SignIn
Kerala Kaumudi Online
Thursday, 25 April 2024 9.48 PM IST

വളരെ നല്ലതും ഗംഭീരവും തമ്മിലുള്ള വിടവ്

maria-sharapova

“In this world, the gap between very good and great is the Grand Canyon... ”
മരിയ ഷെറപ്പോവയുടെ ആത്മകഥ, '‘Unstoppable - My Life So Far’' ൽ നിന്ന്. റഷ്യയിലെ ചെർണോബിലിൽ ന്യൂക്ലിയർ ദുരന്തമുണ്ടായത് 1986 ഏപ്രിൽ 26 ന്. കാലമധികമാകും മുമ്പ് അവിടത്തെ തക്കാളിക്ക് മത്തങ്ങാ വലിപ്പമാണെന്നും ഡെയ്‌സിപ്പൂവുകൾക്കു താമരപ്പൂ വലിപ്പമാണെന്നും ഒരു ലേഖനത്തിൽ വായിച്ചതോർക്കുന്നു... ന്യൂക്ലിയർ ദുരന്തത്തിൽ നിന്നുണ്ടായ ജനിതക മാറ്റമാണത്രേ കാരണം. ഉക്രയിനിലെ ചെർണോബിലിൽ നിന്നു ഏറെ ദൂരെയല്ലാത്ത ഗ്രാമത്തിൽ ദുരന്തത്തിനു മൂന്നോ നാലോ വർഷങ്ങൾക്കു ശേഷം പിറന്ന മരിയ ഷെറപ്പോവ പെട്ടെന്നു വലിയ പൊക്കമുള്ള കുട്ടിയായി മാറിയ കഥ വായിച്ചപ്പോൾ എനിയ്ക്കാ പഴയ ലേഖനത്തിലെ പരാമർശം ഓർമ്മ വന്നു. ആറാം വയസിൽ, തകർന്ന സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രെയിനിൽ നിന്ന് സ്വന്തം പിതാവിന്റെ നിശ്ചയദാർഢ്യവും മകളുടെ കഴിവിലുള്ള
വിശ്വാസവും ഒന്നുകൊണ്ടു മാത്രം യു.എസിലെ ടെന്നീസ് അക്കാഡമിയിലേക്ക് കുടിയേറിയ ഈ 'ടെന്നീസ് അത്ഭുതം' നമ്മോടു പറയുന്ന കഥ ആദ്യം കുറിച്ച ആ ഒരൊറ്റ വാചകത്തിലുണ്ട്. ബോറടിപ്പിക്കുന്ന ആവർത്തനങ്ങളിലൂടെയല്ലാതെ ഒരു കഴിവും ചെത്തിമിനുക്കാനാവില്ല. ഒരു 'സ്‌പോർട്സ് അത്ഭുതം' സൃഷ്ടിക്കപ്പെടാൻ ഒരു പിതാവോ ഗുരുവോ മറ്റെല്ലാം വെടിഞ്ഞ് ആ കുട്ടിയോടൊപ്പം വളരെ ക്ഷമയോടെ നിലകൊള്ളുകയും വേണം. ഇത്തരം മാതാപിതാക്കളും ഗുരുക്കന്മാരുമാകാൻ വളരെ ചുരുക്കം പേർക്കു മാത്രമേ സാധിക്കുന്നുള്ളൂ. അതിൽ ഒരുപാടു ത്യാഗവും കഠിനാദ്ധ്വാനവും അടങ്ങിയിരിക്കുന്നു. 'വളരെ നന്നിൽ നിന്ന് ' 'ഗംഭീര'ത്തിലേയ്ക്കുള്ള ദൂരം താണ്ടുക അത്ര എളുപ്പമല്ല. അതിനു പിന്നിൽ കേന്ദ്രീകൃതമായ ശ്രദ്ധ ഏറെ നാളത്തേക്ക് വേണ്ടിവരും. എങ്കിലും അനുകൂലമായ മറ്റനേകം ഘടകങ്ങൾ കൂടി ഇല്ലായെങ്കിൽ ആ ഗംഭീരമെന്നു നാം വിശേഷിപ്പിയ്ക്കുന്ന അത്ഭുതം സംഭവിക്കണമെന്നില്ല. യുഡ്കിൻ എന്ന കോച്ച് 1993 ൽ മരിയയുടെ പിതാവ് യൂറിയോട് പറഞ്ഞു. '19-ാം നൂറ്റാണ്ടിലെ വിയന്നയിലല്ല മൊസാർട്ട് ജനിച്ചതെങ്കിൽ മൊസാർട്ടിനെ ഇന്നു ലോകം അറിയുമായിരുന്നില്ല.' അതെ; ചില കാലങ്ങളിൽ ചില സ്ഥലങ്ങളിൽ ചില അത്ഭുതങ്ങൾ സംഭവിക്കുകയാണ്. അതിനു പിന്നിൽ ഒരുപാടു കഠിനാദ്ധ്വാനം, അത്ഭുതം തീർച്ചയായും സംഭവിക്കുമെന്ന വിശ്വാസം അതിനു വേണ്ടിയുള്ള തിരഞ്ഞെടുപ്പുകളിൽ പുലർത്തുന്ന സൂക്ഷ്മത, ഒരുപാടു ത്യാഗം ഒക്കെ അടങ്ങിയിരിക്കുന്നു. രണ്ടു അതികഠിന സെറ്റുകൾ തോറ്റാലും കാണികൾ മുഴുവൻ എതിരായാലും തന്റെ 'ഫോക്കസും' 'സ്റ്റാമിന'യും നിലനിറുത്താൻ കഴിയുന്നവർക്കു മാത്രമുള്ളതാണ് ലോകകിരീടം. കൈയിൽ പൈസയും ഉന്താൻ മാതാപിതാക്കളും തലതൊട്ടപ്പന്മാരുമുണ്ടെങ്കിൽ ചില കഴിവുകളുള്ളവർക്ക് ചിലയിടം വരെയൊക്കെ എത്താനായേക്കാം.
എന്നാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനും നിലനിറുത്താനും ഇത്തരക്കാർക്ക് ഒരിക്കലുമാവില്ല. വളരെ നല്ല ഒരുപാട് അദ്ധ്യാപകർ എന്നെ പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ എന്റെ ജീവിതത്തെ പ്രചോദിപ്പിക്കാനും വഴിതിരിച്ചുവിടാനും കഴിഞ്ഞത് എന്റെ ഒൻപതാം ക്ലാസ് അദ്ധ്യാപികയ്ക്കു മാത്രമാണ്. പലരും എനിയ്‌ക്കൊന്നുമറിയില്ല എന്ന തോന്നൽ എന്നിലുളവാക്കിയിട്ടുണ്ട്. കണക്കിൽ മിടുക്കിയല്ലാത്ത ഞാൻ ജീവിതത്തിൽ വിജയിക്കുമോ എന്ന സംശയം എന്നിലുളവാക്കാൻ ചിലർക്കെങ്കിലും സാധിച്ചിരുന്നു. വളരെ നല്ല എത്രയോ സീനിയേഴ്സ് തൊഴിലിൽ എന്നിൽ മതിപ്പുളവാക്കിയിരിക്കുന്നു. എങ്കിലും ഏതു പ്രതിസന്ധിഘട്ടത്തിലും എനിക്ക് ഓടിച്ചെല്ലാനും എന്റെ എല്ലാ ആശങ്കകളും അകറ്റി ആത്മവിശ്വാസമുളവാക്കാനും കഴിയുന്ന ഒരേയൊരാൾ ഉണ്ട്.
പലരും പിന്നിൽ നിന്നു കുത്തുമ്പോൾ എന്റെ യഥാർത്ഥ ശക്തിയിൽ അഭിമാനം കൊള്ളുകയും എന്റെ മുന്നോട്ടുള്ള പ്രയാണത്തിനു പ്രേരണയാകുകയും ചെയ്യുന്ന ഒരു ഗുരുനാഥൻ ഉണ്ട് എന്നതു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഇത്തരത്തിൽ ആത്മവിശ്വാസം നൽകുന്ന പെരുമാറ്റത്തിലൂടെ ഓരോ അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും തൊഴിൽ ദാതാവിനും ഓഫീസ് ബോസിനും വ്യക്തികളിൽ നല്ല സ്വാധീനം ചെലുത്താനായാൽ നമ്മുടെ നാട്ടിൽ നന്മകൾ സൃഷ്ടിക്കുന്ന ഒരുപാടു പ്രവൃത്തികൾ ഏറ്റം സാധാരണക്കാരായ വ്യക്തികളിൽ നിന്നു പോലും ഉണ്ടാകും.

