SignIn
Kerala Kaumudi Online
Thursday, 25 April 2024 3.01 PM IST

അപ്രിയ സത്യങ്ങൾ ഗ്രഹിക്കാൻ സമയമായി

pettimudi

വീടും വീട്ടുകാരും നഷ്ടമാവുന്നവരുടെ നഷ്ടത്തിന്റെ വ്യാപ്തിയും ആഴവും നോവും മറ്റൊരാൾക്ക് ഒരിക്കലും പൂർണമായി മനസിലാവില്ല. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ വീണ്ടും ദുരന്തദൂതുമായെത്തി. മലഞ്ചരിവുകൾ ഒലിച്ചു പോയി; തകർന്ന മണ്ണടരുകൾക്കുള്ളിൽ വീടുകളും, മനുഷ്യരും അടിഞ്ഞു പോയി. വെള്ളത്തിന്റെ രൗദ്ര പ്രവാഹത്തിൽ അനേകം ജീവിതങ്ങൾ കടപുഴകി. ചില കുടുംബങ്ങൾ ഒന്നോടെ മൃതിയുടെ വരുതിക്കിരയായി. കൂടെപ്പിറപ്പുകളും മക്കളും ഉറ്റവരും നഷ്ടപ്പെട്ട് അനേകം ജീവിതങ്ങൾ ഛിന്നമായി. ആ ജീവിതങ്ങൾ ഇനി ഒരിക്കലും പഴയതു പോലെയാവില്ല. സർക്കാർ സഹായവും സഹജീവികളുടെ ഒത്താശയും കൊണ്ട് ഇനിയും അവർ ജീവിക്കും. പക്ഷെ വ്യത്യസ്തമായൊരു ജീവിതമായിരിക്കുമത്. ഇതുവരെ ജീവിച്ച ജീവിതത്തിന്റെ നിഴൽ മാത്രമായിരിക്കും.

ജീവിച്ചിരുന്ന വീട് നഷ്ടപ്പെടുകയെന്നാൽ അതുവരെയുള്ള ജീവിതം നഷ്ടമാവുന്നു എന്ന് തന്നെയാണാർത്ഥം. എത്ര പണം നഷ്ടപരിഹാരം കൊടുത്താലും നഷ്ടപ്പെട്ടത് തിരികെ വരില്ല . ആ നഷ്ടങ്ങളുടെ കൂട്ടത്തിൽ പരിചിത ജീവിതത്തിന്റെ താളമുണ്ട്. ജീവിച്ച പശ്ചാത്തല പ്രകൃതിയുടെ സുഖമുണ്ട്. പരിചിതമായ മരങ്ങളും ചെടികളും മണ്ണുമുണ്ട്. വീട്ടിനുള്ളിൽ സംഭരിച്ചുവച്ച ഇത്തിരി പൊന്നും പണവുമുണ്ടാകാം. വിലപ്പെട്ട രേഖകളുണ്ടാകാം. പരിചയിച്ച വസ്ത്രങ്ങൾ, കിടക്ക, പാത്രങ്ങൾ, ഓർമ്മകൾ... അങ്ങനെ പലതും. വീട്ടിൽ ഒന്നിച്ചു പുലർന്നിരുന്നവരിൽ ചിലരെ എന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്തു. ലോഹമാണെങ്കിൽ വിളക്കിച്ചേർക്കാം, സ്ഫടികം എങ്ങനെ വിളക്കും? വീടിനെക്കുറിച്ചുള്ള ഓർമ്മകൾ, സ്ഫടികം തന്നെയാണ്. എന്തെല്ലാം ന്യൂനതകളുണ്ടെങ്കിലും എത്ര വലുതാണെങ്കിലും ചെറുതാണെങ്കിലും.

