SignIn
Kerala Kaumudi Online
Friday, 19 April 2024 7.51 AM IST

സ്‌കൂൾ കൂട്ടം പത്തനംതിട്ട

kk

നീണ്ട കൊവിഡ് ഇടവേളയ്ക്കുശേഷം സ്‌കൂളുകൾ തുറക്കാൻ നാം തയ്യാറെടുക്കുകയാണ്. ഏറ്റവും ഗൗരവമായ പ്രശ്‌നം നഷ്ടപ്പെട്ട പഠനമാസങ്ങൾ തിരിച്ചുപിടിക്കുകയാണ്. ഒരു ഓൺലൈൻ ക്ലാസും അദ്ധ്യാപകവിദ്യാർത്ഥി മുഖാമുഖ ക്ലാസിനു പകരമാവില്ല. രണ്ട് വർഷത്തെ ക്ലാസ് കയറ്റത്തിനു ശേഷമുള്ള കുട്ടികളാണു ക്ലാസ് മുറിയിലുണ്ടാവുക. അവരോരുത്തർക്കും ആ ക്ലാസിൽ മിനിമം ആർജ്ജിക്കേണ്ട ശേഷിയുണ്ടോയെന്നു പരിശോധിക്കണം. കുറവുകൾ നികത്തണം. ഇതു വലിയൊരു ജനകീയ യജ്ഞമാണ്. സംസ്ഥാനതലത്തിൽ ആവിഷ്‌കരിക്കപ്പെടുന്ന പൊതുചട്ടകൂടിനുള്ളിൽ നിന്നുകൊണ്ട് പ്രാദേശികതല ഇടപെടലുകളാൽ സമ്പന്നമാണ് നമ്മുടെ വിദ്യാഭ്യാസരംഗം. അടുത്തകാലത്ത് ഞാൻ പരിചയപ്പെട്ട അത്തരമൊരു അധ്യാപക കൂട്ടായ്മയാണു 'സ്‌കൂൾ കൂട്ടം പത്തനംതിട്ട'.


മാസയോഗങ്ങൾ
മാസത്തിലൊരിക്കൽ അവധിദിനത്തിൽ ഒത്തുചേർന്ന് കഴിഞ്ഞ മാസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും, വരുംമാസം നടത്തേണ്ട പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്യും. യോഗം രാവിലെ 10 മണി മുതൽ അഞ്ച് വരെ നീളും. അദ്ധ്യാപകർ കൂടിച്ചേരുമ്പോൾ ഒരു പുസ്തകം ചർച്ച ചെയ്യുന്നു. ക്ലാസ്റൂമിൽ പ്രയോജനപ്പെടുത്താവുന്ന മറ്റൊരു പുസ്തകവും പരിചയപ്പെടുത്തും.
പഠനപ്രവർത്തനങ്ങളെ സഹായിക്കാൻ കഴിയുന്ന വിദഗ്ദ്ധരുമായി ഒരു സംവാദമുണ്ടാകും. പ്രൊഫ. ശിവദാസ്, മലയാള തിളക്കത്തിലെ പൗലോസ്, ടി.പി. കലാധരൻ തുടങ്ങി 15ലധികം ആളുകൾ കൂട്ടവുമായി സംവദിച്ചു കഴിഞ്ഞു.

തുടർന്ന് യോഗത്തിൽ അടുത്തമാസം സ്‌കൂൾതലത്തിലും അവരവരുടെ ക്ലാസുകളിലും നടത്തേണ്ട പ്രധാന പ്രവർത്തനങ്ങൾ, അതിന് ഉപയോഗിക്കേണ്ട ടൂളുകൾ എന്നിവയെക്കുറിച്ചു ധാരണയുണ്ടാക്കുന്നു. തുടർന്ന് ആ മാസം സന്ദർശിക്കേണ്ട സ്‌കൂളുകൾ തീരുമാനിച്ച് അവിടെ പോകാനുള്ള ടീമിനെയും ദിവസവും നിശ്ചയിക്കുന്നു.


