SignIn
Kerala Kaumudi Online
Thursday, 25 April 2024 8.24 PM IST

ഭാവിയിലെ ഭൂമി

earth

കാലാവസ്ഥാ വ്യതിയാനം, ഡിജിറ്റൽ വിപ്ലവം, ഗതാഗത സംവിധാനങ്ങളിലുണ്ടായേക്കാവുന്ന മാറ്റങ്ങൾ, കൊവിഡ് മഹാമാരിയുടെ
ആഘാതം എല്ലാം ചേർന്ന്, ഒന്നോരണ്ടോ ദശവർഷം കഴിയുമ്പോഴുള്ള ലോകം ഇന്നത്തേതിൽ നിന്നു വളരെ വ്യത്യസ്തമായിരിയ്ക്കും. നാം ജാഗരൂകരല്ലെങ്കിൽ ഭൂമി തന്നെ വാസയോഗ്യമല്ലാതാകും. മനുഷ്യകുലം മുടിപ്പിച്ച ജൈവവ്യവസ്ഥ ഭൂമിയെ ഭൂമിയല്ലാതാക്കും. മറിച്ചായാലോ? വളരെ ഉത്തരവാദിത്തബോധമുള്ള ഒരുതലമുറ ഉരുത്തിരിയും. അത്തരമൊരു തലമുറയ്ക്കു മാത്രമേ ഭൂമിയിൽ തുടർജീവിതം സാദ്ധ്യമാക്കാനാകൂ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മുടെ ജൈവഘടികാരത്തെ പോലും അളക്കുന്നതിനാൽ ആർക്കാണു ക്ഷീണം, ആർക്കാണു കാര്യക്ഷമത എന്ന കാര്യം
പോലും സുതാര്യമാകും. കൂടുതൽ ജാഗ്രതയോടെയും സാമൂഹിക പ്രതിബദ്ധതയോടെയും പരിസ്ഥിതി ആഘാതം ഏല്പിക്കാതെയും ജോലി ചെയ്യുന്ന സ്ഥാപനം ഏതാണെന്നുള്ളത് വളരെ വേഗം വ്യക്തമാകും. തർജ്ജമകൾ തത്സമയം നടക്കുന്നതിനാൽ ലോകത്തിന്റെ മറുകോണിൽ നമുക്കു തീരെ അപരിചിതരായവർക്കൊപ്പവും നാം ബുദ്ധിമുട്ടില്ലാതെ ജോലി ചെയ്യും. മദ്ധ്യനിര മാനേജ്‌മെന്റ് സങ്കല്പം തന്നെ മാറിയേക്കാം. 'നാം' എന്ന ചിന്തയോടെ ചെറിയ ടീമുകൾ പ്രവർത്തിയ്ക്കുന്ന കാലം വരാൻ സാദ്ധ്യതയേറും 'മേൽനോട്ടം' ഒരു ജോലിയല്ലാതാകും. ഓരോ ടീമും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കും. ഒരു ജോലി തീർന്നാൽ പുതിയ ഒന്നിലേയ്ക്കു കടക്കാം. സുതാര്യതയാകും ലോകത്തിന്റെ മുഖമുദ്ര.
സ്വാർത്ഥ താത്‌പര്യത്തോടെ പ്രവർത്തിക്കുക, അഴിമതി കാണിയ്ക്കുക തുടങ്ങിയ സ്വഭാവ വിശേഷങ്ങളുള്ളവർക്ക് നേതൃത്വത്തിലേയ്ക്കു വരാനോ എവിടെയെങ്കിലും പിടിച്ചു നിൽക്കാനോ സാധിക്കാതെ വരും. കാരണം നമ്മുടെ ഓരോ പ്രവൃത്തിയും മറ്റുള്ളവർക്കു പെട്ടെന്നു മനസിലാകുന്ന വിധം ജോലി സ്ഥലങ്ങളും പൊതുസ്ഥലങ്ങളും മാറും. വിദ്യാഭ്യാസ സമ്പ്രദായം തന്നെ മാറിമറിയും. മെഷീനുകൾ ആവർത്തിച്ചു ചെയ്യേണ്ട മിക്കവാറും ജോലികൾ ഏറ്റെടുത്തു കഴിഞ്ഞിരിയ്ക്കും. മെഷീനോടൊപ്പം പങ്കാളിയായി ജോലി ചെയ്യുന്ന മനുഷ്യന് സുതാര്യമായല്ലാതെ പ്രവർത്തിയ്ക്കാനുള്ള അവസരം തന്നെ ഇല്ലാതാകും. സമൂഹത്തിനോടും പരിസ്ഥിതിയോടും ആർക്കാണു കൂടുതൽ പ്രതിബദ്ധത എന്നതിനെ ആശ്രയിച്ചു മാത്രമാകും കമ്പനികളുടെ നിലനില്പ്. ഭരണ നിർവഹണത്തിനായുള്ള ഭാരിച്ച സംവിധാനം പഴങ്കഥയാകും.

