SignIn
Kerala Kaumudi Online
Friday, 19 April 2024 7.25 PM IST

ഇവിടെ ഒരു മല ഇല്ലാതാകുന്നു

gyap-road

1924ലെ പ്രളയത്തിൽ മൂന്നാർ ടോപ്പ് സ്റ്റേഷനിലെ മോണോ റെയിൽ സംവിധാനം തകർന്നതിനെ തുടർന്ന് തമിഴ്നാട്ടിലേക്കും കേരളത്തിലേക്കുമുള്ള ചരക്ക് ഗതാഗതം പൂർണമായും നിലച്ചിരുന്നു. ഇതോടെ മൂന്നാറിൽ ഉത്പാദിപ്പിക്കുന്ന തേയില തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാൻ മാർഗമില്ലാതായി. തുടർന്ന് റെയിലിന് ബദലായി ദേവികുളം ഗ്യാപ്പ് വഴി റോഡ് നിർമിക്കാൻ അന്നത്തെ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചു. അതീവപരിസ്ഥിതി ദുർബലമായ പ്രദേശത്ത് തീർത്തും പ്രകൃതിസൗഹൃദമായിട്ടായിരുന്നു നിർമാണം. ലോക്ഹാർട്ട് ഗ്യാപ്പെന്നും ഇവിടം അറിയപ്പെടുന്നു. ഇത് പിന്നീട് കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയുടെ ഭാഗമായി. മൂന്നാറിൽ നിന്ന് 14 കിലോമീറ്ററാണ് ഗ്യാപ്പിലേക്ക്. ഇവിടെ ചില ഭാഗത്ത് റോഡിന് വീതി തീരെ കുറവായിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം 2017 ആഗസ്റ്റിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 42 കിലോ മീറ്റർ റോഡ് വീതി കൂട്ടാൻ ആരംഭിച്ചു. ഇതിനായി 381 കോടി രൂപയാണ് ഉപരിതലഗതാഗതവകുപ്പ് അനുവദിച്ചത്. രണ്ടുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം.

