SignIn
Kerala Kaumudi Online
Friday, 19 April 2024 5.24 AM IST

ജീവിതത്തിന്റെ പ്രകാശം

light

“Hope is the thing with feathers –

That perches in the soul
And sings the tune without the words
And never stops at all”

Emily Dickinson

എമിലി ഡിക്കിൻസൺന്റെ ഈ വരികൾ ഇടയ്ക്കിടെ മനസിലോടിയെത്തുന്നു; മാനവരാശിയുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ ഏതു കറുകറുത്ത മാനത്തും പ്രതീക്ഷയുടെ ഒരു ചെറുതരി വെട്ടമല്ലോ നമ്മെ മുന്നോട്ടു നയിയ്ക്കുന്നത്.
ചില രാജ്യങ്ങളിൽ യുദ്ധ വെടിയൊച്ചകൾക്കു നടുവിലും ജനങ്ങൾ ജീവിതത്തിന്റെ പ്രകാശം കാണുന്നു. സമാധാനം നിലനില്ക്കുന്നു എന്നു നാം വിശ്വസിക്കുന്ന രാജ്യങ്ങളിലും ചിലപ്പോൾ നിനച്ചിരിക്കാതെ അജ്ഞാതൻ ഉതിർക്കുന്ന വെടിയുണ്ടകളിൽ ജീവിതം വിറങ്ങലിക്കുന്നു. അപ്പോഴും ജനങ്ങളുടെ പ്രതീക്ഷകൾക്കു കുറവില്ല.
കൊവിഡ് വ്യാപനത്തിൽ ഇറ്റലിയും അമേരിക്കയും ബ്രിട്ടനും വിറങ്ങലിച്ചപ്പോൾ ഇന്ത്യയും ആഫ്രിക്കൻ രാജ്യങ്ങളും ഭീകരാവസ്ഥയിലേക്ക് പോയില്ലല്ലോ, തങ്ങൾ രക്ഷപ്പെട്ടെന്നു പ്രതീക്ഷിച്ചു. തൊഴിൽ നഷ്ടപ്പെട്ട പാവപ്പെട്ടവരുടെയും സ്ത്രീകളുടെയും എണ്ണം അതിഭീമമായി വർദ്ധിച്ചെങ്കിലും മഹാമാരി ഒഴിവാകുമ്പോൾ കൂടുതൽ കുതിയ്ക്കാമെന്ന പ്രതീക്ഷയിലായിരുന്നു നാം; കൂടുതൽ പേരെ ബാധിക്കുന്ന, മരണനിരക്കു കൂട്ടുന്ന സൗത്ത് ആഫ്രിക്കൻ ഇനം വൈറസ് വന്നെന്നു കേട്ടപ്പോഴും പുതു ഇനങ്ങൾ നമ്മെ കീഴടക്കും മുൻപ് നമുക്കു വാക്സിനെടുക്കാനാവുമെന്ന് ഇന്ത്യ പ്രതീക്ഷയിലായിരുന്നു.
ആദ്യ വരവിൽ മരണനിരക്ക് പൊതുവേ കുറവായിരുന്ന ആഫ്രിക്കയിൽ അത് നാല് ശതമാനമായി ഉയർന്നു. ഇതിനിടെ നിനച്ചിരിക്കാതെ രണ്ടാം തരംഗത്തിന്റെ ആഘാതത്തിൽ ഇന്ത്യ വിറങ്ങലിച്ചു. ഇന്ത്യൻ വേരിയന്റ് വളരെ പെട്ടെന്നു പകരുന്നതും ലക്ഷണങ്ങൾ കാണിക്കാതെ ശ്വാസകോശത്തെ ആക്രമിക്കുന്നതുമൊക്കെ അറിയുമ്പോഴും അതു കൊടുങ്കാറ്റാവും മുൻപ് നാമതിനെ ചെറുക്കുമെന്ന പ്രതീക്ഷയിലായിരുന്നു .

കുട്ടികളെ കൂടുതലായി ബാധിയ്ക്കുന്ന മൂന്നാംതരംഗം അടുത്തെത്തിയെന്ന് കേൾക്കുന്നു. ചെറിയ കുഞ്ഞുങ്ങളുടെ അമ്മമാരെയെങ്കിലും മുഴുവനായി വാക്സിനേറ്റു ചെയ്യാൻ നമുക്ക് കഴിയുമോ എന്നറിയില്ല. കുഞ്ഞുങ്ങളും കൂട്ടിരിപ്പുകാരും കൂടിയാകുമ്പോൾ ആശുപത്രി കിടക്കകൾ മതിയാകുമോ ?

കൂടുതൽ സാമ്പത്തികശേഷിയും ദീർഘവീക്ഷണവും അച്ചടക്കവുമൊക്കെയുള്ള ചില രാജ്യങ്ങൾ വലിയ ദുരന്തങ്ങളില്ലാതെ മഹാമാരിയെ മറികടന്നിരിക്കാം. എങ്കിലും മനുഷ്യരാശിയെ പിടികൂടിയിരിക്കുന്ന പുതിയ കൊവിഡ് വൈറസ് മനുഷ്യനെ പറ്റിച്ച് ജൈത്രയാത്ര തുടരുകയാണ്. ഒരിക്കൽ അറുപതുകാരെയാണെങ്കിൽ പിന്നൊരിക്കൽ ആറുകാരെ, ഒരിക്കൽ വെളുത്തവരെയെങ്കിൽ പിന്നെ കറുത്തവരെ, കൂടുതലായി പിടികൂടുന്നു. മാനവരാശി മുഴുവൻ 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന മനോഭാവത്തോടെ ആഞ്ഞു പരിശ്രമിച്ചില്ലെങ്കിൽ നമ്മുടെ പ്രതീക്ഷകൾ അസ്ഥാനത്തായെന്നു വരാം. വൈറസിനു വിമാനത്തിലും കപ്പലിലുമൊന്നും ടിക്കറ്റെടുക്കേണ്ട ആവശ്യമില്ല. വായുവിലൂടെ എത്ര ദൂരം പകരാമെന്നു ഗവേഷണം ചെയ്തു കണ്ടുപിടിക്കുമ്പോഴേക്കും അത് രൂപാന്തരം പ്രാപിച്ച് ആദ്യ ഗവേഷണഫലത്തെ നോക്കി പല്ലിളിയ്ക്കുന്നു.