ആരോഗ്യരംഗത്തെ ഗവേഷണങ്ങളിൽ കഴിഞ്ഞ അൻപതു വർഷത്തിനിടെ വിപ്ലവകരമായ മാറ്റങ്ങളൊന്നും സാങ്കേതികരംഗത്തെ അപേക്ഷിച്ചു നടന്നിട്ടില്ല എന്നതാണു വാസ്തവം. കൊവിഡാനന്തര ലോകത്ത് ആരോഗ്യരംഗത്തെ ഗവേഷണത്തിനു വലിയ പ്രാധാന്യം ലഭിച്ചേയ്ക്കാം. കാൻസറിനു മരുന്നു കണ്ടെത്തേണ്ടത് മനുഷ്യരാശിയുടെ ഏറ്റവും വലിയ ആവശ്യമായി മാറിക്കഴിഞ്ഞു. പകർച്ചവ്യാധികളുണ്ടാക്കുന്ന അണുക്കളുടെ സാന്നിധ്യം മുളയിലേ കണ്ടെത്തുക, ആന്തരിക അവയവങ്ങളിലെ രോഗങ്ങൾ കൃഷ്ണമണിയുടെ സ്‌കാനിംഗിലൂടെ കണ്ടെത്തുക തുടങ്ങിയ വിപ്ലവകരമായ കണ്ടെത്തലുകൾ നാം പ്രതീക്ഷിയ്ക്കുന്നുണ്ട്. ജനറ്റിക് മാനിപ്പുലേഷനെതിരായ ethical thinking വളരെ സജീവമായേക്കാം. ജൈവയുദ്ധത്തിനെതിരെയുള്ള കരാറുകൾ ആഗോളതലത്തിൽ ഉണ്ടായേക്കാം. അതു ലംഘിക്കുന്നവർക്കെതിരെ 'വർണവിവേചന' കാലത്തുണ്ടായിരുന്ന വിലക്കുകൾ പോലെ ഉണ്ടായേക്കാം. ആഗോള കറൻസി ഉണ്ടാവുകയും രാജ്യങ്ങളുടെ കറൻസി കൾ ഇല്ലാതാവുകയും ചെയ്‌തേയ്ക്കാം. ഊർജ്ജ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാകും. സൂര്യനിൽ നിന്നുള്ള ഊർജ്ജമുപയോഗിച്ചുള്ള ബാറ്ററി ഓപ്പറേറ്റഡ് വാഹനങ്ങളാകും നിരത്തുകളിൽ. വളരെ ഭാരം കുറഞ്ഞ ഡ്രൈവറില്ലാത്ത വാഹനങ്ങൾ, ഷെയർകാറുകൾ, ഇലക്ട്രിക് സ്‌കൂട്ടറുകൾ തുടങ്ങിയവയ്ക്കാകും പ്രാമുഖ്യം. സാധനങ്ങൾ 'ഡ്രോപ്പ്' ചെയ്യുന്ന ഡ്രോണുകളും പ്രതീക്ഷിയ്ക്കാം. 'ഹൈപ്പർലൂപ്പ് ' സിസ്റ്റം വിമാനങ്ങളുടെ ഇരട്ടി വേഗത്തിലുള്ള ട്യൂബുലാർ ട്രെയിൻ യാത്രകൾ സാദ്ധ്യമാക്കും. തിരുവനന്തപുരത്തു നിന്ന് കാസർകോഡെത്താൻ അരമണിക്കൂർ മതിയാകും, ഹൈപ്പർ ലൂപ്പിൽ. എന്നാൽ പരിസ്ഥിതി ആഘാതം, യാത്രക്കാർക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ ഇവയൊക്കെ ഒഴിവാക്കി ഇത്തരം സംവിധാനങ്ങൾ വരാൻ എത്രനാൾ പിടിയ്ക്കും എന്നു പറയാനാവില്ല. 'ക്ലൗഡുകളി'ലെ വെർച്ച്വൽ മീറ്റിംഗുകൾ സാധാരണമാകും. അതിനാൽ പലപ്പോഴും 'വർക്ക്‌സ്റ്റേഷൻ' എവിടെ വേണമെങ്കിലുമാകാം. മനുഷ്യനും മെഷീനും ചേർന്ന ഹൈബ്രിഡ് ജീവിതമായിരിയ്ക്കും ഭാവിയിൽ എന്നതിൽ തർക്കമേ ആവശ്യമില്ല. മതങ്ങൾക്കു മനുഷ്യരുടെ ജീവിതത്തിൽ ഇന്നുള്ള സ്ഥാനം നഷ്ടമായേക്കാം. ആത്മീയത മതാതീതമായ ഉയർന്ന തലങ്ങളിലേയ്ക്ക് എത്തിക്കൂടായ്കയില്ല. ഭൗതികതയുടെ ഭ്രമിപ്പിയ്ക്കുന്ന ലോകം ജൈവരാശിയെ നാശത്തിന്റെ വക്കിലെത്തിച്ചു കഴിഞ്ഞു. അതിനാൽ തന്നെ ഈ പ്രതിസന്ധിഘട്ടം അതിജീവിയ്ക്കാൻ നമുക്കായാൽ മതത്തിന്റെ പേരിലോ ഭൗതികവസ്തുക്കളുടെ പേരിലോ പോരടിച്ച് നിലനിൽക്കാനിവില്ല എന്ന സത്യം മനസിലാക്കുന്ന ഒരുതലമുറയായിരിയ്ക്കാം ഭൂമിയുടെ അതിജീവന ത്തിന്റെ പ്രയോക്താക്കളായി ഇവിടെ ഉണ്ടാകുക. ചെറു പ്ലവകങ്ങൾ മുതൽ തിമിംഗലങ്ങൾ വരെയുള്ള ജൈവരാശിയ്ക്ക് പരസ്പരവും ഭൂമിയുമായുമുള്ള അഭേദ്യബന്ധം തിരിച്ചറിയുന്ന ഒരു തലമുറ... മണ്ണിലലിയാത്ത ഒരു വസ്തുക്കളും ഉപയോഗിക്കാത്ത ഒരു തലമുറ. അവനവന്റെ വീട്ടിലെ മാലിന്യം അവനവൻ തന്നെ സംസ്‌കരിക്കുന്ന ഒരു തലമുറ.

