SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.31 PM IST

ചാരമാവാതെ കനൽ...!

nambi

ചാരമായെന്ന് ലോകം മുഴുവൻ വിധിയെഴുതിയിട്ടും, കാൽനൂറ്റാണ്ട് നീണ്ട നിയമപോരാട്ടത്തിലൂടെ കാലത്തിന്റെ വിധി തനിക്കൊപ്പമാക്കുകയാണ് നമ്പിനാരായണൻ.

ഇരുപത്തിയേഴ് വർഷം പിന്നോട്ടു നടന്ന് സി.ബി.ഐ, ഐ.എസ്.ആർ.ഒ ചാരക്കേസിന്റെ ഗൂഢാലോചന തെളിയിച്ചാൽ കേരളാ പൊലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ നാണക്കേടിന്റെ പുതിയ അദ്ധ്യായം എഴുതിച്ചേർക്കപ്പെടും. അഗ്നിപരീക്ഷകളേറെ നേരിട്ട നമ്പി നാരായണനെന്ന എൺപതുകാരന്റെ സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടം പൊലീസിന്റെ അനീതിക്കെതിരായി ശബ്ദമുയർത്താൻ വരുംതലമുറകൾക്ക് കരുത്തേകുകയും ചെയ്യും. സുപ്രീംകോടതി നിയോഗിച്ച ജുഡീഷ്യൽ കമ്മിഷനാണ് ചാരക്കേസിലെ ഇതുവരെ ചാരമാകാത്ത ഗൂഢാലോചനയുടെ കനൽ കണ്ടെത്തി സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്. കോടതി നിർദ്ദേശപ്രകാരം നമ്പിനാരായണന് സർക്കാർ ഒരു കോടി 90 ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറിയിട്ടുണ്ട്.

ചാരക്കേസിലെ മൂന്ന് അന്വേഷണ ഉദ്യോഗസ്ഥർ നടപടി നേരിടേണ്ടി വരുമെന്ന് 2018ൽ തന്നെ സുപ്രീംകോടതി പറഞ്ഞിരുന്നു. വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെ ഫയലിൽ രൂപംകൊണ്ട ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയ സി.ബി.ഐയെപ്പോലും ഒഴിവാക്കി, പിന്നാലെ സ്വതന്ത്ര അന്വേഷണത്തിനായി നിയമ കമ്മിഷൻ അദ്ധ്യക്ഷനായിരുന്ന ജസ്റ്റിസ് ഡി.കെ.ജയിനെ സുപ്രീംകോടതി കേരളത്തിലേക്ക് അയച്ചു. മാലിക്കാരികൾ വഴി ക്രയോജനിക് സാങ്കേതികവിദ്യ പാകിസ്ഥാനും വികാസ് എൻജിന്റെ സാങ്കേതികവിദ്യ റഷ്യയ്ക്കും കൈമാറിയെന്നാണ് കേസ്. 1994ൽ ഇന്ത്യയ്ക്ക് ക്രയോജനിക് സാങ്കേതിക വിദ്യയില്ല. 1977ൽ ഫ്രാൻസിൽ നിന്ന് ഇന്ത്യ വികാസ് എൻജിൻ സാങ്കേതികവിദ്യ നേടും മുൻപേ റഷ്യയ്‌ക്ക് ഇത് സ്വന്തമായുണ്ട്. അന്ന് ഇന്ത്യയ്ക്ക് ഇല്ലാതിരുന്ന ക്രയോജനിക്‌ റോക്കറ്ര് എൻജിൻ സാങ്കേതികവിദ്യ 400 കോടി രൂപയ്ക്ക് ചോർത്തിക്കൊടുത്തെന്ന് കേട്ടപാടേ അറസ്റ്റും കേസുമായി ഇറങ്ങിയ കേരളാ പൊലീസിലെ ഉന്നതരാണ് ഇപ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുന്നത്.

