SignIn
Kerala Kaumudi Online
Friday, 19 April 2024 8.32 AM IST

വിളംബ താളത്തിന്റെ ഗിരിശിഖരങ്ങൾ

b-sandhya

നീലനിറമാർന്ന സിന്ധുനദി അങ്ങു താഴെ ഒഴുകുന്നതിനു സമാന്തരമായി ഉയർന്ന റോഡിലൂടെയാണു ലഡാക്കിലേക്കുള്ള യാത്ര. മഴവിൽ വർണങ്ങൾ നിറഞ്ഞ പാറക്കെട്ടുകൾ വലിയ അത്ഭുതമായി തോന്നും. ഇടയ്ക്കിടക്ക് ലോകപ്രസിദ്ധമായ പഷ്മീന കമ്പിളിത്തരങ്ങൾക്കായി വളർത്തുന്ന ആട്ടിൻപറ്റങ്ങളെ മേയ്ച്ചു കൊണ്ട് ചാംങ്ങ്പ വർഗക്കാരായ ഇടയന്മാർ പോകുന്നതൊഴിച്ചാൽ വിജനമാണു റോഡുകൾ. 'മൃദുസ്വർണം' എന്നാണ് പഷ്മീന കമ്പിളിയെ വിശേഷിപ്പിച്ചിരുന്നത്.

പഴയ ബുദ്ധിസ്റ്റ് സാമ്രാജ്യമായിരുന്ന ലഡാക്കുമായി യുദ്ധങ്ങളും കരാറുകളും പലപ്പോഴും മുഗൾ, സിക്ക് രാജാക്കന്മാരും ബ്രിട്ടീഷുകാരുംഉണ്ടാക്കിയത് പഷ്മീനയെ ചൊല്ലിയാണ്. നിരുപദ്രവ ജീവികളായ ഈ ആടുകളും സമാധാനത്തോടെ ജീവിക്കുന്ന അവരുടെ ഇടയന്മാരും കൗതുകക്കാഴ്ച. ഇവയെ പ്രതി എത്ര യുദ്ധങ്ങൾ! ലഡാക്കിലെത്തുന്നതിന് ഏതാണ്ട് 30 കി.മീറ്ററിനിപ്പുറം (ലേ -കാർഗിൽ റോഡിൽ) ഞങ്ങളുടെ ഡ്രൈവർ ഭൈയ്യാ കാറിന്റെ എൻജിൻ ഓഫാക്കി. ചെറിയ വേഗത്തിൽ കുന്നിനു മുകളിലേക്ക് ആരോ കയറിട്ടു വലിക്കുന്നതുപോലെ കാറ് നീങ്ങി! 'ഗ്രാവിറ്റി ഹിൽ' എന്നാണ് ഈ പ്രത്യേക സ്ഥലം അറിയപ്പെടുന്നത്. ഗ്രാവിറ്റി അഥവാ ഗുരുത്വാകർഷണ നിയമം ബാധകമല്ല എന്ന പോലെ ഇവിടം സ്ഥിതി ചെയ്യുന്നു. സമുദ്ര നിരപ്പിൽ നിന്നു 14000 അടി ഉയരത്തിലാണ് ഈ സ്ഥലം. അങ്ങു താഴെ സിന്ധു നദി ഒഴുകുന്നതും കാണാം.

