SignIn
Kerala Kaumudi Online
Thursday, 25 April 2024 5.38 PM IST

സ്ത്രീധന വിരുദ്ധ പോരാളികളാകാം

dowry

കേരളത്തിൽ വീണ്ടും സ്ത്രീധനവും അതിന്റെ തിന്മകളും ദുരന്തങ്ങളും ചർച്ചയാവുകയാണ്. പുതിയൊരു വിഷയം വരുന്നതുവരെ മാത്രമേ ഇതും സജീവമാകൂ എന്നാണ് അനുഭവപാഠം. ഇത് അങ്ങനെ അവസാനിച്ചുകൂടാ. ഇത് പെൺകുട്ടികളുടെ ജീവന്റെ പ്രശ്നമാണ്. വിവാഹം കഴിക്കുന്ന ഏതൊരു ചെറുപ്പക്കാരന്റെയും അഭിമാന പ്രശ്നമാണ്. പ്രബുദ്ധ കേരളത്തിന്റെ നാണക്കേടാണ്. സങ്കടമാണ്; ക്രൂരതയാണ്. വിസ്മയയുടെ മരണമാണല്ലോ ഇപ്പോൾ ഈ ചർച്ച വീണ്ടും സജീവമാകാൻ കാരണം. ആ നിർഭാഗ്യ സംഭവം ഇല്ലായിരുന്നെങ്കിൽ കേരളം ഇപ്പോൾ ഈ വിഷയം തീർച്ചയായും ചർച്ച ചെയ്യുമായിരുന്നില്ല. മാദ്ധ്യമങ്ങളും പൊതുസമൂഹവും ചർച്ച ചെയ്താലും ഇല്ലെങ്കിലും സ്ത്രീധനമെന്ന ആശയത്തിന്റെ അണുബാധ ഈ സമൂഹത്തിൽ നിലവിലുണ്ടല്ലോ. അക്കാരണം കൊണ്ട് തന്നെ വിസ്മയയിൽ നിന്ന് വീണ്ടും ആരംഭിക്കുന്ന ചർച്ചകളും
ആത്മപരിശോധനയും സാമൂഹ്യ ശീലങ്ങളിൽ ഇനിയെങ്കിലും ശാശ്വതമായ മാറ്റങ്ങൾ ഉണ്ടാക്കണം.
സ്ത്രീധനത്തിന്റെ സാമൂഹ്യ മനഃശാസ്ത്രം, ചരിത്രം, അതിനെ പോറ്റുന്ന ഘടകങ്ങൾ എന്നിവയെക്കുറിച്ചുള്ള അക്കാഡമിക് വിശകലനമല്ല ഇത്. പ്രായോഗിക ജീവിതത്തിൽ സ്ത്രീധനമെന്ന വിപത്ത് എങ്ങനെ പ്രവർത്തിക്കുന്നു, ഇതിൽ നിന്ന് എങ്ങനെ രക്ഷനേടാം എന്നു മാത്രമേ അന്വേഷിക്കുന്നുള്ളൂ. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും, തമിഴ് നാട്ടിലെ ഉസിലാംപെട്ടിലും മറ്റു ചില പ്രദേശങ്ങളിലും പെൺകുഞ്ഞിനെ ഭ്രൂണാവസ്ഥയിൽ തന്നെ നശിപ്പിക്കുന്ന രീതി നിലനിന്നിരുന്നു. (ഇപ്പോഴുമുണ്ടോ?). ആൺകുട്ടി വേണമെന്ന ആഗ്രഹം മാത്രമാണോ ഇതിനു പിന്നിൽ? അതോ ഒരു പെൺകുഞ്ഞ് പിറന്നാൽ വീട്ടുകാർക്കുണ്ടാകുന്ന താങ്ങാനാവാത്ത വിവാഹച്ചെലവ് ഓർത്തിട്ടാണോ ഈ ദുശ്ശീലം ആരംഭിച്ചത്? ആൺകുട്ടി ആസ്തിയാണെന്നും പെൺകുട്ടി ബാദ്ധ്യതയാണെന്നുമുള്ള ചിന്ത ഇന്ത്യയിൽ വേരോടിയിട്ടു കുറെ കാലമായി. സ്വാതന്ത്ര്യസമരത്തിന്റെ സാമൂഹ്യപരിഷ്‌കരണച്ചൂടിൽ കുറെ ദുരാചാരങ്ങളൊക്കെ വെന്തു