2018 ലെ പ്രളയത്തിൽ നിന്ന് ഭരണകൂടവും ജനങ്ങളും ചിലതൊക്കെ പഠിച്ചെന്ന് നമ്മൾ ഇപ്രാവശ്യം പ്രകൃതി ദുരന്തം നേരിട്ട രീതിയിൽ നിന്ന് മനസിലാക്കാം. ഇടുക്കി ഉൾപ്പെടെയുള്ള അണക്കെട്ടുകൾ തുറന്നതു പോലും സമൂഹത്തെ പൂർണമായും വിശ്വാസത്തിലെടുത്തു കൊണ്ടായിരുന്നല്ലോ. തീർച്ചയായും പ്രകൃതിദുരന്തങ്ങൾ നേരിടാനുള്ള നമ്മുടെ സജ്ജീകരണത്തിൽ വലിയ മാറ്റമുണ്ടായി. മുന്നറിയിപ്പുകൾ കൃത്യമായി. ജനങ്ങൾ അത് ഉൾക്കൊള്ളുകയും ചെയ്തു. ഇതൊക്കെയായിട്ടും ജീവാപായം ഉണ്ടാകാതിരുന്നില്ല; നഷ്ടങ്ങൾ കുറവല്ല.
കാലാവസ്ഥ പ്രവചിക്കുന്നതിൽ ഇന്ന് കൂടുതൽ കൃത്യതയുണ്ടെന്ന് സമ്മതിക്കണം. എന്നാൽ മഴയുടെയും ന്യൂനമർദ്ദത്തിന്റെയും തോതും സ്വഭാവവും പൂർണമായി ശാസ്ത്രപ്രവചനങ്ങൾക്കു ഇനിയും വഴങ്ങിയിട്ടില്ല. (എന്നെങ്കിലും മുഴുവനായി വഴങ്ങുമോ എന്നും പറയാൻ കഴിയില്ല ) എങ്കിലും മനുഷ്യർക്കു വേണ്ടത്ര മുന്നറിയിപ്പ് നല്‌കാനും വരാനിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ഏറെക്കുറെ കൃത്യമായി പറയാനും ഇന്ന് കാലാവസ്ഥാശാസ്ത്രം സജ്ജമാണ്. പക്ഷെ അതുകൊണ്ടു മാത്രം മനുഷ്യദുരന്തങ്ങൾ ഇല്ലാതാവുന്നില്ല. മഴ മാത്രമേ പ്രവചിക്കാൻ കഴിയൂ. എവിടെയെല്ലാം മണ്ണിടിച്ചിലുണ്ടാകുമെന്നു കൃത്യമായി എങ്ങനെ പറയും? സമാന ഭൂപ്രകൃതിയുള്ള കുറെ സ്ഥലങ്ങൾ അപകട സാദ്ധ്യതയുള്ളതാണെന്നേ പറയാൻ കഴിയൂ. (അതാണ് മാധവ് ഗാഡ്ഗിൽ തന്റെ പശ്ചിമഘട്ട റിപ്പോർട്ടിൽ പരിസ്ഥിതിലോല പ്രദേശങ്ങൾ എന്ന് വിശഷിപ്പിച്ചത്.)
കഷ്ടപ്പെട്ട് അഞ്ചോ പത്തോ സെന്റ് സ്ഥലം കിട്ടിയ വിലയ്ക്ക് വാങ്ങി വീടുവച്ച് താമസിക്കുന്നവരെ ഈ ദുരന്തകാലത്തു പരോക്ഷമായി കുറ്റപ്പെടുത്തുകയല്ല. അവർ അതല്ലാതെ എന്ത് ചെയ്യും? മഴ ഇനിയും പെയ്യും. അതിവർഷത്തിൽ ഇനിയും മലഞ്ചരിവുകൾ ഇടിഞ്ഞു തകരും. ആ ചരിവുകളിൽ, കഷ്ടപ്പെട്ട് പണിതെടുത്ത നിരവധി വീടുകൾ ഭീഷണി നേരിടുന്നുണ്ട്. ആ അപ്രിയസത്യം തുറന്നു പറയാൻ ഇനി മടിച്ചുകൂടാ. ഭാവന ചെയ്യുന്ന ദുരന്തമല്ല അത്. അനേകായിരം കുടുംബങ്ങൾ തുടർന്നും ഇത്തരം വീടുകളിൽ താമസിക്കും. അവർ അപകടത്തിന്റെയും ദുരന്തത്തിന്റെയും സഹയാത്രികരാവുകയാണ്. അവർക്കു മറ്റൊരു പോംവഴിയില്ല. അവർക്കവിടെ ജീവിച്ചെങ്കിലേ കൃഷി ചെയ്യാനാവൂ; എങ്കിലേ കുടുംബം പോറ്റാനാവൂ. അവിടംവിട്ട് അവർ സ്വമേധയാ എങ്ങോട്ടും പോവില്ല. പോകാനുള്ള പണമോ മനസോ അവർക്കില്ല. അങ്ങനെയൊരു കൂടുമാറ്റത്തെക്കുറിച്ചു ആരും ചിന്തിക്കുന്നില്ല. എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരിൽ, അപകടം പതിയിരിക്കുന്ന മലഞ്ചെരിവുകളിൽ പാർക്കുന്നവരുടെ ഭാവി കാണാം; കാണണം. ഇന്നലെ വരെയും ഇവരും ധരിച്ചിരുന്നു; ഇല്ല, നമുക്കൊന്നും സംഭവിക്കില്ല എന്ന്. ഇപ്പോൾ പലരും വിചാരിക്കുന്നത് പോലെ. അത്തരം സ്ഥലങ്ങളിൽ താമസിക്കുന്നവരെ ബലംപ്രയോഗിച്ചു കുടിയിറക്കണമെന്നു പറയുകയല്ല. അപകടസാദ്ധ്യത സത്യമാണെന്നു ബോദ്ധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ തദ്ദേശസ്ഥാപനങ്ങളും സർക്കാരും വിപുലപ്പെടുത്തണം. അപകടസാദ്ധ്യതയുള്ള സ്ഥലങ്ങൾ വിജ്ഞാപനം
ചെയ്യണം. സ്വമേധയാ മാറിപ്പോകാൻ തയ്യാറാവുന്നവരെ പ്രോത്സാഹിപ്പിക്കാൻ പുതിയ പരിപാടികൾ വേണം. അത്തരക്കാർ ചെയ്യുന്ന പാരിസ്ഥിക സേവനത്തിന്റെ അംഗീകാരമായി അവർക്കു ഭൂമി ന്യായവിലയ്‌ക്ക് ലഭ്യമാക്കാം. കുറഞ്ഞ പലിശയ്ക്ക് ഭവനവായ്‌പ കൊടുക്കാവുന്നതാണ്. അവർ ഉപേക്ഷിച്ചു പോകുന്ന ഭൂമി സർക്കാർ കർശനമായി സംരക്ഷിക്കണം; മറ്റൊരാൾ കയ്യേറാതെ. ഈ വഴിക്കു ചിന്തിക്കാൻ ഒരു പരിഷ്‌കൃത സമൂഹമെന്ന നിലയ്ക്ക് നമ്മൾ ബാധ്യസ്ഥരാണ്.

