SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.41 AM IST

അതിജീവിക്കാൻ എലിക്കുളം മാതൃക

kk

രണ്ടുപതിറ്റാണ്ടായി കേരളത്തിലെ റബർ മേഖല വിലത്തകർച്ചയുടെ കെടുതിയിലാണ്. നല്ലൊരു ഭാഗം റബർ തോട്ടങ്ങളിൽ കൃത്യമായി ടാപ്പിംഗ് നടക്കുന്നില്ല. ടാപ്പിംഗ് തൊഴിലാളികളും വറുതിയിലാണ്. ജീവിതം മുന്നോട്ടുകൊണ്ടുപോയല്ലേ പറ്റൂ. അതിജീവനത്തിന്റെ വൈവിദ്ധ്യമാർന്ന അനുഭവങ്ങളാണുള്ളത്. എന്നാൽ ഇതെക്കുറിച്ച് പഠിക്കാൻ ആരും തുനിഞ്ഞിട്ടില്ല. ഇതാ എലിക്കുളം ഗ്രാമപഞ്ചായത്തിൽ കൃഷിക്കാരുടെ കൂട്ടായ്മ കണ്ടെത്തിയ അതിജീവനത്തിന്റെ വഴികൾ.
നിമിത്തമായത് 2015ൽ പണി നഷ്ടപ്പെട്ട ടാപ്പിംഗ് തൊഴിലാളി കല്ലേൽ നാരായണന്റെ ആത്മഹത്യയാണ്. ആത്മഹത്യകൾ ആവർത്തിക്കാതിരിക്കാനുള്ള ഇടപെടൽ വേണമെന്ന ആലോചന, സംസ്‌കാരസ്ഥലത്തു വച്ചുതന്നെ ഉണ്ടായി. കർഷകരുടെ യോഗം സ്‌കൂൾ ഹാളിൽ വിളിച്ചുകൂട്ടി. സർക്കാർ ഏജൻസികളുടെ പ്രതിനിധികളുമുണ്ടായിരുന്നു. റബർ നിലനിറുത്തിക്കൊണ്ടുതന്നെ തോട്ടങ്ങളെ വരുമാനദായകമാക്കാൻ കഴിയുമോ എന്നായിരുന്നു ചർച്ച. അങ്ങനെയാണ് ഫെയ്സ് (ഫാർമേഴ്സ് ഇൻഫർമേഷൻ ആന്റ് കോർഡിനേഷൻ ഫോർ എക്സിസ്റ്റൻസ്) എന്ന കർഷക കൂട്ടായ്മ എസ്. ഷാജിയുടെ നേതൃത്വത്തിൽ രൂപംകൊണ്ടത്. റബർ തോട്ടങ്ങൾ തേനീച്ച വളർത്താൻ അനുയോജ്യമാണ്. രണ്ടുലൈൻ മരങ്ങൾക്കിടയിൽ ഷെഡ്ഡ് പണിത് ഇറച്ചിക്കോഴി വളർത്താം. പടുതാകുളങ്ങൾ നിർമ്മിച്ച് ശുദ്ധജല മത്സ്യം വളർത്താം. കാപ്പിയും ഔഷധസസ്യങ്ങളും ഇടവിളയായി വളർത്താം. തോട്ടങ്ങളിൽ ആർത്തുവളരുന്ന പുല്ല് പോത്തിനെയും ആടിനെയും വളർത്താൻ ഉപയോഗപ്പെടുത്താം. എലിക്കുളത്ത് കൂരാലിയിൽ ഫെയ്സിന്റെ ആഭിമുഖ്യത്തിൽ ഇക്കോ ഷോപ്പ് ആരംഭിച്ചു. രണ്ടുതവണ ഞാൻ അവിടം സന്ദർശിച്ചിട്ടുണ്ട്. നാട്ടിലെ ജൈവപച്ചക്കറികളും ഉത്തമ കൃഷിരീതികൾ അവലംബിക്കുന്ന മറ്റു പച്ചക്കറികളും ഇവിടെ സംഭരിക്കും. ഉപഭോക്താക്കൾക്കു വില്‌ക്കും. ഫെയ്സ് പച്ചക്കറി കൃഷിക്കാർക്കു വിപണി ഉറപ്പുവരുത്തുന്നു. സർക്കാർ പ്രഖ്യാപിച്ച തറവില ഇവിടെ നടപ്പാക്കുന്നു. നാട്ടിലെ കുടുംബശ്രീയും കർഷക ഗ്രൂപ്പുകളും ഉത്‌പാദിപ്പിക്കുന്ന മൂല്യവർദ്ധിത ഉത്‌പന്നങ്ങളെല്ലാം ഇവിടെ പ്രദർശനത്തിനും വിപണനത്തിനും ഇടനൽകുന്നു. അച്ചാർ, വിവിധ പൊടികൾ, കൂവപ്പൊടി, എണ്ണ, പഴങ്ങൾ, മുട്ട, നെയ്യ് തുടങ്ങിയവ വ്യത്യസ്ത പ്രാദേശിക ബ്രാൻഡുകളിൽ ലഭ്യമാണ്. വളം, കീടനാശിനി, കാർഷികോപകരണങ്ങൾ എന്നിവയും ലഭിക്കും.

