SignIn
Kerala Kaumudi Online
Thursday, 25 April 2024 8.59 PM IST

സാമൂഹ്യ കാലാവസ്ഥാ വ്യതിയാനങ്ങൾ

pinarayi-vijayan-and-p-k-

കാലാവസ്ഥാ വ്യതിയാനം കേരളത്തിന്റെ ഭൂപ്രകൃതിയിൽ അപ്രതീക്ഷിതമായ ചലനങ്ങൾ സൃഷ്ടിക്കുന്നത് പോലെ, കേരളീയ സാമൂഹ്യഘടനയ്ക്ക് മേലെയും കാലാവസ്ഥാ വ്യതിയാനം അപ്രതീക്ഷിത ന്യൂനമർദ്ദങ്ങൾ സൃഷ്ടിച്ചുവരുന്നുണ്ട്. പതുക്കെയാണെങ്കിലും ഗൗരവതരമാണ് അതിന്റെ സഞ്ചാരം. അങ്ങേയറ്റത്തെ സൂക്ഷ്മതയോടെയും ജാഗ്രതയോടെയും കൈകാര്യം ചെയ്തില്ലെങ്കിൽ പൊള്ളിയേക്കാമെന്ന് നമ്മുടെ രാഷ്ട്രീയകക്ഷികളെല്ലാം ചിന്തിക്കുന്നു എന്നത് മാത്രമാണ്, യഥാർത്ഥ കാലാവസ്ഥാ വ്യതിയാനത്തിൽ നിന്ന് ഈ സാമൂഹ്യ കാലാവസ്ഥാ വ്യതിയാനത്തെ വ്യതിരിക്തമാക്കുന്നത്.

ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണത്തിൽ ജനസംഖ്യാനുപാതികമായി മാറ്റം വരുത്തിയ രണ്ടാം പിണറായി മന്ത്രിസഭയുടെ തീരുമാനം വലിയ ചർച്ചയായത് സാമൂഹ്യ കാലാവസ്ഥാ വ്യതിയാനത്തിന്റെ ബഹിർസ്ഫുരണമാണ്.

രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസപരവും സാമൂഹ്യപരവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ പഠിച്ച് പരിഹാരം നിർദ്ദേശിക്കാൻ യു.പി.എ ഭരണകാലത്ത് രജീന്ദർ സച്ചാറിന്റെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിക്കുകയുണ്ടായി. സത്യസന്ധമായ ഒരിടപെടലായിരുന്നു യു.പി.എ സർക്കാരിന്റേത് എന്ന് ആ സമിതിയുടെ അദ്ധ്യക്ഷനെ നിശ്ചയിച്ചതിലൂടെ തന്നെ വ്യക്തമായി. രജീന്ദർ സച്ചാർ ഡൽഹി ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസ് മാത്രമായിരുന്നില്ല. മനുഷ്യാവകാശ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായുള്ള ഐക്യരാഷ്ട്രസഭയുടെ ഉപസമിതിയിലെ അംഗമായിരുന്നു സച്ചാർ. പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസിന്റെ അഭിഭാഷകനുമായിരുന്നു സച്ചാർ.

2006 നവംബറിൽ സച്ചാർ സമിതി പ്രധാനമന്ത്രിയായിരുന്ന ഡോ.മൻമോഹൻസിംഗിന് റിപ്പോർട്ട് സമർപ്പിച്ചു. ആ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ, 2001ൽ രാജ്യത്തെ 138 ദശലക്ഷം വരുന്ന മുസ്ലിം ജനസാമാന്യത്തിന് സിവിൽ സർവീസ്, പൊലീസ്, മിലിട്ടറി, രാഷ്ട്രീയ മേഖലകളിൽ പ്രാതിനിദ്ധ്യം തീർത്തും കുറവാണെന്നാണ്. മുസ്ലിങ്ങൾ ദരിദ്രരും നിരക്ഷരരും ആരോഗ്യമില്ലാത്തവരും മറ്റ് ഇന്ത്യൻ പൗരന്മാരെ അപേക്ഷിച്ച് നിയമപരമായ വെല്ലുവിളികൾ നേരിടുന്നവരുമാണ്. മുസ്ലിങ്ങൾക്ക് തുല്യ പരിഗണന ഉറപ്പാക്കാനാണ് സമിതി പ്രധാനമായും ശുപാർശ ചെയ്തത്.

