SignIn
Kerala Kaumudi Online
Thursday, 25 April 2024 7.58 AM IST

ആശങ്കയുടെ അണ നിറയുമ്പോൾ

mullapperiyar

ഒരിടവേളയ്ക്ക് ശേഷം മുല്ലപ്പെരിയാർ കേരളത്തിൽ വീണ്ടും സജീവ ചർച്ചയാവുകയാണ്. 126 വർഷങ്ങൾക്ക് മുമ്പ് തമിഴ്‌നാടിലെ വൈഗ നദിയുടെ താഴ്‌വരയിലുള്ളവർക്ക് ജലസേചനത്തിനായി നിർമിച്ച ഈ അണക്കെട്ട് ഏറെക്കാലങ്ങളായി രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കത്തിനിടയാക്കുന്നു. 10 വർഷം മുമ്പ് 2011ൽ സാമൂഹ്യമാദ്ധ്യമങ്ങൾക്ക് ഇത്രയധികം സ്വാധീനമില്ലാതിരുന്ന കാലത്താണ് ഇതിന് മുമ്പ് മുല്ലപ്പെരിയാർ വിഷയം ശക്തമായി ഉയർന്നു വന്നത്. അന്നത്തെയും ഇന്നത്തെയും മുദ്രാവാക്യം ഒന്നുതന്നെയാണ്. 'കാലാവധി കഴിഞ്ഞ ഡാം ഡീകമ്മിഷൻ ചെയ്യുക,​ 40 ലക്ഷം ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക" . അന്ന് പ്രതിഷേധങ്ങളേറെയും തെരുവിലായിരുന്നു. ഇത് പിന്നീട് ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് വരെ നീങ്ങി.

ഇന്ന് പ്രതിഷേധങ്ങളേറെയും സാമൂഹ്യമാദ്ധ്യമങ്ങളിലാണ്. സിനിമാ താരങ്ങളടക്കം വിഷയത്തിൽ പ്രതികരിക്കുന്നു. എന്നാൽ ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. എങ്കിലും അണക്കെട്ടിന് കീഴെ വസിക്കുന്നവരുടെ നെഞ്ചിൽ ഡാം നിറയുന്നതിനൊപ്പം ഭീതിയും നിറയും. എന്നാൽ നേർവിപരീതമാണ് തമിഴ്നാട്ടിലെ സ്ഥിതി. വെള്ളമില്ലാതെ വരണ്ട് കൃഷിയോഗ്യമല്ലാതിരുന്ന തേനി, മധുര, ദിണ്ഡികൽ, രാമനാഥപുരം, ശിവഗംഗ എന്നീ ജില്ലകളുടെ ദാഹജലമാണ് മുല്ലപ്പെരിയാർ. വൈഗ നദിയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്തിരുന്ന പ്രദേശങ്ങൾ ഇന്ന് തമിഴ്‌നാടിന്റെ മാത്രമല്ല കേരളത്തിന്റെയും കാർഷികനട്ടെല്ലാണ്. അതുകൊണ്ടാണ് തേനിയും മധുരയുടമക്കമുള്ള പ്രദേശങ്ങളിലെ വീടുകളിലെ ചുമരുകളിൽ ദൈവങ്ങൾക്കൊപ്പം ഒരു സായിപ്പിന്റെ ചിത്രം കൂടിയുള്ളത്, മുല്ലപ്പെരിയാർ ഡാമിന്റെ ശില്‌പി പെന്നിക്വിക്കിന്റേത്.

അണകെട്ടിയ കഥ

1876ൽ മദ്രാസ് പ്രവിശ്യയിലുണ്ടായ കടുത്ത വറുതിയിൽ ലക്ഷങ്ങൾ മരിച്ചതോടെയാണ് ബ്രിട്ടീഷ് സർക്കാർ പെരിയാറിലെ വെള്ളം കിഴക്കോട്ട് തിരിച്ചുവിട്ട് ഗ്രാമപ്രദേശങ്ങളിലെ കടുത്ത ജലക്ഷാമം പരിഹരിക്കാൻ തീരുമാനിച്ചത്. 1882ൽ പെരിയാറിൽ ഡാം നിർമിക്കുന്നതിന് ബ്രിട്ടീഷുകാരനായ എൻജിനിയർ കേണൽ ജോൺ പെന്നിക്വിക്ക് സമർപ്പിച്ച റിപ്പോർട്ട് ബ്രിട്ടീഷ് സർക്കാർ അംഗീകരിച്ചു. തുടർന്ന് 1887ലാണ് പെന്നിക്വിക്ക് മൂവായിരം തൊഴിലാളികളുമായി വന്യജീവികളുള്ള കൊടുംകാട്ടിൽ പ്രതികൂലമായ കാലാവസ്ഥയിൽ ഡാമിന്റെ നിർമാണം ആരംഭിക്കുന്നത്. നിർമാണം ആരംഭിച്ച അണക്കെട്ടിന്റെ പലഭാഗങ്ങളും രണ്ടുവട്ടം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ഇതിനിടെ പകർച്ചവ്യാധികൾ പടർന്നുപിടിച്ചും അപകടത്തിലും പ്രകൃതിദുരന്തത്തിലും നിരവധി തൊഴിലാളികൾ മരിച്ചു. ഇതോടെ സർക്കാർ പദ്ധതി ഉപേക്ഷിച്ചു.