സംസ്ഥാനങ്ങളോ രാജ്യങ്ങളോ തങ്ങളുടെ ചെറിയ അതിർത്തികൾക്കുള്ളിൽ ബലമുള്ള സംവിധാനങ്ങൾ സൃഷ്ടിച്ച് വളരെ മെച്ചപ്പെട്ട രീതിയിൽ കുറേക്കാലത്തേക്ക് കൊവിഡിനെ ചെറുത്തേക്കാം. എങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇതുകൊണ്ടൊന്നും പോരെന്ന് നാം തിരിച്ചറിയുന്നുണ്ടോ? അതോ നമ്മുടെ ബലത്തിൽ പ്രതീക്ഷയർപ്പിച്ച് മൂഢസ്വർഗത്തിൽ ജീവിക്കുകയാണോ? മുഴുവൻ മാനവരാശിയേയും വാക്സിനേറ്റു ചെയ്‌തും രോഗാണുക്കൾ മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്ക് പകരുന്ന സാഹചര്യമൊ
ഴിവാക്കിയും കൂട്ടായ ശ്രമമുണ്ടായാലല്ലേ നമ്മുടെ പ്രതീക്ഷകൾ അസ്ഥാനത്താകാതിരിക്കൂ ? രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ മാത്രം സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ വൈറസിന് പാസ്‌പോർട്ടും വിസയും ആവശ്യമില്ലെന്നു മറക്കുന്നു. ജീവവായുവിനായി മനുഷ്യർ പിടയുന്ന അവസ്ഥ ഒഴിവാക്കാൻ എന്തു വിലകൊടുത്തും ആഗോള തലത്തിൽ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളാണാവശ്യമെന്ന് വിവേകമുള്ള രാഷ്ട്രത്തലവന്മാർ ഒരുമിച്ചു തീരുമാനമെടുക്കട്ടെ.
വസൂരി എന്ന മാരക രോഗം 3000 വർഷം ലോകം വാണു. ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ നടത്തിയ ലോകമെമ്പാടുമുള്ള ഗോ വസൂരി പ്രയോഗത്തിലൂടെ (1959 ൽ ആരംഭിച്ച് 1966 ൽ ശക്തിപ്രാപിച്ച പ്രവർത്തനം) 1977 ഓടെ ഭൂമുഖത്തു നിന്ന് വസൂരിരോഗം നിർമ്മാർജനം ചെയ്യപ്പെട്ടു. ലോകാരോഗ്യ സംഘടനയും ലോകനേതാക്കളും ആഗോള മരുന്നു കുത്തകകളുടെ ആർത്തിയെ മറികടന്ന് കൊവിഡിനെതിരെ പ്രവർത്തനം ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
എബോള പോലെയുള്ള വൈറസുകൾ ആഫ്രിക്കയ്ക്കു പുറത്തേയ്ക്കു കടക്കാതെ സംരക്ഷിക്കാൻ മനുഷ്യപ്രയത്നം കൊണ്ടും ആ വൈറസിന്റെ (പിടിപെടുന്നവരിൽ 10 ൽ എട്ട് പേരും മരണപ്പെടുന്നു) സ്വഭാവവിശേഷം കൊണ്ടും സാധിച്ചു. ജൈവായുധങ്ങൾ ഉപയോഗിയ്ക്കുന്നതിനെതിരെ അതികർക്കശമായ ഉപരോധം യു.എന്നും ലോകരാജ്യങ്ങളും ചേർന്ന് പ്രഖ്യാപിക്കേണ്ടിയിരിയ്ക്കുന്നു. വന്യജീവജാലങ്ങളെ ജീവനോടെ കച്ചവടം ചെയ്യുന്ന ചന്തകളുടെ ആഗോള നിരോധനവും പ്രാധാന്യമർഹിക്കുന്നു. പുതിയ വൈറസുകളുണ്ടാവുമ്പോൾ വുഹാനിൽ സംഭവിച്ചതു
പോലെ ലോകം മുഴുവൻ പരക്കും മുൻപേ അതു കണ്ടുപിടിയ്ക്കാനുള്ള മാർഗങ്ങളും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. വീണ്ടും ഇത്തരം മഹാമാരികൾ ഉണ്ടായേക്കാം എന്നു ശാസ്ത്രജ്ഞർ മുന്നറിയിപ്പു തന്നുകഴിഞ്ഞു. ആ സ്ഥിതിയ്ക്ക് അവയെ നേരിടാനുള്ള നിതാന്ത ജാഗ്രതയും അവ മുളയിലേ കണ്ടെത്തി നുള്ളാനുള്ള ഗവേഷണങ്ങളും രീതികളും വികസിപ്പിക്കേണ്ടത് ലോകത്തിന്റെ നിലനില്‌പിന് ആവശ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MIZHIYORAM, JEEVITHAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.