പാലോളി സമിതിയും കേരളവും

രജീന്ദർ സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ കൈക്കൊള്ളേണ്ട നടപടികൾ സംബന്ധിച്ചുള്ളതാണ് പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റിയുടെ റിപ്പോർട്ട്. സി.പി.എം കേന്ദ്രകമ്മിറ്റിയിലെ ഇപ്പോഴത്തെ ക്ഷണിതാവും മുൻമന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടി,​ കമ്മ്യൂണിസ്റ്റ് മൂല്യബോധം കാത്തുസൂക്ഷിക്കുന്ന സാത്വികനായ നേതാവാണ്.

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപീകൃതമായ സമിതി കേരളത്തിലുടനീളം സഞ്ചരിച്ച്,​ സിറ്റിംഗ് നടത്തിയാണ് സമഗ്രമാ ശുപാർശകൾ സംസ്ഥാനസർക്കാരിന് സമർപ്പിച്ചത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ മുസ്ലിം ജനസാമാന്യത്തിന്റെ സാമൂഹ്യാവസ്ഥ ഭേദമാണെന്ന് പറയാം. എന്നാൽ,​ മലബാർ ജില്ലകളിലെ മുസ്ലിം പെൺകുട്ടികളിൽ വിദ്യാഭ്യാസപരമായും മറ്റുമുള്ള പിന്നാക്കാവസ്ഥ നിലനിൽക്കുന്നത് ദുസ്ഥിതിക്ക് കാരണമാകുന്നുവെന്ന് സമിതി കണ്ടെത്തി. ആ കണ്ടെത്തലുകളുടെ കൂടി അടിസ്ഥാനത്തിലാണ് മുസ്ലിം പെൺകുട്ടികൾക്ക് സ്കോളർഷിപ്പുകൾ ഏർപ്പെടുത്തണമെന്നതടക്കമുള്ള നിർദ്ദേശങ്ങൾ സമിതി സമർപ്പിച്ചത്.

മുസ്ലിം ജനതയോടൊപ്പം തന്നെ കേരളത്തിൽ അവശതയനുഭവിക്കുന്ന പരിവർത്തിത,​ ലത്തീൻ ക്രൈസ്തവർക്ക് ഉൾപ്പെടെ സഹായം ലഭ്യമാക്കണമെന്ന ക്രിയാത്മക നിർദ്ദേശവും പാലോളി കമ്മിറ്റിയുടേതായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിവാദമായ 80 : 20 എന്ന അനുപാതത്തിലുള്ള സ്കോളർഷിപ്പ് വിഭജന സംവിധാനത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. അതാണ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതും ഇപ്പോൾ ജനസംഖ്യാനുപാതത്തിലേക്കുള്ള വിഭജനത്തിലേക്ക് കാര്യങ്ങളെത്തിച്ചതും.

സമിതികളുടെ സാമൂഹ്യ പ്രസക്തി

ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പിനുള്ള അനുപാതം 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിലാണ് ജനസംഖ്യാനുപാതികമായി പുന:ക്രമീകരിച്ചിരിക്കുന്നത്. സെൻസസ് പ്രകാരം സംസ്ഥാനത്ത് മുസ്ലിം- 26.56 ശതമാനം, ക്രിസ്ത്യൻ- 18.38 ശതമാനം, ബുദ്ധർ, ജൈനർ, സിഖ്- 0.01 ശതമാനം വീതം എന്നിങ്ങനെയാണ് വിഭജനം. ഇതുപ്രകാരം സ്കോളർഷിപ്പ് പുന:ക്രമീകരിക്കുമ്പോൾ മുസ്ലിം വിദ്യാർത്ഥികൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന 80 ശതമാനം വിഹിതത്തിൽ കുറവ് വരുമെന്നാണ് മുസ്ലിംലീഗ് ഉയർത്തിയിരിക്കുന്ന ആശങ്ക. എന്നാൽ, ആനുകൂല്യത്തിൽ ഒരു കുറവും വരാതിരിക്കാൻ ആറരക്കോടിയുടെ അധികബാദ്ധ്യത സർക്കാർ ഏറ്റെടുക്കുകയാണെന്നാണ് സംസ്ഥാനസർക്കാരിന്റെ വാദം.

നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന കൂട്ടർക്ക് ഒരു കുറവും വരുത്താതെ, കിട്ടാതെ പോയവർക്ക് കൂടി സ്കോളർഷിപ്പ് ലഭ്യമാക്കാൻ നടപടിയെടുക്കുന്നതിൽ എന്താണ് പ്രശ്നമെന്ന മുഖ്യമന്ത്രിയുടെ ചോദ്യം ഒറ്റനോട്ടത്തിൽ ന്യായമാണ്. പക്ഷേ, മുഖ്യമന്ത്രിയും ഇടതുപക്ഷ ജനാധിപത്യമുന്നണിയും സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന അതിവിദഗ്ദ്ധമായ സോഷ്യൽ എൻജിനിയറിംഗ് ഫോർമുലയുടെ ഒരു ഘടകമാണ് ഇവിടെ ഇപ്പോൾ പ്രായോഗികതലത്തിൽ പ്രകടമായതെന്ന് തിരിച്ചറിയുമ്പോഴാണ് പുതിയ തീരുമാനത്തിന്റെ രാഷ്ട്രീയമാനം എത്രയെന്ന് ബോദ്ധ്യമാവുക. വാസ്തവത്തിൽ ഹൈക്കോടതി വിധി ഒരു നിമിത്തം മാത്രമായിരുന്നു.

രജീന്ദർ സച്ചാർ സമിതി എന്തിന് വേണ്ടി രൂപീകരിച്ചു, അവരെന്താണ് റിപ്പോർട്ട് നൽകിയത്, അതിന്റെ അടിസ്ഥാനത്തിൽ കൈക്കൊള്ളേണ്ട തീരുമാനങ്ങൾ എന്തൊക്കെ എന്നീ ചോദ്യങ്ങളൊക്കെ അപ്രസക്തമാകുന്ന രാസമാറ്റം കൂടി പുതിയ തീരുമാനത്തോടെ സംഭവിച്ചിട്ടുണ്ട്. സച്ചാർ സമിതിയും പാലോളി സമിതിയും നിയോഗിക്കപ്പെട്ടതിന്റെ ഉദ്ദേശം തന്നെ ചോദ്യം ചെയ്യപ്പെടുകയാണുണ്ടായിരിക്കുന്നത്. പാലോളി സമിതി 20 ശതമാനം ആനുകൂല്യം അവശ, പരിവർത്തിത ക്രൈസ്തവ സമൂഹത്തിനും അനുവദിക്കാൻ നിർദ്ദേശിച്ചത്, സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ മുൻനിറുത്തിയാണ്. ആ സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ എന്നതിൽ നിന്ന് വെറും ന്യൂനപക്ഷ ആനുകൂല്യം എന്ന നിലയിലേക്ക് കേരളസർക്കാരിന്റെ പുതിയ തീരുമാനം മാറ്റപ്പെട്ടിരിക്കുന്നു. മുസ്ലിംലീഗിനോടൊപ്പം ലത്തീൻ സമുദായം പോലെ ചില അവശ ക്രൈസ്തവ വിഭാഗങ്ങളും ആശങ്കകൾ പ്രകടിപ്പിച്ചത് അവരുടെ ആനുകൂല്യം കുറയുമോ എന്ന നിലയ്ക്കാണ്.