എന്നാൽ പിന്മാറാൻ തയ്യാറാകാത്ത പെന്നിക്വിക്ക് ഇംഗ്ലണ്ടിൽ തന്റെയും ഭാര്യ ഗ്രേസ് ജോർജീനയുടെയും പേരിലുള്ള സ്വത്തുക്കൾ വിറ്റുകിട്ടിയ പണംകൊണ്ട് ഡാം നിർമാണം പൂർത്തിയാക്കി. 1895 ഒക്‌ടോബർ 10ന് ഡാം കമ്മിഷൻ ചെയ്തു. ഒരു ജനതയുടെയാകെ ജീവിതം മാറ്റിമറിച്ച പെന്നിക്വിക്കിന്റെ ജന്മദിനമായ ജനുവരി 15ന് തമിഴ്‌നാട്ടിൽ പൊതുഅവധിയാണ്. കമ്പം, തേനി, മധുര എന്നിവിടങ്ങളിൽ അദ്ദേഹത്തിന്റെ പ്രതിമകളുണ്ട്.

ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ വള്ളക്കടവിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. സുർക്കി ചാന്തിൽ കരിങ്കല്ല് കെട്ടിയുണ്ടാക്കിയതാണ് അണക്കെട്ടിന്റെ അടിത്തറ. 152 അടി ഉയരവും 1200 അടി നീളവുമുള്ള പ്രധാന ‌ഡാം, 240 അടി നീളവും 115 അടി ഉയരവുമുള്ള ബേബി ഡാം, 240 അടി നീളവും 20 അടി വീതിയുള്ള എർത്ത് ഡാം എന്നിവ ചേർന്നതാണ് മുല്ലപ്പെരിയാർ അണക്കെട്ട്. തുടക്കത്തിൽ 152 അടി വെള്ളമാണ് അണക്കെട്ടിൽ സംഭരിച്ചു നിറുത്തിയിരുന്നത്. സ്പിൽവേയിൽ 13 ഷട്ടറുകളാണ് ഉള്ളത്. ഇവ തുറക്കുമ്പോൾ വെള്ളം പെരിയാർ നദിയിലൂടെ വള്ളക്കടവ്, വണ്ടിപ്പെരിയാർ, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകോവിൽ വഴി ഇടുക്കി ജലസംഭരണിയിലെത്തും. ഡാം നിർമിച്ചതോടെയാണ് തേക്കടി തടാകമുണ്ടായത്. തേക്കടിയിൽ നിന്ന് രണ്ട് കിലോമീറ്റർ നീളമുള്ള തുരങ്കത്തിലൂടെയാണ് തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നത്. കുളങ്ങളിലും വൈഗ അണക്കെട്ടിലും സംഭരിക്കുന്ന വെള്ളമാണ് തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലേക്ക് കുടിക്കാനും കൃഷിക്കായും ഉപയോഗിക്കുന്നത്. 1958 മുതൽ തമിഴ്‌നാട് അണക്കെട്ടിലെ ജലം ഉപയോഗിച്ചു വൈദ്യുതി ഉത്പാദിപ്പിക്കാനും ആരംഭിച്ചു.

അടിവച്ചുയർന്ന് കോടതിയിലേക്ക്

അണക്കെട്ടിൽ ചോർച്ച വന്നതോടെ 1979ലാണ് വിവാദങ്ങൾ ആരംഭിക്കുന്നത്. കേന്ദ്ര ജലകമ്മിഷൻ അണക്കെട്ട് സന്ദർശിച്ച് ജലനിരപ്പ് 152ൽ നിന്ന് 136ലേക്ക് താഴ്‌ത്താനും ബലപ്പെടുത്തൽ ജോലികൾ നടത്താനും നിർദേശിച്ചു. പുതിയ അണക്കെട്ട് നിർമിക്കാനുള്ള സ്ഥലവും കമ്മിഷൻ കണ്ടെത്തി. എന്നാൽ ബലപ്പെടുത്തൽ ജോലികൾ നടത്തിയ തമിഴ്‌നാട് പുതിയ അണക്കെട്ട് എന്നത് അവഗണിച്ചു. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് വീണ്ടും വിവാദങ്ങൾ ഉയർന്നതോടെ വിഷയം സുപ്രീം കോടതിയിലെത്തി.

