SignIn
Kerala Kaumudi Online
Friday, 19 April 2024 8.05 PM IST

ഗുഡ്‌നൈറ്റ് സർ, കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ

police

എ.എസ്.പി ട്രെയിനിയായി കണ്ണൂരുള്ള കാലം. ഒരു രാത്രി ഞാൻ താമസിച്ചിരുന്ന കണ്ണൂർ പൊലീസ് ക്ലബിനോടു ചേർന്നുള്ള ടൗൺ പോലീസ് സ്റ്റേഷനിൽ നിന്നു രാത്രി വല്ലാത്ത ഒച്ചയും ബഹളവും കേട്ട് ഞാൻ ക്ലബിൽ നിന്നു പൊലീസ് സ്റ്റേഷനിലേക്ക് ഫോണിൽ വിളിച്ചു. ഫോണെടുത്ത ആൾ 'ഗുഡ് നൈറ്റ് സാർ, കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ' എന്നു മറുപടി പറഞ്ഞു. എനിക്ക് അത്ഭുതമായി. എന്താണ് ഫോണെടുത്ത ഉദ്യോഗസ്ഥൻ ഉദ്ദേശിച്ചത്? രാത്രിയിൽ മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ലെന്നാണോ? ഞാൻ ഫോൺ ക്രാഡിലിൽ വച്ച് വേഷം മാറി വേഗം സ്റ്റേഷനിലെത്തി.