ലോകം മുഴുവനും വ്യാപിയ്ക്കുന്ന സുഖത്തിനു മാത്രമേ തനിയ്ക്കും സുഖം പകരാനാവൂ എന്നു തിരിച്ചറിയുന്ന തലമുറ. നമ്മളോ നമ്മുടെ മക്കളോ കാണാൻ പോകുന്ന, ജീവിക്കാൻ പോകുന്ന ഈ ഭാവി വളരെ വിചിത്രമായി തോന്നുന്നോ? കൈയിൽ കൊണ്ടുനടക്കുന്ന ഫോണിൽ വീഡിയോ കോളിലൂടെ മറ്റു ഭൂഖണ്ഡത്തിലിരിക്കുന്ന ആളുമായി സംസാരിക്കുന്ന കാര്യം ഞങ്ങളുടെ തലമുറ കോളേജിൽ പഠിക്കുമ്പോൾ സ്വപ്നം കണ്ടിരുന്നില്ല. നമ്മുടെ ചെറുപട്ടണങ്ങളിൽ പോലും ഫ്ളാറ്റുകൾ വരുന്നതും അന്നാരും സ്വപ്നം കണ്ടിരുന്നില്ല. ഇരുപതുവർഷം കഴിയുമ്പോൾ ഭൂമിയിൽ ജീവിതം സുസാദ്ധ്യമെങ്കിൽ ആ ജീവിതം ഏതുവിധമാകുമെന്ന് സ്വപ്നം കാണാൻ പോലും ഇന്നു നമുക്കാകണമെന്നില്ല. മേൽ കുറിച്ചത് ചില ചിതറിയ ചിന്തകൾ മാത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MIZHIYORAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.