SignIn
Kerala Kaumudi Online
Friday, 29 March 2024 1.07 PM IST

സംസ്‌കാരങ്ങളുടെ മുഖാമുഖം

photo

അന്താരാഷ്ട്ര പരിഭാഷാ ദിനം സെപ്‌തംബർ 30

....................................

അന്താരാഷ്ട്ര പരിഭാഷാ ദിനം സെപ്‌തംബർ 30. അങ്ങനെയും ഒരു ദിനമോ? പലതിനും വേണ്ടി ഐക്യരാഷ്ട്രസഭ ദിനങ്ങൾ അടയാളപ്പെടുത്താറുണ്ട്. നമ്മുടെ നാട്ടിൽത്തന്നെ പണ്ടൊന്നും കേട്ടുകേൾവിയില്ലാതിരുന്ന ഫാദേഴ്സ് ഡേ, മദേഴ്സ് ഡേ, തുടങ്ങിയവയും പരിസ്ഥിതിക്കും, സ്ത്രീകൾക്കുമുള്ള ദിനങ്ങൾ, കാൻസറിനും മറവിരോഗത്തിനുമുള്ള ദിനങ്ങൾ, ഭീകരവാദത്തിനെതിരെയുള്ള ദിനാചരണം, സമുദ്രദിനം, ഭൗമദിനം, ജലദിനം എന്നിങ്ങനെ തുടങ്ങി അനേകം ദിനാചരണങ്ങളുണ്ട്. എല്ലാ രാജ്യത്തും എല്ലാ ദിനങ്ങളും ഒരേ ആവേശത്തോടെ ആചരിക്കപ്പെടുന്നില്ല. ഓരോ രാജ്യത്തിന്റെയും സമൂഹത്തിന്റെയും ആശയങ്ങളും ആശങ്കകളുമാണ് ഏതൊക്കെ ദിനങ്ങൾ ഗൗരവപൂർണമായും പ്രയോജനപ്രദമായും ആചരിക്കണമെന്ന തീരുമാനമായി മാറുന്നത്.

ഇന്ത്യയിൽ വേണ്ടത്ര ശ്രദ്ധ പിടിച്ചുപറ്റിയിട്ടില്ലാത്ത ഒരു ദിനമാണ് അന്തർദ്ദേശീയ പരിഭാഷാ ദിനം. 1953 മുതൽ ഈ ദിനം നിലവിലുണ്ട് .വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾക്കിടയിൽ ആശയവിനിമയം സാദ്ധ്യമാകുന്ന പരിഭാഷകൾ മനുഷ്യവിഭാഗങ്ങളെ ഒരുമിപ്പിക്കാനും അങ്ങനെ ലോകസമാധാനം വളർത്താനും സഹായകമാവുന്നു എന്നതാണ് പരിഭാഷയുടെ പ്രസക്തി. ആ പ്രാധാന്യം അംഗീകരിച്ചുകൊണ്ടാണ് പരിഭാഷാദിനം കൊണ്ടാടപ്പെടുന്നത്. ലോകത്തിലെ പല രാജ്യങ്ങളിലും ഈ ദിനം വലിയ പരിപാടികളോടെ ആചരിക്കപ്പെടുന്നു. ഭരണഘടന അനുസരിച്ചു തന്നെ ഇരുപത്തിയഞ്ചു ഭാഷകളും അനേകം പ്രാദേശിക ഭാഷാഭേദങ്ങളും നിലവിലിരിക്കുന്ന ഇന്ത്യ പോലെയൊരു രാജ്യത്തു പരിഭാഷയുടെ സാദ്ധ്യത നാം ഇനിയും തിരിച്ചറിഞ്ഞില്ല എന്നത് അമ്പരപ്പിക്കേണ്ടതാണ്.
ദിനം ആചരിക്കുന്നില്ലെങ്കിൽ പോകട്ടെ. ഇന്ത്യൻ ഭാഷകൾ തങ്ങളിൽ ആശയവിനിമയം നടത്താനുള്ള അർദ്ധമനസോടെയുള്ള ചില പരീക്ഷണങ്ങൾ നടന്നു എന്നതല്ലാതെ കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരുകളോ കാര്യമായി ഒന്നും ചെയ്തിട്ടില്ല. (എന്തെങ്കിലും ചെയ്യേണ്ടതാണെന്നു പല സർക്കാരുകൾക്കും തോന്നിയിട്ടുമില്ല.) എന്തെങ്കിലും പരിഭാഷ നടന്നിട്ടിട്ടുണ്ടെങ്കിൽ അത് ശ്രമശാലികളായ പരിഭാഷകരും പ്രസാധകരും വിചാരിച്ചിട്ടാണ്. ബംഗാളി നോവലുകൾ കേരളത്തിൽ പരിചിതമായത് സർക്കാരുകൾ വിചാരിച്ചിട്ടല്ല. വിക്‌ടർ യൂഗോയുടെ പാവങ്ങളും റഷ്യൻ നോവലുകളും, നോബൽ ജേതാക്കളുടെ സാഹിത്യ കൃതികളും നമ്മൾ പരിചയപ്പെടുന്നത് ഇങ്ങനെയാണ്.