ഗാർഡിന്റെ അഭിവാദ്യം സ്വീകരിച്ച് ഞാൻ അകത്തേയ്ക്കു കടന്നു. അകത്തെ ബഹളം ലോക്കപ്പിൽ നിന്നാണ്. ലോക്കപ്പിൽ മൂന്നു നാലു സ്ത്രീകളാണ്. അവർക്കു കാവലായി പുറത്ത് വനിതാ പൊലീസ്. സ്ത്രീകൾ ബഹളം വച്ച് വനിതാ പൊലീസിന്റെ മുഖത്തു തുപ്പുകയും മറ്റും ചെയ്തിരിക്കുന്നു. 'ദുർനടത്തയ്ക്കു' തെരുവിൽ നിന്ന് അറസ്റ്റു ചെയ്ത് ലോക്കപ്പിലാക്കിയതാണത്രേ. പിറ്റേന്നു രാവിലെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാകണം. വനിതാ പൊലീസ് രാത്രി ഉറക്കമിളച്ചിരുന്ന് സ്ത്രീകളുടെ ചീത്തവിളി കേൾക്കണം. കുറ്റകൃത്യങ്ങളുടെയും പൊലീസിന്റെയും വിചിത്രമായ ലോകത്തേയ്ക്കുള്ള ആദ്യ നാളുകളിലെ പരിചയം. തെരുവിലെ സ്ത്രീകളെ പിടിയ്ക്കൽ 'പെറ്റി' തികയ്ക്കാനുള്ള ഒരു സ്ഥിരം പരിപാടിയാണു ടൗൺ സ്റ്റേഷനിൽ. അവർക്കു കാവൽ നില്‌ക്കേണ്ടി വരുന്ന വനിതാ പൊലീസിന്റെ കാര്യം വളരെ കഷ്ടം. തെരുവിലലയുന്ന സ്ത്രീകൾ ശരീരം വിറ്റു ജീവിയ്‌ക്കേണ്ടി വരുന്ന ഹതഭാഗ്യരാണല്ലോ എന്നോർത്തപ്പോൾ എന്റെ മനസു വിങ്ങി. വളരെ വിഷമം സഹിച്ച് അവർക്കു കാവൽ നില്ക്കുന്നവർക്ക് അവരിലോരോ സ്ത്രീയുടെയും ജീവിതകഥ അറിയാം. ഓരോരുത്തരെയും എത്രാമത്തെ തവണയാണു പിടിയ്ക്കുന്നതെന്നു
മറിയാം. 'കമലമ്മ' - ഭർത്താവ് ഉപേക്ഷിച്ചു. മൂന്നു കുഞ്ഞുങ്ങളുടെ വയറു കഴിയാനായി രാത്രി തെരുവിലിറങ്ങുന്നതാണ് മറ്റുമാർഗമില്ല. കാളിയാവട്ടെ
തലയ്ക്ക് ഇത്തിരി അസുഖമുള്ളവളാണ്. തലമൊട്ടയടിച്ച അവളുടെ ഒക്കത്ത്
ഒരു കുഞ്ഞുമുണ്ട്. വളരെ വൃത്തിഹീനമായ വേഷം. മഞ്ഞപ്പല്ലുകാട്ടി ചിരിയ്ക്കുന്നുണ്ട്. ജാനെറ്റ് ഇത്തിരി പരിഷ്‌‌കാരിയാണ്. മുടി പുട്ടപ്പ് ചെയ്തിട്ടുണ്ട്. മുഖത്തു നന്നായി പൗഡറിട്ടിരിയ്ക്കുന്നു. കൺകോണുകളിൽ ലോകത്തോടാകെ പുച്ഛം. അവൾ മാംഗ്ലൂരിൽ നിന്ന് ഇവിടെ എത്തിയതാണത്രേ ( സ്‌ത്രീകളുടെ പേരുകൾ സാങ്കല്‌പികം )​ ഇടയ്ക്കു ട്രെയിനിൽ രാത്രിയാത്രയുമുണ്ട്. ഇവരെയൊക്കെ പിടിച്ചു ലോക്കപ്പിലിടുന്നത് വലിയ കാടൻ സമ്പ്രദായവും മനുഷ്യത്വമില്ലായ്മയുമാണല്ലോ അപ്പോഴേക്കും സ്റ്റേഷനിലെത്തിയ എസ്.ഐ യോടു ഞാൻ പറഞ്ഞു. മനസോടെയല്ല പെറ്റി തികയ്ക്കാൻ ചെയ്യുന്നതാണെന്നു മറുപടി. കൂടാതെ ടൗൺ ക്ലീനാക്കി വയ്‌ക്കേണ്ടത് എസ്.ഐയുടെ ചുമതലയുമാണല്ലോ. ലോക്കപ്പിനുള്ളിലേക്ക് നന്നായി വെട്ടം ലഭിയ്ക്കുന്ന ഒരു ബൾബ് പിറ്റേന്നു വാങ്ങിച്ചിടാൻ എസ്.ഐ യോടു ചട്ടംകെട്ടി. വനിതാ പൊലീസിന് ഇരിപ്പിടം ലോക്കപ്പിന് മുന്നിലിട്ട് ഇരിയ്ക്കാനുള്ള ഏർപ്പാടുമാക്കി. ഇതൊക്കെ ശ്രദ്ധിച്ച് ലോക്കപ്പിലെ സ്ത്രീകൾ അവരുടെ ബഹളമൊക്കെ പതുക്കെ നിറുത്തി. കനമാർന്ന മനസോടെ പുറത്തേക്കിറങ്ങുന്നതിനു മുൻപ് ഫോണെടുത്ത റൈറ്ററോടു ചോദിച്ചു. 'എന്താണു ഗുഡ്‌നൈറ്റ് പറഞ്ഞു കളഞ്ഞത്?' അതിനു മറുപടി പറഞ്ഞത് എസ്.ഐയാണ്. 'ശിങ്കാരവേലു ഐ.ജി സാർ
പണ്ടിട്ട ഓർഡറാണ്. ഫോണെടുത്താൽ ഗുഡ്‌മോണിംഗ് സർ
---- പൊലീസ് സ്റ്റേഷൻ എന്നു പറയണമെന്ന്. രാത്രിയായതു കൊണ്ട്

