SignIn
Kerala Kaumudi Online
Thursday, 18 April 2024 6.26 PM IST

ഉറക്കം കെടുത്തുന്ന മുല്ലപ്പെരിയാർ; കണ്ണടയ്‌ക്കാനാകാതെ പെരിയാർ തീരം

mullapperiyar-dam

ഡിസംബർ രണ്ടാം തീയതി പുലർച്ചെ 2.45നാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടുമെന്ന് സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൂടിയായ അയ്യപ്പൻകോവിൽ ചുരക്കുളം ആറ്റോരം ചെരിയപുരത്ത് ഗീത തോമസിന് ഫോണിൽ പാർട്ടി പ്രവർത്തകരുടെ അറിയിപ്പ് ലഭിക്കുന്നത്. ഉടൻ തന്നെ വീട്ടുകാരെയും അയൽവാസികളെയും വിവരം അറിയിച്ചു. ആദ്യം വീട്ടുപകരണങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനാണ് ശ്രമിച്ചത്. അപ്പോഴേക്കും ഇരച്ചെത്തിയ വെള്ളം പടിവാതിലും കടന്ന് വീടുകൾക്കുള്ളിലേക്ക് കയറി തുടങ്ങിയിരുന്നു. അർദ്ധരാത്രി എങ്ങോട്ട് പോകുമെന്ന് അറിയാതെ ഗീതയുടെയടക്കം മൂന്ന് കുടുംബങ്ങൾ സമീപത്തെ തേയിലക്കാട്ടിൽ അഭയം പ്രാപിച്ചു. പുലി ഉറങ്ങുന്ന സ്ഥലമാണ് ഇവിടം. ഗീതയുടെ മകന്റെ മകളായ നാലുവയസുകാരി ദിയയെ സഹോദരി പ്രമീള മുരളി പാറക്കെട്ടിൽ സ്വസ്ഥമായി ഒന്നു കിടത്തുന്നതിനിടെ ഗീത തോമസ് മൊബൈൽ ഫോണിൽ പകർത്തിയ ചിത്രം സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അത് മുല്ലപ്പെരിയാറിന്റെ താഴെ പെരിയാർതീരത്ത് താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ നേർചിത്രമായിരുന്നു.

പെരിയാറിന്റെ ഇരുകരകളും കണ്ണടയ്ക്കാതായിട്ട് ദിവസങ്ങളായി. കിടന്നുറങ്ങിയാൽ മുല്ലപ്പെരിയാറിൽ നിന്ന് കുതിച്ചെത്തുന്ന വെള്ളം തങ്ങളെ വിഴുങ്ങുമോയെന്ന് ഭയന്ന് കൈക്കുഞ്ഞുങ്ങളുമായി രാത്രി പാറപ്പുറത്തും തേയില തോട്ടത്തിലും മഞ്ഞും മഴയും സഹിച്ച് കഴിച്ചുകൂട്ടേണ്ട അവസ്ഥ. കൂട്ടത്തിൽ കിടപ്പ് രോഗികളും ഗർഭിണികളും കൈക്കുഞ്ഞുങ്ങളുമുണ്ട്. ഇതിന് ശേഷം പകൽ ജോലിക്ക് പോകാൻ പോലും കഴിയാത്ത നിസഹായ അവസ്ഥ.

