SignIn
Kerala Kaumudi Online
Friday, 19 April 2024 9.09 PM IST

കൊച്ചു സന്തോഷങ്ങളും വലിയ ദു:ഖങ്ങളും

mashithandu

കുട്ടികളുടെ കൊച്ചുകൊച്ചു സന്തോഷങ്ങൾ അവരുടെ സ്വഭാവ രൂപീകരണത്തിൽ സുപ്രധാന പങ്കുവഹിയ്ക്കുന്നു. സ്ലേറ്റ് മായ്ക്കാനുള്ള മഷിത്തണ്ടും കല്ലുപെൻസിലും ടൂത്ത് പേസ്റ്റിന്റെ കൂടിനുള്ളിൽ നിന്നു കിട്ടുന്ന കൊച്ചു മൃഗരൂപങ്ങളും മൃഗങ്ങളുടെ രൂപങ്ങളിൽ കിട്ടുന്ന കൊച്ചു ബിസ്‌കറ്റും കേക്കും പൊതിഞ്ഞു വരുന്ന വർണക്കടലാസുകളും മറ്റുമായിരുന്നു ഞങ്ങളുടെ കുട്ടിക്കാലത്തെ വലിയ 'സമ്പാദ്യങ്ങൾ'. ഏറ്റവുമടുത്ത കൂട്ടുകാർക്ക് മാത്രം കൈമാറുകയും ചിലപ്പോൾ ഏതെങ്കിലുമിത്തരമൊരു കൗതുക വസ്തുവിനായി മറ്റൊന്നു കൈമാറുകയുമൊക്കെ ചെയ്യുന്നതായിരുന്നു ചെറിയ ക്ലാസുകളിലെ സന്തോഷനിദാനമായ വലിയ സംഭവങ്ങൾ.

നാലാം ക്ലാസിൽ പഠിക്കുന്ന ചേച്ചിമാരും ചേട്ടൻമാരും പേന ഉപയോഗിയ്ക്കുന്നു. അതിനാൽ അവർ അസൂയാവഹമായി വളർന്നവരാണ്. അവരുടെ മഷി പറ്റിയ (ലീക്കായ പേനയിൽ നിന്ന്) കൈവിരലുകൾ എത്ര അസൂയയോടെയാണു താഴ്ന്ന ക്ലാസുകളിൽ പഠിയ്ക്കുമ്പോൾ ഞങ്ങൾ കണ്ടിരുന്നത്. നാലാം ക്ലാസിലെത്തി ആദ്യമായി പേന കൈയ്യിൽ കിട്ടിയപ്പോഴുണ്ടായ സന്തോഷം! മഷി വീട്ടിൽ നിന്ന് സൂക്ഷ്മതയോടെ അമ്മ നിറച്ചു തന്നു. സ്‌കൂളിലെത്തി നോട്ടു ബുക്കിൽ പേനകൊണ്ടെഴുതി. പുതിയ പേനയായതിനാൽ ലീക്കില്ലല്ലോ. എന്നാൽ ഞങ്ങളിൽ പലരും മനപൂർവം കൈവിരലുകൾക്കിടയിൽ മഷി പറ്റിച്ചു. ഇന്റർവെൽ സമയത്ത് ചെറിയ ക്ലാസിലെ കുട്ടികളുടെ മുൻപിൽ കൈവിരൽ കാണത്തക്കവിധം ഗമയോടെ നടന്നു. ഓണം കഴിഞ്ഞു പുതിയ ഷർട്ടിട്ടു ക്ലാസിൽ വന്ന അജയന്റെ ഷർട്ടിൽ പിന്നിലെ ബഞ്ചിലിരുന്ന അലക്സ് പേനയിലെ കരടു കുടയുന്ന നാട്യത്തിൽ മഷി കുടഞ്ഞു. ടീച്ചറിന്റെ ചൂരൽ കയ്യിലാഞ്ഞു പതിയ്‌ക്കുമ്പോഴും അലക്സിന്റെ ചുണ്ടിൽ അജയന്റെ പുതിയ ഷർട്ടിൽ മഷി കുടഞ്ഞതിന്റെ ഗൂഢസന്തോഷം നിറഞ്ഞു. ഇന്റർവെൽ കഴിയുമ്പോഴേയ്ക്കും രണ്ടുപേരും വൈരം മറന്നു ഓടിപ്പിടിത്തം കളിക്കാൻ ഒരുമിയ്ക്കുകയും ചെയ്തതോർക്കുന്നു. ടീച്ചർമാർ വരാത്ത പീരിയഡ് ഏറ്റവും സന്തോഷം നിറഞ്ഞതാണ്. ഞങ്ങളോരോ കളി തുടങ്ങുമ്പോഴേക്കും പകരമായി ക്ലാസ് ടീച്ചറെത്തി 'സൈലൻസ് ' എന്നു പറഞ്ഞു ചൂരൽ മേശപ്പുറത്തടിയ്ക്കും. പിന്നെ ചിലപ്പോൾ തയ്യൽ പീരിയഡാണെങ്കിൽ തൂവാലയിലെ ചിത്രം തുന്നിത്തീർക്കാൻ കല്പിയ്ക്കും. ചിലപ്പോൾ കുട്ടികളോടു പാട്ടുപാടാൻ ആജ്ഞാപിയ്ക്കും. ടീച്ചർ പാട്ടുപാടാൻ പറഞ്ഞപ്പോൾ ബാബു പാടിത്തുടങ്ങി,

