SignIn
Kerala Kaumudi Online
Thursday, 28 March 2024 10.20 PM IST

മാറ്റത്തിന് മസൂറി ഓർമ്മിപ്പിച്ചത്

photo

'അത്യാർത്തിയുള്ള ആളെ പണം കൊണ്ട് സ്വാധീനിക്കാം. അഹങ്കാരിയെ തൊഴുതുകൊണ്ടു പ്രീതിപ്പെടുത്താം. വിഡ്ഢിയെ അവൻ ചെയ്യുന്നതിനോട് യോജിച്ചുകൊണ്ടു സന്തോഷിപ്പിക്കാം. എന്നാൽ ജ്ഞാനിയെ വശത്താക്കാൻ സത്യം തുറന്നു പറയുകയേ നിവൃത്തിയുള്ളൂ. മേൽപ്പറഞ്ഞതു ചാണക്യദർശനം. സത്യം
തുറഞ്ഞുപറഞ്ഞാൽ അതുൾക്കൊള്ളുന്നവരെ കാണാൻ സാധിക്കുക അപൂർവം. ബീർബലിന്റെ തുറന്നുപറച്ചിലുകൾ ഉൾക്കൊള്ളാൻ കഴിഞ്ഞ അക്ബർ വിജയിയായ
ഭരണാധികാരിയായി. പച്ചപ്പരമാർത്ഥം തുറന്നുപറയാനും ഉൾക്കൊള്ളാനും കഴിയുന്നവർ ഏറെ ഉള്ളിടത്തേ നീണ്ടുനിൽക്കുന്ന സമാധാനം ഉണ്ടാവുകയുളളൂ. തുറന്നു പറച്ചിലുകൾ നടത്തുന്നതിനു കൂടിയാണ് സിവിൽ സർവന്റസ് ശമ്പളം പറ്റുന്നത്. നന്നായി പഠിച്ച് വളരെ പ്രൊഫഷണലായി കാര്യങ്ങൾ അളന്നു കുറിച്ച് തുറന്നു പറയുന്ന ഉദ്യോഗസ്ഥരും അതുൾക്കൊണ്ടു പ്രവർത്തിക്കുന്ന ഭരണാധികാരിയുമുള്ള നാട്ടിൽ സദ്ഭരണത്തിനു സാദ്ധ്യത തെളിയുന്നു.' ഒരു ചർച്ചയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് യുഗാന്ധർ സാർ പറഞ്ഞു. (ബി.എൻ യുഗാന്ധർ ഐ.എ.എസ്, ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാഡമി ഒഫ് അഡ്മിനിസ്‌ട്രേഷന്റെ അന്നത്തെ ഡയറക്ടർ) തികഞ്ഞ സത്യസന്ധൻ. സർവീസിലുടനീളം പാവങ്ങളെ സഹായിക്കുന്നതിൽ ബദ്ധശ്രദ്ധൻ. അങ്ങനെ ശ്രദ്ധേയനായ വ്യക്തിയാണ് യശ്ശശരീരനായ യുഗാന്ധർ സാർ. ഫൗണ്ടേഷൻ കോഴ്സിന്റെ ഭാഗമായുള്ള ഒരു ചർച്ചയ്ക്കു മസൂറി അക്കാഡമിയിലെ സർദാർ പട്ടേൽ ഹാളിൽ തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം. 'ഭരണാധികാരിയുടെ കാതിനു കുളിരേകുന്ന കാര്യങ്ങൾ മാത്രം പറയുന്ന സിവിൽ സർവന്റ്‌സ് അഴിമതിക്കാരും സ്വജനപക്ഷപാതികളും ആയിരിക്കാനാണു സാദ്ധ്യത.' ഭരണത്തെ പടുകുഴിയിലെത്തിക്കാനും സ്വയം ജയിലിലാകാനും സാദ്ധ്യതയുള്ള ഇക്കൂട്ടരെക്കുറിച്ച് കുറച്ചുകൂടി വ്യക്തമായി പറയാൻ ഞങ്ങളുടെ ഇക്കോണമിക്സ് പ്രൊഫസർ ബാനർജി സാർ തന്റെ സ്വതസിദ്ധമായ നർമ്മശൈലിയിൽ തയ്യാറായി.

'എത്തിക്കൽ ഡിലമ'യെക്കുറിച്ചുള്ള ചർച്ച ചൂടുപിടിക്കവെ ബ്രേക്ക് സമയമായി. ചായ കുടിക്കാൻ ഞങ്ങൾ പുറത്തിറങ്ങി. ചൂടുചായ ഊതിക്കുടിച്ചുകൊണ്ട് തന്റെ 'എത്തിക്കൽ ഡിലമ'യെക്കുറിച്ച് ഒരു പ്രൊബേഷണർ വാചാലനായി. വിവാഹം കഴിഞ്ഞതേയുള്ളൂ… ഭാര്യയെ മസൂറിയിലേക്ക് കൊണ്ടുവരണം… അക്കാഡമിയിൽ താമസിപ്പിക്കാൻ അനുവാദമില്ല… മസൂറിയിൽ ഒരു നല്ല മുറി ലഭിക്കാൻ ചുരുങ്ങിയത് അയ്യായിരം രൂപയാകും… എന്തു ചെയ്യും? അമ്മായിയച്ഛനോട് ചോദിയ്ക്കാതെ?
ഞങ്ങൾ രണ്ടു സ്ത്രീ പ്രെബേഷണർമാർ സ്വകാര്യമായി പറഞ്ഞു

'ഇയാൾക്കു ഭാര്യയെ കാണാതെ മൂന്നുമാസം ഇരുന്നുകൂടെ? ഇത്തരം പൊയ്മുഖങ്ങളും കള്ളനാണയങ്ങളും എത്രയാണു സർവീസിൽ! ഇത്തരക്കാരെ ഒഴിവാക്കാൻ ഒരു മാർഗവും നമ്മുടെ സിവിൽ സർവീസ് പരീക്ഷയിൽ സ്വീകരിച്ചിട്ടില്ലല്ലോ, കഷ്ടം!'

