SignIn
Kerala Kaumudi Online
Friday, 19 April 2024 7.31 PM IST

ഭാര്യയും കാമുകിയും നിഗൂഢതകളും

choksi

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 14,000 കോടി രൂപയോളം വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് മുങ്ങിയ 'വിവാദ' വജ്രവ്യാപാരി മെഹുൽ ചോക്സിയാണ് കഴിഞ്ഞ ആഴ്ച മാദ്ധ്യമങ്ങളിൽ താരമായത്. കേസും അറസ്റ്റും ഭയന്ന് ഇന്ത്യയിൽ നിന്ന് മുങ്ങി ആന്റിഗ്വൻ ദ്വീപ് രാഷ്ട്രത്തിൽ കുടിയേറി അവിടുത്തെ പൗരത്വം നേടിയ ഈ ' വിദ്വാൻ' അവിടെ നിന്ന് ക്യൂബയിലേക്ക് കുടിയേറാനുള്ള പദ്ധതി പാളിയതോടെ ഡൊമനിക്കയിൽ പിടിയിലാകുകയായിരുന്നു. എന്നാൽ അത്ര സിമ്പിളല്ല ഈ രക്ഷപെടൽ നാടകം. കാമുകിയെന്ന പേരിൽ സുന്ദരിയായ ബാർബര ജബാറിക്ക എന്ന യുവതി, ഹണിട്രാപ്പിൽപ്പെടുത്തിയുള്ള തട്ടിക്കൊണ്ടുപോകൽ നാടകം, ചേസിംഗ്, അടിപിടി, പിന്നെ കോടതി തുടങ്ങി തട്ടുപൊളിപ്പൻ സിനിമയ്ക്കു വേണ്ട ചേരുവകളെല്ലാം ചോക്സിയുടെ തിരോധാനത്തിലുണ്ടെന്നതാണ് ശ്രദ്ധേയം. കഥ, തിരക്കഥ, സംഭാഷണം, അഭിനയം എല്ലാം ചോക്സി തന്നെയാണെന്നാണ് പുറത്തുവരുന്ന വിവരം.

എന്തായാലും ഡൊമിനിക്കയിലെ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെ ചോക്സി ഇപ്പോൾ ജയിലിലാണ്. കരീബിയൻ ദ്വീപ് രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചു എന്നാരോപിച്ചാണ് നടപടി. ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യം അനുവദിക്കണമെന്ന് ചോക്സിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി നിഷേധിച്ചു.

സഹോദരീപുത്രൻ നീരവ് മോദിയുമായി ചേർന്ന് പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച് 13,500 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തിയ ചോക്സി 2018ലാണ് ആന്റിഗ്വയിലെത്തിയത്. മേയ് 23നാണ് ചോക്സിയെ കാണാതായത്. ഡൊമിനിക്കയിൽ വച്ച് മേയ് 27ന് പിടിയിലായി. ചോക്സിയുടെ അഭിഭാഷകർ ഫയൽ ചെയ്ത ഹേബിയസ് കോർപസ് ഹർജിയിൽ തീരുമാനം ആകുന്നതുവരെ നാടുകടത്തരുതെന്ന് ഡൊമിനിക്കൻ കോടതി ഉത്തരവിട്ടിരിക്കുകയാണ് ഇപ്പോൾ.

ഭർത്താവിനെ ചതിച്ചതാണെന്ന്

പ്രീതി ചോക്സി

ചോക്സിയെ ജബാറികയെന്ന യുവതി തന്റെ വീട്ടിലേക്ക് മനഃപ്പൂർവം ക്ഷണിച്ച് കുടുക്കുകയായിരുന്നു എന്നാണ് ചോക്സിയുടെ ഭാര്യ പ്രീതി ചോക്സിയുടെ ആരോപണം.

'ജബാറികയുടെ വീട്ടിൽ നിന്നാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നതെന്നാണ് വിവരം. ഞാൻ ആ യുവതിയെ കണ്ടിട്ടില്ല. അവർ 2020 ഷഗസ്റ്റിലാണ് ആന്റിഗ്വയിൽ എത്തിയതെന്ന് അറിയാം. ദ്വീപിലെ ഞങ്ങളുടെ മറ്റൊരു വസതിയിൽ ഇവർ എത്തിയിട്ടുണ്ട്. അവിടുത്തെ പാചകക്കാരനെ സഹായിച്ചിട്ടുണ്ട്. ഇവർക്കൊപ്പം ചോക്സി നടക്കാൻ പോകാറുണ്ട്. തട്ടിക്കൊണ്ടുപോയത് ഞായറാഴ്ചയാണ്. ആ വെള്ളിയും ശനിയും അവർ ജോളി ബീച്ചിന്റെ തെക്കുഭാഗത്ത് നടക്കാൻ പോയിരുന്നു. അവിടെയാണ് ചോക്സി സാധാരണ നടക്കാൻ പോകുന്നത്. നിരവധിപ്പേർ അവിടെ നടക്കാൻ പോകാറുണ്ട്. എല്ലാ വീടുകൾക്കും കാമറകൾ ഉള്ളതാണ്. എന്നാൽ ഞായറാഴ്ച ബീച്ചിന്റെ വടക്കുഭാഗത്ത് നടക്കാൻ പോകാമെന്നാണ് ജബാറിക പറഞ്ഞത്. എന്നാൽ ക്ഷീണം തോന്നിയതിനാൽ അന്നു നടക്കാനില്ലെന്നും അത്താഴത്തിനായി മാത്രം വരാമെന്നും ചോക്സി അറിയിച്ചു. വടക്കുഭാഗത്തെ ബീച്ചിൽ ആളുകൾ വരുന്നതു കുറവാണ്. അതുകൊണ്ടായിരിക്കാം അവർ അങ്ങോട്ടു ക്ഷണിച്ചത്.' – പ്രീതി പറഞ്ഞു.

