SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.46 AM IST

ഓൺലൈൻ ക്ലാസുകളുടെ മാറ്റ് കുറയുമ്പോൾ

online-class

2020 ജനുവരി - ഫെബ്രുവരി മുതൽ തന്നെ സാധാരണ നിലയ്ക്കുള്ള വിദ്യാഭ്യാസ പ്രക്രിയ തടസപ്പെട്ടു. ഇവിടെ മാത്രമല്ല, ലോകമെമ്പാടും. സ്വാഭാവികമായും പരീക്ഷകൾ പുന:ക്രമീകരിച്ചും ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചും വിക്ടേഴ്സ് ചാനലിലൂടെയുള്ള പരിപാടികൾ സംവിധാനം ചെയ്തും പ്രതിസന്ധി തരണം ചെയ്യാൻ ശ്രമിക്കുകയാണ് സർക്കാരും അദ്ധ്യാപകരും സ്‌കൂൾ അധികൃതരും കുട്ടികളും രക്ഷിതാക്കളുമെല്ലാം. സ്വകാര്യ മേഖലയിലെ ചെറുതും വലുതുമായ സ്ഥാപനങ്ങളുടെ
ഓൺലൈൻ ക്ലാസുകൾ ലഭ്യമാണിപ്പോൾ. അവയുടെ നിലവാരത്തെക്കുറിച്ചൊന്നും അഭിപ്രായ വ്യത്യാസമില്ല; പക്ഷെ എത്ര കുട്ടികൾക്ക് അവ വിലകൊടുത്തു വാങ്ങാൻ സാധിക്കും? കൊവിഡ് മഹാമാരി നമ്മുടെ ജീവിതശൈലിയെ മുഴുവൻ തലകീഴാക്കിക്കളഞ്ഞു. ചില നഷ്ടങ്ങളൊക്കെ കാലാന്തരത്തിൽ തിരിച്ചുപിടിക്കാനാകും. എന്നാൽ കുഞ്ഞുങ്ങൾക്ക് നഷ്ടപ്പെട്ട വിദ്യാഭ്യാസ കാലവും അതിന്റെ പാഠ്യ - പാഠ്യേതര മൂല്യങ്ങളിലെ വിടവും എപ്പോഴെങ്കിലും പൂർണമായി പരിഹരിക്കപ്പെടുമോ?
ഓൺലൈൻ ക്ലാസുകൾ എന്ന അനിവാര്യമായ പരിഹാരത്തിൽ നാം
എത്തിച്ചേർന്നെങ്കിലും അത് കുറവുകളില്ലാത്ത ഒന്നാണെന്ന് പറയാൻ കഴിയില്ല. സമൂഹത്തിൽ നിലനില്‌ക്കുന്ന അസമത്വങ്ങൾ അത് അടിവരയിട്ടു പെരുപ്പിക്കുന്നു.