ഈ കുന്നിനു വളരെ ശക്തമായ കാന്തികശക്തി ഉണ്ടെന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്, അല്ലാതെ അദ്ഭുതമൊന്നുമല്ല എന്നാണ് ഒരു പക്ഷം. ഇത് ഒരു 'ഒപ്റ്റിക്കൽ ഇല്യൂഷൻ' മാത്രമാകാനും സാദ്ധ്യതയുണ്ട്. മാനസ സരോവറിനടുത്തു നിന്ന് ഉത്ഭവിച്ച് ലഡാക്കിലേക്കൊഴുകുന്ന സിന്ധുനദിക്ക് മരതകപ്പച്ച നിറമാണിവിടെ. നിമ്മു വാലി എന്ന സ്ഥലത്തെത്തുമ്പോൾ ഇന്ദ്രനീല നിറമാർന്ന സൻസ്‌കാർ നദിയും സിന്ധുവും പരസ്പരം പുണരുന്ന കാഴ്ച അതീവ സുന്ദരമാണ്. റിവർ റാഫ്റ്റിംഗ് പോലെയുള്ള രസകര വിനോദത്തിൽ പലരും ഇവിടെ ഏർപ്പെടുന്നുണ്ട്. ലഡാക്ക്-മണാലി ഹൈവേ കൂടാതെ ഇവിടെ നിന്ന് സൻസ്‌കാർ താഴ്വരയിലേക്കും അതുവഴി ഹിമാചലിലെ ലാഹുൾ-സ്പിറ്റിയിലേക്കുമുള്ള റോഡിന്റെ പണി പുരോഗമിയ്ക്കുകയായിരുന്നു. ഇപ്പോൾ ആ റോഡ് പൂർത്തിയായിട്ടുണ്ടാവണം. ലഡാക്കിലെയും ഹിമാചലിലെയും ഗ്രാമങ്ങൾ തമ്മിലുള്ള ദൂരം 600 കി.മീ. കുറയുക എന്നാൽ ടൂറിസം, ചരക്കുഗതാഗതം ഇവയൊക്കെ സുഗമമാകുക എന്നർത്ഥമാക്കാം. മുറിയിലിരുന്നു പകൽ കണ്ട കാഴ്ചകളെ കുറിച്ചൊക്കെ സംസാരിച്ചു കൊണ്ടിരിയ്ക്കുന്നതിനിടെ ഓക്സിജന്റെ കുറവ് എനിക്കും മോൾക്കും അനുഭവപ്പെട്ടു തുടങ്ങി. ഭർത്താവും അമ്മയും പ്രത്യേകിച്ച് മാറ്റമൊന്നും അനുഭവപ്പെടുന്നില്ലെന്നു പറഞ്ഞു. എനിക്ക് മൂക്കിനുള്ളിൽ വരൾച്ചയും ഏതാണ്ട് പനി വരുമ്പോഴുള്ള പോലുള്ള ഒരു തോന്നലമുണ്ടായി. സന്ധ്യ മയങ്ങിക്കഴിഞ്ഞപ്പോൾ ടൗണിലെ ഏതെങ്കിലും റെസ്റ്റോറന്റിൽ കയറി ആഹാരം കഴിയ്ക്കാമെന്നു കരുതി ഞങ്ങൾ പുറത്തേക്കു പോയി. രണ്ടാം നിലയിലുള്ള ഒരു റസ്റ്റോറന്റിന്റെ മുൻപിലെത്തിയപ്പോൾ ഇവിടത്തെ ഭക്ഷണം നന്നാകും എന്നായി സാരഥി. എന്നാൽ അത്രയും പടികയറിയാൽ പ്രശ്നമാകുമോയെന്ന് എനിയ്ക്ക് സംശയം. അതുകൊണ്ട് മറ്റൊരു സ്ഥലത്തേയ്ക്കു പോയി. ഒന്നാംതരം ടിബറ്റൻ ഭക്ഷണവും നല്ല മര്യാദയും സ്‌നേഹവും നിറഞ്ഞ പെരുമാറ്റവും അവിടെ കിട്ടി. ഞങ്ങൾക്കു ഭക്ഷണം വിളമ്പിയ പയ്യൻ കാഴ്ചയിൽ ഒഴിവാക്കാതിരിക്കേണ്ട ലഡാക്ക് രാജകൊട്ടാരം, ബുദ്ധവിഹാരം ഇവയെ കുറിച്ചൊക്കെ വാചാലനായി. റോഡിനരികിൽ എല്ലായിടത്തും കാണുന്ന വെളുത്ത സ്തൂപങ്ങൾ എന്താണെന്ന ചോദ്യത്തിന് മരിച്ച ബുദ്ധ സന്യാസിവര്യന്മാരെ അടക്കിയിരിക്കുന്ന കല്ലറകളാണവയെന്നായിരുന്നു ഉത്തരം. പിറ്റേദിവസത്തെ യാത്രയ്ക്കിടെ ഉച്ചഭക്ഷണം കഴിയ്ക്കാനായി കയറിയ ഒരു കൊച്ചു റസ്റ്റോറന്റിന്റെ ഒരു ഭാഗത്ത് പഷ്മീന ഷാളും അതിമനോഹരമായ ചിത്രപ്പണികൾ ചെയ്ത സൽവാർ മെറ്റീരിയലുകളുമൊക്കെ വിൽക്കുന്നു. ഇവയൊക്കെ ഇവിടത്തുകാർ തയ്ക്കുന്നതാണോ എന്നു ഞാൻ ചോദിച്ചു. പലതും ഹിമാചൽ ഗ്രാമങ്ങളിൽ നിന്നും വരുന്നതാണത്രേ. ആട്ടിടയക്കൂട്ടത്തിന്റെ ജിപ്സി യാത്രകളിൽ ഇത്തരം സാധനങ്ങളുടെ ക്രയവിക്രയവും നടക്കുന്നു.