ലോകഭാഷകളിൽ തങ്ങളുടെ പ്രമുഖ കൃതികൾ മറ്റേതെങ്കിലും ഭാഷയിലേക്കു മൊഴിമാറ്റം ചെയ്തു പ്രസിദ്ധീകരിക്കുന്നതിന് ടർക്കി, സ്‌പെയിൻ, ചൈന, ദക്ഷിണ കൊറിയ എന്നിങ്ങനെയുള്ള രാജ്യങ്ങൾ സാമ്പത്തികസഹായം നൽകുന്നുണ്ട്. അങ്ങനെയാണ് മലയാളത്തിൽ ഇപ്പോൾ പരിഭാഷകളുടെ വേലിയേറ്റം ഉണ്ടായത്. (അവയുടെ നിലവാരത്തെക്കുറിച്ചൊക്കെ അഭിപ്രായ ഭിന്നത ഉണ്ടായേക്കാം.) എന്നാൽ ഈ ആനുകൂല്യം ഇന്ത്യൻ ഭാഷകൾ തങ്ങളിലുള്ള വിവർത്തനത്തിനു ലഭ്യമല്ല. അതുകൊണ്ടു നമുക്ക് ലാറ്റിൻ അമേരിക്കൻ എഴുത്തുകാരെ അറിയാം, ഇങ്ങു തൊട്ടടുത്ത് കിടക്കുന്ന തമിഴിലെയോ കർണ്ണാടകയിലെയോ സാഹിത്യത്തെക്കുറിച്ചു വേണ്ടത്ര അറിവില്ല.
പരിഭാഷ കേവലം ഭാഷയിലെ അഭ്യാസമല്ല. അത് ഒരു സംസ്‌കാരത്തെ മറ്റൊരു സംസ്‌കാരത്തിന് മുഖാമുഖം നിറുത്തുന്ന പ്രക്രിയയാണ്. മലയാളത്തിൽ ലോകക്ലാസിക്കുകളും സമകാലിക സാഹിത്യവുമെല്ലാം ഇന്ന് സാമാന്യം വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. അത്രയും നല്ലതു. എന്നാൽ ലോകസാഹിത്യത്തെ മലയാളത്തിലേക്ക് കൊണ്ടുവരും പോലെയോ അതിലേറെയോ പ്രധാനമല്ലേ മലയാള കൃതികളെ ലോക
ഭാഷകളിലെത്തിക്കുക എന്ന ദൗത്യം. നമ്മുടെ എത്രയോ എഴുത്തുകാർ ലോക നിലവാരം പുലർത്തുന്നവരാണ്!ഏതാനും ചില പ്രമുഖരുടെ കൃതികൾ ഇംഗ്ലീഷിലും ഫ്രഞ്ചിലുമൊക്കെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ആദ്യമായി അനേകം ലോകഭാഷകളിലേക്കു പരിഭാഷപ്പെടുത്തപ്പെട്ടതു തകഴിയുടെ 'ചെമ്മീൻ' ആണ്. പക്ഷെ പുതിയ കാലത്ത് പ്രൊഫഷണൽ വൈഭവത്തോടെ, മുഖ്യധാരാ
പ്രസാധകരെക്കൊണ്ട് മലയാള സാഹിത്യം ലണ്ടനിലും ന്യൂയോർക്കിലും പാരിസിലും മാഡ്രിഡിലുമെല്ലാം, വില്‌ക്കപ്പെടുന്ന ആ നാളയെക്കുറിച്ചു നമുക്ക് സ്വപ്നമുണ്ടാകണം. നമ്മുടെ എഴുത്തുകാർ അത് അർഹിക്കുന്നുണ്ട്.

