SignIn
Kerala Kaumudi Online
Saturday, 20 April 2024 1.20 AM IST

ഇടവപ്പാതിയിങ്ങു വന്നു; എന്നിട്ടും...

mansoon-editpage

ഒരേ തെറ്റ് സ്ഥിരമായി വരുത്തുന്ന കുട്ടികളുണ്ട്. ചില അക്ഷരങ്ങൾ അവർ സ്ഥിരമായി തെറ്റിക്കും, ശിഷ്ടം കൂട്ടാൻ വിട്ടുപോകും, തനിക്ക് ഇങ്ങനെയൊരു പോരായ്മയുണ്ടെന്ന് അംഗീകരിച്ചെങ്കിലേ പരിഹാരം സാദ്ധ്യമാവൂ. ഇല്ലെങ്കിൽ 19 + 8 = 17 എന്ന് തന്നെ എഴുതിക്കൊണ്ടിരിക്കും. കുട്ടികൾക്കിടയിലുള്ള ഈ പഠനവൈകല്യത്തെക്കുറിച്ചു ഇപ്പോൾ ഓർത്തുപോയത് മാനത്തു മഴമേഘങ്ങൾ പടരാൻ തുടങ്ങിയത് കണ്ടിട്ടാണ്. ജൂൺ മൂന്നിനോ നാലിനോ ഇടവപ്പാതി ആരംഭിക്കുമെന്നു കാലാവസ്ഥാ മുന്നറിയിപ്പുകൾ വന്നുകഴിഞ്ഞു.
കലാവസ്ഥാ വ്യതിയാനത്തിന്റെ ആദ്യപാഠങ്ങൾ അനുഭവ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നു എങ്കിലും മൺസൂൺ വലിയ താളഭംഗമില്ലാതെ നമ്മളെ അനുഗ്രഹിക്കുന്നുണ്ട് ഇപ്പോഴും. കാലവർഷം ഇത്ര കൃത്യതയോടെ വന്നിട്ടും, മഴക്കാല കെടുതികൾ നേരിടാൻ വേണ്ടത്ര കൃത്യതയും ജാഗ്രതയും എങ്ങും കാണാനില്ല. ഒറ്റ ദിവസത്തെ മഴകൊണ്ട് തന്നെ നഗരത്തിൽ ചില സ്ഥിരം സ്ഥലങ്ങളിലുണ്ടാകുന്ന വെള്ളക്കെട്ടും താഴ്ന്ന പ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ ദുരിതവും കടലോരത്ത് താമസിക്കുന്നവരുടെ ദുരന്തങ്ങളും, ഓടകൾ അടഞ്ഞ് റോഡുകൾ മുങ്ങിപ്പോകുന്നതും, കാറ്റത്തു മരങ്ങൾ ഒടിഞ്ഞു വീഴുന്നതും, തുടർച്ചയായ അപകടങ്ങളുമെല്ലാം കൃത്യമായി ആവർത്തിക്കുന്നു. ഓരോ മഴക്കാലത്തെയും പഴയ വാർത്തകൾ പരിശോധിച്ചാൽ ഈ തനിയാവർത്തനം ബോദ്ധ്യപ്പെടും. തിരുവനന്തപുരത്തെ തമ്പാനൂർ കിഴക്കേക്കോട്ട പോലെ എല്ലാ നഗരങ്ങളിലുമുണ്ട് മുങ്ങിപ്പോകുന്ന സ്ഥിരം ഇടങ്ങൾ.
നഗരസഭകളും മുനിസിപ്പാലിറ്റികളും ഒന്നും ചെയ്യുന്നില്ലെന്ന് അടച്ചു ആക്ഷേപിക്കുകയല്ല. പലതും ചെയ്യുന്നുണ്ട്. വെള്ളപ്പൊക്കം ഒഴിവാക്കാനായത് വാർത്തയല്ല. റോഡുകൾ (പിന്നെയും) വെള്ളത്തിൽ മുങ്ങി എന്നത് വാർത്തയാണുതാനും. മുൻകൂട്ടിയുള്ള ഫലപ്രദമായ നിവാരണ പ്രവർത്തനനങ്ങൾക്കു അംഗീകാരം കിട്ടാതെ പോകുന്നു എന്ന അവസ്ഥ അംഗീകരിച്ചുകൊണ്ട് തന്നെ, അത്തരം പ്രവൃത്തികൾ ഏറ്റെടുക്കുന്നതിലെ ഇപ്പോഴത്തെ ശൈലി മാറേണ്ടതുണ്ടെന്നു
ചൂണ്ടിക്കാണിക്കാതെ വയ്യ.
ഓടകളിൽ നിന്ന് കരയിൽ കോരി സൂക്ഷിച്ച മണ്ണ് അവിടെ നിന്ന് നീക്കം ചെയ്യാതെ അടുത്ത മഴയിൽ വീണ്ടും ഓടയിലേക്കു പതിക്കുന്ന കാഴ്ച എത്രയോ കാലമായി നമ്മൾ കാണുന്നുണ്ട്. അത് അന്ന് തന്നെ നീക്കം ചെയ്യാൻ എന്താണ് തടസം? ഒരു പക്ഷെ കോരുന്നത് ഒരു വിഭാഗത്തിന്റെ ജോലിയും നീക്കം ചെയ്യുന്നത് വേറൊരു കൂട്ടരുടെ ജോലിയുമായിരിക്കാം. ഫലപ്രദമായ പ്രവർത്തനങ്ങൾക്ക് വിഘ്നം വരുത്തുന്ന ഇമ്മാതിരി നിരവധി യുക്തിരഹിത കീഴ് വഴക്കങ്ങളും നടപടികളും കണ്ടെത്തി ധീരമായി പരിഷ്‌കരിക്കണം.