അടിസ്ഥാനമില്ലാത്ത കേസിൽ ക്രിമിനൽ നിയമം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതിലൂടെ സ്വാതന്ത്ര്യം, അന്തസ് തുടങ്ങിയ നമ്പി നാരായണന്റെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടെന്നും വെറുപ്പിനു വിധേയനായെന്നും ഇതിലൂടെ ഭരണഘടനയുടെ 21ാം വകുപ്പിന്റെ ലംഘനമാണുണ്ടായതെന്നുമാണ് സുപ്രീംകോടതി കണ്ടെത്തിയത്. ബോധമില്ലാത്ത നടപടിയെന്നും മനോവൈകല്യത്തിന്റെ രീതിയെന്നുമാണ് നമ്പി നാരായണൻ നേരിട്ട പൊലീസ് നടപടിയെ കോടതി 2018 ൽ വിലയിരുത്തിയത്. ദേശീയകീർത്തിയുള്ള ശാസ്ത്രജ്ഞനായ നമ്പി നാരായണൻ അളവ​റ്റ അവഹേളനം നേരിട്ടു, ആരെയും അറസ്​റ്റ് ചെയ്തു കസ്​റ്റഡിയിലാക്കാമെന്ന സംസ്ഥാന പൊലീസിന്റെ ലാഘവ ബുദ്ധിയോടെയുള്ള സമീപനമാണ് പീഡനകാരണം തുടങ്ങിയ നിരീക്ഷണങ്ങളുമുണ്ടായി.

സമാനതകളില്ലാത്ത പോരാട്ടം

രാജ്യത്താകെ പേരുകേട്ട ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പിനാരായണൻ ചാരക്കേസിൽ 50 ദിവസം ജയിലിൽ കിടന്നു. 1994 നവംബർ 30 നാണ് ഈഞ്ചയ്ക്കലിലെ വീട്ടിൽ ഉച്ചവിശ്രമത്തിലായിരുന്ന നമ്പി നാരായണനെ പൊലീസ് കസ്​റ്റഡിയിലെടുത്തത്. രാജ്യദ്രോഹിയെന്ന് മുദ്രകുത്തി തടവറയിൽ അടച്ചു. പ്രശസ്തിയുടെ ഭ്രമണപഥത്തിൽ നിന്ന് രാജ്യദ്രോഹിയെന്ന കളങ്കത്തിലേക്ക് കൂപ്പുകുത്തി അദ്ദേഹം. സി.ബി.ഐ വന്നതോടെയാണ് കേസിലെ സത്യം തെളിഞ്ഞത്. ചാരക്കേസിൽ തെളിവുകളില്ലെന്നും കള്ളക്കേസാണെന്നും വ്യക്തമാക്കി സി.ബി.ഐ നൽകിയ റിപ്പോർട്ട് 1996 മേയ് രണ്ടിന് എറണാകുളം സി.ജെ.എം കോടതി സ്വീകരിച്ചു. എന്നാൽ സി.ബി.ഐ യുടെ നിലപാടിൽ തൃപ്തിയില്ലാതെ , സർക്കാർ കേസന്വേഷണത്തിന് സി.ബി.ഐയ്ക്ക് അനുമതി നൽകിയ വിജ്ഞാപനം പിൻവലിച്ച് പൊലീസ് പുനരന്വേഷണം നടത്തണമെന്ന് വ്യക്തമാക്കി 1996 ജൂൺ 27 ന് വിജ്ഞാപനമിറക്കി. ഇതു പിന്നീട് സുപ്രീംകോടതി റദ്ദാക്കി. ഇതിനു ശേഷവും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുക്കാൻ തയ്യാറായില്ല.

കുറ്റക്കാരായവർക്കെതിരെ നടപടി വേണ്ടെന്ന് വ്യക്തമാക്കി 2011 ജൂൺ 29ന് സർക്കാർ ഉത്തരവിറക്കി. ഇതിനെതിരെ നമ്പി നാരായണൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കിയെങ്കിലും ഡിവിഷൻ ബെഞ്ച് സർക്കാർ നിലപാട് ശരിവച്ചു. തുടർന്ന് നമ്പി നാരായണൻ നൽകിയ ഹർജിയിൽ 2018 സെപ്തംബർ 14നാണ് സുപ്രീം കോടതി ജസ്റ്റിസ് ഡി.കെ. ജയിൻ കമ്മിഷനെ നിയോഗിച്ചത്. തിരുവനന്തപുരത്തടക്കം തെളിവെടുപ്പ് നടത്തിയാണ് കേസിലെ ഗൂഢാലോചന കമ്മിറ്റി സ്ഥിരീകരിച്ചത്. തന്നെ രാജ്യദ്രോഹിയെന്നു മുദ്രകുത്താൻ ശ്രമിച്ചവർക്കെതിരെ രണ്ടരപതിറ്റാണ്ടായി തുടരുന്ന നമ്പിനാരായണന്റെ സമാനതകളില്ലാത്ത നിയമപോരാട്ടമാണ് ചാരക്കേസിൽ സത്യം പുറത്തുകൊണ്ടുവന്നത്.

