SignIn
Kerala Kaumudi Online
Friday, 19 April 2024 1.41 PM IST

കരണത്തടിക്കുന്ന കളക്ടർ

photo

ഛത്തീസ്ഗഢിലെ സുരജ് പുർ ജില്ലയിലെ കളക്ടർ രൺബീർ ശർമ്മ, ഐ.എ.എസ്, ഒരു യുവാവിനെ നടുറോഡിൽ വച്ച് കരണത്തടിക്കുകയും അയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു തറയിലെറിയുകയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരെക്കൊണ്ട് യുവാവിനെ അടിപ്പിക്കുകയും പിന്നെ എഫ്‌.ഐ.ആർ ഇടാൻ നിർദ്ദേശിക്കുകയും ചെയ്ത സംഭവം മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാന മുഖ്യമന്ത്രി യുവാവിന്റെ വീട്ടുകാരോട് ക്ഷമാപണം നടത്തുകയും കളക്ടറെ സ്ഥലം മാറ്റുകയും ചെയ്തു. അത്രയും നന്ന്. പക്ഷെ അത്രയും മതിയോ? അവിടെ വച്ചവസാനിക്കുന്ന ഒന്നാണോ കളങ്കിതമായ ഈ സംഭവം? ലോക്ക് ഡൗൺ ലംഘിച്ചു റോഡിലിറങ്ങി എന്നതാണ് യുവാവ് ചെയ്ത പാതകം. അയാളുടെ കൈയിൽ പാസ് ഉണ്ടായിരുന്നതോ മരുന്ന് കടയിൽ പോവുകയായിരുന്നു എന്നതോ ജില്ലാ കളക്ടർക്ക് ബോദ്ധ്യമായില്ല.

