SignIn
Kerala Kaumudi Online
Friday, 19 April 2024 11.24 AM IST

നിയമത്തിൽ വെള്ളം ചേർത്താൽ ലഹരി ഉപയോഗം ആളിക്കത്തും

photo

നാർകോട്ടിക്‌ ഡ്രഗ്സ് നിയന്ത്രിക്കുന്ന നിയമങ്ങളിൽ പാർലമെന്റ് ഭേദഗതി കൊണ്ടുവരുന്നതിനെപ്പറ്റി ചർച്ചകൾ വന്നിരിക്കുകയാണ്. കഞ്ചാവ് പോലെയുള്ള ലഹരി വസ്തുക്കളുടെ ചെറിയ തോതിലുള്ള ഉപയോഗം നിയമപരമായി സാദ്ധ്യമാക്കിയേക്കുമെന്ന വാർത്തയും കണ്ടു. ഇന്ത്യയിൽ കേരളമുൾപ്പടെ എല്ലാ സംസ്ഥാനങ്ങളിലും ലഹരി മരുന്നുകളുടെ ഉപയോഗം വല്ലാത്ത അവസ്ഥയിലാണ് എത്തിനിൽക്കുന്നത്.

AIIMS റിപ്പോർട്ട് പ്രകാരം ലോകത്ത് ഒരു വർഷം പത്തുലക്ഷത്തോളം ആളുകളാണ് ലഹരിമരുന്ന് ഉപയോഗം മൂലം മരണപ്പെടുന്നത്. ഇന്ത്യയിൽ ഇത് ഒന്നരലക്ഷം മുതൽ രണ്ടുലക്ഷം വരെയാണ് . ഇന്ത്യയിൽ 2.3 കോടി ആളുകൾ ഹെറോയിനും മോർഫിനും 1.3 കോടി കഞ്ചാവും ചരസും 1. 08 കോടി സെഡക്ടിവിസും ഉപയോഗിക്കുന്നു. അതിൽ 15 വയസിനു താഴെയുള്ള 64 ശതമാനം കുട്ടികൾ ഹെറോയിൻ, ഓപ്പിയം, കഞ്ചാവ്, പ്രൊപോക്സിഫെൻ, മദ്യം മുതലായ അഞ്ചുതരത്തിലുള്ള ലഹരി മരുന്നുകൾ ഉപയോഗിക്കുന്നു. 1.1 ശതമാനം കുട്ടികൾ ഡ്രഗ് ഇൻഹെയ്‌ലറും ഉപയോഗിക്കുന്നു. ലഹരി വസ്തുക്കളുടെ അമിതോപയോഗം മുൻനിറുത്തി 1985 ൽ ലഹരി വസ്തുക്കളുടെ നിയന്ത്രണത്തിനായി നർകോട്ടിക്സ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് ആക്ടും (NDPS) , ഇതിനു ശക്തികൂട്ടാൻ ജുവനൈൽ ജസ്റ്റിസ് ആക്ടും പുകയില ഉത്‌പന്നങ്ങൾക്കെതിരെ സിഗരറ്റ് ആൻഡ് അദർ ടൊബാക്കോ പ്രോഡക്റ്റ് ആക്ടും (COTPA) നിലവിലുണ്ട്.

ഇന്ത്യയിൽ മയക്കുമരുന്നുകളുടെ ഉപയോഗത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. പേടിപ്പെടുത്തുന്ന ഒരു വസ്തുത എൽ.പി. സ്കൂൾ മുതൽ കോളേജ് തലം വരെയുള്ള കുട്ടികൾ ലഹരി വസ്തുക്കളുടെ ഉപഭോക്താക്കളുടെ കൂട്ടത്തിൽ പെടുമെന്നതാണ്. അത് നിയന്ത്രിക്കാതെയും, എങ്ങനെ നിയന്ത്രിക്കണമെന്ന് ആലോചിക്കാതെയും കഞ്ചാവ് പോലെയുള്ള ലഹരി വസ്തുക്കൾ ചെറിയ അളവിൽ കൊടുക്കാമെന്നുള്ള ചർച്ച ദോഷകരമാണ്.

