SignIn
Kerala Kaumudi Online
Friday, 19 April 2024 3.14 PM IST

പാലാക്കവിതയും ഒരു അനുയാത്രയും

pala-narayanan-nair

ഇക്കഴിഞ്ഞ ഡിസംബർ 11 ന് കവി പാലാ നാരായണൻ നായരുടെ 111-ാം ജന്മദിനമായിരുന്നു. പാലായിൽവച്ച് അദ്ദേഹത്തിന്റെ ഒരനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ ഭാഗ്യമുണ്ടായി. കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തിനും മുൻപ് 'കേരളം വളരുന്നൂ, പശ്ചിമഘട്ടങ്ങളെക്കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളിൽ' എന്ന് ദീർഘദർശനം ചെയ്ത പാലാ (അദ്ദേഹത്തിന്റെ 'കേരളം വളരുന്നു' എന്ന സമാഹാരത്തിലെ ഓണം എന്ന കവിതയുടെ തുടക്കമാണ് ആ സുപ്രസിദ്ധ വരികൾ). അയ്യായിരത്തിലധികം കവിതകളെഴുതിയ കവി. കണക്കെഴുത്തുകാരനും പട്ടാളക്കാരനും പ്രസിദ്ധീകരണ വിഭാഗത്തിലും (കേരള സർവകലാശാല) അദ്ധ്യാപകനുമൊക്കെയായിരുന്നു. പശ്ചിമഘട്ടത്തിന്റെ സകല സൗന്ദര്യവുമുൾക്കൊള്ളുന്ന പാലായുടെ പ്രകൃതിരമണീയതയിൽ നിന്ന് മലബാറിലേക്കും മറ്റു കേരളീയ ഭൂഭാഗങ്ങളിലേക്കുമൊക്കെ പാലാ യാത്രചെയ്തു. അങ്ങനെ കണ്ടറിഞ്ഞ, തൊട്ടറിഞ്ഞ കേരളത്തെക്കുറിച്ച് ഇന്ത്യയ്ക്കകത്തും പുറത്തും യാത്രചെയ്തശേഷം പാലാ കുറിച്ചു:

'പാടുന്നുവെന്നോ, ശരിയല്ല കേരളം
പാടിക്കയാണെന്നെയാനന്ദ വീണയിൽ
ഭാരത നാട്ടിന്നകത്തും പുറത്തുമായ്
പാരം നടന്ന ഞാൻ കണ്ട ഭൂഭംഗികൾ
കുന്നിച്ചു വച്ചാലുമാവില്ല നമ്മുടെ

കുന്നല നാടിനെക്കീഴടക്കീടുവാൻ'

