SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.49 PM IST

ജനാധിപത്യവും ഡിജിറ്റൽ ലോകവും

bitcoin

ജനാധിപത്യ സമ്പ്രദായത്തെ ഏറ്റവും നല്ല ഭരണസമ്പ്രദായമായി പൊതുവേ ഇന്ന് ലോകം കരുതുന്നു. സ്വന്തം ഭരണാധികാരിയെ തിരഞ്ഞെടുക്കാനുള്ള അവകാശം, സമത്വം, പൊതുനന്മ ലാക്കാക്കിയുള്ള തീരുമാനങ്ങളെടുക്കാനുള്ള സാദ്ധ്യത, ഭരണാധികാരി മോശമാണെങ്കിൽ വീണ്ടും തിരഞ്ഞെടുക്കാതിരിക്കാനുള്ള അവകാശം ഇവയൊക്കെയാണ് ഇതിനുള്ള പ്രധാന കാരണങ്ങൾ. ജനങ്ങൾ ഏറ്റവുമധികം സ്വാതന്ത്ര്യം അനുഭവിക്കുന്നതും ജനാധിപത്യത്തിൽ തന്നെ. പുരോഗമനപരവും മതം/വർഗം തുടങ്ങിയ ഭിന്നതകൾ അടിസ്ഥാനപ്പെടുത്തിയല്ലാതെയും ഉള്ള ആശയങ്ങൾക്കു കൂടുതൽ സാദ്ധ്യതയും ജനാധിപത്യ രാജ്യങ്ങളിലുണ്ട്. ക്രിപ്‌റ്റോകറൻസി പോലെ രാജ്യങ്ങളുടെ അതിർത്തികളെ ഇല്ലാതാക്കുന്ന ക്രയവിക്രയ സമ്പ്രദായങ്ങൾ, ഡിജിറ്റൽ ആശയവിനിമയം തുടങ്ങി, ആഗോളീകരണം ദൈനംദിന ജീവിതത്തിലേക്കു കടന്നുവരുന്ന പ്രവണതകൾ ഏറിയതോടെ ജനാധിപത്യമുൾപ്പെടെയുള്ള ഭരണക്രമങ്ങളിൽ രാജ്യാതിർത്തികൾക്കുള്ളിൽ എന്തുസംഭവിക്കുന്നു എന്ന് നിരീക്ഷിക്കുന്നത് കൗതുകകരമാണ്.

ബിറ്റ്‌കോയിൻ, ബിനാൻസ്‌കോയിൽ, ഇതേറിയം തുടങ്ങിയ ക്രിപ്‌റ്റോ കറൻസികൾ സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്താനല്ല, ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് ഉപകരിക്കേണ്ടതെന്ന് പല ലോകനേതാക്കൾക്കും അഭിപ്രായമുണ്ട്. ജനാധിപത്യത്തിൽ ഒരാൾക്ക് ഒരു വോട്ടാണുള്ളത്. കള്ളവോട്ടു രേഖപ്പെടുത്താനാവാത്തവിധം സാങ്കേതികവിദ്യ ഉപയോഗിച്ച് വോട്ടിംഗ് സമ്പ്രദായം സുദൃഢമാക്കാം. നൂറുശതമാനം കള്ളവോട്ട് ഒഴിവാക്കാൻ സാങ്കേതികവിദ്യകൊണ്ട് സാദ്ധ്യമാണ്. അതുപോലെ തന്നെ ഒരാൾക്ക് ഒരുവോട്ട് അതയാൾക്കു മാത്രം ചെയ്യാവുന്ന തരത്തിലാണ് ബിറ്റ്‌കോയിന്റെയും ക്രയവിക്രയ വ്യവസ്ഥ. സ്വന്തമായൊരു സ്വത്വം അതിനുണ്ടെന്ന് പറയുന്നു. എന്നാൽ എത്രമാത്രം സാങ്കേതിക തികവോടെയും സത്യസന്ധതയോടെയും ഇതു പ്രായോഗികമായി നടപ്പാകും എന്നതാശ്രയിച്ചിരിക്കും ബിറ്റ്‌കോയിന്റെ 'ജനാധിപത്യപരത'. ബ്ലോക്ക് ചെയിൻ ടെക്‌നോളജി ഉപയോഗിച്ച് അഴിമതി
പൂർണമായും തടയാം. എത്രമാത്രം പൂർണതയോടെ ഡിജിറ്റൈസേഷനും
ടെക്‌നോളജിയും നമുക്ക് ഉപയോഗിക്കാൻ കഴിയും എന്നത് അനുസരിച്ചിരിക്കും നമ്മുടെ വിജയം.