ഇന്ത്യയിൽ ലഹരിവസ്തുക്കളെ സംബന്ധിച്ച കഠിന നിയമങ്ങളിൽ ഇളവ് വരുത്താൻ അമേരിക്കയും യൂറോപ്പുമൊക്കെയാണ് ഉദാഹരണമായി പലരും ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയിലെ 21 സംസ്ഥാനങ്ങളിൽ മരിജുവാന/വീഡ് (കഞ്ചാവ്) പല നിബന്ധനകളിലൂടെയും ഉപയോഗിക്കാം. പക്ഷെ അവയെല്ലാം കഠിനമായ നിബന്ധനകളാണ്. മരിജുവാന മാത്രമാണ് വിനോദത്തിനും വൈദ്യസംബന്ധമായ കാര്യങ്ങൾക്കും ഉപയോഗിക്കാൻ അനുവദിച്ചിരിക്കുന്നത്. ഇത് 21 വയസ് കഴിഞ്ഞ ആളുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. സ്‌കൂൾ,കോളേജ്, പള്ളികൾ എന്നിവയുടെ സമീപം ഉത്പാദിപ്പിക്കാനോ വിതരണം ചെയ്യാനോ സാദ്ധ്യമല്ല. നിബന്ധനകളിൽ പ്രധാനം ഇവ ഉപയോഗിക്കുന്ന ആൾ ലഹരിക്ക് അടിമയാണെന്ന് തെളിയിച്ചിരിക്കണം എന്നതാണ്. ഒരു ഡോക്ടറുടെ നിർദ്ദേശ പ്രകാരമേ കൊടുക്കാൻ പാടുള്ളൂ. സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങളിൽ നിന്ന് മാത്രമേ ഇത് വാങ്ങുവാൻ സാധിക്കൂ. പ്രായോഗികമായി ചിന്തിച്ചാൽ, ഇന്ത്യയിൽ 18 വയസിനു മുകളിലുള്ളവർക്ക് ഇത്തരം ലഹരി മരുന്നുകളുടെ ഉപയോഗം ചെറിയ അളവിൽ അനുവദിച്ചാൽ 137 കോടി ജനങ്ങളുള്ള നമ്മുടെ രാജ്യത്തു അത് നിയന്ത്രിക്കാൻ സാദ്ധ്യമല്ലാതാകും. 2014 ൽ അമേരിക്കയിലെത്തിയ ലേഖകനോട് അവിടത്തെ ഡ്രഗ് കൺട്രോൾ ഓഫീസർ അഭിപ്രായപ്പെട്ടത് അവരുടെ ഈ തീരുമാനം ഒരു വലിയ പരാജയമായിരുന്നു എന്നാണ്. പക്ഷെ ഇന്ത്യയിൽ അങ്ങനെയൊരു അവസ്ഥ വന്നിട്ടില്ലെന്നും ലഹരി വസ്തുക്കളുടെ ഉപയോഗവും വിതരണവും തടയാൻ പൊലീസും മറ്റ് ഏജൻസികളും കഴിയുന്നതു പോലെ ശ്രമിക്കുന്നുണ്ടെന്നും മനസിലാക്കിയതായും അദ്ദേഹം പറഞ്ഞു.

താഴെപ്പറയുന്ന കാരണങ്ങളാൽ ഈ നിയമങ്ങളിൽ വെള്ളം ചേർക്കാൻ പാടില്ല

1 . ഇന്ത്യയിൽ കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കൾ വാങ്ങുന്നതിനും ചെറിയ അളവിൽ കൈവശം വയ്ക്കുന്നതിനും യാതൊരു നിയമ നടപടിയും ഉണ്ടാകുന്നില്ലെങ്കിൽ അത് നമുക്കൊരു വലിയ തിരിച്ചടിയാകും ഉണ്ടാക്കുക.

2. ലഹരി വസ്തുക്കളുടെ ഉപയോഗം നിയമവിധേയമാക്കിയാൽ യാതൊരു പേടിയുമില്ലാതെ ആളുകൾ യഥേഷ്ടം ഉപയോഗിക്കാൻ തുടങ്ങും. ഇപ്പോൾ ഉപയോഗിച്ച് തുടങ്ങാത്ത ആളുകൾ കൂടി ഇതിലേക്ക് കടന്നുവരും.

3. ചെറിയ അളവിൽ ഉപയോഗിക്കാം എന്ന നിയമം വരികയാണെങ്കിൽ, ഒരാൾക്ക് ദൈനംദിന ഉപയോഗത്തിന് ഒന്നോ രണ്ടോ ഗ്രാം മതിയാവും. യാതൊരു നിയമ നടപടി ഇല്ലാതെയും കഞ്ചാവ് പോലെയുള്ള ലഹരി വസ്തുക്കൾ ലഭിക്കുമ്പോൾ അവർക്കതൊരു സ്ഥിരം ശീലമായി മാറും.