പ്രകൃതിയുടെ ഗായകൻ മാത്രമാണു പാലാ എന്നു കരുതിയാൽ തെറ്റി. ജീവിതത്തിന്റെ ഒരു തലവും പാലാക്കവിതയ്ക്ക് അന്യമല്ല. 'ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾ തൻ പിൻമുറക്കാർ'
എന്നാണു ചങ്ങമ്പുഴ പാടിയതെങ്കിൽ 'നിർദ്ധനൻ' എന്ന പാലാക്കവിതയിൽ കോരൻ ജന്മിയെ കൊന്നു പകരം വീട്ടുകയാണ്. 'അമ്മയുടെ മകൻ' എന്ന കവിതയിലാകട്ടെ കോട്ടാത്തല സുരേന്ദ്രന്റെ രക്തസാക്ഷിത്വമാണു പ്രമേയം.
'താരാട്ടു പാടിയ കണ്ഠത്തിലൂടെ പോരാട്ട നിശ്ചയം മാറ്റൊലികൊണ്ടു' എന്നു കവി കുറിയ്ക്കുന്നു. അങ്ങനെ മകന്റെ കടമ അമ്മ ഏറ്റെടുക്കുമെന്നു പ്രഖ്യാപിക്കുന്നു. നിസ്വാർത്ഥതയുടെയും വീര്യത്തിന്റെയും പ്രതീകമായ
അമ്മയെ ആവിഷ്‌കരിക്കുന്ന പാലാ, സ്ത്രീയുടെ കരുത്തിനെയാണ് ആദരിക്കുന്നത്. അദ്ദേഹം എന്റെ കലാലയമായ പാലാ അൽഫോൺസാ കോളേജിൽ അദ്ധ്യാപകനായിരുന്നു എന്നത് അഭിമാനത്തോടെയാണ് ഞാൻ ഓർക്കുന്നത്. അദ്ദേഹത്തിന്റെ മലയാളം ക്ലാസിൽ ഹിന്ദി എടുത്ത കുട്ടികളും രഹസ്യമായി കയറി ഇരിക്കുമായിരുന്നു എന്ന കഥ ഞങ്ങൾ പഠിക്കുമ്പോഴും കേട്ടിട്ടുണ്ട്. സമസൃഷ്ടി സ്‌നേഹമാണ് അദ്വൈതത്തിന്റെ അന്ത്യമന്ത്രോച്ചാരണം എന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച പാലാ, കാഷായവസ്ത്രധാരികളോട് കർമശൃംഖലയിൽ കണ്ണികളാകാനാണ് ആവശ്യപ്പെടുന്നത്. കാവ്യദേവതയെ വർണിക്കുന്ന 'അമൃതകല' എന്ന കവിത നമ്മെ ചങ്ങമ്പുഴയുടെ കാവ്യനർത്തകിയെ ഓർമ്മിപ്പിക്കും. ധാരാളം ബാലകവിതകളും പാലാ രചിച്ചിട്ടുണ്ട്. ഭാരതീയ സംസ്‌കൃതിയും ശാസ്ത്രാവബോധവും വിപ്ലവവും മുതൽ അഴിമതി വരെ പാലാക്കവിതയ്ക്കു വിഷയമായിട്ടുണ്ട്:

'കോഴയാൽ കൊള്ളപ്പണക്കുത്തൊഴുക്കിനാൽ
ജനമാഴുന്നൂ കാൽക്കുഴഞ്ഞടിമത്തക്കയങ്ങളിൽ'

എന്നു തുടങ്ങി,

'അക്രമത്തിനു നേരേ വാളു വീശണം'

എന്നു തുടർന്ന്

'വിശ്രമം മറക്കുവിൻ, കടിഞ്ഞാൺ മുറുക്കുവി-
നശ്വങ്ങൾ കുതിയ്ക്കട്ടെ, ലക്ഷ്യത്തിലെത്തുംവരെ'

എന്നവസാനിയ്ക്കുന്ന 'സഖാക്കളേ, മുന്നോട്ട്' എന്ന കവിത പി.കൃഷ്ണപിള്ളയെ
അനുസ്മരിച്ചുള്ളതാണ്. ഒരു പുരുഷായുസ് മുഴുവൻ കവിതയ്ക്കായി ഉഴിഞ്ഞുവച്ച പാലായുടെ ജീവിതം ആ കവിതകളിലൂടെ അനശ്വരമായതു കൊണ്ടോ എന്നറിയില്ല, ഉചിതമായൊരു സ്മാരകം അദ്ദേഹത്തിനു ജന്മനാട്ടിൽ ഇതുവരെ ഉണ്ടായിട്ടില്ല.