ഫോണെടുക്കുമ്പോൾ ഗുഡ്‌നൈറ്റ് സർ എന്നു പറയണമെന്നു ധരിച്ച് റൈറ്റർ അങ്ങനെ പറഞ്ഞു പോയതാണ്'. എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. റൈറ്ററോട് കാര്യം പറഞ്ഞു കൊടുത്തപ്പോൾ 'അയ്യോ ഇത്ര കാലം ഞാൻ തെറ്റായാണല്ലോ' പറഞ്ഞിരുന്നത് എന്നായി അദ്ദേഹം. പൊലീസ് സ്റ്റേഷനിലെ വിഷമങ്ങൾക്കും മടുപ്പിക്കുന്ന അന്തരീക്ഷത്തിനും ലാഘവം നൽകിയ ആ 'ഗുഡ്‌നൈറ്റ് സർ, ടൗൺ പൊലീസ് സ്റ്റേഷൻ' ഇന്നും
ഒരു പുഞ്ചിരി ചുണ്ടിൽ വിരിയിക്കാറുണ്ട്. ഒട്ടേറെ ബുദ്ധിമുട്ടുകളും മാനസിക
സംഘർഷങ്ങളും സഹിച്ചു ജോലി ചെയ്യുന്ന പൊലീസുദ്യോഗസ്ഥരോടു എനിക്കു തികഞ്ഞ അനുഭാവവും മതിപ്പും തോന്നിയ ഒട്ടേറെ അനുഭവങ്ങളുണ്ട്. ശിങ്കാരവേലു എന്ന ഐ.ജി പോലീസ് പരിഷ്‌കരണത്തിന്റെ വക്താവായിരുന്നു. അദ്ദേഹം കൊണ്ടുവന്ന പ്രധാനപ്പെട്ട ഒരു പരിഷ്‌കാരമായിരുന്നു ഫോണെടുത്താലുടനെ ഗുഡ് മോണിംഗ് പറഞ്ഞ് അഭിസംബോധന ചെയ്യുക എന്നത്. അത് ചില ജില്ലകളിലെത്തുമ്പോൾ വൈകിട്ടായാലും 'ഗുഡ്‌മോണിംഗ് സർ' ആയി പരിണമിച്ചു. ഈ പരിഷ്‌കാരത്തെ കുറിച്ചു നമ്മുടെ നാട്ടിൽ ഒട്ടേറെ കഥകളുണ്ട്.
'സോഫ്‌ട് സ്‌കിൽ ട്രെയിനിംഗ് ' എല്ലാ പൊലീസുകാർക്കും കൊടുക്കേണ്ട
തിന്റെ പ്രാധാന്യത്തെക്കുറിച്ച് അത്ര ബോധ്യം വരുന്നതിനു മുൻപുള്ള കാലത്തെ കഥയാണിത്. കമ്പ്യൂട്ടർ പരിചയവും ആശയവിനിമയ പരിചയവുമൊക്കെ ഓരോ പൊലീസുകാർക്കും വേണ്ടത്ര നൽകാൻ ശ്രമങ്ങൾ ധാരാളമുള്ള ഇന്നത്തെ കാലത്തിന് അക്കാലവുമായി യാതൊരു താരതമ്യവുമില്ല. സ്റ്റേഷനിലേക്ക് വിളിക്കുന്നവർക്കു നൽകുന്ന സേവനത്തിൽ എത്ര തൃപ്തരാണ് എന്നതിനെക്കുറിച്ച് അടുത്തിടെ ഫയർഫോ
ഴ്സിൽ ഒരു സർവേ നടത്തിയിരുന്നു. തൊണ്ണൂറു ശതമാനം പേരും തൃപ്തരാണ്. ഇടവഴികളിലൂടെ ഓടിക്കാൻ കഴിയുന്ന വാഹനങ്ങൾ, ആധുനിക
ഡ്രോൺ ടെക്‌നോളജി ഇവയൊക്കെ ആവശ്യമുണ്ട്. കൂടാതെ സ്റ്റേഷനിലേയ്ക്കുള്ള ദൂരം കുറയുന്ന തരത്തിൽ കൂടുതൽ ഫയർ സ്റ്റേഷനുകൾ വേണം. ഇക്കഴിഞ്ഞ ദിവസം സ്‌കൂബ ഡൈവിംഗിനിടെ അതീവ ഗുരുതരാവസ്ഥയിലായ എന്റെ സഹപ്രവർത്തകനു സംഭവിച്ച അപകടം ഏറെ വേദനയുണ്ടാക്കി. നിമിഷങ്ങൾക്കകം സ്ഥലത്തോടിയെത്തി സ്വജീവൻ പണയംവച്ച് പ്രവർത്തിക്കുന്ന എന്റെ സേനാംഗങ്ങളെക്കുറിച്ച് എനിക്ക് തികഞ്ഞ അഭിമാനവും ആദരവുമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MIZHIYORAM, POLICE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.