SignIn
Kerala Kaumudi Online
Saturday, 20 April 2024 8.58 AM IST

ജാതിയുടെ പാഠങ്ങൾ

dalit

സിവിൽ സർവീസ് ട്രെയിനിംഗിന്റെ ഭാഗമായി ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലെ കട്രാ ബോഗ്ചന്ദ് എന്ന ഒരു കുഗ്രാമത്തിൽ പത്തുദിവസത്തെ താമസത്തിനെത്തിയതാണ് ഞങ്ങൾ അഞ്ചുപേർ. വൈദ്യുതിയൊന്നും
ലഭ്യമല്ലാത്ത ഒരു 'ഡിസാസ്ടർ ഷെൽട്ടറി'ലാണു താമസം. കുളിക്കാനും ആഹാരം പാകം ചെയ്യാനുമൊക്കെ അല്പമകലെയുള്ള കിണറ്റിൽ നിന്നു വെള്ളം കോരണം. അതിരാവിലെ എഴുന്നേറ്റ് പ്രഭാതഭക്ഷണം റെഡിയാക്കി കഴിച്ച് ചെറിയ തോതിലുള്ള ഉച്ചഭക്ഷണം പൊതിയാക്കി ഞങ്ങൾ ഗ്രാമത്തിലേക്കു പോകും. മടക്കം സന്ധ്യയോടെ മാത്രം. ഗ്രാമീണർ അതിസുന്ദരമായ ഏതോ ഗാനത്തിന്റെ ഈണത്തിലാണു സംസാരം. അതു ഭോജ്പുരിയാണെന്നു കൂടെയുള്ള മധുമിത പറഞ്ഞു. മധുമിതയ്ക്കു ഭോജ്പുരി സംസാരിയ്ക്കാനുമറിയാം. അതിസുന്ദരമായ പൂന്തോട്ടങ്ങൾ നിറഞ്ഞ ഒരു സ്ഥലത്തെത്തി. ചെണ്ടുമല്ലിയും ജമന്തിയുമൊക്കെ ഇത്രയധികം പൂത്തു നിൽക്കുന്നതു ഞാനാദ്യം കാണുകയാണ്. 'ആഹാ എത്ര ഭംഗി' എന്നു ഞാൻ പറയുമ്പോൾ മധുമിത പറഞ്ഞു 'പക്ഷേ ഇതു വിളയിക്കുന്ന 'മാലി' എന്ന ജാതിയിൽ പെട്ടവരുടെ ജീവിതത്തിന് അത്ര ഭംഗി പോരാ...പാവങ്ങൾ... പട്ടിണിയും പരിവട്ടവും തന്നെ...' പിന്നൊരു പ്രദേശത്തേക്കു കടന്നപ്പോൾ നിറയെ കാലിത്തൊഴുത്തുകൾ. പശുക്കളൊക്കെ നല്ല ആരോഗ്യത്തോടെ ഇരിക്കുന്നു. പക്ഷേ അവയെ പോറ്റുന്നവരുടെ മുഖങ്ങളിൽ നിന്നു ദാരിദ്ര്യം വായിച്ചെടുക്കാം. ഇനിയൊരു തെരുവിൽ ഞങ്ങൾക്കു പ്രവേശനം ലഭിച്ചത് ശാലിനി ഒരു കള്ളം പറഞ്ഞതുകൊണ്ടാണ്. കാരണവരുടെ ചോദ്യം 'കുട്ടികളേ നിങ്ങൾ ഏതു ജാതിയിൽ പെട്ടവരാണ്? എന്തിനിവിടെ വന്നു?' ശാലിനി പെട്ടെന്നു പറഞ്ഞു; 'ഞങ്ങളൊക്കെ ബ്രാഹ്മണക്കുട്ടികളാണ്... വലിയ സ്‌കൂളിൽ... അതായതു കോളേജിൽ പഠിക്കുന്നു. പഠനത്തിന്റെ ഭാഗമായി വന്നതാണ്'. കാരണവർ ചാടി മുറ്റത്തിറങ്ങി.

'നിങ്ങൾക്കെന്താണു പഠിക്കേണ്ടത്'? ഏതായാലും ഞങ്ങളുടെ കുടിൽ തിണ്ണയിൽ കയറി നിങ്ങൾ അശുദ്ധമാകേണ്ട, ഞങ്ങൾ മുറ്റത്തേക്കിറങ്ങി വരാം, വീട്ടുകാരേയും വിളിക്കാം എന്നായി അദ്ദേഹം. ശാലിനി പറഞ്ഞു. നമ്മുടെ ജാതി ചോദിച്ചാൽ ബ്രാഹ്മണർ എന്നേ പറയാവൂ. അല്ലെങ്കിൽ നാം പറയുന്ന ജാതിയ്ക്കു മേലെയാണ് അവരുടെ ജാതിയെങ്കിൽ അവർ നമ്മെ ആട്ടിപ്പായിക്കും.' അന്നു വൈകുന്നേരത്തോടെ മനസിലായി... മുസ്ലീങ്ങൾ റോഡിന്റെ മറുവശത്താണു താമസം. അവിടെ പ്രവേശനം സുഗമമാകണമെങ്കിൽ മുസ്ലീമായി വേഷം മാറണം. ധൈര്യത്തോടെ ശാലിനി പറഞ്ഞു... ഞാൻ നാളെ മുതൽ തട്ടമിട്ടു ശബാനയാകും. ഗിരിധർ മുഹമ്മദായി എന്റെ ഒപ്പം പോരുക. അങ്ങനെ മധുമിതയും സത്യജിത്തും ഞാനും പിറ്റേദിവസം മുതൽ ഒരു ഗ്രൂപ്പായി റോഡിനിങ്ങേപ്പുറവും മറ്റു രണ്ടുപേർ റോഡിന് അങ്ങേപ്പുറവും.
ഞങ്ങൾ ഒരു പാടത്തെത്തി. അവിടെ ഏറെ പ്രായം ചെന്ന ഒരു വൃദ്ധൻ പാടത്തെ കള പറിയ്ക്കുന്നു. ഞങ്ങൾ അപ്പൂപ്പന്റെ അടുത്തെത്തി അപ്പൂപ്പനൊപ്പം കാബേജ് പാടത്തെ കള പറിച്ചുകൊണ്ട് അടുത്തു കൂടി. അപ്പൂപ്പൻ ആ പാടത്തിന്റെ ഉടമസ്ഥനാണ്, എങ്കിലും പണിക്കാരോടൊപ്പം എന്നും പണിയ്ക്കിറങ്ങും. പഞ്ഞിപൊലെ വെളുത്ത താടി... ഒരു ബാബയുടെ പ്രതീതി... സത്യജിത്ത് ചോദിച്ചു.