കേരളത്തിലെ സർക്കാരോഫീസുകൾ പരിപൂർണമായും ഡിജിറ്റൈസ് ചെയ്യാനുള്ള തീവ്രയജ്ഞത്തിനാണ് നമ്മുടെ ഗവൺമെന്റും ചീഫ് സെക്രട്ടറിയും മുന്നിട്ടിറങ്ങിയിരിക്കുന്നത്. സുതാര്യതയുടെയും സേവനത്തിന്റെ വേഗത്തിന്റെയും കാര്യത്തിൽ സമ്പൂർണ ഡിജിറ്റൈസ്ഡ് സർക്കാർ ഒാഫീസുകളുള്ള ആദ്യ സംസ്ഥാനമായി നമ്മുടെ സംസ്ഥാനം അടുത്ത ആഗസ്റ്റോടെ മാറ്റുന്നതിനാണു ശ്രമം. ചീഫ് സെക്രട്ടറി വി.പി.ജോയി ഇതിനായി വലിയ പരിശ്രമങ്ങളാണു നടത്തിക്കൊണ്ടിരിക്കുന്നത്.

ക്രിപ്‌റ്റോകറൻസി കൃത്രിമമായി സൃഷ്ടിക്കുകയോ കറൻസി വാലറ്റിൽ ഡിജിറ്റലായി പ്രവേശിച്ച് കൊള്ളയടിക്കുകയോ ഒക്കെ ചെയ്യുന്ന നിരവധി കേസുകൾ ഉണ്ടാകുന്നുണ്ട്. ഹാക്ക് ചെയ്യപ്പെട്ട യൂട്യൂബ് ചാനലുകളിലൂടെ കള്ള ക്രിപ്‌റ്റോകറൻസിയുടെ പരസ്യം നല്‌കി ഇന്ത്യയിൽ പല തട്ടിപ്പുകൾ നടക്കുന്നുണ്ട്. പൂനെ പൊലീസ് ഈ വർഷം 54 ക്രിപ്‌റ്റോ കറൻസി ഫ്രോഡ് കേസുകൾ രജിസ്റ്റർ ചെയ്തു. ഇ.ഡി എട്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ശ്രീകൃഷ്ണ രമേശ് (ശ്രീകി) എന്നൊരാൾ കസ്റ്റഡിയിലിരിക്കുമ്പോൾ അയാളുടെ 12,900 ബിറ്റ്‌കോയിനുകൾ പലരും മാറിയെടുത്തെന്ന ഗുരുതര ആരോപണം കർണാടകയിൽ ഉയർന്നിരുന്നു. നൂറുകോടി രൂപയുടെ ക്രിപ്‌റ്റോ കറൻസി പോൺസി സ്‌കീം ഫ്രോഡ് കണ്ണൂർ പൊലീസ് പിടികൂടിയിരുന്നു. കേരളത്തിൽ നിന്നുള്ള ഷുക്കൂർ എന്നൊരാളെ ഉത്തരാഖണ്ഡിൽ വച്ച് സഹപ്രവർത്തകർ പീഡിപ്പിച്ച് കൊന്നതായി പത്രങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. 450 കോടി രൂപയുടെ ബിറ്റ്‌കോയിനുമായി ബന്ധപ്പെട്ടായിരുന്നു സംഭവം എന്നു പറയപ്പെടുന്നു. വളരെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ട ഒരു വിഷയമായി ഇത്തരം കേസുകൾ മാറിയിട്ടുണ്ട് എന്നുള്ളത് നാം അറിഞ്ഞിരിക്കേണ്ടതാണ്.