അതേസമയം, മാധ്യമങ്ങളിൽ കാണിച്ച ചിത്രങ്ങൾ ജബാറികയുടേതല്ലെന്നു പ്രീതി വ്യക്തമാക്കി. ജബാറികയെക്കുറിച്ച് ഇപ്പോൾ വിവരമൊന്നുമില്ലെന്നും പ്രീതി പറയുന്നു.

'63കാരനായ ചോക്സിയുടെ ആരോഗ്യാവസ്ഥ മോശമാണ്. അതിനാൽ കഴിഞ്ഞ മൂന്നു വർഷമായി ദ്വീപിനു പുറത്തേക്ക് പോകാറില്ലായിരുന്നു. ചോക്സിയുടെ പാസ്‌പോർട്ട് വീട്ടിലുണ്ട്. കൊല്ലപ്പെട്ടേക്കുമെന്ന് ചോക്സി ഭയന്നിരുന്നു. ചോക്സി ഇന്ത്യൻ പൗരനല്ല. 2017ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചിരുന്നു. ആന്റിഗ്വയായിരുന്നു അദ്ദേഹത്തിന് ഏറ്റവും സുരക്ഷിതമായ സ്ഥലം. ക്യൂബയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അദ്ദേഹം പിടിയിലായതെന്ന കാര്യം കെട്ടിച്ചമച്ചതാണ്.’’ – പ്രീതി പറഞ്ഞു.

മുക്കുപണ്ടം നൽകി

വശീകരിക്കാൻ ശ്രമം: ജബാറിക

ആന്റിഗ്വയിൽ വച്ച് ബാർബറിക്ക ജബാറിക എന്ന യുവതി സൗഹൃദം നടിച്ച് അടുത്തുകൂടി തന്നെ തട്ടിക്കൊണ്ടു പോയെന്ന വിവാദ വജ്രവ്യാപാരി മെഹുൽ ചോക്സിയുടെ ആരോപണം പാടെ നിഷേധിക്കുകയാണ് ബാർബറ ജബാറിക. ചോക്സിയെ തട്ടിക്കൊണ്ട് പോയതിലോ അയാൾ ജയിലിലായതിലോ തനിക്ക് യാതൊരു പങ്കുമില്ലെന്നും ചോക്സിയുടെ കാമുകിയെന്ന ആരോപിക്കപ്പെടുന്ന ബാർബറ ജബാറിക വ്യക്തമാക്കി. ചോക്സിയുടെ കുടുംബാംഗങ്ങളും അഭിഭാഷകരുമാണ് ഈ വിഷയത്തിലേക്ക് തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചത്. വിവാദങ്ങൾ തന്നെയും കുടുംബത്തേയും മാനസികമായി തകർത്തു. കഴിഞ്ഞ വർഷത്തെ ആന്റിഗ്വൻ സന്ദർശനത്തിനിടെയാണ് ചോക്സിയെ കാണുന്നത്. എന്നോട് രാജ് എന്നാണ് പേര് പറഞ്ഞത്. ചുരുങ്ങിയ കാലത്തിനിടെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി. ആദ്യം സൗഹൃദത്തോടെ പെരുമാറിയ അദ്ദേഹം പിന്നീട് വില കൂടിയ സമ്മാനങ്ങൾ നല്കി എന്നെ വശീകരിക്കാൻ ശ്രമിച്ചു. എന്നാൽ സമ്മാനിച്ച വജ്ര മോതിരങ്ങളും സ്വർണമാലകളും വ്യാജമായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്.'-ജബാറിക പറയുന്നു.

നേരത്തെ ആന്റിഗ്വ പൊലീസിൽ നല്കിയ പരാതിയിലാണ് ചോക്സി ജബാറികയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചത്. ജബാറികയുടെ ആവശ്യപ്രകാരം മരിനയിലെ അവരുടെ വീട്ടിലെത്തിയ തന്നെ ആന്റിഗ്വ പൊലീസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് പത്തോളം പേർ ചേർന്ന് മർദ്ദിച്ചെന്നും തട്ടിക്കൊണ്ടു പോയെന്നുമാണ് ചോക്സിയുടെ പരാതി. തന്നെ അവർ സംഘം ചേർന്ന് മർദ്ദിച്ചപ്പോൾ രക്ഷപ്പെടുത്താനോ പൊലീസിനെ വിവരമറിയിക്കാനോ ജബാറിക ശ്രമിച്ചില്ലെന്നും അതിനാൽ തനിക്കെതിരെയുള്ള ഗൂഢാലോചനയിൽ ഇവർക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്നും ചോക്സി പരാതിയിൽ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ജബാറിക വിശദീകരണവുമായി രംഗത്തെത്തിയത്.

ഇന്ത്യയുടെ ആവശ്യം

സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ വജ്രവ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഇക്കാര്യം ഡൊമിനിക്കൻ സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ചോക്സിയെ വിട്ടുകിട്ടുന്നതിനായി സി.ബി.ഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ ഡൊമിനിക്കയിലെത്തിയിരുന്നു. ഡൊമിനിക്കയിൽനിന്നു നേരിട്ട് ഇന്ത്യയ്ക്ക് കൈമാറണമെന്ന് ആന്റിഗ്വ ആൻഡ് ബാർബുഡ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആന്റിഗ്വ പൗരത്വം 2019ൽ തന്നെ റദ്ദാക്കിയതാണെന്നും ബ്രൗൺ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS SCAN, MEHUL CHOKSY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.