പക്ഷേ, പ്രതിപക്ഷകക്ഷിയായ യു.ഡി.എഫിന്, എന്തിനേറെ, മുസ്ലിംലീഗിന് പോലും, ഒരു പരിധിയിൽ കവിഞ്ഞ് എതിർ വാദമുഖങ്ങളുയർത്താനുള്ള പരിമിതിയാണ് പുതിയ തീരുമാനം വെളിച്ചത്ത് കൊണ്ടുവന്നിരിക്കുന്നത് എന്നതാണ് കൗതുകകരമായ കാര്യം. കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ്, സംസ്ഥാന മന്ത്രിസഭാ തീരുമാനത്തെ ഇരുകൈകളും നീട്ടി സ്വാഗതം ചെയ്തത് സഭാമക്കളുടെ മനസറിഞ്ഞാണ്.

സ്കോളർഷിപ്പ് ആനകൂല്യ വിഭജനം 80 : 20 ആക്കിയതിന് പിന്നിലെ യഥാർത്ഥ വസ്തുത ഹൈക്കോടതിക്ക് ബോദ്ധ്യമായോ എന്ന് പാലോളി മുഹമ്മദ് കുട്ടി നിഷ്കളങ്കമായ സംശയം ഉയർത്തിയത്, വിഷയത്തിൽ വളച്ചൊടിക്കപ്പെട്ട വ്യാഖ്യാനവും വിവാദവും ഉരുത്തിരിഞ്ഞ പശ്ചാത്തലത്തിൽ കൂടിയാണ്. ശരിക്കും അനാവശ്യമാണ് ഇപ്പോഴത്തെ വിവേചനം എന്ന ആക്ഷേപം എന്നതാണ് ശരി. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹ്യ പിന്നാക്കാവസ്ഥ പഠിക്കാനായി സംസ്ഥാനസർക്കാർ ജസ്റ്റിസ് ജെ.ബി. കോശി അദ്ധ്യക്ഷനായി സമിതിയെ നിയോഗിച്ചിട്ടുണ്ട്. ആ സമിതിയുടെ റിപ്പോർട്ട് അടുത്ത വർഷം മാർച്ചോടെയെങ്കിലും ലഭിച്ചേക്കും. അപ്പോൾ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ പിന്നാക്കാവസ്ഥ പരിഹരിക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിക്കാവുന്നതാണ്. പാലോളി സമിതിയുടെ അടിസ്ഥാനത്തിലെ ആനുകൂല്യവിതരണം പൂർണമായും മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ മാത്രമായി നീക്കി വയ്ക്കാവുന്നതും. അത്തരത്തിലൊരു നീക്കുപോക്കിലേക്ക് ഒരുപക്ഷേ, ഇനി ഇടതുസർക്കാർ കടക്കുമോ? കണ്ടറിയണം.

യു.ഡി.എഫിന്റെയും

കോൺഗ്രസിന്റെയും പ്രതിസന്ധി

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനൊക്കെ മുമ്പായി ശക്തിപ്രാപിച്ചുവന്ന ഒന്നായിരുന്നു ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ വർദ്ധിച്ചുവന്ന ലീഗ് വിരുദ്ധ മനോഭാവം. ഒരുതരം ഇസ്ലാമോഫോബിയ എന്ന നിലയിലേക്ക് ചർച്ച വ്യാഖ്യാനിക്കപ്പെട്ടിരുന്നു. അവിടെ സുവർണാവസരം മുന്നിൽ കണ്ടിട്ടായിരുന്നു ബി.ജെ.പി ക്രൈസ്തവ വോട്ടുബാങ്കിൽ കണ്ണുവച്ചത്. പക്ഷേ, ഫലം പുറത്തുവന്നപ്പോൾ ബി.ജെ.പിക്ക് ക്രിസ്ത്യൻ മേഖലയിൽ അർപ്പിച്ച പ്രതീക്ഷ നഷ്ടമായി.