സ്‌കൂൾ സന്ദർശനം
പോകുന്ന ടീമംഗങ്ങൾ ലീവെടുത്തു വരണമെന്നത് നിർബന്ധമാണ്. സ്‌കൂളുകളിലെത്തിയാൽ അവിടത്തെ പഠനപ്രകിയയ്ക്ക് തടസമുണ്ടാകാതെ രക്ഷാകർത്താക്കൾ, അദ്ധ്യാപകർ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവരുമായി സ്‌കൂൾപ്രവർത്തനം മെച്ചപ്പെടുത്താനുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നു. വർഷത്തിൽ രണ്ടുതവണ മുഴുവൻ കുട്ടികളെയും വീട്ടിൽപ്പോയിക്കണ്ട് വീട്ടിലെ സാഹചര്യങ്ങളറിഞ്ഞ് വീട്ടിലുള്ളവരുമായി സംവദിക്കും.
2019 മേയിലാണ് സ്‌കൂൾകൂട്ടം പത്തനംതിട്ട രൂപീകൃതമാകുന്നത്. അന്ന് 15 സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരുമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 25 സ്‌കൂളിലെ അദ്ധ്യാപകർ കൂട്ടത്തിനൊപ്പമുണ്ട്.


ലോക്ഡൗൺ കാലം
ലോക്ഡൗൺ കാലത്ത് ഗൂഗിൾ മീറ്റ് വഴി പ്രവർത്തനങ്ങൾ തുടർന്നു. കുട്ടികൾക്കായി ധാരാളം ഓൺലൈൻ പരിപാടികളും സ്‌പോക്കൺ ഇംഗ്ലീഷ് പരിശീലനവും തുടങ്ങിവച്ചു. കുട്ടികളെ എന്നും പ്രചോദിപ്പിച്ചിരുന്ന പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന പരമ്പര തന്നെ ആരംഭിക്കാൻ ലോക്ഡൗൺ കാലത്ത് ഇവർക്കു സാധിച്ചു. ടോട്ടോചാൻ, ഗളിവറുടെ യാത്രകൾ, ചുക്കും ഗക്കും, ടോം സോയറിന്റെ കുസൃതികൾ, സഞ്ചാരികളുടെ കഥ, പഞ്ചതന്ത്രം കഥകൾ, ഈസോപ്പ് കഥകൾ തുടങ്ങിയുള്ളവ വീഡിയോ ബുക്കായി പരിചയപ്പെടുത്തി വരുന്നു.
ഓൺലൈൻ പഠനത്തിന് സമാന്തരമായിത്തന്നെ കുട്ടികൾക്ക് വായനയിലേക്കുള്ള കിളിവാതിൽകൂടി തുറക്കാനാണ് സ്‌കൂൾകൂട്ടത്തിന്റെ ലക്ഷ്യം. സ്‌കൂൾകൂട്ടത്തിൽ അംഗമായ വിദ്യാലയങ്ങളിലെല്ലാം വായനയുടെ വസന്തം വിരിയിക്കാനും നൂതന ആശയങ്ങൾ നടപ്പിലാക്കാനും കഴിയുന്നുണ്ട്. സ്‌കൂൾകൂട്ടം പത്തനംതിട്ട എന്ന പേരിൽ യൂട്യൂബ് ചാനലും ആരംഭിച്ചു.
കൂട്ടായ്മയുടെ ഒരാളെ മാത്രമേ ഞാൻ പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നുള്ളൂ. 'മേമ' എന്ന് എല്ലാവരും വിളിക്കുന്ന 84 വയസുള്ള 'സുധാ ഭാസി' എന്ന റിട്ടയേർഡ് ഹയർ സെക്കൻഡറി അദ്ധ്യാപിക. കൂട്ടായ്മയെ നയിക്കുന്ന ടീം സ്പിരിറ്റിന്റെ ഉത്തമനിദർശനമാണ് മേമ.