സമൂഹത്തിൽ തട്ടിപ്പുകാർക്ക് കുറുക്കനെ കടുവയുടെ കുപ്പായമിടുവിച്ചതു പോലെ വിലസാൻ ഒരുപാട് അവസരങ്ങളാണ് ഡിജിറ്റൽ ഫ്രോഡുകളും സാമൂഹിക മാദ്ധ്യമങ്ങളും സൃഷ്ടിക്കുന്നത്. പത്താംക്ലാസ് പാസാകാത്തവർ ഡോക്ടർമാരായി സമൂഹത്തിന്റെ ഉന്നതതലങ്ങളിൽ വിലസുന്നത് പലപ്പോഴും സമൂഹമാധ്യമങ്ങളുടെയും ഡിജിറ്റൽ ഫ്രോഡിന്റെയും സഹായത്തോടെയാണ്.
സമൂഹ മാദ്ധ്യമങ്ങൾ ജനങ്ങൾക്ക് ഒരുപാടു സ്വാതന്ത്ര്യം നല്‌കുന്നുണ്ട്. സ്വന്തം പുസ്തകമോ ആശയമോ സ്വന്തമായി പ്രസിദ്ധീകരിക്കുക എന്നത് പഴയ കാലത്ത് ചിന്തനീയമായിരുന്നില്ല. എന്നാലിന്ന് ഓരോ സ്മാർട്ട് ഫോണിനു പോലും ഒരു പ്രസിദ്ധീകരണശാലയായി പ്രവർത്തിക്കാം. വിദ്വേഷവും വെറുപ്പും കച്ചവട താത്‌പര്യങ്ങളുമൊക്കെ നിശ്ശബ്ദം അടിച്ചേൽപ്പിക്കാൻ സമൂഹമാധ്യമങ്ങൾക്കുള്ള പങ്ക് വളരെ വലു
താണ്. പൊലീസ് നിരീക്ഷണത്തിലൂടെ മാത്രം ഇതു മനസിലാക്കുക എളുപ്പമല്ല. സാമൂഹിക ശാസ്ത്രജ്ഞരും മന:ശാസ്ത്രജ്ഞരും ക്രിമിനൽ സൈക്കോളജിസ്റ്റുകളുമൊക്കെ ഈ രംഗത്തു ധാരാളം ഗവേഷണം നടത്തേണ്ടിയിരിക്കുന്നു. മെർലിൻ.സി.അഗസ്റ്റിൻ എന്ന ശാസ്ത്രജ്ഞ തന്റെ പഠനത്തിൽ പറയുന്നത്, ഏതാണ്ട് 97 ശതമാനം കുട്ടികളും രണ്ടുവയസിൽ താഴെയുള്ള പ്രായത്തിൽത്തന്നെ മൊബൈൽ ഉപയോഗിക്കുന്നു എന്നാണ്. ചുരുക്കം ചില ആപ്പുകൾ അച്ഛനമ്മമാരോടൊപ്പം ഉപയോഗിച്ചാൽ കുട്ടികളുടെ സോഷ്യോ ഇമോഷണൽ സ്‌കിൽസ് മെച്ചപ്പെടും. എന്നാൽ കൂടുതൽ സ്‌ക്രീൻ സമയം കുട്ടികളിലെ ഭാഷാവാസനയെ കൊല്ലുന്നു. അവരുടെ ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്നു. അക്രമവാസന വർദ്ധിപ്പിക്കാൻ അക്രമ ചിത്രീകരണം കാണുന്നത് കാരണമാകുന്നു. കുഞ്ഞുമനസുകളെ ചവിട്ടി അരയ്ക്കുന്നതിനു തുല്യമാണിതെല്ലാം. ദിശാബോധമോ ഭാഷാസ്വാധീനമോ വേണ്ടത്ര ഇല്ലാത്ത ഒരുതലമുറയെ സൃഷ്ടിക്കുകയാകും ഇതിന്റെ ഫലം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DIGITAL WORLD, MIZHIYORAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.