പരിസ്ഥിതി കൊള്ള

എന്നാൽ പുനർനിർമ്മാണ ജോലികളുടെ മറവിൽ പിന്നീട് നടന്നത് കേരളത്തിലെ ഏറ്റവും വലിയ പരിസ്ഥിതി കൊള്ളയായിരുന്നു. കൊച്ചി കേന്ദ്രമായ റോഡ് നിർമാണ കമ്പനിയ്ക്ക് റോഡ് നിർമിക്കുന്നതിലല്ല, പാറപൊട്ടിച്ച് കടത്തുന്നതിൽ മാത്രമായിരുന്നു താത്പര്യം. മുകൾമണ്ണിന്റെ ബലം നോക്കാതെ മലകൾക്ക് ഉള്ളിൽ പോലും അമിത സ്‌ഫോടക വസ്തുക്കൾ വച്ച് ഖനനം നടത്തി. അശാസ്ത്രീയവും ഭൂപ്രകൃതിക്ക് ചേരാത്തതുമായ നിർമാണത്തെ തുടർന്ന് അരഡസനോളം തവണ വൻതോതിൽ മലയിടിച്ചിലുകളുണ്ടായി. 2019 ഒക്ടോബർ എട്ടിനും 11നുമുണ്ടായ ഇടിച്ചിലുകളായിരുന്നു ഇവയിൽ ഭീകരം. 11നുണ്ടായ മലയിടിച്ചിലിൽ ജോലി ചെയ്തിരുന്ന ഒരു തൊഴിലാളി മണ്ണിനടിയിൽപ്പെട്ട് മരിക്കുകയും മറ്റൊരാളെ കാണാതാകുകയും ചെയ്തിരുന്നു. മണ്ണുമാന്തി യന്ത്രവും ടിപ്പർ ലോറികളുമടക്കം നിരവധി വാഹനങ്ങൾ അന്ന് തകർന്നിരുന്നു. മലയടിവാരത്ത് ഏക്കറുകണക്കിന് കൃഷിയിടങ്ങൾ നശിക്കുകയും ചെയ്തു. ചെറിയ ഇടിച്ചിലുകളിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതിന് ശേഷം രണ്ട് മാസത്തോളം നിർമാണം നിറുത്തിവച്ചു. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ റോഡ് നിർമിച്ചതും വൻപാറക്കെട്ടുകൾ അനധികൃതമായി പൊട്ടിച്ചുനീക്കിയതും മൂലമാണ് മലയിടിഞ്ഞതെന്നു ദേവികുളം സബ് കളക്ടറായിരുന്ന രേണുരാജ് അന്ന് റിപ്പോർട്ട് നൽകിയിരുന്നു. അതവഗണിച്ച് പാറപൊട്ടിക്കലും നിർമാണപ്രവർത്തനങ്ങളും തുടർന്നു. ഇതിന്റെ പരിണിതഫലമായി ജൂൺ 17ന് രാത്രിയുണ്ടായ വൻ മലയിടിച്ചിലിൽ അരകിലോമീറ്ററോളം റോഡാണ് തകർന്നത്. മലഞ്ചെരിവിൽ 25 ഏക്കറിലധികം സ്ഥലത്ത് വൻ കൃഷിനാശവും സംഭവിച്ചു. അടിവാരത്ത് നിർമ്മിച്ചിരുന്ന രണ്ട് കെട്ടിടങ്ങൾ പൂർണമായും ഒരെണ്ണം ഭാഗികമായും തകർന്നു. റോഡരികിൽ നിറുത്തിയിട്ടിരുന്ന ഒരു വാഹനത്തിന് കേടുപാടുകളുണ്ടായി. മഴക്കാലത്ത് ദുരന്ത സാദ്ധ്യത കണക്കിലെടുത്ത് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നത് വൻദുരന്തമൊഴിവാക്കി. ഏറ്റവുമൊടുവിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി 11ന് ഗ്യാപ്പ് റോഡിൽ നിന്ന് മുട്ടുകാട്ടിലേക്ക് തിരിയുന്ന റോഡിന് സമീപം വലിയ പാറക്കഷ്ണങ്ങളും മണ്ണും റോഡിലേക്ക് ഇടിഞ്ഞുവീണു. രാത്രികാലത്ത് ഇതുവഴി ഗതാഗതത്തിന് നിരോധനമുള്ളതിനാലാണ് വൻ അപകടമൊഴിവായത്. ഒന്നരവർഷത്തിനിടെ ആറ് തവണ വലിയതോതിലുള്ള മണ്ണിടിച്ചിലാണ് ഇവിടെ ഉണ്ടായത്. അനിയന്ത്രിതമായ പാറഖനനമാണ് നിരന്തര മലയിടിച്ചിലുകൾക്ക് കാരണമെന്ന് കാട്ടി കഴിഞ്ഞ സെപ്തംബറിൽ കോഴിക്കോട് എൻ.ഐ.ടി സംഘം സർക്കാരിന് പഠന റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നിട്ടും ഇതേ കമ്പനിക്ക് വീണ്ടും പാറപൊട്ടിച്ച് കൊണ്ടുപോകാൻ ആരാണ് അനുമതി നൽകുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.