4. നാളെ ഹെറോയിൻ, ബ്രൗൺ ഷുഗർ പോലുള്ള ലഹരി വസ്തുക്കളും ചെറിയ അളവിൽ ഉപയോഗിക്കാൻ നിയമ ഭേദഗതി വേണമെന്ന ആവശ്യം ഉയരും.

5. അടുത്ത കാലത്ത് ചില സംസ്ഥാനങ്ങളിൽ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയതു പോലെ, ലഹരി ഉപയോഗിക്കുന്നതായ സർട്ടിഫിക്കറ്റ് വേണ്ടിവന്നാൽ ഉണ്ടാക്കാൻ വലിയ സമയമൊന്നും വേണ്ടിവരില്ല.

6. അമേരിക്കയിലും മറ്റും ചില്ലറ വില്പനയ്‌ക്ക് മാത്രമാണ് അനുവാദം. മാത്രമല്ല ലഹരി വസ്തുക്കളുടെ വിനോദത്തിനായുള്ള ഉപയോഗം വ്യക്തിപരമായി മാത്രമേ പാടുള്ളൂ എന്നാണ്. ഒരാൾക്ക് തന്റെ വ്യക്തിപരമായ ഉപയോഗത്തിന് ആറു മുതൽ പന്ത്രണ്ടു ചെടികൾ വരെ വളർത്താനും ഉപയോഗിക്കാനും അനുവദിച്ചിട്ടുണ്ട്. എന്നാൽ അത് വീട്ടിലുള്ള മറ്റുള്ളവർക്ക് പോലും നൽകാൻ പാടില്ല. ഇങ്ങനെയുള്ള കാര്യങ്ങൾ ഇന്ത്യയിൽ കൊണ്ടുവന്നാൽ അത് പ്രായോഗികമല്ല.

7. അമേരിക്കയുടെ 21 സംസ്ഥാനങ്ങളിൽ പണം ഉണ്ടാക്കുന്നതിന് വേണ്ടികൂടിയാണ് (34 ബില്യൺ ഡോളറിന്റെ വ്യാപാരം) മരിജുവാന വിനോദത്തിനായി ഉപയോഗിക്കാമെന്ന നിയമഭേദഗതി കൊണ്ടുവന്നത്. ഇതിന്റെ പേരിൽ ഇപ്പോഴും നിയമയുദ്ധങ്ങൾ നടക്കുകയാണ്. ഇന്ത്യയിൽ വെറുതെ പണമുണ്ടാക്കാനുള്ള ഒരു ഉപാധിയായി കുട്ടികളുടെയും പൊതുജനങ്ങളുടെയും ആരോഗ്യം പണയം വയ്ക്കണോ എന്നുകൂടി നാം തീരുമാനിക്കണം.

8. യൂറോപ്പിലെയും അമേരിക്കയിലെയും ആളുകൾക്കു സാക്ഷരത കൂടുതലാണ്. അവരുടെ സാക്ഷരതയുടെ ആഴം മനസിലാക്കിയാണ് ചെറിയ അളവിൽ ഉപയോഗിക്കാമെന്ന നിയമം അവിടെ കൊണ്ടുവന്നത്. ഇന്ത്യയിൽ പൊതുവെ സാക്ഷരത കുറവാണ്.

9. ഒരാൾ ലഹരിക്ക് അടിമപ്പെട്ടാൽ അതിനുള്ള ചികിത്സക്കും മറ്റും സർക്കാരിന് പ്രത്യേകം സ്ഥലം കണ്ടത്തേണ്ടി വരും. കേരളത്തിലെ 14 ജില്ലകളിലും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡീ -അഡിക്ഷൻ സെന്ററുകൾ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ എയിംസിന് കീഴിൽ ഒന്നോ രണ്ടോ ഡീ-അഡിക്ഷൻ സെന്ററുകൾ ഉണ്ടെന്നല്ലാതെ സർക്കാരിന്റെ കീഴിൽ ഒരു സംവിധാനവും നിലവിലില്ല.

10 . ഇപ്പോൾത്തന്നെ നമ്മുടെ നിയമങ്ങളിൽ ഒരുപാട് ഇളവുകൾ വന്നിട്ടുണ്ട് . ഉദാഹരണത്തിന് ഒരാളിൽ നിന്നും ഒരു കിലോയിൽ താഴെ കഞ്ചാവ് പിടിച്ചാൽ ജയിലിൽ പോകുന്നത് അടക്കമുള്ള നിയമ നടപടികൾ ഉണ്ടാവില്ല. അപ്പോൾത്തന്നെ അവർ ജാമ്യം കിട്ടി പുറത്തുവരുന്നു.