കാലാവസ്ഥാ വ്യതിയാനം നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമായിരിക്കെ, അതിന്റെ ഇരകളാവുന്നവർക്കായി ഉചിതമായ പദ്ധതികൾ ഏറ്റെടുക്കാനും, ആരും ഇരകളാവുന്നില്ലെന്നു ഉറപ്പു വരുത്താനുമുള്ള നയങ്ങളും പരിപാടികളും രൂപവത്കരിക്കാൻ ഇനി അമാന്തിച്ചുകൂടാ. ഇതുവരെ പരിചയിച്ച ഹ്രസ്വദൃഷ്ടി മാത്രമുള്ള ചില വാദമുഖങ്ങളുണ്ട്. അവയൊക്കെ ആദ്യം മധുരിക്കും; പിന്നെ അസഹ്യമായി കയ്ക്കും. ആദ്യം അല്‌പം കയ്ച്ചാലും തരക്കേടില്ല പിന്നീട് മധുരിച്ചാൽ മതി. അത്തരം പരമാർത്ഥങ്ങളെ അഭിമുഖീകരിക്കാൻ സമയം വൈകി. വീടും വേണ്ടപ്പെട്ടവരും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുഭവനങ്ങളിലും അന്ധാളിച്ചും തീവ്രമായ നഷ്ടദുഃഖങ്ങൾ സഹിച്ചും കഴിയുന്നവർ ആദ്യം മധുരിച്ച രസായനം സന്തോഷമായി പാനംചെയ്തവരാണ്. ഇനിയാർക്കും ഇങ്ങനെ സംഭവിക്കരതേ എന്ന പ്രാർത്ഥന ഫലപ്രാപ്തിയെലെത്തണമെങ്കിൽ ആദ്യം കയ്ക്കുന്ന അറിവ് സ്വീകരിക്കുകയേ നിവൃത്തിയുള്ളൂ. ഇനിയും ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നത് അധാർമ്മികമായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIRAKATHIR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.