അർദ്ധരാത്രിയിലും പുലർച്ചെയുമുള്ള അണക്കെട്ട് തുറക്കൽ പ്രതിഭാസം തുടങ്ങിയിട്ട് ആഴ്ചകളായി . 300 കുടുംബങ്ങളാണ് ഏഴ് വില്ലേജുകളിലായി വെള്ളം കയറുന്ന മേഖലയിലുള്ളത്. വള്ളക്കടവ്, മഞ്ചുമല, ആറ്റോരം എന്നിവിടങ്ങളിലാണ് ഏറ്റവും അധികം വീടുകളുള്ളത്. രാത്രിയിൽ വലിയ തോതിൽ വെള്ളം തുറന്നുവിടുമ്പോൾ വെറും പത്ത് മിനിറ്റ് മുമ്പ് മാത്രമാണ് പലപ്പോഴും മുന്നറിയിപ്പ് നൽകുക. ചില ദിവസങ്ങളിൽ വെള്ളം തുറന്ന് വിട്ട ശേഷമാണ് 'മുന്നറിയിപ്പ് ' . ഈ ചുരുങ്ങിയ സമയംകൊണ്ട് പ്രായമായവരും കുട്ടികളും അടക്കമുള്ളവരുമായി രക്ഷപ്പെടാനുമാകില്ല. വീട്ടുസാധനങ്ങളും വെള്ളത്തിലാകും. പലരുടെയും ഇലക്ട്രോണിക് ഉപകരണങ്ങൾ ഇതിനകം നശിച്ചു. വെള്ളം കയറുന്ന മേഖലയിലെ കൃഷി പൂർണമായി നശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മടങ്ങിയവർ വെള്ളമിറങ്ങുമ്പോൾ വീടുകളിലേക്കു തിരികെയെത്തും. ചെളിയും മണ്ണും അടിഞ്ഞ വീടുകൾ പഴയപടിയാക്കുകയാണ് ഏറ്റവും കഠിനമായ ജോലി. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഇവർക്ക് സ്വന്തം വീടുവിട്ട് പോകേണ്ടിവന്നത്.

തുറക്കലും അടയ്ക്കലും നിമിഷങ്ങൾക്കകം

പകൽ തുറന്നോളൂ, രാത്രി ഇങ്ങനെ കൂട്ടത്തോടെ ഷട്ടറുകൾ തുറന്ന് ദ്രോഹിക്കുന്നതെന്തിനെന്ന് മാത്രമാണ് ഈ പാവങ്ങൾ ചോദിക്കുന്നത്.

രാത്രി വെള്ളമൊഴുക്കരുതെന്ന് മുഖ്യമന്ത്രിയടക്കം പല തവണ ആവശ്യപ്പെട്ടിട്ടും തമിഴ്‌നാടിന്റെ ഭാഗത്തു നിന്ന് അനുകൂലമായ സമീപനമുണ്ടാകുന്നില്ല.

മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്ത് നൽകിയതിന് ശേഷമുള്ള 24 മണിക്കൂറിനിടെ നാല് തവണയാണ് തമിഴ്‌നാട് ഷട്ടറുകൾ തുറന്നത്. ജലനിരപ്പ് അല്‌പം താഴ്ന്നാൽ ഷട്ടറുകളിൽ ഒരെണ്ണമൊഴികെ എല്ലാം താഴ്ത്തും. ഷട്ടർ അടച്ചാലുടൻ തന്നെ തമിഴ്‌നാട് ടണൽ വഴി കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കുറയ്ക്കും. ഇതോടെ ജലനിരപ്പ് മണിക്കൂറുകൾക്കുള്ളിൽ ഉയരും. ഒരു ഡാം തുറക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് തമിഴ്നാടിന്റെ നടപടികൾ.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെ തുറന്നിരുന്ന ഒരു ഷട്ടറിനൊപ്പം എട്ടെണ്ണം കൂടി തുറന്ന് സെക്കൻഡിൽ 7800 ഘനയടി ജലമാണ് തമിഴ്‌നാട് പുറത്തേക്കൊഴുക്കിയത്. 10 മണിക്ക് ഒരു ഷട്ടറൊഴികെ എല്ലാം അടച്ചു. തിങ്കളാഴ്ച പുലർച്ചെ നാലിന് 15 മിനിറ്റ് മുമ്പ് മാത്രം അറിയിപ്പ് നൽകി അഞ്ച് ഷട്ടർ 30 സെ.മീ. വീതം ഉയർത്തി. പിന്നാലെ 4.30ന് നാലെണ്ണം കൂടി ഉയർത്തി. രാവിലെ 8.30ന് നാല് ഷട്ടറുകൾ അടച്ചു. 11ന് തുറന്നിരുന്ന ഷട്ടറുകളുടെ ഉയരം 30 സെന്റി മീറ്ററിൽ നിന്ന് 60 ആക്കി. ഉച്ചയ്ക്ക് 1.30ന് ഇത് വീണ്ടും 30 സെ.മീ ആക്കി കുറച്ചു. വൈകിട്ട് നാലിന് വീണ്ടും ഈ ഷട്ടറുകളെല്ലാം 60 സെ.മീ വീതം ഉയർത്തി. രാത്രി 7.45ന് ആകെ ഒമ്പത് ഷട്ടറുകൾ തുറന്ന് 7105.59 ഘനയടി ജലമാണ് സെക്കൻഡിൽ പെരിയാറ്റിലേക്ക് ഒഴുക്കുന്നത്. 8.15ന് ഒഴുക്കുന്ന ജലത്തിന്റെ അളവ് 8752.24 ഘനയടിയായി കൂട്ടി. രാത്രി എട്ടരയോടെ ഒമ്പത് ഷട്ടറുകൾ 120 സെന്റി മീറ്റർ ഉയർത്തി സെക്കൻഡിൽ 12,654 ഘനയടി വെള്ളമാണ് പെരിയാറ്റിലേക്ക് തുറന്നുവിട്ടത്. 2018ലെ പ്രളയത്തിനു ശേഷം ഇതാദ്യമായാണ് ഇത്രയും അധികം വെള്ളം പെരിയാറിലേക്ക് ഒഴുക്കിയത്. മുന്നറിയിപ്പ് ലഭിച്ചത് കഷ്ടിച്ച് 15 മിനിട്ട് മുമ്പ്. ഇതോടെ അയ്യപ്പൻകോവിൽ പഞ്ചായത്ത് പരിധിയിലെ തീരദേശവാസികളിൽ കിടപ്പുരോഗികൾ അടക്കം അവശരായവരെ ആംബുലൻസിലും മറ്റുമായി സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. രാത്രി ഒമ്പതരയോടെയാണു ചപ്പാത്ത് പാലത്തിന്റെ കൈവരികൾക്കിടയിലൂടെ വെള്ളം ഒഴുകിയത്. പെരിയാർ തീരത്തെ വള്ളക്കടവ്, വികാസ്‌നഗർ, മഞ്ചുമല, ഇഞ്ചിക്കാട് ആറ്റോരം, കടശിക്കാട് ആറ്റോരം, കറുപ്പുപാലം മേഖലകളിലെ അമ്പതോളം വീടുകളിൽ വെള്ളം കയറി.

സ്ഥിതിഗതികൾ വിലയിരുത്താൻ വണ്ടിപ്പെരിയാറിലെത്തിയ മന്ത്രി റോഷി അഗസ്റ്റിനു മുന്നിൽ നാട്ടുകാർ പരാതിയുടെ കെട്ടഴിച്ചു. മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്നുവിടുന്നതിലൂടെ വീടുകളിൽ വെള്ളം കയറിയവരാണു പ്രതിഷേധവുമായി മന്ത്രിയുടെ മുന്നിലെത്തിയത്. സർക്കാർ ജാഗ്രത പാലിക്കാൻ പറയുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്നായിരുന്നു നാട്ടുകാരുടെ പ്രധാന ആരോപണം. ഡാമിന്റെ നിയന്ത്രണം നമ്മുടെ കയ്യിലല്ലെന്നും ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും പലതവണ രാത്രി ഡാം തുറക്കരുതെന്നാണ് തമിഴ്നാടിനോട് അഭ്യർത്ഥിച്ചെങ്കിലും വീണ്ടും ഇതു തുടരുകയാണെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. അരമണിക്കൂറോളം നേരം ഇവിടെ മന്ത്രിയും ജനക്കൂട്ടവുമായുള്ള വാദപ്രതിവാദങ്ങൾ നീണ്ടുനിന്നു. എന്തായാലും ഇനിയും രാത്രി കൂട്ടത്തോടെ ഷട്ടറുകൾ തുറക്കില്ലെന്നോ വീടുകളിൽ വെള്ളം കയറില്ലെന്നോ ഉറപ്പ് പറയാൻ സംസ്ഥാന സർക്കാരിനുമാകുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MULLAPPERIYAR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.