(തിരുവനന്തപുരത്തെ) ആമയിഴഞ്ചാൻ തോട് പോലെ നഗരത്തിലെ അധികജലം കടലിലേക്കോ കായലിലേക്കോ കൊണ്ടെത്തിക്കുന്ന വലിയ
ചാലുകൾ മഴവരുന്നതിന് ഒരാഴ്ചമുമ്പ് വൃത്തിയാക്കാൻ ശ്രമിക്കുന്നതിൽ അർത്ഥമില്ല. പ്ലാസ്റ്റിക്കും മാലിന്യങ്ങളും കൊണ്ട് കുമിഞ്ഞു കിടക്കുന്ന ഈ നീർച്ചാലുകൾ നിരന്തരമായി വൃത്തിയാക്കിക്കൊണ്ടിരിക്കണം. വൃത്തികേടാക്കാനുള്ള പഴുതുകൾ അടയ്ക്കുക മാത്രമല്ല അവ എപ്പോഴും വൃത്തിയായി കിടക്കുന്നുവെന്നു ഉറപ്പു വരുത്താൻ ഉദ്യോഗസ്ഥർക്കു ചുമതലയുണ്ടാവുകയും വേണം. ആർക്കാണ് ചുമതല എന്ന് നാട്ടുകാർ തീർച്ചയായും അറിയണം
ഓരോ വാർഡിലും എന്തൊക്കെ എന്നൊക്കെ മഴക്കാലപൂർവ പ്രവർത്തനങ്ങൽ നടക്കുമെന്നറിയാൻ നഗരവാസികൾക്ക് അവകാശമുണ്ട്. 'എന്തൊക്കെയോ നടക്കുന്നു' എന്ന അവ്യക്തമായ ധാരണ മാത്രമാണിപ്പോൾ. നടക്കാൻ പോകുന്ന കാര്യങ്ങളും അവയുടെ സമയപരിധിയും ഒരു കലണ്ടർ രൂപത്തിൽ മുൻകൂട്ടി പ്രസിദ്ധീകരിക്കണം. വാർഡ് കൗൺസിലർ അതിനു വ്യാപകമായ പ്രചാരണം നൽകണം. എന്ത് പ്രവർത്തനങ്ങൾ പ്രതീക്ഷിക്കാമെന്ന് ജനങ്ങൾ നേരത്തെ അറിഞ്ഞിരുന്നാൽ അവ നടക്കുന്നുണ്ടോ എന്ന് മനസിലാക്കാനും, നടക്കുന്നില്ലെങ്കിൽ പരാതിപ്പെടാനും സാധിക്കും.
അറിയാനുള്ള ജനങ്ങളുടെ അവകാശമാണ് ആദ്യമേ അംഗീകരിക്കപ്പെടേണ്ടത്. മഴക്കാല ശുചീകരണം മാത്രമല്ല സാധാരണയുള്ള മറ്റു സേവനങ്ങളും എന്ന് എപ്പോൾ എന്ന വിവരങ്ങളും അതതു വാർഡിലുള്ളവർക്കു അറിയാൻ അവകാശമുണ്ട്. ശുചീകരണ കലണ്ടർ സൂക്ഷ്മചർച്ചകൾക്കു ശേഷം അംഗീകരിച്ചും അതിനു പ്രചാരം കൊടുത്തും സുതാര്യമായി കൃത്യമായി നടപ്പാക്കാൻ സാധിച്ചാൽ നഗരസഭകളുടെ കാര്യപ്രാപ്തിയും ജനങ്ങളുടെ സംതൃപ്തിയും തീർച്ചയായും വർദ്ധിക്കും. ആവർത്തിക്കപ്പെടുന്ന നിർവ്വഹണ ന്യൂനതകൾ പരിഹരിക്കാനും സാധിക്കും. സ്ഥിരം തെറ്റുകൾ വരുത്തുന്ന കുട്ടികളായി മാറാതിരിക്കാനും. ഭാഗികമായി ജോലി ചെയ്തിട്ട് എന്റെ ജോലി കഴിഞ്ഞു; മറ്റേയാൾ ചെയ്യാത്തതിന് ഞാൻ എന്ത് പിഴച്ചു ; എന്ന് ചോദിക്കാനുള്ള അവസരം ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും നൽകാത്ത രീതിയിൽ പഴുതടച്ച് ലക്ഷ്യവേധിയായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഈ സുതാര്യശൈലി അവസരമൊരുക്കും. അങ്ങനെ 'വെള്ളപ്പൊക്കവും കെടുതികളുമില്ലാത്ത മഴക്കാലം' എന്ന വാർത്തയായിരിക്കട്ടെ നഗരസഭകളുടെ ഏറ്റവും വലിയ അംഗീകാരം. ആ അംഗീകാരം കല്‌പിച്ചു കൊടുക്കാൻ മാദ്ധ്യമങ്ങളും (ജനങ്ങളും) മഹാമനസ്‌കത കാട്ടുകയും വേണം. ജീവനക്കാരുടെ ഔദാര്യമല്ല ഈ സേവനങ്ങൾ. പൗരസമൂഹത്തിന്റെ അവകാശമാണ്. സേവനങ്ങൾ മാത്രമല്ല അവയെക്കുറിച്ചുള്ള കൃത്യമായ അറിവും. ജനങ്ങളുമായി പങ്കിടുന്ന അറിവാണ് ഏറ്റവും ഫലപ്രദമായ വിജയമന്ത്രം. അതില്ലെങ്കിൽ വിജയത്തിന് തിളക്കമുണ്ടാകില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIRAKATHIR, MANSOON
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.