കീർത്തി വിദ്യാസാഗർ രചിച്ച 'കവിതയുമായി ഒരു അനുയാത്ര' എന്ന കാവ്യപഠന പുസ്തകം പ്രകാശിപ്പിക്കാൻ എനിയ്ക്ക് അവസരം ലഭിച്ചു. കവിത എന്ന സാഹിത്യശാഖയെ ആഴത്തിൽ പഠിക്കാനും മലയാള കവിതാ സാഗരം മുഴുവനും ഊളിയിട്ട് പൊങ്ങാനും പുതുതലമുറയിൽപ്പെട്ട ഒരു എഴുത്തുകാരിക്ക് സാധിച്ചു എന്നത് ചാരിതാർത്ഥ്യജനകമാണ്. സിവിൽ സർവീസ് പരീക്ഷയിൽ മലയാളം ഐച്ഛിക വിഷയമായെടുത്ത് മെയിൻ പാസായ കുട്ടികൾ മോക്ക് ഇന്റർവ്യൂവിനെത്തുമ്പോൾ ആശാൻ കവിതയിലെ നാലുവരി ചൊല്ലാമോ എന്നു ചോദിക്കുമ്പോൾ അറിയില്ല എന്ന് പറയുന്നു. തുടർന്ന് ഏതെങ്കിലും മലയാള കവിതയിലെ നാലുവരി ചൊല്ലൂ എന്നു പറഞ്ഞപ്പോഴും അറിയില്ല എന്നുത്തരം പറഞ്ഞവരുണ്ട്. ഇന്നത്തെ ഈ അവസ്ഥയിൽ കേഴുക, കേഴുക മലയാളമേ എന്നു പറയാനേ കഴിയൂ. അത്തരമൊരു സാഹചര്യത്തിൽ എൻജിനീയറിംഗ് കഴിഞ്ഞ ഒരു ചെറുപ്പക്കാരി മലയാള ഭാഷയിൽ ഗവേഷണം നടത്തുകയും മലയാളത്തിലെ എല്ലാ കവിതാ പ്രസ്ഥാനങ്ങളെക്കുറിച്ചും ആഴത്തിൽ പഠിച്ച് ഒരു പുസ്തകമെഴുതുകയും ചെയ്തത് തികച്ചും ചാരിതാർത്ഥ്യജനകമാണ്. എഴുത്തച്ഛനെയും എൻ.വി.കൃഷ്ണവാര്യരെയുമൊക്കെ കുറിച്ചുള്ള പഠനങ്ങളും പുസ്തകത്തിലുണ്ട്. 'കാവ്യസങ്കേതത്തിന് ഒരു ആമുഖം' എന്ന അദ്ധ്യായത്തിൽ കവിത എന്താണ്, എങ്ങനെയാണ് ഒരു കവിത രൂപം കൊള്ളുന്നത് എന്നു കുറിയ്‌ക്കുന്നു. സാധാരണക്കാരെക്കാൾ കൂടുതലായി സൂക്ഷ്മമായി വസ്തുക്കൾ നിരീക്ഷിക്കുന്നതിനും തീവ്രമായി വികാരം കൊള്ളുന്നതിനും കവികൾക്കു കഴിയണമെന്നു തന്നെയാണ് ഈ അദ്ധ്യായത്തിൽ ഗ്രന്ഥകാരി പറഞ്ഞുവയ്ക്കുന്നത്.

മലയാളത്തെയും മലയാള കവിതയെയും അറിയാൻ പുതുതലമുറയിലെ കുട്ടികൾക്ക് അവസരമൊരുങ്ങണം. അക്ഷരമാലയും അധികപ്പട്ടികയും ഗുണനപ്പട്ടികയുമൊക്കെ പാട്ടായി ചൊല്ലിപ്പഠിച്ച ഞങ്ങളുടെ തലമുറയ്ക്ക് മലയാളം രക്തത്തിൽ അലിഞ്ഞിരുന്നു. 'അ...അമ്മ...ആറാട്ട് ' എന്ന് ഈണത്തിൽ ചൊല്ലുന്ന ശബ്ദത്താൽ... 'ഓരൊന്നൊന്ന് ' എന്നു വായ്ത്താരി
മുഴങ്ങുന്ന ആശാൻ പള്ളിക്കൂടങ്ങൾ കാലാന്തരത്തിൽ ഇല്ലാതായി. മലയാളം ജീവിയ്ക്കാനാവശ്യമില്ല എന്ന സ്ഥിതിയിൽ കാര്യങ്ങളെത്തി. മലയാളത്തെയും നമ്മുടെ മണ്ണിനെയും തിരിച്ചുപിടിയ്ക്കാൻ നമുക്കാവട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MIZHIYORAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.