SignIn
Kerala Kaumudi Online
Thursday, 25 April 2024 6.28 AM IST

കോടികൾ, കോടികൾ സർവത്ര!

niyamasabha

ഷാഫി പറമ്പിലിന്റെ വിവരണമനുസരിച്ചാണെങ്കിൽ കോടികൾക്കൊന്നും ഇന്നാട്ടിലൊരു നിലയും വിലയുമുണ്ടെന്ന് കരുതാനാവില്ല. കരുവന്നൂരിലെ സഹകരണബാങ്കിൽ സംഭവിച്ചതിന്റെ രത്നച്ചുരുക്കം അദ്ദേഹത്തിന്റെ വെളിപ്പെടുത്തലനുസരിച്ച് ഇത്രയുമാണ്: "ഒരു ജീവനക്കാരന്റെ പേരിൽ 26 കോടിയുടെ ലോണുകൾ, മറ്റൊരു ജീവനക്കാരന്റെ പേരിൽ 13 കോടി, വേറൊരു ജീവനക്കാരന്റെ പേരിൽ 23 കോടി..." അതായത്, ആ ബാങ്കിൽ എങ്ങോട്ട് തിരിഞ്ഞാലും കോടികൾ, കോടികൾ മാത്രം! മൊത്തത്തിൽ 379 കോടിയുടെ അനധികൃത വായ്പകൾ പോയത്രെ. ഇപ്പറഞ്ഞ 'കോടിപതി'കളെല്ലാവരും സി.പി.എമ്മുകാരോ സി.പി.എം അനുഭാവികളോ ആണെന്ന് ഷാഫി പറഞ്ഞു. കോടി വായ്പകൾക്ക് പിന്നിൽ ചില്ലറ കോടി രഹസ്യങ്ങൾ ഒളിഞ്ഞുകിടപ്പുണ്ടെന്ന് അതിനാലദ്ദേഹം ന്യായമായും സംശയിച്ചു. കോടിയഞ്ച്, കുടഞ്ഞഞ്ച്, തിരിച്ചഞ്ച്, മറിച്ചഞ്ച്, ഇങ്ങനെയഞ്ച്, അങ്ങനെയഞ്ച് എന്നദ്ദേഹം പറഞ്ഞില്ല!

കരുവന്നൂർ സർവീസ് സഹകരണബാങ്കിലെ തട്ടിപ്പിനെപ്പറ്റിയാണ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവന്നത്. 104.37 കോടിയുടെ ക്രമക്കേട് അവിടെ സഹകരണവകുപ്പ് കണ്ടെത്തിയ കാര്യം മന്ത്രി വി.എൻ. വാസവൻ വെളിപ്പെടുത്തി. അവിടെ നടക്കുന്ന അന്വേഷണങ്ങളുടെ പട്ടികയും അദ്ദേഹം നിരത്തി. അതിനാൽ സഭ നിറുത്തി ചർച്ച ചെയ്യേണ്ട സംഗതിയൊന്നും ഈ നോട്ടീസിലദ്ദേഹം കണ്ടില്ല. നമ്മൾ സഭ നിറുത്തിവച്ച് ചർച്ച ചെയ്യേണ്ടതില്ലെന്ന് പറയുന്നത് പോലെ ഈ തട്ടിപ്പ് ആ ബാങ്ക് ഭരണസമിതിക്കാരും ഒരിക്കലും നിറുത്തിവയ്ക്കുന്നില്ലെന്നാണ് ഷാഫിയുടെ വാദം. കേന്ദ്രത്തിൽ പ്രത്യേകം സഹകരണവകുപ്പുണ്ടാക്കി സഹകരണസംഘങ്ങളെ തകർക്കാൻ ബോധപൂർവം അജൻഡ സൃഷ്ടിക്കുന്നവർക്ക് തല്ലാനും തള്ളാനും വഴിയുണ്ടാക്കിക്കൊടുക്കുകയാണ് കരുവന്നൂരിലെ തട്ടിപ്പിന്മേൽ നടപടിയൊന്നുമെടുക്കാതെ സംസ്ഥാനസർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗോവിന്ദച്ചാമിക്ക് ആളൂരിനെ പോലെ ക്രിമിനലുകളുടെ വക്കാലത്തെടുക്കുന്ന സംസ്ഥാനസർക്കാരെന്ന ഷാഫിയുടെ ഉപമ എന്തായാലും കടുത്തുപോയി!

തൃശൂർ ജില്ലയിൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ബാങ്കുകളിൽ ഇതുപോലെ ഉണ്ടായിട്ടുണ്ടെന്ന സാമാന്യവത്കരണത്തിന് മന്ത്രി വാസവൻ തുനിഞ്ഞു. ഏത് കൂട്ടരുടേതായാലും തെറ്റ് തെറ്റുതന്നെയെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു. തൃശൂരിലെ തുമ്പൂർ സഹകരണബാങ്കിനെയാണ് കോൺഗ്രസ് ബാങ്കിന് മന്ത്രി ഉദാഹരണമാക്കിയത്. രണ്ട് ലക്ഷം രൂപയുടെ കുറവ് കണ്ടെത്തിയതിന് ആ ബാങ്കിന്റെ ഭരണസമിതിയെ ഉടൻ പിരിച്ചുവിട്ടവർ, 350കോടിയുടെ തട്ടിപ്പ് നടന്നിടത്ത് മൂന്ന് വർഷം അനങ്ങാതിരുന്നെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തിരിച്ചടിച്ചു. തട്ടിപ്പ് നടത്താവുന്നിടത്തെല്ലാം പാർട്ടി പ്രവർത്തകരെ കയറൂരി വിട്ടവരെന്നാണ് അദ്ദേഹം സംസ്ഥാനസർക്കാരിന് സമ്മാനിക്കുന്ന പട്ടം. ഇറങ്ങിപ്പോക്കിലാണ് 'കരുവന്നൂർ ഇടപാട് ' അവസാനിച്ചത്.