എല്ലാ തിങ്കളാഴ്ചയും സ്‌കൂൾ കുട്ടികൾ വീടുകളിൽ അധികംവരുന്ന പച്ചക്കറികൾ തേൻ, മുട്ട, പഴവർഗങ്ങൾ എന്നിവ സ്‌കൂളിൽ കൊണ്ടുവരും. ഫെയ്സിന്റെ വാഹനം അവ അളന്നെടുക്കും. പാസ്ബുക്കിൽ വരവുവയ്ക്കും. ഹെഡ്മാഷിന്റെ അക്കൗണ്ടിലേക്ക് പണം നൽകും. കുട്ടികളിൽ കാർഷിക അഭിരുചിയും സമ്പാദ്യശീലവും വളർത്താൻ പദ്ധതി സഹായിക്കുന്നു. വർഷാവസാനം 3000 രൂപ വരെ സമ്പാദിച്ച കുട്ടികളുണ്ട്.

എല്ലാ ചൊവ്വാഴ്ചയും കൂരാലിയിൽ നാട്ടുചന്ത സംഘടിപ്പിക്കും. കൃഷിക്കാർക്ക് കാർഷികോത്‌പന്നങ്ങൾ, കന്നുകാലികൾ, വളർത്തുപക്ഷികൾ എന്നിവയെല്ലാം ലേലം ചെയ്തു വില്‌ക്കാം. സ്‌കൂളുകളിൽ നിന്നും ശേഖരിക്കുന്ന കുട്ടികളുടെ കാർഷികോത്‌പന്നങ്ങളും നാട്ടുചന്തയിലൂടെയാണു വിറ്റഴിക്കുന്നത്. മണ്ണ് ഇളക്കാൻ, കുഴി താഴ്ത്താൻ, തുരിശ്ശടിക്കാൻ, പുല്ലുവെട്ടാൻ, മരംമുറിക്കാൻ, തെങ്ങ് കയറാൻ എന്നിവയ്ക്കുള്ള യന്ത്രങ്ങൾ ഉപയോഗിക്കാൻ കൃഷിക്കാർക്കു പരിശീലനം നൽകി ഗ്രീൻ ആർമിക്കു രൂപം നല്‌കിയിട്ടുണ്ട്.
വയനാട് ബ്രഹ്മഗിരി സൊസൈറ്റിയുമായി സഹകരിച്ച് അതിവേഗ വളർച്ചയുള്ള പോത്തുകുട്ടികളെ കൃഷിക്കാർക്കു വിതരണം ചെയ്തു. ആന്ധ്രയിൽ നിന്നാണ് പോത്തുകുട്ടികളെ കൊണ്ടുവന്നത്. 9000 രൂപയ്ക്കാണ് വില്‌ക്കുന്നത്. ഒരു വർഷംകൊണ്ട് തോട്ടത്തിലെ പുല്ലും മറ്റും തിന്ന് 60000 – 70000 രൂപ ലഭിക്കുന്ന പോത്തുകളായി ഇവ വളർന്നിരിക്കും. കൃഷിക്കാരനു നേരിട്ടു വില്‌ക്കാം അല്ലെങ്കിൽ സൊസൈറ്റിക്കു വില്‌ക്കാം. കന്നുകുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് ചില സ്ഥലങ്ങളിൽ ഗോസംരക്ഷണ സമിതിക്കാർ തടസപ്പെടുത്തിയതിനെ തുടർന്ന് പരിപാടി മന്ദഗതിയിലാണ്. ഇതുവരെ 650 എണ്ണം വിതരണം ചെയ്തു.