സുധാ ഭാസി ഗുരുവായൂർ സ്വദേശിനിയായിരുന്നു. ഇപ്പോൾ റാന്നി മാടമണിൽ താമസം. ബനാറസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം. തെലുങ്ക്, സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ അസാമാന്യ മികവ്. യൗവനത്തിന്റെ ചുറുചുറുക്കോടെ കുട്ടികൾക്കായി കൗതുകകരമായ പഠനോപകരണങ്ങൾ തയ്യാറാക്കിയും ക്ലാസുകളെടുത്തും മുന്നോട്ടു പോകുന്നു. കുട്ടികളെ അക്ഷരമുറപ്പിക്കാനും അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്താനും തന്നാലാവതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു. വീടിനു ചുറ്റുമുള്ള സ്‌കൂളുകളിൽ പതിവായെത്തി പഠിപ്പിക്കാനും തയ്യാർ.
വീടിന്റെ രണ്ടാംനിലയിൽ കണ്ടാലുംകണ്ടാലും മതിവരാത്ത രീതിയിൽ കുട്ടികൾക്കായി പഠനോപകരണങ്ങളുടെ ലോകം തന്നെ തുറന്നുവച്ചിരിക്കുന്നു. നമുക്ക് പാഴ്‌വസ്തുക്കളെന്ന് തോന്നുന്നതെല്ലാം മേമയ്ക്ക് പഠനോപകരണങ്ങളാണ്. പേസ്റ്റ്, സോപ്പ്, തുടങ്ങിയവയുടെ കവറുകൾ, പഴയ കാസറ്റുകൾ, ചോക്കലേറ്റ് ബോക്‌സുകൾ, ഓൺലൈൻ ഷോപ്പിംഗ് വഴി വരുന്ന കവറുകൾ, പേപ്പർ പ്ലേറ്റുകൾ, ഐസ്‌ക്രീം സ്റ്റിക്കുകൾ തുടങ്ങി എന്തും ഉപയോഗപ്പെടുത്തും. ഭാഷയാകട്ടെ, ഗണിതമാകട്ടെ, ശാസ്ത്രമാകട്ടെ എൽ.കെ.ജി മുതൽ മുകളിലേക്ക് ഏതു ക്ലാസുകാർക്കും ഉതകുന്ന പഠനോപകരണങ്ങളുണ്ട്. ഇവയൊക്കെ എങ്ങനെ ഉപയോഗിക്കണമെന്ന് കൃത്യമായ ധാരണയുമുണ്ട്. ഇത് പഠിപ്പിക്കാൻ തയ്യാറുള്ള ആർക്കും ഷെയർ ചെയ്യാനും തയ്യാർ. ഇതെല്ലാം പഠിപ്പിക്കാനും പറഞ്ഞു കൊടുക്കാനും ബിന്ദു, ആശ, ശ്രീദേവി എന്നീ മൂന്ന് സഹായികളുമുണ്ട്. കുറച്ചുനാളായി പാവകളിയിൽ കമ്പമുണ്ടായിട്ടുണ്ട്. ഒരുപാട് പാവകൾ വിവിധ പാഠങ്ങൾക്കായി തയ്യാറായിരിക്കുന്നു. ചുരുക്കത്തിൽ വീട് ശരിക്കും പഠനോപകരണങ്ങളുടെ ഒരു മ്യൂസിയമാണ്.
സന്തോഷകരമായ കാര്യം റാന്നി എം.എൽ.എ പ്രമോദ് നാരായണൻ സ്‌കൂൾകൂട്ടത്തിന്റെ സദ്പ്രവർത്തനങ്ങൾ തന്റെ മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലേയ്ക്കും വ്യാപിപ്പിക്കാൻ പരിപാടി തയ്യാറാക്കുന്നു എന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NATTUKOOTTAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.