കേരള കോൺഗ്രസ്-എം, ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ ഇടതുമുന്നണിയിലേക്ക് ചേക്കേറിയതും മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യൽ എൻജിനിയറിംഗ് വൈദഗ്ദ്ധ്യവും ക്രൈസ്തവ മേഖലയിൽ ഇടതുമുന്നണിക്ക് അനുകൂലമായ രാഷ്ട്രീയാന്തരീക്ഷം ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. പക്ഷേ, തിര‌ഞ്ഞെടുപ്പ് വോട്ടുകണക്കുകൾ സൂക്ഷ്മമായി വിശകലനം ചെയ്ത ഏജൻസികളുടെ കണ്ടെത്തലുകളനുസരിച്ച്, യു.ഡി.എഫിനെ ക്രിസ്ത്യൻ മേഖല പാടേ തഴഞ്ഞിട്ടില്ലെന്ന് കാണാനാകും. തഴഞ്ഞിട്ടില്ലെന്ന് മാത്രമല്ല, യു.ഡി.എഫിന് പിടിച്ചുനിൽക്കാനായത് തന്നെ ഒരു പരിധി വരെ ക്രൈസ്തവമേഖലയിലെ പിന്തുണ കൊണ്ടായിരുന്നുവെന്നും കാണുന്നു. മുസ്ലിം, ക്രൈസ്തവ പിന്തുണ ഏറെ തുണയായത് യു.ഡി.എഫിന് തന്നെയാണ്. മുസ്ലിംലീഗിന്റെ സാന്നിദ്ധ്യമാണ് മുസ്ലിം പിന്തുണ യു.ഡി.എഫിന് കൂടുതൽ അനുകൂലമാക്കിയത്. ക്രൈസ്തവമേഖലയിൽ പക്ഷേ, കോൺഗ്രസ് മുന്നണിയുടേത് പരമ്പരാഗത വോട്ട് അടിത്തറ തന്നെയാണ്. അല്പം ചോർച്ച ഉണ്ടായിട്ടുണ്ടെങ്കിലും. ആ ചോർച്ച ഗുണമുണ്ടാക്കിക്കൊടുത്തത് ഇടതിനാണ്.

2016ലേക്കാൾ ക്രൈസ്തവ പിന്തുണയിൽ ഏഴ് ശതമാനത്തിന്റെ വർദ്ധനയാണ് യു.ഡി.എഫിനുണ്ടായത്. അതേസമയം, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നോക്കിയാൽ ഇത് കുറവാണ്. ക്രിസ്ത്യൻ മേഖലയിൽ നിന്ന് ഇടതുമുന്നണിക്ക് ലഭിച്ച വോട്ട് നിലയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ 14 ശതമാനം വർദ്ധനയുണ്ടായിട്ടുണ്ട്. മുസ്ലിം പിന്തുണയും നാല് ശതമാനം വർദ്ധിച്ചു.

മാർ ജോർജ്ജ് ആലഞ്ചേരിയും പി.ജെ. ജോസഫും

കെ.എം. മാണിയുടെ നിര്യാണത്തിന് ശേഷം മുതിർന്ന നേതാവ് പി.ജെ. ജോസഫ് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ സന്ദർശിക്കുകയുണ്ടായി. അദ്ദേഹത്തിൽ നിന്ന് അപ്രതീക്ഷിത പ്രതികരണം ജോസഫിനോടുണ്ടായി എന്ന് കേരള കോൺഗ്രസ്സുകാർക്കിടയിൽ സംസാരമുണ്ട്. അത് ഈ സ്കോളർഷിപ്പ് വിതരണത്തെപ്പറ്റിയായിരുന്നു. ജനസംഖ്യാനുപാതികമായി നിങ്ങളെന്തുകൊണ്ട് ഇത് പുന:ക്രമീകരിച്ചില്ലെന്ന് അദ്ദേഹം ജോസഫിനോട് കയർത്തെന്നാണ് പറയപ്പെടുന്നത്. യു.ഡി.എഫ് ഭരിച്ച 2011 മുതൽ 16 വരെയുള്ള കാലയളവിലും പാലോളി കമ്മിഷൻ നിർദ്ദേശിച്ചത് പ്രകാരമുള്ള സ്കോളർഷിപ്പ് വിതരണത്തിൽ മാറ്റം വരുത്താതിരുന്നതാണ് പ്രകോപനം.