പൊട്ടിച്ചത് കോടികൾ

ദേശീയപാത നിർമാണത്തിന്റെ ഭാഗമായി മൂന്നാർ ഗ്യാപ്പ് റോഡിൽ നിന്ന് കരാറുകാരന്റെ നേതൃത്വത്തിൽ അനധികൃതമായി പൊട്ടിച്ച് കടത്തിയത് 2.5 ലക്ഷത്തിലധികം ക്യുബിക് മീറ്റർ പാറ. പൊതുവിപണിയിലെ വിലയനുസരിച്ച് ഒരു ക്യുബിക് മീറ്റർ പാറയ്ക്ക് 1250 രൂപ കണക്കുകൂട്ടിയാൽ തന്നെ 31.25 കോടി രൂപ മൂല്യമുണ്ട്. എന്നാൽ സർക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം 4.52 കോടി രൂപ മാത്രമാണ് നഷ്ടം. ദേവികുളം ഭാഗത്ത് നിന്ന് 93,000 ക്യുബിക് മീറ്ററും ഉടുമ്പൻചോല ഭാഗത്ത് നിന്ന് 1,57,960 ക്യുബിക് മീറ്ററും പാറ അനധികൃതമായി പൊട്ടിച്ചതായി കണ്ടെത്തി. വിവിധ ഭാഗങ്ങളായി തിരിച്ച് പാറയുടെ ആഴം കണക്ക് കൂട്ടിയാണ് പരിശോധന നടത്തിയത്. അലൈന്റ്‌മെന്റ് പ്രകാരം അനുവദിച്ചിരിക്കുന്ന പാറയുടെ ഉള്ളിലേക്ക് കയറി പൊട്ടിച്ചെടുത്തതാണ് ഇവയെല്ലാം. ഒരു ഡസണിലധികം സ്ഥലത്ത് വലിയ തോതിൽ പാറയിടിഞ്ഞ് പോയതിനാൽ ഇതിന്റെ അനുവദനീയമായ അതിർത്തി നിർണയിക്കാനായിരുന്നില്ല. തുടർന്ന് ഗൂഗിൾ ഇമേജിന്റെ സഹായത്തോടെയാണ് ഇത് കണക്കാക്കി നഷ്ടപ്പെട്ട പാറയുടെ അളവെടുത്തത്. ഏഴ് മീറ്റർ ദൂരത്തിൽ രണ്ടര കിലോമീറ്ററോളം വരുന്ന ഭാഗത്തെ പാറയാണ് പൊട്ടിക്കാൻ ഗ്യാപ്പ് റോഡിൽ മാത്രം അനുവദിച്ചിരുന്നത്. റോഡ് നിർമാണത്തിന് ആകെ 5,30,676 ക്യുബിക് മീറ്റർ പാറ ഖനനത്തിന് അനുമതിയുണ്ടായിരുന്നു.

റോഡ് കടന്നുപോകാത്ത ഭാഗത്തെ വരെ പാറ പൊട്ടിച്ചുനീക്കിയതായി കഴിഞ്ഞ വർഷം ജില്ലാ കളക്ടർക്ക് സ്‌പെഷ്യൽ തഹസിൽദാർ നൽകിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. കരിങ്കൽ ഖനനത്തിനായി റോഡ് അലൈൻമെന്റ് മാറ്റിയെന്ന ആരോപണവും കരാറെടുത്ത കമ്പനിക്കെതിരെയുണ്ട്. ഗ്യാപ്പ് റോഡിനു താഴെയുള്ള കിളിപ്പാറ, സൊസൈറ്റിമേട്, കാക്കാക്കട, ചൊക്രമുടിക്കുടി, ചങ്ങനാശേരിക്കട, ശെവന്തിക്കനാൽ എന്നിങ്ങനെ ആദിവാസി ഊരുകൾ കൂടി ഉൾപ്പെട്ട മേഖലയിലെ 1500 കുടുംബങ്ങൾക്ക് ഭീഷണിയാണ് പാറ പൊട്ടിക്കൽ. ഇവരെ മാറ്റിപ്പാർപ്പിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നും നിർമാണ കമ്പനിയുടെ അനാസ്ഥയാണ് മലയിടിച്ചിലിനു കാരണമെങ്കിൽ അവരിൽ നിന്നു നഷ്ടപരിഹാരം ഈടാക്കണം. കാലവർഷം കണക്കിലെടുത്ത് തുടർ അപകടങ്ങൾ ഉണ്ടാകുന്നതു തടയാൻ നിർമാണ നിരോധനം ഏർപ്പെടുത്തണമെന്നും കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് നൽകി ഒരു വർഷം കഴിഞ്ഞിട്ടും ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നതാണ് ശ്രദ്ധേയം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IDUKKI DIARY, MUNNAR GAP ROAD
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.