പോയെങ്കിലും അവയിൽ പലതും വീണ്ടും പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നു. നവോത്ഥാനമൂല്യങ്ങൾ കൊണ്ട് പുരോഗമനാശയങ്ങളിലേക്ക് കണ്ണുതുറന കേരളത്തിൽ ഇമ്മാതിരി പ്രാകൃത മനോഭാവങ്ങൾ പുതുമാന്യതയോടെ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. വിദ്യാസമ്പന്നരും സർക്കാർ ശമ്പളം പറ്റുന്നവരുമായ പുരുഷന്മാർ വിവാഹത്തെ ലോട്ടറിയാക്കി മാറ്റി. പെൺകുട്ടികളുടെ മാതാപിതാക്കളെ കറവപ്പശുക്കളും! കുട്ടി ആണായതോ പെണ്ണായതോ തികച്ചുമൊരു ജീവശാസ്ത്ര യാദൃശ്ചികത മാത്രം. ആണിന് ഈ 'പ്രത്യേകാവകാശം' എങ്ങനെ വന്നു? അതിനേക്കാൾ ഹീനമായി, ഇങ്ങനെയൊരു 'ധനാഗമനമാർഗം ' ഉണ്ടെന്ന വിചാരത്തിന് എങ്ങനെ സ്വീകാര്യത വന്നു? 'സ്ത്രീധനം വാങ്ങാം' എന്ന വിചാരം ഒരാൺകുട്ടിയുടെ മനസിൽ ഇട്ടുകൊടുക്കുന്നതാരാണ്? അതെത്ര മാത്രം അപമാനകരമായ കാര്യമാണെന്ന വിചാരം അവന് ഉണ്ടാകാത്തതെന്താണ് ? ഒരു പെൺകുട്ടിയെ വിവാഹം ചെയ്ത് കുടുംബമായി, അദ്ധ്വാനം കൊണ്ട് ജീവിക്കാൻ കഴിവില്ലെങ്കിൽ വിവാഹമേ വേണ്ടെന്ന് വയ്ക്കാനുള്ള ആർജവം ആൺകുട്ടികൾക്ക് ഇല്ലാതെ പോയതെന്തു കൊണ്ട്? വീട്ടിനകത്തു നിന്നാണ് ഈ വേണ്ടാത്ത വിചാരങ്ങൾ ഉടലെടുക്കുന്നത്. മകളും മകനുമുള്ള ഒരു വീട്ടിൽ, മകളെ കെട്ടിച്ചയയ്‌ക്കാൻ വീട്ടുകാർ പെടുന്ന പാട് കാണുമ്പോൾ ആകെയുള്ള ആശ്വാസമെന്താണ്? മകന്റെ വിവാഹത്തോടെ കൊടുത്തതിനെക്കാൾ കൂടുതൽ ഇങ്ങോട്ടു പോരുമല്ലോ എന്നാണ്. കൊടുക്കുന്നുമില്ല, വാങ്ങുന്നുമില്ല എന്ന നിലപാടെടുക്കാൻ കഴിയാതെ പോകുന്നതാണ് ദുരന്തം. 'ഇതൊക്കെ സ്വാഭാവികമല്ലേ, നാട്ടുനടപ്പല്ലേ' എന്നൊക്കെയുള്ള ന്യായം പറച്ചിലാണ് എല്ലാ ആപത്തിന്റെയും തുടക്കം.. 'ആദർശം പറഞ്ഞുകൊണ്ടിരുന്നാൽ പെണ്ണ് വീട്ടിലിരുന്നു പോകും' എന്ന് കുടുംബനാഥനെ ശാസിക്കുന്ന അമ്മയുടെ ആധി സിനിമകളിലും സീരിയലുകളും എത്രയോ പരിചിതം.. സങ്കീർണമായ ഈ തിന്മ നിവാരണം ചെയ്യുന്നതിന് നിയമങ്ങളുണ്ട്. എന്നാൽ നിയമവഴി മാത്രം പോരാ. സ്ത്രീധനവിരുദ്ധ പോരാളികളാകാൻ നമുക്കെല്ലാം കഴിയും. ഈ പോരാട്ടത്തിൽ ചില തീരുമാനങ്ങൾ സ്വീകരിക്കാം
നമുക്ക്.