മുട്ടിൽ മരംമുറിക്കേസിലെ അന്വേഷണത്തിൽ വനംമന്ത്രിയായ എ.കെ. ശശീന്ദ്രന് പൂർണസംതൃപ്തിയാണ്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുതൽ രമേശ് ചെന്നിത്തലയും ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും വരെയുള്ളവർ പൂർണഅസംതൃപ്തരും. ജുഡിഷ്യൽ, ഹൈക്കോടതി നിരീക്ഷണ അന്വേഷണങ്ങൾ എന്ന ഉയർന്നനിലയിൽ ചിന്തിച്ച അവർ, അങ്ങനെ ചോദ്യോത്തരവേളയിലെ മുട്ടിൽ മരംമുറി ചോദ്യവേള മാത്രം ബഹിഷ്കരിക്കാൻ നിർബന്ധിതരായി. അടുത്ത ചോദ്യത്തിലേക്ക് കടന്നയുടൻ സഭയിൽ തിരിച്ചെത്തിയ പ്രതിപക്ഷം ഇക്കുറി 'ക്രിയാത്മക വേഷം' ഊരിവയ്ക്കുന്ന പ്രശ്നമേയില്ലെന്ന് ബോദ്ധ്യപ്പെടുത്തുന്ന തിരക്കിലാണ്.

ആർക്കോ വേണ്ടി തിളയ്ക്കുന്ന ബില്ലുകളുടെ ദിവസമാണ് വെള്ളിയാഴ്ച. ഇന്നലെയുമുണ്ടായി നാല് ബില്ലുകൾ. പി.എസ്. സുപാൽ വക സംസ്ഥാന വാതിൽപ്പടി സേവനരംഗത്ത് ജോലി ചെയ്യുന്നവർക്കുള്ള ക്ഷേമനിധി ബിൽ, പി.ടി. തോമസ് വക കേരള ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനുള്ള അതോറിറ്റി രൂപീകരണ ബിൽ, അനൂപ് ജേക്കബ് വക കേരള ക്രിമിനൽ കേസിലെ സാക്ഷികൾക്ക് സംരക്ഷണവും സുരക്ഷയും നൽകൽ ബിൽ, എൽദോസ് പി. കുന്നപ്പിള്ളിൽ വക കേരള അതിഥി തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരണ ബിൽ. നാലും തുടർചർച്ചകൾക്ക് മാറ്റിയിരിക്കുകയാണ്. ഇനി ഈ തുടർചർച്ച എന്ന് നടക്കുമെന്ന് ചോദിച്ചാൽ കഥയിൽ ചോദ്യമില്ലെന്നേ ഉത്തരമുള്ളൂ.

ശുദ്ധജല ലഭ്യതാ അതോറിറ്റി ബില്ലുമായെത്തിയ പി.ടി. തോമസിന് ചില 'ഗൂഢോദ്ദേശ'മുണ്ടായിരുന്നുവെന്ന് എൽദോസ് പി. കുന്നപ്പിള്ളിലിന്റെ ഇടപെടലുണ്ടായപ്പോഴാണ് മനസിലായത്. കടമ്പ്രയാർ മാലിന്യത്തിലേക്ക് കടന്നുവരാൻ തോമസിന് എൽദോസ് കയറിട്ടുകൊടുത്തു. തോമസ് അതിൽ പിടിച്ചുവന്നു. മുമ്പ് കടമ്പ്രയാർ മാലിന്യപ്രശ്നം ഉന്നയിച്ചപ്പോൾ മെമ്പറുടെ ഇതിലെ പ്രത്യേകതാത്‌പര്യം മനസിലാകുമെന്ന മുള്ളുവച്ച മറുപടി മുഖ്യമന്ത്രി നൽകിയത്, കിറ്റെക്സ് കമ്പനി പൂട്ടിക്കാനുള്ള തോമസിന്റെ ഇടപെടലെന്ന് സമർത്ഥിക്കാനായിരുന്നെന്നാണ് തോമസ് സ്വയം വിശ്വസിക്കുന്നത്. മുഖ്യമന്ത്രിയുടേതൊരു ദുർവ്യാഖ്യാനമാണെന്നാണ് മെമ്പറുടെ പക്ഷം. എന്നിരുന്നാലും ഏതെങ്കിലും കമ്പനിക്ക് കോടികളുടെ നേട്ടമുണ്ടാക്കാൻ കുടിവെള്ളസ്രോതസിനെ നശിപ്പിക്കുന്നത് മാപ്പർഹിക്കാത്ത കുറ്റമാണെന്ന തന്റെ നിലപാട് അദ്ദേഹം മയപ്പെടുത്തിയില്ല!

ക്രിമിനൽ കേസുകളിലെ സാക്ഷികൾക്ക് സംരക്ഷണമുറപ്പാക്കാനുള്ള ബില്ലവതരിപ്പിച്ച അനൂപ് ജേക്കബ് ഭയം കാരണമുള്ള നിസഹായാവസ്ഥയിലാണ് സാക്ഷികൾ കൂറുമാറുന്നതെന്ന് ചൂണ്ടിക്കാണിച്ചു. തന്റെ ഭർത്താവ് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ട കേസിൽ 52 സാക്ഷികൾ കൂറുമാറി നീതി നിഷേധിക്കപ്പെട്ട അനുഭവം കെ.കെ. രമ അപ്പോൾ വിവരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASBHA, NIYAMASABHAYIL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.