മുട്ടക്കോഴി വളർത്തലിൽ 500 ഓളം കൃഷിക്കാർക്കു പരിശീലനം നൽകി. 350 മലബാറീസ് ആടുകൾ കുടുംബശ്രീ വഴി വിതരണം ചെയ്തു. തൊഴിലുറപ്പിനെ ഉപയോഗപ്പെടുത്തി ഇവർക്കെല്ലാം സൗജന്യമായി ആട്ടിൻകൂടും കോഴിക്കൂടും നിർമ്മിച്ചു നൽകി. കോഴിക്കച്ചവടക്കാർ കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും നൽകുന്നു. വളർച്ചയെത്തിയാൽ അവർ തന്നെ കൊണ്ടുപോകുന്ന സമ്പ്രദായമാണ് നിലവിലുള്ളത്. പുറമേ തോട്ടത്തിൽ സ്ഥലവും കോഴിക്കൂടും നൽകിയാൽ മതിയാകും. ഇടനിലക്കാർ ബാക്കിയെല്ലാം ചെയ്തുകൊള്ളും. കൃഷിക്കാരനു 40 ദിവസം പൂർത്തിയാകുമ്പോൾ ഒരു തുക വാടകയായിക്കിട്ടും. ഇങ്ങനെ ഇപ്പോൾ 32 യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടത്രേ.
തേനീച്ച വളർത്തലിന് ഹോർട്ടികോർപ്പുമായി സഹകരിച്ചാണു പരിശീലനവും മറ്റും നൽകുന്നത്. 300 കൃഷിക്കാർ പദ്ധതിയിലുണ്ട്. ഫിഷറീസ് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച് ശുദ്ധജല - അലങ്കാര മത്സ്യം വളർത്തലിന് പരിശീലനം നൽകുന്നു. ഫെയ്സിൽ നിന്നുതന്നെ മീൻകുഞ്ഞുങ്ങളെയും തീറ്റയും ലഭ്യമാക്കും. മാർക്കറ്റും ഫെയ്സ് ഒരുക്കുന്നു. കൂരാളിയിലെ ഇക്കോഷോപ്പിന്റെ ഒരു വശത്തായി വെള്ളംനിറച്ച വാർക്ക റിംഗുകൾ സ്ഥാപിച്ചിട്ടുണ്ട്. കൃഷിക്കാർക്ക് മീനുകളെ ഇതിൽ നിക്ഷേപിക്കാം.
ഉപഭോക്താവിനു മീൻ തിരഞ്ഞെടുക്കാം. മീൻ വൃത്തിയാക്കിക്കൊടുക്കാനും സൗകര്യമുണ്ട്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഫെയ്സ് ഇടപെട്ട് കൃഷിക്കാരനു വായ്പകളും ലഭ്യമാക്കുന്നു. പൈകയിലെ ഫെഡറൽ ബാങ്ക്, ഇളംകുളം സഹകരണ ബാങ്ക്, എലിക്കുളം അർബൻ സഹകരണ സംഘം എന്നിവ സഹകരിക്കുന്നുണ്ട്. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ വിവിധ സ്‌കീമുകൾ ഈ പദ്ധതികളുമായി സംയോജിപ്പിക്കാൻ ഗ്രാമപഞ്ചായത്ത് മുൻകൈയെടുക്കുന്നു.

ജില്ലയിലെ ഏറ്റവും മികച്ച ജൈവപഞ്ചായത്തിനുള്ള കൃഷി വകുപ്പിന്റെ അവാർഡ് എലിക്കുളത്തിനായിരുന്നു. നാമാവശേഷമായ നെൽകൃഷി 14 ഹെക്ടറിലേയ്ക്കു വ്യാപിപ്പിച്ചു. എലിക്കുളം റൈസ് എന്ന ബ്രാൻഡിൽ അരി ഇറക്കുന്നതിന് മിനിറൈസ് മിൽ സ്ഥാപിക്കാനുള്ള പ്രോജക്ട് പഞ്ചായത്ത് എടുത്തിട്ടുണ്ട്. കപ്പ ഉണക്കുന്നതിന് കർഷക സൊസൈറ്റികൾക്ക് ഡ്രയർ നൽകുന്നതിനുള്ള പ്രോജക്ടും എടുത്തിട്ടുണ്ട്. ഫെയ്സിന്റെ പ്രസിഡന്റായ എസ്. ഷാജി തന്നെയാണ് എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NATTUVICHARAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.