'ഓമലാളേ കണ്ടൂ ഞാൻ പൂങ്കിനാവിൽ... '
ടീച്ചർ കാതുപൊത്തിയതെന്തിനാണെന്നു ടീച്ചറിനു മാത്രമേ മനസിലായുള്ളൂ. 'നിത്യവിശുദ്ധയാം കന്യാമറിയമേ' പാടട്ടേ എന്നു ചോദിച്ചപ്പോൾ ടീച്ചർ സന്തോഷപൂർവം സമ്മതിച്ചു. അഞ്ചാം ക്ലാസിലെത്തിയപ്പോഴേയ്ക്കും പത്താം ക്ലാസിലെ ചിലരുടെ കയ്യിലിരിക്കുന്ന സ്വർണക്യാപ്പുള്ള ഹീറോ പേനയോടായി ആരാധന. ധൈര്യം സംഭരിച്ച് ഒരു ചേച്ചിയോടു ചോദിച്ചു
'ചേച്ചീ ഈ പേന സ്വർണമാണോ? ' പൊട്ടിച്ചിരിച്ചുകൊണ്ടുള്ള ചേച്ചിയുടെ അല്ല എന്ന മറുപടി കേട്ടപ്പോൾ ആശ്വാസമായി. പത്തിലെത്തുമ്പോൾ ഒരു ഹീറോ പേന സ്വന്തമാക്കാമെന്നു സ്വപ്നമെങ്കിലും കാണാമല്ലോ! ഇത്തരം കൊച്ചു കൊച്ചുനുറുങ്ങുകൾ ഇന്നത്തെ ബാല്യത്തിനും സ്വന്തമായി ഉണ്ടാകാം. എന്നാൽ കൊച്ചു സന്തോഷങ്ങളും കൊച്ചു ദു:ഖങ്ങളും ഇന്ന് എത്ര വ്യത്യസ്തമാണ് ! സ്‌കൂളിലെ ആഘോഷങ്ങളിൽ അലങ്കാരത്തിനായി അച്ഛനോടു പറഞ്ഞ് കൊന്നപ്പൂവും ശവംനാറിപ്പൂവുമൊക്കെ പറിപ്പിച്ചു കൊണ്ടുപോയിരുന്ന പഴയ കാലമെവിടെ... വർണക്കടലാസുകളും പ്ലാസ്റ്റിക് അലങ്കാരവസ്തുക്കളും കൊണ്ടു നിറഞ്ഞ പുതിയ കാലമെവിടെ! ഞങ്ങൾ ഓരോ ക്ലാസുകാരും ചെറിയ പൂന്തോട്ടം ക്ലാസിനു പിന്നിൽ നട്ടുപിടിപ്പിച്ചതോർക്കുന്നു. 'ഹൗസു' തിരിച്ചുള്ള ആദ്യ കൂട്ടായ്മ. അതിലേയ്ക്കായി വീട്ടിൽ നിന്നു റോസാക്കമ്പും സൂര്യകാന്തിയുടെ വിത്തും മറ്റും ഞങ്ങൾ മത്സരിച്ചു കൊണ്ടുപോയിരുന്നതോർക്കുന്നു.