നാണക്കേടിന്റെ തടവറയിൽ നിന്ന് പ്രശസ്തിയുടെ കൊടുമുടിയിലേക്ക് നമ്പിനാരായണനെ ഉയർത്തുന്നതായിരുന്നു 2018ലെ സുപ്രീംകോടതിയുടെ ചരിത്രവിധി. ക്രയോജനിക് സാങ്കേതിക വിദ്യയിൽ രാജ്യത്തെ ഏ​റ്റവും മികച്ച ശാസ്ത്രജ്ഞരിലൊരാളായ നമ്പി നാരായണനെ ലോക്കൽ പൊലീസും നിയമസംവിധാനവും ചേർന്ന് പീഡിപ്പിച്ചതിനു പിന്നിലെ ഗൂഢാലോചനയുടെ ചുരുളുകളാണ് ഇനി അഴിയേണ്ടത്. മാലെ ദ്വീപ് വനിതകളായ മറിയം റഷീദ, ഫൗസിയ ഹസൻ, ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ എസ്.ശശികുമാർ എന്നിവർക്കൊപ്പമാണു നമ്പി നാരായണനും അറസ്​റ്റിലായത്. മാലെ വനിതകളും പൊലീസിനെതിരെ കേസിന് ഒരുങ്ങുന്നുണ്ട്.

കേരളാ പൊലീസിന്റെ

വിചിത്രഭാവന: സുപ്രീംകോടതി

ചാരക്കേസിൽ ഒരു അടിസ്ഥാനവുമില്ലാതെ ഏതോ വിചിത്ര ഭാവനയുടെയോ ഊഹത്തിന്റെയോ അടിസ്ഥാനത്തിലായിരുന്നു കേരളാ പൊലീസ് ക്രിമിനൽ നടപടികൾ തുടങ്ങിവച്ചത്. പൊലീസ് തുടങ്ങിവച്ച പ്രോസിക്യൂഷൻ നടപടികളത്രയും ദുരുദ്ദേശപരമായിരുന്നു. ഇത് നമ്പി നാരായണനു കടുത്ത പീഡനവും അളവ​റ്റ ആശങ്കയുമാണു നൽകിയത്. കുറ്റാരോപിതൻ കസ്​റ്റഡിയിലെടുക്കപ്പെടുകയും വിചാരണയ്ക്കു ശേഷം ശിക്ഷിക്കപ്പെടുകയും ചെയ്യപ്പെട്ട കേസല്ല ഇത്. ഇത്രയും പ്രാധാന്യമുള്ള കേസിൽ നമ്പി നാരായണനെയും മ​റ്റും അറസ്​റ്റ് ചെയ്തശേഷം സർക്കാർ തന്നെയാണു കേസ് സി.ബി.ഐക്കു കൈമാറിയത്. അവർ സമഗ്രമായി അന്വേഷിച്ചശേഷം കേസ് അവസാനിപ്പിച്ചുള്ള റിപ്പോർട്ട് നൽകുകയും ചെയ്തു- ചീഫ് ജസ്​റ്റിസായിരുന്ന ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

"ഞാനല്ല, നിയമമാണ് ജയിച്ചത്...."

കാൽനൂറ്റാണ്ടായി നീതിക്കായി പോരാട്ടം നടത്തുകയാണ് നമ്പിനാരായണൻ. സുപ്രീംകോടതി നിർദ്ദേശപ്രകാരം സി.ബി.ഐ ചാരക്കേസിലെ ഗൂഢാലോചന കണ്ടെത്തി കേസെടുക്കുകയും ചെയ്തു. ഞാനല്ല, നിയമമാണ് വിജയിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. അനുഭവിച്ചതിനൊന്നിനും വിലയിടാനാവില്ല. നഷ്ടപരിഹാരത്തിനുമപ്പുറം സത്യം തെളിയിക്കുകയാണ് മുഖ്യം. എന്തൊക്കെയാണു നടന്നതെന്നും ആരൊക്കെയാണു പിന്നിലുണ്ടായിരുന്നതെന്നും കണ്ടെത്തണം. തെ​റ്റു സംഭവിച്ചെന്ന് കുറ്റക്കാരായ ഉദ്യോഗസ്ഥർ തുറന്നുപറയണം. ഐ.എസ്.ആർ.ഒ എന്ന മഹത്തായ സ്ഥാപനത്തെ ചാരക്കേസ് പിന്നോട്ടടിച്ചു. ശാസ്ത്രജ്ഞർ വെറും സർക്കാർ ഉദ്യോഗസ്ഥർ മാത്രമായി ചുരുങ്ങിപ്പോയി. ഇനിയും ഒരുപാട് കാര്യങ്ങൾ പുറത്തുവരാനുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NILAPADU, NAMBI NARAYANAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.