SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.02 PM IST

ആദ്യമേ തൂമ്പ കൊണ്ടെടുക്കരുത്

human-rights

പ്രതികളെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യുകയെന്നത് ഏറ്റവും ആവശ്യമുള്ളപ്പോൾ, ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിൽ മാത്രം കൈക്കൊള്ളേണ്ട നടപടിയാണെന്ന് അടുത്ത ദിവസം സുപ്രീം കോടതി സ്പഷ്ടീകരിച്ചു. അത്യന്തം പ്രധാനപ്പെട്ട വ്യാഖ്യാനവും നിർദ്ദേശവുമാണ് പരമോന്നത നീതിപീഠം സമയോചിതമായി നൽകിയിരിക്കുന്നത്. രാജ്യത്തെ വിചാരണക്കോടതികളും, പൊലീസ് ഉദ്യോഗസ്ഥരുമാണ് ഈ വിധി പ്രാവർത്തികമാക്കേണ്ടത്. എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്ത കേസുകളിൽ, ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും, അറസ്റ്റിലേക്ക് യാന്ത്രികമായി നീങ്ങുന്ന പ്രവണതയ്ക്കാണ് സുപ്രീം കോടതി വിലക്കേൽപ്പിച്ചിരിക്കുന്നതു. എന്നാൽ ഈ വിധി വന്നതിനു ശേഷം ഇക്കാര്യത്തിൽ എന്തെങ്കിലും മാറ്റം ഈ രാജ്യത്തുണ്ടായോ? പൊലീസിന്റെ സമീപനത്തിലും മനോഭാവത്തിലും എന്തെങ്കിലും വ്യത്യാസം പ്രകടമായോ?
ഇല്ല എന്ന ഉത്തരം അറിയാമായിട്ടും ഈ ചോദ്യം ഉന്നയിച്ചതിനു മറ്റൊരുദ്ദേശമുണ്ട്. ഇത് ഒറ്റപ്പെട്ട ഒരു വീഴ്ചയല്ല. നമ്മുടെ നടപ്പുശീലമാണ്. ഹൈക്കോടതികളും സുപ്രീം കോടതിയും നൽകുന്ന മനുഷ്യാവകാശത്തിലും ഭരണഘടനാ വകുപ്പുകളിലും ആസ്പദമായ ഇത്തരം വ്യക്തമാക്കലുകൾ പെട്ടെന്നൊന്നും പൊലീലീസിന്റെ ശൈലിയിലും സമീപനങ്ങളിലും
പ്രതിഫലിക്കാറില്ല.
ഐ.ടി ആക്ടിലെ 66 എ എന്ന വകുപ്പ് കോടതി 2015ൽ റദ്ദാക്കിയിട്ടും ആ വകുപ്പിന്റെ അടിസ്ഥാനത്തിൽ എത്രയോ കേസുകൾ നടക്കുന്നുണ്ടായിരുന്നു! കോടതികൾ കലാകാലങ്ങളിൽ വരുത്തുന്ന ഇത്തരം സ്പഷ്ടീകരണങ്ങളും വ്യാഖ്യാനങ്ങളും കൂടിച്ചേർന്നതാണ് നമ്മുടെ നിയമസംഹിത. നിയമത്തെക്കുറിച്ചുള്ള അജ്ഞത കുറ്റകൃത്യത്തെ ലഘൂകരിക്കുന്നില്ല. നിയമം അറിയാമെങ്കിലും ഇല്ലെങ്കിലും ചെയ്ത കുറ്റം ശിക്ഷാർഹമാണ്. പക്ഷെ നിയമങ്ങളും അവയ്ക്കു പലപ്പോഴായി ഉണ്ടാകുന്ന ഭേദഗതികളും പുതുതായി നിലവിൽ വരുന്ന കേന്ദ്രത്തിന്റെയും, സംസ്ഥാനത്തിന്റെയും നിയമങ്ങളും സാധാരണ പൗരൻ എങ്ങനെ അറിയാനാണ്? മാധ്യമങ്ങളിൽ നിന്ന് അറിയുന്നതെന്താണ്? ഏതൊക്കെയോ നിയമങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുകയും, ഒരു ചർച്ചയും കൂടാതെ അവ പാസാക്കുകയും ചെയ്യുന്നു! അല്ലെങ്കിൽ ഏതോ ബില്ലിന്റെ കോപ്പി കീറിയെറിഞ്ഞതിനു ശേഷം പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുന്നു. ഇത്തരം തത്സമയ നിയമ
നിർമ്മാണ പ്രക്രിയ കാണാമെന്നല്ലാതെ സാധാരണക്കാരന് ആ നിയമങ്ങളെക്കുറിച്ചു അറിയാൻ എന്താണൊരുപായം? ഗസറ്റ് വിജ്ഞാപനമാണ്
അടുത്ത നടപടി. ഈ ഗസറ്റ് എന്താണെന്നോ അത് എവിടെ കിട്ടുമെന്നൊ അറിഞ്ഞുകൂടാത്തവരാണ് (കേരളത്തിലെ പോലും) ജനസംഖ്യയിലെ തൊണ്ണൂറു ശതമാനവും. ഗസറ്റ് വായിച്ചാൽ മനസ്സിലാകുന്നവരുടെ എണ്ണം ഇനിയും കുറയും. അറസ്റ്റു ചെയ്യാൻ വ്യവസ്ഥയുണ്ട് എന്നതുകൊണ്ട് മാത്രം അറസ്റ്റു ചെയ്യേണ്ടതില്ല എന്നാണ് പുതിയ വിധിയുടെ പൊരുൾ. യുക്തി