ഇന്ന് മൊബൈൽ ഫോണും ഗൂഗിളും വെർച്ച്വൽ ഗെയിമുകളും ഒക്കെയായി കുട്ടികളുടെ കൂട്ടുകാർ. ഓരോരുത്തരും ഉപയോഗിച്ചു വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഭൂമിയുടെ കാലാവസ്ഥാ വ്യതിയാനത്തിന് അതിന്റേതായ പങ്കു നൽകുന്നു. പ്രകൃതിയിൽ അലിയുന്ന വസ്തുക്കൾ മാത്രമുപയോഗിച്ച് രസിച്ച പഴയ ബാല്യത്തിൽ നിന്ന് എത്ര വ്യത്യസ്തമാണ് ഇന്നത്തെ ബാല്യം. ചുരുങ്ങിയ പക്ഷം വലിയ നിർമ്മാണങ്ങൾക്കായി നാം പ്രകൃതിയിൽ നിന്നു വെട്ടിപ്പൊളിക്കുന്ന പാറയെപ്പറ്റിയും മണ്ണിനെപ്പറ്റിയും പ്ലാസ്റ്റിക് ഉപഭോഗത്തെപ്പറ്റിയും ആഗോളതാപനത്തെപ്പറ്റിയും ബോധമുള്ളവരായിക്കൊണ്ട് അവ കുറയ്ക്കാനുതകുന്ന കൊച്ചുകൊച്ചു സന്തോഷങ്ങളിലേർപ്പെടാനെങ്കിലും നമ്മുടെ കുട്ടികളെ പരിശീലിപ്പിയ്‌ക്കേണ്ടേ? ഇല്ലെങ്കിൽ ഈ കുട്ടികളുടെ കുട്ടികൾക്ക് പാർക്കാൻ കൊച്ചി പോലുള്ള കടലോര നഗരങ്ങൾ ഉണ്ടാവുകയില്ല... നിരന്തരം ദുരന്തങ്ങളിൽ പെട്ടുഴലുന്ന ഭൂമിയിൽ ഇനി
ഒന്നോരണ്ടോ തലമുറ കഴിഞ്ഞാൽ പാർക്കാൻ കൂടി സാദ്ധ്യമല്ലാതാകും. മീതേൻ ബോംബുകൾ, ഉരുകുന്ന ഹിമപാളികൾ, നശിയ്ക്കുന്ന നിത്യഹരിത വനങ്ങൾ, പ്ലാസ്റ്റിക് സൂപ്പായി മാറുന്ന കടൽ ഇവ ഭൂമിയിൽ ഏല്പിയ്ക്കുന്ന ആഘാതങ്ങൾ ഇനിയൊരു തിരിച്ചു വരവില്ലാത്ത വിധം ഭൂമിയെ നശിപ്പിയ്ക്കുന്നു. സർവനാശത്തിലേക്ക് നാം അടുത്തു കൊണ്ടിരിക്കുന്നു എന്നു തന്നെയാണ് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പുതിയ ഐ.പി.സി.സി റിപ്പോർട്ട് സൂചന നൽകുന്നത്. നാം ഉണർന്നു പ്രവർത്തിയ്‌ക്കേണ്ടേ?

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MIZHIYORAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.