കേരളം പോലെ ഇന്റർനെറ്റ് ശൃംഖല സാമാന്യം വ്യാപകമായ സംസ്ഥാനത്തു പോലും ഡിജിറ്റൽ ഉച്ചനീചത്വം നിലവിലുണ്ട്. കണക്ടിവിറ്റിയുടെ ന്യൂനതകൾ പരിഹരിക്കാൻ സർക്കാരിനേ കഴിയൂ. ആ വഴിക്കുള്ള പരിപാടികൾ നടക്കുന്നുമുണ്ട്. സങ്കേതികപ്രശ്നം പരിഹരിച്ചത് കൊണ്ട് മാത്രം ഡിജിറ്റൽ അസമത്വം അവസാനിക്കുകയില്ല. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ അത് അനുകൂല സാഹചര്യം സൃഷ്ടിക്കുമെങ്കിലും സാമ്പത്തികവും സാമൂഹികവുമായ പിന്നാക്ക വിഭാഗങ്ങളിലെ വീടുകളിലെ അന്തരീക്ഷവും സൗകര്യങ്ങളും ഓൺലൈൻ ക്ലാസുകളിൽ സംബന്ധിക്കുന്നതിനു കുട്ടിക്ക് ചുറ്റും തീർക്കുന്ന പ്രതിബന്ധങ്ങൾ ചെറുതല്ല. നഗരത്തിൽ പാർക്കുന്ന സമ്പന്ന ഭവനത്തിലെ വിദ്യാഭ്യാസം നേടിയ മാതാപിതാക്കളുടെ കുട്ടികൾക്ക് ലഭ്യമാവുന്ന അന്തരീക്ഷമല്ല പല ഭവനങ്ങളിലും. പിന്നെ എങ്ങനെയെങ്കിലും ഓൺലൈൻ ക്ലാസുകളിൽ അത്തരം കുട്ടികൾ സംബന്ധിച്ചു എന്ന് വരുത്തുന്നു എന്നുമാത്രം. ഈ പരമാർത്ഥം നമ്മൾ നേരിടുക തന്നെ വേണം. സ്‌കൂൾതലത്തിലും ക്ലാസ് തലത്തിലും മാത്രമേ ഇതിനു ഫലപ്രദമായ പരിഹാരമുണ്ടാകൂ. പഞ്ചായത്തുകൾക്കും പലതും ചെയ്യാനാകും. കുട്ടിക്ക് സ്വാതന്ത്ര്യത്തോടെ മൊബൈൽ ഫോണോ ലാപ്‌ടോപ്പോ ഉപയോഗിക്കാൻ സാധിക്കണം. ഓൺലൈൻ ക്ലാസുകളിൽ ആദ്യ മാസങ്ങളിൽ കൗതുകപൂർവം പങ്കെടുത്തിരുന്ന കുട്ടികൾ അതിലിപ്പോൾ വലിയ രസം കാണുന്നില്ല. അത് സ്വാഭാവികം. ഓൺലൈൻ ക്ലാസെടുത്തു ശീലിച്ചവരല്ല നമ്മുടെ അദ്ധ്യാപകർ. ക്ലാസുമുറിയിൽ തന്റെ മുന്നിലിരിക്കുന്ന കുട്ടികൾക്ക് പാഠം വിശദമാക്കാനേ അവർക്കു പരിശീലനമുള്ളൂ. എന്നിട്ടും തങ്ങളുടെ വിദ്യാർത്ഥികളോടുള്ള സ്‌നേഹത്തെ പ്രതി എത്രയോ അദ്ധ്യാപകർ ഒരുപാട് അദ്ധ്വാനിച്ച് തങ്ങളുടെ ക്ലാസുകൾ ആകർഷകമാക്കാൻ പരിശ്രമിക്കുന്നു! ചിലരെല്ലാം തനതു രീതികൾ വികസിപ്പിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.(ഇതിലൊന്നും സമഗ്രമായ പരിശീലനം അദ്ധ്യാപകർക്ക് കൊടുക്കാനും സാധിച്ചിട്ടില്ല.)