 സ്ത്രീധനത്തെ ന്യായീകരിക്കുന്ന സിനിമയും സീരിയലുകളും
കാണാതിരിക്കാം.
 സ്ത്രീധനകച്ചവടം നടന്നിട്ടുണ്ടെന്നു നമുക്ക് ബോദ്ധ്യമുള്ള വിവാഹങ്ങളിൽ നിന്ന് അകന്നു നിൽക്കാം. അവയ്ക്കു സാമൂഹ്യമായ നാണക്കേട് കല്പിക്കാം.
 നമ്മുടെ വീട്ടിലോ കുടുംബത്തിലോ അടുത്ത പരിചയത്തിലോ
സ്ത്രീധനത്തിന് അനുകൂലമായി ചിന്തിക്കുന്നവരെ നിരുത്സാഹപ്പെടുത്താം.
 സ്ത്രീധനം സ്വീകരിക്കില്ലെന്നു ഇരുപതു വയസാവുമ്പോഴേ
പ്രതിജ്ഞയെടുക്കാൻ ആൺകുട്ടികളെ പ്രേരിപ്പിക്കാം;
 'സ്ത്രീധനം ചോദിച്ചു വരുന്ന മരങ്ങോടനെ എനിക്ക് വേണ്ടമ്മേ' എന്ന് പറയാനുള്ള സ്വാതന്ത്ര്യം പെൺമക്കൾക്ക് കൊടുക്കാൻ വീട്ടുകാരെ പ്രോത്സാഹിപ്പിക്കാം.
വിവാഹദിവസം പെണ്ണിന്റെ അച്ഛൻ പുഷ്പാലങ്കാരം നടത്തി പന്തലിനു
മുന്നിൽ കൊണ്ട് നിറുത്തിയിരിക്കുന്ന പുതുപുത്തൻ കാറിൽ
വധുവിനെയും കൊണ്ട് വീട്ടിലേക്കു യാത്രചെയ്യാൻ ഞാനില്ലെന്ന്
പറയാനുള്ള അഭിമാനബോധം ആൺകുട്ടികൾക്കുണ്ടാകണം. ആ നാണക്കേട് മനസിലാക്കാനുള്ള സെൻസിറ്റിവിറ്റിയും. കല്യാണം കച്ചവടമല്ല; ഒരാണിനും പെണ്ണിനും ഒരുമിച്ചു ജീവിക്കാനുള്ള സാമൂഹികമായ അനുമതി മാത്രമാണ്. രഹസ്യമായി വാങ്ങിയാലും പരസ്യമായി വാങ്ങിയാലും സ്ത്രീധനം വാങ്ങിയ പുരുഷൻ അഭിമാനമില്ലാത്തയാളാണെന്ന ബോധവും ബോദ്ധ്യവും
വ്യാപകമാകണം. വിവാഹം വാണിജ്യമാകുമ്പോൾ അതിൽ നിന്ന് സ്‌നേഹം വാർന്നു പോകും. സ്‌നേഹമില്ലാത്ത ദാമ്പത്യത്തിൽ ഏതു തിന്മയും കടന്നുവരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIRAKATHIR, DOWRY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.