SignIn
Kerala Kaumudi Online
Saturday, 20 April 2024 3.08 AM IST

സ്വയം നടത്തേണ്ട ജാഗ്രതാ ടെസ്റ്റ്

social-distance

മറ്റൊരു ലോക്ക് ഡൗണിന്റെ മദ്ധ്യബിന്ദുവിലാണ് നമ്മളിപ്പോൾ. കഴിഞ്ഞ വർഷത്തെ അടച്ചിടൽ മുന്നറിയിപ്പില്ലാതെയാണ് ജീവിതങ്ങളെ ബാധിച്ചതെങ്കിൽ ഈ പ്രാവശ്യം നമുക്ക് രണ്ടു ദിവസത്തെ സാവകാശം കിട്ടി. അടച്ചിടാതെ മറ്റൊരു ഗത്യന്തരവുമില്ലെന്ന വാസ്തവം സർക്കാർ മാത്രമല്ല ജനങ്ങളും മനസിലാക്കിയിരിക്കുന്നു. ആ അനിവാര്യത തിരിച്ചറിയുന്നതു കൊണ്ടാണ് ഈ ലോക്ക്ഡൗൺ ജനങ്ങളുടെ മേൽ സർക്കാർ അടിച്ചേല്പിച്ചു എന്ന വിചാരം സമൂഹത്തിലില്ലാത്തത്. ജനങ്ങൾ ലോക്ഡൗണിന്റെ ആവശ്യകത മനസിലാക്കിക്കഴിഞ്ഞു.
അപായകരമായ നിരക്കിലാണ് രോഗവ്യാപനം. വൈറസിന് നമ്മുടെ ശരീരത്തിൽ പ്രവേശിക്കാനുള്ള അവസരം കൊടുക്കാതിരിക്കണമെങ്കിൽ വീട്ടിൽ സുരക്ഷിതരായിരിക്കുക മാത്രമേ മാർഗമുള്ളൂ. ലോക്ക്ഡൗൺ നിശ്ചിത സമയത്തു അവസാനിക്കുമെന്നും ആവർത്തിക്കുകയില്ലെന്നുമൊക്കെ നമുക്ക് പ്രത്യാശിക്കാം. (ആ പ്രത്യാശ നമുക്കിപ്പോൾ വളരെ ആവശ്യം.) ലോക്ക്ഡൗൺ പിൻവലിച്ച് പുറത്തിറങ്ങിക്കഴിഞ്ഞാലും ഒരു ലോക്ക്ഡൗൺ മനോഭാവം കുറേക്കാലത്തേയ്ക്കു നമ്മൾ പരിശീലിക്കേണ്ടി വരും.

സർക്കാർ പ്രഖ്യാപിക്കുന്ന അടച്ചിടലിന് സാമൂഹ്യവും സാമ്പത്തികവും ഭരണപരവുമായ ഭവിഷ്യത്തുകളുണ്ട്. അതുകൊണ്ടു തന്നെ വിവേചന ബുദ്ധിയുള്ള സർക്കാരുകൾ മറ്റൊരു ഗത്യന്തരവുമില്ലാത്തപ്പോഴേ ലോക്ക്ഡൗൺ പ്രഖ്യാപിക്കാറുള്ളൂ. എന്നാൽ വ്യക്തികൾ സ്വയം അത്തരമൊരു മനോഭാവത്തിൽ എത്തിച്ചേരുമെങ്കിൽ അതായിരിക്കും പൗരബോധത്തിന്റെ വിശിഷ്ട മാതൃക. സ്വയം പ്രതിരോധത്തിന്റെ കേരള മാതൃക. ഇത് പറയുമ്പോൾ ആർക്കും ഇഷ്ടപ്പെടുകയില്ല. (എനിക്കും ഇഷ്ടമില്ല.) എത്രയും വേഗം ജീവിതത്തിന്റെ ആ പഴയ തിരക്കും താളവും ഉല്ലാസവും കൂടിച്ചേരലുകളൂം ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാം. ഒന്നും ഭയക്കാതെ എവിടെയും ഇറങ്ങി നടക്കാൻ സാധിക്കുന്ന നല്ല നാളുകളും, തോന്നുമ്പോൾ യാത്രപോകാൻ സാധിക്കുന്ന അവസ്ഥയുമൊക്കെ തിരിച്ചു വരണമേ എന്ന് ആഗ്രഹിക്കാത്ത ആരുണ്ടിപ്പോൾ? മറ്റൊരാളെ തൊട്ടാൽ കൈ കഴുകേണ്ടി വരിക എന്ന ദുരന്താനുഭവത്തെ എത്രയും പെട്ടെന്ന് അതിജീവിക്കണമെന്നാശിക്കാത്ത ആരുണ്ട്? മക്കൾ സ്‌കൂളുകളിലും കോളേജുകളിലും രാവിലെ പോയി വൈകുന്നേരം തിരികെ വരികയും സമപ്രായക്കാരുമായി കളിച്ചും രസിച്ചും കഴിയുകയും ചെയ്യുന്ന ആ ദിവസങ്ങൾ എത്രയും പെട്ടെന്ന് മടങ്ങി വന്നെങ്കിൽ എന്നാഗ്രഹിക്കാത്ത ആരുണ്ട്? ആ നല്ല ദിവസങ്ങൾ തിരികെ വരണമെങ്കിൽ നമുക്കൊരു യുദ്ധം