യു.ഡി.എഫിനും കോൺഗ്രസിനും കത്തോലിക്ക വോട്ട് ബാങ്ക് പ്രധാനമാണ്. കേരള കോൺഗ്രസിന്റെ തലതൊട്ടപ്പന്മാരിൽ കെ.എം. മാണി അന്തരിച്ചു. മാണി കഴിഞ്ഞാൽ രണ്ടാം മേളപ്രമാണിയാണ് ജോസഫ്. കത്തോലിക്കാസഭയുടെ പ്രതിബിംബങ്ങൾ. അവിടേക്ക് ജോസ് കെ.മാണി മെല്ലെ പദം വച്ച് മുന്നേറുന്നു. അവരിപ്പോൾ ഇടതുപക്ഷത്താണ്. അനുകൂല കാലാവസ്ഥയെ ദൃഢപ്പെടുത്തിയെടുക്കാനാണ് ഇടതുശ്രമം. കോൺഗ്രസിന് ക്രൈസ്തവബെൽറ്റ് ജീവവായുവാണെന്നിരിക്കെ, സർക്കാർ തീരുമാനത്തെ അവർക്ക് തള്ളിപ്പറയാനാവില്ല. മുസ്ലിംലീഗിനെയും മുസ്ലിം ജനസാമാന്യത്തെയും കൂടെ നിറുത്തുകയും വേണം. അതിനാലാണ് ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വണ്ണം വർത്തമാനങ്ങൾ പറയാനുള്ള നയതന്ത്ര വൈദഗ്ദ്ധ്യം പ്രകടിപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ മെനക്കെടുന്നത്.

ക്രൈസ്തവമേഖലയിൽ സ്വീകാര്യത നേടിയെടുക്കുമ്പോഴും മുസ്ലിം മേഖലയിൽ ചോർച്ചയുണ്ടാകാതിരിക്കാനുള്ള കരുതൽ ഇടതുപക്ഷത്തുമുണ്ട്. മലബാറിലെ ലീഗ് കോട്ടകളിൽ പോലും ചിലേടങ്ങളിൽ ഇക്കുറി കടുത്ത മത്സരം ഇടതിന് കാഴ്ചവയ്ക്കാനായിട്ടുണ്ട്. ആ പിന്തുണ നിലനിറുത്തിക്കൊണ്ടു പോകണം. അതിനാൽ, തന്ത്രപരമായ സാമർത്ഥ്യം ഇനിയുള്ള ദിവസങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്.

പുതിയ സ്കോളർഷിപ്പ് വിഭജന ഫോർമുലയോടെ, സുറിയാനി കത്തോലിക്കരും ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ തുടങ്ങിയവരുമൊക്കെയുൾപ്പെട്ട മുന്നാക്ക ക്രൈസ്തവർക്കും ആനുകൂല്യങ്ങളെത്തും. അതേപ്പറ്റി ചോദിച്ചപ്പോൾ ചില ക്രിസ്ത്യൻ സുഹൃത്തുക്കൾ, ചില സമ്പന്ന മുസ്ലിം പ്രമാണിമാരുടെ പേരെടുത്ത് പറഞ്ഞ് തിരിച്ചുചോദിച്ചു: "അവരുടെ മക്കൾക്കും സ്കോളർഷിപ്പ് കിട്ടില്ലേ."

കേരളീയമായ സാമൂഹ്യപരിസരത്ത് നിന്ന് നോക്കുമ്പോൾ ഇത്തരം ചോദ്യങ്ങളൊക്കെ ചർച്ച ചെയ്യപ്പെടുന്നത് സ്വാഭാവികം എന്ന് സമാധാനിക്കുകയാണ് വഴി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA, MINORITY SCHOLARSHIP
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.