11 . ജയിലിൽ പോകുമെന്ന ഭയമില്ലെങ്കിൽ ഇങ്ങനെയൊരു നിയമം കൊണ്ട് വരുമ്പോൾ, ഇതുവരെ ലഹരി ഉപയോഗിക്കാത്ത ആളുകൾ കൂടി ഉപയോഗത്തിലേക്കു കടന്നുവരാം. ഇന്ത്യയിൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ കോടതി വഴി ജയിലുകളിൽ പാർപ്പിച്ച് , തിരുത്തി മാത്രമേ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ കഴിയൂ. സ്കൂൾ - കോളേജ് പരിസരങ്ങളിൽ ലഹരി വിതരണം ചെയ്യുക, കുട്ടികളെ ലഹരിക്ക് അടിമകളാക്കുക, ലഹരി വിതരണം ചെയ്യാൻ കുട്ടികളെ ഉപയോഗിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ ജയിലിൽ താമസിപ്പിച്ച് മാത്രമേ തിരുത്താൻ കഴിയൂ. ജയിലുകളില്ലാത്ത രാജ്യം എന്നത് ചെറിയ യൂറോപ്പ്യൻ രാജ്യങ്ങളുടെ ആശയമാണ്. അവിടുത്തെ ജനസംഖ്യ ഒന്നോ രണ്ടോ കോടി ആയിരിക്കും. അവിടെ അത് പ്രാവർത്തികമാക്കാൻ കഴിയുമായിരിക്കാം. ഉദാഹരണത്തിന് നെതർലാൻഡ് അവരുടെ ജയിലുകളെല്ലാം തടവുപുള്ളികൾ ഇല്ലാത്തത് മൂലം അടച്ചുപൂട്ടുകയുണ്ടായി. പക്ഷേ ഇങ്ങനെയൊരു സാഹചര്യം ഇന്ത്യയിൽ ചിന്തിക്കാൻ പോലും കഴിയില്ല.

കേരളത്തിലെ ജയിലുകളിൽ ഏകദേശം എണ്ണായിരത്തോളം തടവുകാരുണ്ട്, അതിൽ ആയിരം മുതൽ ആയിരത്തിഅഞ്ഞൂറു തടവുകാർ വരെ ലഹരി വസ്തുക്കളുടെ ഉത്‌പാദനം, ഉപയോഗം വിതരണം എന്നിവയുമായി ബന്ധപ്പെട്ട് ഉള്ളവരാണ്. ഞാൻ ജയിൽമേധാവി ആയിരുന്നപ്പോൾ ഇവരോടൊക്കെ സംസാരിച്ചപ്പോൾ അവർ പറയുന്നത് വേറെ ജോലികളൊന്നും ഇല്ലാത്തതു കൊണ്ടാണ് അവർ ഈ പ്രവൃത്തികളിൽ ഏർപ്പെടുന്നത്, പുറത്തിറങ്ങിയാലും വീണ്ടും ഇതേ ജോലിതന്നെ ചെയ്യുമെന്നാണ്. ഇങ്ങനെയുള്ളവർ പുറത്തിറങ്ങിയാൽ നമ്മുടെ ഭാവിതലമുറയെ തന്നെ തകർത്തുകളയും.

വരാൻ പോകുന്ന പാർലമെന്റ് സമ്മേളനത്തിൽ മയക്കുമരുന്ന് നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിനെ സംസ്ഥാന സർക്കാരുകൾ ഗൗരവമായി കാണേണ്ടതാണ്. ഈ മേഖലയിൽ വിദഗ്ദ്ധരായ ആരെയെങ്കിലും സ്പെഷ്യൽ ഓഫീസറായി നിയമിച്ച് ഇതിനെപ്പറ്റി പഠിച്ച് പാർലമെന്റ് സമിതിക്കു മുൻപാകെ കാര്യകാരണങ്ങൾ സഹിതം കേരളത്തിന്റെ ആവശ്യങ്ങൾ അവതരിപ്പിക്കണം. ഒറ്റവാക്കിൽ പറഞ്ഞാൽ ലഹരി വസ്തുക്കളുടെ ചെറിയ തോതിലുള്ള ഉപയോഗം അനുവദിക്കുന്നത് ലഹരി ഉപയോഗം ആളിക്കത്താനേ ഇടയാകൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NARCOTICS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.