'ബാബയുടെ വീടെവിടെ?' അദ്ദേഹം റോഡിനങ്ങേപ്പുറത്തേയ്ക്കു വിരൽ ചൂണ്ടി.

ഞാൻ ചോദിച്ചു. 'ബാബാ, ഈ പ്രായത്തിലും എന്തേ പണിയെടുക്കുന്നു?' 'നോക്കൂ മദ്രാസിൽ നിന്നുള്ള എന്റെ മകളേ... കാലം നിന്നെ എന്റെ മുന്നി
ലെത്തിച്ചില്ലേ? കാലമാണെന്റെ പ്രതീക്ഷ'... പാടത്തു പണിയെടുത്തു കൊണ്ടി
രുന്ന ചമേലി പെട്ടെന്നു ഞങ്ങളോടടുത്തു. പണി കഴിഞ്ഞ് അവൾ ഞങ്ങളെ അവളുടെ കുടിലിലേയ്ക്കു ക്ഷണിച്ചു. പോകുന്ന വഴി മാർക്കറ്റിൽ കയറി അവൾ കുറച്ചു ചോളം വാങ്ങി. ഞാൻ വിചാരിച്ചു, ഒരു പക്ഷേ രാത്രി അവളുടെ ഭക്ഷണത്തിനാവും. അതിന്റെ പൈസ ഞങ്ങൾ കടക്കാരനു കൊടുക്കാൻ തുനിഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല. വീടെന്നു പറയാൻ ഒരു ചെറിയ ചായ്പ്പു മാത്രം... അതു ഗ്രാമത്തിനു വെളിയിൽ 'ഹരിജനങ്ങളു'ടെ തെരുവിലാണ്. അവൾ അടുപ്പു കത്തിച്ച് വേഗം ചോളം വറുത്തു മലരാക്കി. എന്നിട്ടതു ഞങ്ങൾക്കു വിളമ്പി. ആ കണ്ണുകളിലെ സ്‌നേഹം... ഞങ്ങൾക്കു ഗ്രാമത്തെ കുറിച്ചു പഠിയ്ക്കാനായി വലിയ പഠിപ്പുള്ള പെണ്ണുള്ള ഒരു വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാം എന്നവൾ പറഞ്ഞു... സ്‌കൂളു കണ്ടിട്ടില്ലാത്ത എനിയ്ക്ക് ഗ്രാമത്തെപ്പറ്റി എന്തു പഠിപ്പിയ്ക്കാനാകും!
ചമേലി ഒരു ഇരുനില മാളിക വീട്ടിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി.അവിടെ പുറംഭാഗത്തേ അവൾക്കു പ്രവേശനമുള്ളൂ. അവൾ വീട്ടുകാരോടു പറഞ്ഞു, വലിയ സ്‌കൂളിൽ പഠിയ്ക്കുന്ന ഈ ബ്രാഹ്മണ കുട്ടികൾക്ക് ഗ്രാമത്തെ കുറിച്ചു പഠിക്കണം. ബഹു(പുത്രവധു)വിനോട് ഒന്നു പറഞ്ഞു കൊടുക്കാൻ പറയുമോ? ഞങ്ങളെ 'ബഹു' അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. അവർ ഡബിൾ എം.എക്കാരിയാണ്. പക്ഷേ ഭർത്താവ് ജോലിയ്‌ക്കൊന്നും വിടില്ല എന്നു വലിയ അഭിമാനത്തോടെ പറഞ്ഞു... പിന്നെ അവരുടെ കല്യാണ ആൽബം ഞങ്ങളെ കാണിച്ചു. 'ബഹു'വിന് ആഭരണം, സാരി ഇവയെക്കുറിച്ചൊക്കെ മാത്രം സംസാരിക്കാനേ താത്‌പര്യമുള്ളൂ; ഞങ്ങൾ അധിക സമയം തങ്ങാതെ അവിടെ നിന്നിറങ്ങി. ഞങ്ങൾക്കു വേണ്ടി പുറത്ത് ചമേലി കാത്തു നിൽക്കുന്നുണ്ടായിരുന്നു, 'ബഹു' സുന്ദരിയല്ലേ? ഒക്കെ പഠിപ്പിച്ചു കാണും അല്ലേ? അവളുടെ ആകാംക്ഷയോടെയുള്ള ചോദ്യം. മധുമിത പറഞ്ഞു, 'നീയാണു ചമേലീ ഈ ഗ്രാമത്തിന്റെ സൗന്ദര്യവും, പാഠവും'.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MIZHIYORAM, CASTE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.