2010 ഫെബ്രുവരിയിൽ മുല്ലപ്പെരിയാർ വിഷയങ്ങൾ പഠിക്കാനായി ജസ്റ്റിസ് എ.എസ്.ആനന്ദ് ചെയർമാനായ അഞ്ചംഗ സമിതിയെ സുപ്രീം കോടതി നിയോഗിച്ചു. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 2014 ൽ ജലനിരപ്പ് 136ൽ നിന്ന് 142 അടിയാക്കി ഉയർത്താൻ തമിഴ്‌നാടിന് അനുമതി ലഭിച്ചത്. ഇതോടെ 2014ൽ ജലനിരപ്പ് 142 അടിയാക്കി. പിന്നീട് 2018 ആഗസ്റ്റ് 15നും ജലനിരപ്പ് 142 അടി പിന്നിട്ടു. ജസ്റ്റിസ് ആനന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ നിർദേശപ്രകാരം അണക്കെട്ടിലെ സ്ഥിതി തുടർച്ചയായി വിലയിരുത്താൻ മൂന്നംഗ മേൽനോട്ട സമിതിക്കും രൂപം നൽകി. കേന്ദ്ര ജലകമ്മിഷൻ പ്രതിനിധി ചെയർമാനായ ഈ സമിതിയിൽ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഓരോ പ്രതിനിധിയാണുള്ളത്. ഇവരെ സഹായിക്കാൻ അഞ്ചംഗ ഉപസമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഉപസമിതി മാസത്തിൽ ഒരു തവണ അണക്കെട്ട് സന്ദർശിച്ചു പരിശോധന നടത്തി റിപ്പോർട്ട് നല്‌കണം. മൂന്ന് മാസത്തിലൊരിക്കൽ മേൽനോട്ട സമിതി അണക്കെട്ടിൽ പരിശോധന നടത്തണം. പക്ഷേ തമിഴ്‌നാടിന്റെ നിസഹകരണം മൂലം പലപ്പോഴും കൃത്യമായ ഇടവേളകളിൽ സമിതികളുടെ പരിശോധന നടക്കാറില്ല.

റൂൾ ലെവലും പാലിക്കില്ല

പ്രളയം നിയന്ത്രിക്കാൻ ഡാമുകളിൽ ഓരോ 10 ദിവസവും നിലനിറുത്താൻ കഴിയുന്ന ജലനിരപ്പാണ് അപ്പർ റൂൾ ലെവൽ. ഈ പരിധി കവിഞ്ഞാൽ ഡാം തുറക്കേണ്ടി വരും. കെ.എസ്.ഇ.ബിയുടെയും ജലവിഭവ വകുപ്പിന്റെയും മറ്റ് വലിയ അണക്കെട്ടുകൾക്കെല്ലാം റൂൾ ലെവലുണ്ടെങ്കിലും മുല്ലപ്പെരിയാറിന് ഇതുണ്ടായിരുന്നില്ല. അതിനാൽ തമിഴ്‌നാടിന് തോന്നിയ അളവ് വരെ ഡാമിൽ ജലം സംഭരിക്കാനും കൃത്യമായ മാനദണ്ഡങ്ങളില്ലാതെ ഷട്ടർ തുറന്ന് വെള്ളമൊഴുക്കാനും കഴിയുമായിരുന്നു. 2018 ആഗസ്റ്റിൽ മഹാപ്രളയത്തിൽ ജലനിരപ്പ് 142 അടി പിന്നിട്ടപ്പോൾ പുലർച്ചെ 2.30ന് മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ തുറന്നത് പെരിയാർ നിവാസികൾ ഭീതിയോടെയാണ് ഓർക്കുന്നത്.

കേരളം വർഷങ്ങളായി റൂൾ ലെവൽ നിശ്ചയിക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. തുടർന്ന് കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ് നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് റൂൾ ലെവൽ, ഷട്ടർ പ്രവർത്തനമാർഗരേഖ എന്നിവയുണ്ടാക്കാനും ഡാമിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കാനും സുപ്രീംകോടതി മാർച്ച് 16ന് ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മനസില്ലാ മനസോടെ തമിഴ്‌നാട് റൂൾ ലെവൽ കേന്ദ്രജലകമ്മിഷന് സമർപ്പിച്ചത്. ജൂൺ 10 മുതൽ നവംബർ 30 വരെയുള്ള റൂൾ ലെവലാണ് നൽകിയത്. ഇതുപ്രകാരം ഒക്ടോബർ 20 - 30 വരെ പരമാവധി ഉയർത്താവുന്ന ജലനിരപ്പ് 137.75 അടിയാണ്. ഇതിൽ നിന്ന് ഒരടി കുറച്ച് 136.75 അടിയാകുമ്പോൾ റെഡ് അലർട്ട് പ്രഖ്യാപിച്ച് അണക്കെട്ട് തുറക്കേണ്ട നടപടികൾ ആരംഭിക്കേണ്ടതാണ്. എന്നാൽ ജലനിരപ്പ് 142 അടിയാക്കി ഉയർത്തി അണക്കെട്ട് സുരക്ഷിതമാണെന്ന് ബോദ്ധ്യപ്പെടുത്താനായിരുന്നു ഇതുവരെയുള്ള തമിഴ്‌നാടിന്റെ ശ്രമം. എന്നാൽ ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിൽ തമിഴ്നാട് ഈ റൂൾ ലെവൽ പാലിക്കാമെന്ന് തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ഇത് കേരളത്തിന് നേട്ടമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IDUKI DIARY, MULLAPPERIYAR DAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.