലമുറകളെ പ്രചോദിപ്പിച്ച വ്യക്തിത്വം

നിരവധി ഓണററി ബിരുദങ്ങൾ നേടുകയും 30 ലധികം കൃതികൾ എഴുതുകയും ചെയ്തു,​ മായ. മാർട്ടിൻ ലൂഥർ കിംഗിനൊപ്പം കറുത്ത വംശജരുടെ അവകാശപോരാട്ടത്തിനിറങ്ങിയ അവർ,​ കവിയായും പൗരാവകാശ പോരാളിയായും കേബിൾ കാർ കണ്ടക്ടറായും ബ്രോഡ്‌വേ താരമായും നർത്തകിയായുമൊക്കെ തലമുറകളെ പ്രചോദിപ്പിച്ച വ്യക്തിത്വമാണ്. 2010 ൽ, പ്രസിഡന്റ് ബറാക് ഒബാമ അവർക്ക് 'പ്രസിഡൻഷ്യൽ മെഡൽ ഒഫ് ഫ്രീഡം' നല്‌കി ആദരിച്ചു. യു.എസിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണിത്. ആഞ്ചലോയുടെ സാമൂഹിക പ്രതിബദ്ധത, ദേശീയ താത്പര്യം എന്നിവ മുന്നിൽ കണ്ടാണ് ഒബാമ ഈ ബഹുമതി നല്‌കിയത്. 2013 ൽ സാഹിത്യ സമൂഹത്തിനുള്ള സംഭാവനകൾക്കുള്ള ഓണററി നാഷണൽ ബുക്ക് അവാർഡായ ലിറ്ററേറിയൻ അവാർഡിനും ആഞ്ചലോ അർഹയായി. 1992ൽ ബിൽ ക്ലിന്റൻ യു.എസ് പ്രസിഡന്റായി അധികാരമേറ്റ വേളയിൽ ചൊല്ലിയ ‘ഓൺ ദ് പൾസ് ഒഫ് ദ് മോണിംഗ്’ എന്ന മായയുടെ കവിത ലോകപ്രശസ്തമാണ്.

ഇനി ക്വാർട്ടറിൽ വരുന്നത് ഇവർ

അമേരിക്കയിലെ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരിയായ സാലി റൈഡ്, ചെറോക്കി നേഷന്റെ ആദ്യ വനിതാ മേധാവിയും തദ്ദേശീയ അവകാശങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്‍ത വിൽമ മാൻകില്ലർ, ഹോളിവുഡിലെ ആദ്യത്തെ ചൈനീസ്-അമേരിക്കൻ ചലച്ചിത്രതാരമായി കണക്കാക്കപ്പെടുന്ന അന്ന മേ വോംഗ് ഇവരൊക്കെയാണ് 2022ഓടെ ക്വാർട്ടറിൽ ഉൾപ്പെടാൻ കാത്തിരിക്കുന്നത്. കൂടാതെ 2025 ഓടെ പ്രതിവർഷം അഞ്ച് നാണയങ്ങൾ കൂടി ചരിത്ര പ്രസിദ്ധരായ വിവിധ സ്ത്രീകളുടെ ചിത്രങ്ങൾ കൊത്തി പുറത്തിറക്കും.

പിന്നിൽ യെല്ലന്റെ കൈകൾ

അമേരിക്കൻ വനിതാ ക്വാർട്ടേഴ്‌സ് പ്രോഗ്രാമിന്റെ ഭാഗമായി, മായയെക്കൂടാതെ, ഒരു ബഹിരാകാശ സഞ്ചാരി, ഗോത്രമേധാവി, നടി എന്നിവരുൾപ്പെടെ മറ്റ് പ്രാധാന്യമുള്ള സ്ത്രീകൾ കൂടി നാണയങ്ങളിലേക്ക് വൈകാതെ ചേർക്കപ്പെടും. അടുത്ത നാല് വർഷത്തിനുള്ളിൽ 20 ക്വാർട്ടർ കൂടി പുറത്തിറക്കാനാണ് ട്രഷറിയുടെ തീരുമാനം.

ഇതിനൊക്കെ ചുക്കാൻ പിടിക്കുന്നതോ, യു.എസിലെ ആദ്യത്തെ വനിതാ ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനും. “ഓരോതവണയും നാം നമ്മുടെ കറൻസി പുനർരൂപകല്‌പന ചെയ്യുമ്പോൾ, നമ്മുടെ രാജ്യത്തെക്കുറിച്ച് എന്തെങ്കിലും പ്രധാനകാര്യങ്ങൾ സമൂഹത്തെ അറിയിക്കാനുള്ള അവസരം കിട്ടുന്നു. ഞങ്ങൾ എന്തിനാണ് മൂല്യം കല്‌പിക്കുന്നത്. എന്താണ് ഇന്ന് കാണുന്ന ഈ പുരോഗമന സമൂഹത്തെ ഉണ്ടാക്കിയെടുത്തത് എന്നതെല്ലാം അതിൽപ്പെടുന്നു“ എന്നാണ് ഈ ചരിത്രനീക്കത്തെക്കുറിച്ച് യെല്ലൻ പ്രതികരിച്ചത്.

തിരുത്തിയത് 90 വർഷത്തെ ചരിത്രം

കഴിഞ്ഞ 90 വർഷമായി ക്വാർട്ടർ നാണയത്തിന്റെ ഒരുവശത്ത് യു.എസിന്റെ ആദ്യ പ്രസിഡന്റായ ജോർജ്ജ് വാഷിംഗ്ടണും മറുവശത്ത് ഒരു കഴുകനുമാണ് ഉണ്ടായിരുന്നത്. എന്നാൽ പുതുക്കിയ നാണയത്തിൽ ഒരു വശത്ത് മായ ആഞ്ചലോയും മറുവശത്ത് ജോർജ്ജ് വാഷിംഗ്ടണും ആണ് ഇടംപിടിച്ചിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAYA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.