ക്ലാസ് മുറിയും ഓൺലൈൻ ക്ലാസും തമ്മിലുള്ള പ്രധാന വ്യത്യാസം ഓൺലൈനിൽ ക്ലാസ് ഒരു ദൃശ്യമാധ്യമത്തിലേക്കു പരിവർത്തനപ്പെടുന്നു എന്നതത്രേ. മൊബൈൽ ഫോണോ കംപ്യൂട്ടറോ തുറന്നു വയ്ക്കുന്ന കുട്ടിയുടെ ശീലം ആ സ്‌ക്രീനിൽ രസകരമായ പരിപാടികൾ കാണുക എന്നതാണ്. അവരുടെ മനസ് അബോധപൂർവമായി പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും രസകരമായ ദൃശ്യാനുഭവമാണ്. അവിടെയാണ് ടീച്ചറിന്റെ ഉദ്ദേശ്യശുദ്ധിയും അദ്ധ്വാനവും കുട്ടിയുടെ പ്രതീക്ഷയുമായി സംയോജിക്കാതെ പോകുന്നത്. ഓൺലൈൻ ക്ലാസുകൾ പരമാവധി ദൃശ്യാനുഭവമാക്കുക എന്നത് മാത്രമാണ് പോംവഴി. അദ്ധ്യാപകൻ തന്നെ മുഴുവൻ സമയവും സ്‌ക്രീനിൽ ഉണ്ടാകണമെന്നില്ല. ഒാരോ പാഠവും രസകരമായും ദൃശ്യപരതയോടെയും മികവോടെയും അവതരിപ്പിക്കാനാകണം. അതിനു അനിമേഷനോ, അഭിനയമോ, പ്രൊഫഷണൽ അവതാരകരോ, കുട്ടികൾക്കിടയിൽ നിന്ന് തന്നെ
കണ്ടെത്താവുന്ന കുട്ടി അധ്യാപകരോ ഒക്കെ ആകാം. ദൃശ്യങ്ങൾ ഉന്നതമായ സങ്കേതിക മികവോടെ മാത്രം ചിത്രീകരിക്കണം. അധ്യാപിക സംശയ ദൂരീകരണത്തിനും വിശദീകരണത്തിനു മാത്രം ഇടപെടണം. ഏതു വിഷയവും ഇങ്ങനെ ദൃശ്യാനുഭവമായി മാറ്റാം. ഓരോ സ്‌കൂളും ഉന്നത നിലവാരമുള്ള ഈ ദൃശ്യ മോഡ്യൂളുകൾ സ്വന്തമായി സൃഷ്ടിക്കണമെന്നില്ല. ഇന്ത്യയ്‌ക്കകത്തും പുറത്തും അത്യന്തം ആകർഷകമായ ദൃശ്യപാഠങ്ങൾ ലഭ്യമാണ്. വിദ്യാഭ്യാസവകുപ്പ് പകർപ്പവകാശ നിയമങ്ങൾ പാലിച്ചു കൊണ്ട് ഏറ്റവും മികച്ച ദൃശ്യപാഠങ്ങൾ വാങ്ങുകയോ ആവശ്യാനുസരണം സൃഷ്ടിച്ചെടുക്കുകയോ വേണം. അത് സൗജന്യമായി സ്‌കൂളുകൾക്കും വിദ്യാർത്ഥികൾക്കും ലഭ്യമാക്കണം. ക്ലാസിൽ കൊടുക്കുന്ന നോട്ടുകൾ അവർ പിന്നീട് വായിച്ച് പഠിക്കുന്നതു പോലെ ഈ ദൃശ്യവിഭവങ്ങൾ അവർ പിന്നെയും പിന്നെയും കണ്ടു ആശയങ്ങൾ മനസിൽ ഉറപ്പിക്കട്ടെ. ഇതിനു വേണ്ട വിദഗ്ധ സമീപനവും നയങ്ങളും പദ്ധതികളും വൈകിക്കൂടാ. ഒരു വർഷത്തിൽ കൂടുതൽ നീളുന്ന തടസങ്ങൾ എല്ലാ തലത്തിലുമുള്ള വിദ്യാർത്ഥികളെ സാരമായി ബാധിക്കും. എല്ലാവരെയും പാസാക്കിയും പരീക്ഷകളുടെ കടുപ്പം കുറച്ചുമല്ല ഈ പ്രതിസന്ധി നേരിടേണ്ടത്. അവരുടേതല്ലാത്ത കുറ്റം കൊണ്ട് തടസപ്പെട്ട വിദ്യാഭ്യാസത്തിലെ അറിവിന്റെ വിടവുകൾ എത്രയും വേഗം ഫലപ്രദമായി പരിഹരിക്കുകയെന്നതാണ് പരമപ്രധാനമായ ഉത്തരവാദിത്തം. വിദ്യാഭ്യാസ നിലവാരം ഉയർത്താനുള്ള അവസരമായി ഈ വെല്ലുവിളിയെ നമുക്ക് മെരുക്കിയെടുക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIRAKATHIR, ONLINE CLASS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.