ടിബറ്റൻ മാർക്കറ്റുകളിലൊക്കെ സാധനങ്ങൾക്കു തീപിടിച്ച വിലയാണ്. ഇത്തരം ഒറ്റപ്പെട്ട കൊച്ചു പീടികകളിൽ കുറച്ചു കൂടി 'യഥാർത്ഥ' വസ്തുക്കൾ കിട്ടുമെന്നു തോന്നി. നുബ്രാ വാലിയിലേക്കുള്ള യാത്രയിൽ ഖർഡൂൻഗ്ലാപാസ് (18380 അടി ഉയരം) കടക്കുമ്പോൾ അരികത്തുള്ള പൊലീസ് ഔട്ട് പോസ്റ്റിലിറങ്ങി അവരുടെ ആതിഥേയത്വം സ്വീകരിച്ച് ഓരോ ചായ കുടിച്ചു. എത്രയും പെട്ടെന്നു ചായ കുടിച്ച് സ്ഥലം വിട്ടോളൂ... ഇവി
ടെ അധികസമയം തങ്ങിയാൽ ശ്വാസം കിട്ടാതെ വിഷമമുണ്ടാകാൻ സാദ്ധ്യതയുണ്ട്. അവർ പറഞ്ഞത് അക്ഷരാർത്ഥത്തിൽ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. മഞ്ഞണിഞ്ഞ മനോഹര കാഴ്ചകളോടു ഞങ്ങൾ വേഗം വിട പറഞ്ഞു. നുബ്രാ വാലിയിൽ 'സ്വിസ് ടെന്റു'കളിലായിരുന്നു താമസം. അതിനു മുൻപിലെ പാടത്തു പണിയെടുക്കുന്ന സ്‌ത്രീയ്‌ക്ക് നല്ല പ്രായം തോന്നി. അവരോട് വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞു. കൂലിക്ക് പണിയെടുക്കുകയാണ്.
ജീവിക്കാനുള്ളത് കിട്ടും, അതുകൊണ്ട് സന്തോഷം എന്നു പറഞ്ഞു. രണ്ടു മുഴകളുള്ള തനത് ഒട്ടകത്തിന്റെ പുറത്തു കയറിയുള്ള വിനോദയാത്ര മണലാരണ്യത്തിന്റെ ഭംഗി കൂടുതൽ കാട്ടിത്തന്നു. ലഡാക്കികളുടെ ഒരു നൃത്തപരിപാടി കണ്ടു. വളരെ പതുക്കെയാണവർ ചുവട് വയ്ക്കുന്നത്. ശ്വാസതടസമുണ്ടാകാതിരിക്കാൻ വിളംബതാളത്തിലുള്ള ചുവടുകൾ മാത്രമേ ലഡാക്കികളുടെ നൃത്തത്തിലുള്ളൂ. അവിസ്മരണീയമായ യാത്രയിലുടനീളം സിയാച്ചിനിൽ ജോലി ചെയ്യുന്ന സൈനികർ ഈ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഐ.റ്റി.ബി.പി /പൊലീസ് ഉദ്യോഗസ്ഥരുടെ രാജ്യത്തിനായുള്ള ത്യാഗം അനുസ്മരിച്ചു കൊണ്ടേയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MIZHIYORAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.