ഇവിടെ അല്‌പം സ്വകാര്യം. (പറയാതിരിക്കാൻ നിവൃത്തിയില്ലാഞ്ഞിട്ടാണ്.) ഞാൻ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ വൈസ് ചാൻസലർ ആയിരിക്കെ ഒരു പരിഭാഷാ പ്രോജക്‌ട് തുടങ്ങി . ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് പ്രസാധകരെക്കൊണ്ട് ഏതാണ്ട് പതിന്നാലു കൃതികൾ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. ആ ഇംഗ്ലീഷ് പ്രസാധകരിലൂടെ വേണം യൂറോപ്യൻ സാഹിത്യത്തിലേക്ക് കാൽ കുത്താൻ. അംബികാ സുതൻ മാങ്ങാടിന്റെ എന്മകജെയും ഖദീജാ മുംതാസിന്റെ ബർസയുമെല്ലാമുണ്ടായിരുന്നു ആ പട്ടികയിൽ. പക്ഷെ, പ്രവാഹം നിലച്ച പുഴയായിപ്പോയി ആ കാതലായ പ്രോജക്‌ട്. മറ്റൊന്ന്, എല്ലാ വർഷവും ഫ്രാങ്ക്ഫർട്ടിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിൽ 2016 ൽ ഞാൻ മലയാളം സർവകലാശാലയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. മലയാളത്തിലെ നൂറു പ്രകൃഷ്ട കൃതികളുടെ പരിഭാഷാ കാറ്റലോഗുമായാണ് പോയത്. ഇരുപതോളം
അന്താരാഷ്ട്ര പ്രസാധകരുമായി സംസാരിച്ചു. ചിലർ താത്‌പര്യം കാണിച്ചു. ചിലർക്ക് മലയാളം എവിടെ സംസാരിക്കുന്ന ഭാഷയാണെന്നു പറഞ്ഞുകൊടുക്കേണ്ടി വന്നു. ഈ പരിശ്രമങ്ങൾ വർദ്ധിച്ച ഇച്ഛാശക്തിയോടെ തുടരണം. നമ്മുടെ എഴുത്തുകാർ ലോകസാഹിത്യത്തതിന്റെ ഭാഗമാകണം. അതിനു നമ്മളല്ലാതെ ആര് ഉദ്യമിക്കാനാണ്? സാഹിത്യത്തിന് ഭാരതത്തിൽ ലഭിച്ച ഏക നോബൽ പ്രൈസ് ടാഗോറിന്റെ ഗീതാഞ്ജലിക്കായിരുന്നു. നൂറ്റിപ്പത്ത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. നമ്മുടെ എഴുത്തുകാരെ വ്യാപകമായി പാരിഭാഷപ്പെടുത്തി ലോക സാഹിത്യത്തിന്റെ പൂമുഖത്തു നിറുത്താനുള്ള വലിയ പരിശ്രമങ്ങൾക്ക് നാന്ദി കുറിക്കാൻ ഈ വർഷത്തെ ലോക പരിഭാഷാദിനം നമ്മെ പ്രേരിപ്പിക്കട്ടെ. ഏതാനും വർഷങ്ങൾക്ക് ശേഷം സാഹിത്യ നൊബൽ മലയാളത്തിലെ ഒരു കൃതിയെത്തേടി വരികയില്ലെന്നു ആര് കണ്ടു?

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIRAKATHIR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.