ജയിക്കേണ്ടതുണ്ട്. ഈ മോഹങ്ങൾ സഫലമാകണമെങ്കിൽ ലോക്ക്ഡൗണിന് ശേഷവും കുറേക്കാലം കൂടി ഒരു ലോക്ക്ഡൗൺ മനോഭാവത്തിൽ നമുക്ക് കഴിയേണ്ടതുണ്ട്. ഇതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? മറ്റൊരാളും നമ്മുടെ വീടുകളിൽ ലോക്ക്ഡൗൺ കാലത്തു വരാറില്ല; നമ്മളെങ്ങും പോകാറുമില്ല. അങ്ങനെ സമ്പർക്ക സാദ്ധ്യത ഇല്ലാതാവുന്നു. കുറച്ചുകാലം കൂടി സമ്പർക്കങ്ങൾ ഒഴിവാക്കാനോ പരമാവധി കുറയ്ക്കാനോ നമുക്ക് സ്വയം തീരുമാനിക്കാം. മറ്റൊരാൾ സ്പർശിച്ച എന്തും അണുമുക്തി നടത്തിയ ശേഷം മാത്രം സ്പർശിക്കാം. ആ വ്യക്തിയോടുള്ള അയിത്താചരണമല്ല അത്. ആ സ്പർശനത്തിൽ അയാൾ പോലുമറിയാതെ ഒളിച്ചിരിക്കുന്ന കൊറോണ വൈറസിനോടാണ് നമുക്ക് അയിത്തം.
ആഘോഷങ്ങൾ, പൊതുപരിപാടികൾ എല്ലാം കുറെ കാലത്തേയ്ക്ക് ഓൺലൈനിലേ പാടുള്ളൂ എന്ന് ശാഠ്യം പിടിക്കാം. ഫോണിലൂടെയോ ഇൻറ്റർനെറ്റിലൂടെയോ ചെയ്യാൻ സാധിക്കുന്നതെല്ലാം അങ്ങനെ മാത്രം ചെയ്യുമെന്നു നിർബന്ധം പിടിക്കാം. ഉദാഹരണത്തിന് ബാങ്കിൽ പോകാതെ സാമ്പത്തിക കാര്യങ്ങൾ നടത്താൻ സാധിക്കുമല്ലോ. അതൊന്നും അത്ര സങ്കീർണമായ കാര്യങ്ങളല്ല. അതെല്ലാം പഠിച്ചെടുക്കാനുള്ള സന്ദർഭമായി കൂടി ഇതിനെ കാണാം. മനസിലാണ് ഈ നിർണയം ഉണ്ടാകേണ്ടത്. കേരളം പോലെ വിദ്യാസമ്പന്നർ അധിവസിക്കുന്ന നാട്ടിൽ ഈ മാറ്റങ്ങൾ സ്വയം ഏറ്റെടുക്കുക അത്ര അസാദ്ധ്യമല്ല. ഡൽഹിയിലും മറ്റും നടക്കുന്ന മരണത്തിന്റെ വേതാളനൃത്തം നമ്മെ ചിന്തിപ്പിക്കണം. എല്ലാം ഒഴിവാക്കാവുന്നതേയുള്ളൂ. നമ്മുടെ ശീലങ്ങൾ ഈ അപായ ഘട്ടത്തിൽ മാറുമെങ്കിൽ വൻ ദുരന്തങ്ങൾ ഒഴിവാക്കാം. ഇതെല്ലാം കഴിഞ്ഞു ജീവിതം ആസ്വദിക്കാൻ ജീവനുണ്ടാകണമെങ്കിൽ ഈ ചെറിയ ത്യാഗം അനിവാര്യം. താത്‌കാലികമായ സംതൃപ്തി നേടാനായി വലിയ വിപത്തുകൾ ക്ഷണിച്ചു വരുത്തുന്ന പ്രലോഭനത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ സഹജീവികളൊടുള്ള സ്‌നേഹം നമ്മെ പ്രേരിപ്പിക്കണം.