ഒരു പൗരന്റെ കരണത്തടിക്കാൻ ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ കൈപൊങ്ങി എന്നത് ചിന്തിക്കുന്ന ആരിലും അസ്വസ്ഥജനകമായ അനേകം ചോദ്യങ്ങൾ ഉണർത്താതിരിക്കില്ല. ജില്ലാ മജിസ്‌ട്രേറ്റാണ്, ക്രമസമാധാന പാലനത്തിന്റെ ചുമതലക്കാരനാണ്. ഇനിയും അനേക വർഷം സർക്കാരിന്റെ ഉയർന്ന പദവികളിൽ സേവനം നടത്തേണ്ട ഉദ്യോഗസ്ഥനാണ്. അനേകം ചെറുപ്പക്കാർ ആഗ്രഹിക്കുന്ന സമുന്നത സർവീസിലേക്ക് തിരഞ്ഞെടുക്കപെട്ട ഒരാളുടെ ഈ പെരുമാറ്റം എങ്ങനെ നീതീകരിക്കാനാകും? ദീർഘകാലത്തെ പരിശീലനവും ഒരുപാട് ആനുകൂല്യങ്ങളും ചെറുപ്രായത്തിൽ തന്നെ സർക്കാരിന്റെ അധികാരം കൈയാളാനുള്ള അവകാശവും ലഭിച്ച ഒരാളിനു ഇങ്ങനെ പെരുമാറാൻ സാധിച്ചെങ്കിൽ, ആ മാനസിക ഘടനയെക്കുറിച്ചു നമ്മൾ ആഴത്തിൽ ചിന്തിക്കാൻ ബാധ്യസ്ഥരാണ്. ബഹുഭൂരിപക്ഷം ഐ.എ.എസുകാരും ഇങ്ങനെയല്ല എന്നത് ആശ്വാസപ്രദം. ജനഹിതമറിയുകയും തങ്ങളുടെ
അറിവും കഴിവും ആരോഗ്യവുമെല്ലാം നാടിനു വേണ്ടി വിനിയോഗിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരാണ് ഭൂരിപക്ഷവും. എങ്കിലും കരണത്തടിക്കുന്ന ഒരാളെങ്കിലും ഉണ്ടായെങ്കിൽ അത് ആശങ്കാജനകം തന്നെയാണ്.
അധികാരം എപ്പോഴും അന്ധത വരുത്തും. മഹാഭാരതത്തിലെ ധൃതരാഷ്ട്രർക്ക് അന്ധത നൽകിയ വ്യാസഭാവനയുടെ ക്രാന്തദർശിത്വം വിസ്മയാവഹം. അധികാരമുണ്ടെങ്കിൽ എന്തും ചെയ്യാമെന്ന വിചാരം ഒരുതരം അന്ധതയാണ്. ആ തിമിരമാണ് രൺബീർ ശർമ്മയെ ഗ്രസിച്ചത്. അടിക്കപ്പെടാനായി എപ്പോഴും ചെകിട് കാണിച്ചു കൊടുക്കാൻ ആളുണ്ടാവുകയില്ല. അങ്ങനെ ചെകിട് കിട്ടാത്തപ്പോഴും രൺബീർ ധൃതരാഷ്ട്രന്മാർ ഔദ്യോഗികമായ തീരുമാനങ്ങളിലും പെരുമാറ്റത്തിലും അന്ധത കാണിക്കും. കേരളത്തിൽ ഇത്തരം പത്രാസുകൾക്കു വേരോട്ടമുണ്ടാവില്ല. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇപ്പോഴും ഉദ്യോഗസ്ഥരുടെ 'ഗോരാ സാഹിബ് ' മനോഭാവത്തിന് പൂർണമായി അറുതി വന്നിട്ടില്ല. എവിടെ 'തിരുവായ്ക്ക് എതിർവായില്ല' എന്ന അവസ്ഥ നിലനില്‌ക്കുന്നുവോ അവിടെയെല്ലാം അധികാരം ദുഷിക്കും. അവിടെയെല്ലാം അന്ധഭരണാധികാരികൾ പെരുകും. അന്ധന്മാർ മാത്രമല്ല ഇവർ മറവി രോഗികളുമാണ്. ഒരുപാട് കാര്യങ്ങൾ മറന്നു കളയും. എന്തിനാണ് ശമ്പളവും മറ്റു ആനുകൂല്യങ്ങളും സർക്കാർ തനിക്കു തരുന്നതെന്നു മറന്നു പോകും. ഐ.എ.എസ് എന്ന ചുരുക്കപ്പേരിന്റെ പൂർണരൂപവും അർത്ഥവും മറന്നു പോകും. ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് എന്നതിലെ സർവീസ് എന്ന പദത്തിന്റെ നിഷ്പത്തി സെർവ് (serve) സേവനം ചെയ്യുക എന്ന ക്രിയാപദത്തിൽ നിന്നാണെന്നു ഓർക്കാൻ കഴിയാതെ പോകും. കരണത്തടി
ഒരു സേവനമാണെന്ന് എങ്ങും പറഞ്ഞിട്ടില്ലല്ലോ.
പണ്ട് മലയാളം പഠിച്ചവർക്ക് ദീപകം എന്ന അലങ്കാരത്തിന്റെ ലക്ഷണം ഓർമ്മയുണ്ടാവും. 'മദം കൊണ്ടാന ശോഭിക്കും, ഔദാര്യം കൊണ്ട് ഭൂപതി'. ഈ ലക്ഷണം അധികാരികൾക്കുള്ളതാണ്. ഏതു സർവീസിൽപ്പെട്ട ഉദ്യോഗസ്ഥരായാലും ജീവനക്കാരായാലും എല്ലാവരും സേവനം ചെയ്യാൻ നിയുക്തരാണെന്നും അതിനുള്ള പ്രതിഫലമാണ് കൈപ്പറ്റുന്നതെന്നും മറക്കാതിരിക്കാൻ രൺബീർ ശർമ്മയുടെ പ്രവൃത്തി സഹായിക്കും. മദമല്ല ഔദാര്യവും വിനയവുമാണ് ശോഭതരുന്നതെന്നും ഓർമ്മപ്പെടുത്തും. പിന്നെ അന്ധതയും മറവിയും അഹങ്കാരവും എപ്പോഴും കരണത്തടിയായി തന്നെ ആവിഷ്‌കരിക്കപ്പെടണമെന്നില്ല. ഓഫീസുകളിലെത്തുന്ന സാധാരണക്കാരോടുള്ള ഉദാസീനമോ നിരാർദ്രമോ ആയ മറുപടിയിലുമുണ്ട് രൺബീർ ശർമ്മ. തീരുമാനങ്ങൾ വച്ച് താമസിപ്പിക്കുന്നതിലുമുണ്ട് അയാൾ. അഴിമതിയിലും നിസംഗതയിലും അനാവശ്യ നടപടികളുടെ കോയ്മയിലും സഹായ മനസ്ഥിതിയുടെ അഭാവത്തിലുമെല്ലാം നമുക്ക് ചുറ്റുമില്ലേ കാഴ്ചയില്ലാത്ത, കേൾവിശേഷിയില്ലാത്ത ഓർമ്മശക്തിയില്ലാത്ത രൺബീർ ശർമ്മമാർ? പബ്ലിക് സെർവൻറ്റ് എന്ന വാക്കിന്റെ അർത്ഥം ഗ്രഹിക്കാൻ ഛത്തീസ്ഗഢിലെ ഈ അപലപനീയ സംഭവം നിമിത്തമാകട്ടെ.

അധികാരത്തിൽ വിനയം കലരണമെന്ന അടിസ്ഥാന തത്വത്തിന്റെ വിപരീതപാഠമായി ഈ വികല സംഭവത്തെ നോക്കിക്കാണാൻ നമുക്ക് കഴിയട്ടെ. അധികാരം വരുത്തിവയ്ക്കുന്ന മറവിരോഗത്തിൽ നിന്ന് പരിരക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കാൻ ഈ വാർത്ത ഉതകട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIRAKATHIR, RANBIR SHARMA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.