ഞങ്ങളുടെ ഒരു കൂട്ടുകാരി ഐ.എ.എസിലാണ്. അവരും ഒരു ഐ.പി.എസ് ഓഫീസറും പ്രണയത്തിലായി വിവാഹിതരാകാൻ തീരുമാനിച്ചു. ഒരു കാര്യമല്ലെങ്കിൽ മറ്റൊന്നു പറഞ്ഞ് വിവാഹം നീട്ടിവയ്ക്കാൻ അയാളുടെ അമ്മ കാരണങ്ങൾ കണ്ടെത്തിക്കൊണ്ടിരുന്നു. ഒടുവിൽ മകന്റെ നിർബന്ധത്തിനു വഴങ്ങി ഭാവി മരുമകളെ കാണാനെത്തിയ അമ്മ പറഞ്ഞു

'എന്റെ മോന് ഒരു കോടി രൂപ സ്ത്രീധനം കിട്ടേണ്ടതായിരുന്നു… നീ കാരണം എല്ലാം പോയി', അവളും വിട്ടുകൊടുത്തില്ല…
'ഒാഹോ, ഒരു കോടി എനിയ്ക്കും ഇങ്ങോട്ട് ആവശ്യപ്പെടാമല്ലോ, ഞാനും ഐ.എ.എസ് ഓഫീസറല്ലേ?' അവർ മിണ്ടിയില്ല. ആ അമ്മായിയമ്മ പ്രായമായപ്പോൾ നന്നായി ശുശ്രൂഷിക്കാൻ ഈ ഐ.എ.എസ് മരുമകളേ ഉണ്ടായിരുന്നുള്ളൂ. ഒട്ടേറെപ്പേർ വലിയ സ്ത്രീധനം വാങ്ങി വിവാഹിതരാകുന്ന കാഴ്ച അക്കാലത്ത് സ്ത്രീ പ്രെബേഷണർമാരെ മാത്രമേ ഞെട്ടിച്ചുള്ളൂ. ഈ അടുത്തിടെ ലോകബാങ്ക് ബ്ലോഗിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ സ്ത്രീധനത്തോത് ഏറ്റവുമധികം വർദ്ധിച്ച സംസ്ഥാനം കേരളമാണെന്ന് പറയുന്നു. തറവാട്ടിൽ ഒരു പെൺതരിയുണ്ടായാൽ തറവാട് അന്യം നിൽക്കാതിരിക്കുമെന്നു വിശ്വസിച്ചിരുന്ന ഒട്ടേറെ സമുദായങ്ങളുണ്ടായിരുന്ന സംസ്ഥാനമായിരുന്നു കേരളം. അത്തരം അവസ്ഥയിൽ നിന്നു നാം ഈ അവസ്ഥയിൽ എത്തിച്ചേർന്നതിന് ഒട്ടേറെ കാരണങ്ങൾ കണ്ടേക്കാം. തൊഴിൽശക്തിയിൽ സ്ത്രീകളുടെ പങ്കാളിത്തം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണു കേരളം. വിദ്യഭ്യാസമുണ്ടെങ്കിലും വ്യക്തിവികസനത്തിലും സ്ത്രീ സ്വാതന്ത്ര്യബോധത്തിലും വളരെ പിന്നാക്കമാണ് കേരളമെന്നത് ഒരു പ്രധാന കാരണമായിരിക്കാം. അധികാര സ്ഥാനങ്ങളിലെത്താൻ അതുകൊണ്ടു തന്നെ സ്ത്രീകൾക്കു കഴിയാതെ പോകുന്നു. ക്രിട്ടിക്കൽ മാസ്

(33.33 ശതമാനം) അല്ലാത്ത ഏതു വിഭാഗത്തെയും അടിച്ചമർത്താനും നിശബ്ദമാക്കാനും വളരെ എളുപ്പമാണെന്ന ശാസ്ത്രസത്യവും നമുക്ക് ഇതിനോടു കൂട്ടിവായിക്കാം. സ്ത്രീകളിൽ ആത്മവിശ്വാസവും ശക്തിയും വളർത്തുന്നതിനു പര്യാപ്തമായ സെൽഫ് ഡിഫൻസ് ട്രെയിനിംഗ് ജനമൈത്രി പൊലീസിന്റെ ഭാഗമായി പെൺകുട്ടികൾക്കും സ്ത്രീകൾക്കും നൽകി വരുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥരായ സുൽഫത്ത്, ജയ്‌മേരി, അനീസ്ബാൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ലക്ഷകണക്കിനു സ്ത്രീകൾക്ക് ഈ പരിശീലനം നൽകിക്കഴിഞ്ഞു. ഇതു കേരളത്തിലെ മുഴുവൻ സ്ത്രീകൾക്കും നൽകുന്നത് ഉചിതമാണ്. വലിയ മാറ്റങ്ങൾക്കു ചാലകശക്തിയാകാൻ കഴിയുന്ന അന്തരീക്ഷമുണ്ടായാൽ ഒരുപക്ഷേ പുതിയൊരു പുലരി പ്രതീക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MIZHIYORAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.