പരിചിതശീലങ്ങളെ കൊവിഡ് ജാഗ്രതാ ടെസ്റ്റിന് സ്വയം വിധേയമാക്കണം. ആലോചിക്കാതെ പഴയപോലെ ഓരോ കാര്യങ്ങൾക്ക് ഇറങ്ങിപ്പുറപ്പെടുമ്പോൾ ഒന്ന് നില്‌ക്കുക. കൊവിഡ് ജാഗ്രതാ ടെസ്റ്റ് നടത്തുക. (ടെസ്റ്റിന് പണച്ചെലവില്ല) ആ ടെസ്റ്റിൽ രണ്ട് ചോദ്യങ്ങളേയുള്ളൂ. 'ചെയ്യാൻ പോകുന്ന ഈ പ്രവൃത്തിയിൽ വൈറസ് ബാധയ്ക്കുള്ള നേരിയ സാദ്ധ്യതയെങ്കിലുമുണ്ടോ? ഇതൊഴിവാക്കാൻ കഴിയുമോ? ബദൽ മാർഗങ്ങളുണ്ടോ? ഉണ്ടെങ്കിൽ ചെയ്യാൻ ഇറങ്ങി
പുറപ്പെട്ട കൃത്യത്തിൽ നിന്ന് പിന്മാറി ആ ബദൽ ശൈലി
പിന്തുടരുക. ഒരു ദിവസം ഒരു വ്യക്തി ഇത്തരത്തിലുള്ള പത്തു
ടെസ്റ്റുകൾ നടത്തുന്നു എന്നിരിക്കട്ടെ. ഒരു കോടി ആളുകൾ ഈ മാതിരി ടെസ്റ്റ് നടത്തിയാൽ ഒരു ദിവസം പത്തുകോടി സമ്പർക്ക (വൈറസ് ബാധയ്ക്കുള്ള ) സാദ്ധ്യതകളാണ് നാം ഒഴിവാക്കുന്നത്. ഒപ്പം കൂടുതൽ ആളുകൾ വാക്സിൻ സ്വീകരിക്കുകയും കൂടി ചെയ്യുന്നതോടെ സമൂഹത്തിന്റെ പ്രതിരോധശേഷി ശക്തമാവുകയും രോഗത്തിന്റെ വ്യാപനം നമുക്ക് പിടിച്ച് നിറുത്താൻ കഴിയുകയും ചെയ്യും. ആഘോഷങ്ങളും കുംഭമേളകളും ഇനിയും വരും. ജീവൻ
നിലനിറുത്താനായില്ലെങ്കിൽ മറ്റെന്തിനെങ്കിലും വല്ല വിലയുമുണ്ടോ? ഇതൊരു യുദ്ധമാണ്. അത്യന്തം അപകടകാരിയാണ് മായാവിയെപ്പോലെ ഘടന മാറ്റുന്ന ഈ അദൃശ്യ ശത്രു. ജാഗ്രത ഉപേക്ഷിക്കാൻ സമയമായില്ല. അങ്ങനെ ധരിച്ചതിന്റെ ദുരന്ത ഭവിഷ്യത്താണ് ഇന്ത്യയിൽ പ്രതിദിനം നടക്കുന്ന മൂവായിരത്തിലധികം കൊവിഡ് മരണങ്ങൾ. ജീവിക്കാൻ അർഹതയുള്ളവരായിരുന്നു അവരെല്ലാം. നമ്മളെപ്പോലെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIRAKATHIR, JAGRATHA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.