ഉപയോഗിക്കണം എന്നർത്ഥം. പ്രതിപ്പട്ടികയിൽ പെട്ടവർക്കും
മനുഷ്യാവകാശ പരിരക്ഷയ്ക്ക് അർഹതയുണ്ടെന്നാണ് സ്പഷ്ടീകരണത്തിന്റെ അർഥം. മനുഷ്യാവകാശത്തെക്കുറിച്ചുള്ള പരാമർശങ്ങൾ തന്നെ ഒരു തീവ്രവാദി ലക്ഷണമാണെന്ന പൊതുധാരണ നിർഭാഗ്യവശാൽ എങ്ങനെയോ പരന്നിട്ടുണ്ടെന്നുള്ളത് കാണാതിരിക്കരുത്. തീവ്രവാദികളും മാവോയിസ്റ്റുകളും മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ പ്രതികരിച്ചു എന്നത് കൊണ്ട്, മനുഷ്യാവകാശത്തെക്കുറിച്ചു സംസാരിക്കുന്നവരൊക്കെ തീവ്രവാദികൾ ആണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് അപകടകരമായ പ്രവണതയാണ്. പിന്നെ അതിനെക്കുറിച്ചു ആരും ചർച്ച ചെയ്യാൻ ധൈര്യപ്പെടില്ലല്ലോ . പൗരാവകാശങ്ങൾ എന്തൊക്കെയെന്നും എന്തെല്ലാം നിയമ പരിരക്ഷയ്ക്കു അർഹതയുണ്ടെന്നും ഓരോ പൗരനും വ്യക്തമായി അറിയുമ്പോൾ മാത്രമേ
ജനാധിപത്യവും ഭരണഘടനാ ധാർമ്മികതയും യാഥാർത്ഥ്യമാകൂ. നിയമലംഘനങ്ങളിൽ ബഹുഭൂരിപക്ഷവും അന്വേഷിക്കേണ്ടതും ചാർജ്ഷീറ്റ്
സമർപ്പിക്കേണ്ടതും, പ്രോസിക്യൂഷനെ സഹായിക്കേണ്ടതും പൊലീസിന്റെ
ചുമതലയാണ്. നിയമനിർമ്മാണ സഭകൾ പാസാക്കിയ പ്രസക്ത നിയമങ്ങളും ഉന്നത നീതിപീഠങ്ങളുടെ ഉത്തരവുകളും സ്പഷ്ടീകരണങ്ങളും പൊലീസ് അപ്പപ്പോൾ തന്നെ അറിയേണ്ടതാണ്. അത് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പൊലീസ് സ്റ്റേഷനുകളിൽ എത്തിക്കാൻ സങ്കേതികവിദ്യക്ക് ഇന്ന് അനായാസം സാധിക്കും. ഒരു ഇമെയിൽ അയക്കേണ്ട കാര്യമേ ഉള്ളൂ. പക്ഷെ പത്രം വായിച്ച അറിവിൽ നിന്ന് ആരും ഇത് ചെയ്യുകയില്ല. വെബ്‌സൈറ്റിൽ പോയി വിശദമായി വായിച്ചു നോക്കിയാലും ചെയ്യുകയില്ല. മുകളിൽ നിന്ന് ഉത്തരവ് കാത്തിരിക്കുക എന്നതാണ് നമ്മുടെ ശീലം. ഇന്റർനെറ്റ് കാലത്തു മാറേണ്ട പല ശീലങ്ങളിൽ ഒന്നാണിത്.
പൊലീസുകാർ മാത്രം അറിഞ്ഞതുകൊണ്ടായില്ല, ജനങ്ങൾ അറിയണം. അതിനുള്ള നിലവിലെ സംവിധാനങ്ങൾ അതീവ ദുർബലം; അപര്യാപ്തം. കോടതി വിധികളും നിയമവ്യവസ്ഥകളും ഭരണഘടനാ വ്യവസ്ഥകളും സാധാരണക്കാർക്ക് അഭിഗമ്യമാവുന്ന വിധം പ്രചരിപ്പിക്കണം. വല്ലപ്പോഴുമല്ല, നിരന്തരമായി. ആ അവബോധം വ്യാപകമാവുമ്പോഴേ അധികാര ദുർവിനിയോഗവും, ഇല്ലാത്ത നിയമങ്ങളുടെ പ്രയോഗവും, അവകാശപ്പെട്ട നിയമപരിരക്ഷയുടെ തമസ്‌കരണവും ഇല്ലാതാവൂ. നിയമസുതാര്യതയും മനുഷ്യാവകാശത്തെക്കുറിച്ചുള്ള അവബോധവും സമൂഹത്തിലെ എല്ലാ തട്ടിലുമുള്ളവർക്കു ലഭ്യമാവുന്ന പുതിയ ഒരു നിയമബോധന ജനകീയദൗത്യം ഏറ്റെടുക്കാൻ സമയമായിരിക്കുന്നു. നിയമം ജനങ്ങളെ ഭയപ്പെടുത്താനുള്ളതല്ല; ഭയത്തിൽ നിന്ന് പരിരക്ഷിക്കാനുള്ളതാണെന്ന തിരിച്ചറിവ് വ്യാപകവും ശക്തവുമായില്ലെങ്കിൽ നിയമവ്യവസ്ഥയുടെ തലതിരിഞ്ഞ പ്രയോഗവും മനുഷ്യാവകാശ ലംഘനവും നിസങ്കോചം വ്യാപകമാകാനുള്ള സാധ്യതകൾ സാങ്കല്പികമല്ല. സൂചികൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടെടുക്കാനുള്ള പ്രവണത നമുക്ക് അപരിചിതമല്ലോ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIRAKATHIR, HUMAN RIGHTS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.