ഒരു കോടീശ്വരനു പോലും സാധിക്കാത്ത 'ചെറുനന്മകൾ' ചെയ്യുന്ന എത്രയോ പൊലീസുകാരെയും ഫയർഫോഴ്സുകാരെയും എനിക്ക് കണ്ടുമുട്ടാനായിരിയ്ക്കുന്നു! 2018 ലെ മഹാപ്രളയത്തിൽ നിന്നു പാഠമുൾക്കൊണ്ട് We Are Ready (WAR) എന്ന പേരിൽ ഒരു ജനമൈത്രി ഗ്രൂപ്പുണ്ടാക്കി ഡോക്ടർമാർ മുതൽ തടിവെട്ടുകാർ വരെയുള്ളവരെ വരെ ഒരേനൂലിൽ കോർത്തിണക്കി തുടർന്നുള്ള വർഷങ്ങളിലുണ്ടായ പ്രളയത്തെ ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ നേരിടുന്നതിനു നേതൃത്വം കൊടുത്ത രഘുനാഥ് എന്ന എസ്.ഐ ഇത്തരം യഥാർത്ഥ ഹീറോമാരിൽ ഒരാളാണ്. മറ്റൊരാളിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിക്കാൻ, മറ്റൊരാളിന്റെ വേദനയിൽ സാന്ത്വനത്തിന്റെ തലോടലാകാൻ ഒക്കെ കഴിയുന്നവർ ജീവിതം ഗംഭീരമായി കൊണ്ടാടുന്നവർ തന്നെയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MIZHIYORAM, MARIA SHARAPOVA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.