SignIn
Kerala Kaumudi Online
Wednesday, 17 April 2024 4.45 AM IST

മുഖ്യമന്ത്രി സംശയിച്ച ആ ഉദ്ദേശ്യശുദ്ധി

niyamasabha

ചില 'ഉദ്ദേശ്യശുദ്ധികൾ' അങ്ങനെയാണ്. ആരും തെറ്റിദ്ധരിച്ചു പോകും. തന്റെ വാക്കുകൾക്ക് മാർദ്ദവമില്ലെങ്കിലും ഉദ്ദേശ്യശുദ്ധിയെ മാനിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയെ നോക്കി അഭ്യർത്ഥിച്ചപ്പോൾ ഉദ്ദേശ്യശുദ്ധിയുടെ മേല്പറഞ്ഞ സ്വഭാവം ശരിക്കും ചതി പറ്റിക്കുകയാണുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ കൃത്യമായി ആ പാവം 'ഉദ്ദേശ്യശുദ്ധി'യെ തന്നെ സംശയിച്ച് ചോദ്യം ചെയ്തു. മുഖ്യമന്ത്രിയുടെ ഒട്ടും മാർദ്ദവമില്ലാതെയുള്ള ചോദ്യം ചെയ്യൽ കഴിഞ്ഞപ്പോൾ, കപട ലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം എന്ന് അതീവ വിനയാന്വിതനായ പ്രതിപക്ഷ ഉപനേതാവ് പറയാൻ വെമ്പുന്നത് പോലെ തോന്നി. പറഞ്ഞില്ലെന്ന് മാത്രം.

കൊവിഡ് മഹാമാരിയെ നിയന്ത്രിക്കാനേർപ്പെടുത്തിയ ലോക്ക്ഡൗൺ സൃഷ്ടിച്ച പ്രതിസന്ധി സമസ്തമേഖലകളെയും ബാധിച്ചുവെന്നാണ് അടിയന്തരപ്രമേയ നോട്ടീസിലൂടെ കുഞ്ഞാലിക്കുട്ടി സമർത്ഥിക്കാൻ നോക്കിയത്. കേരളസർക്കാരിന്റെ ഇടപെടൽ ഇക്കാര്യത്തിൽ ക്രിയാത്മകമല്ലെന്നാണ് വിമർശനം. വിദഗ്ദ്ധരെ വച്ച് പഠിച്ചാണ് വിഷയവുമായി സഭയിലെത്തിയതെന്ന് ആദ്യമേ കുഞ്ഞാലിക്കുട്ടിയും പിന്നീട് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും വെളിപ്പെടുത്തിയിട്ടും ആ പഠന,മനനങ്ങളെ അംഗീകരിച്ചു കൊടുക്കാൻ ഭരണപക്ഷം ഒരുക്കമായിരുന്നില്ല.

തൊഴിൽനഷ്ടവും സാമ്പത്തിക നഷ്ടവുമൊക്കെയുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ സമ്മതിച്ചു കൊടുത്തു. പക്ഷേ, കേരള സർക്കാർ ഇക്കാര്യത്തിൽ ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന് കേരളത്തിലെ ജനം വിശ്വസിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ ഉറച്ച ബോദ്ധ്യം.

ഈ കാഷ്വലായ അപ്രോച്ച് ആണ് തന്റെ അടിയന്തര പ്രമേയത്തിന് നിദാനമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കേരളം പൊളിഞ്ഞു പാളീസായിക്കഴിഞ്ഞു. "ഇടത്തെ കൈകൊണ്ട് ഫൈൻ വാങ്ങുക, വലത്തെ കൈകൊണ്ട് കിറ്റ് കൊടുക്കുക, ഇതുകൊണ്ടെന്തെങ്കിലും പ്രയോജനമുണ്ടോ സാർ? കിറ്റ് ഇലക്‌ഷൻ കാലത്ത് ജയിക്കാനൊക്കെ കൊള്ളാം, പക്ഷേ കാലാകാലങ്ങളിൽ ഇക്കോണമിയെ സ്ട്രോംഗ് ആക്കണ്ടേ, സാർ..."- കുഞ്ഞാലിക്കുട്ടി തർക്കിച്ചു. എല്ലാം അടച്ചിടുക, ഇടയ്ക്കൊന്ന് തുറക്കുക, അപ്പോൾ ഈച്ചയെപ്പോലെ ആളുകൾ പൊതിയുക എന്നതാണ് ലോക്ക്ഡൗൺ നിയന്ത്രണത്തിലെ അശാസ്ത്രീയതയായി അദ്ദേഹം ദർശിച്ചത്.

ഇവിടെ കൊവിഡ് വന്നതിന് കാരണം ഭരണപക്ഷമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞില്ലെന്നേയുള്ളൂ എന്ന് അദ്ദേഹത്തിന്റെ വാദഗതികൾ കേട്ട ധനമന്ത്രിക്ക് തോന്നിപ്പോയത് സ്വാഭാവികമാണ്. സർക്കാർ ഇടപെടലുകളിലെ ആത്മാർത്ഥതയെ തുറന്നുകാട്ടാൻ അദ്ദേഹം കണക്കുപുസ്തകം തുറന്നുവച്ചു.

കിറ്റിനോട് വല്ലാത്ത അസഹിഷ്ണുത പ്രകടിപ്പിച്ച പ്രതിപക്ഷ ഉപനേതാവിനെ മുഖ്യമന്ത്രിക്ക് തീർത്തും രുചിച്ചില്ലെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതിനാൽ ഉപനേതാവ് കേരളത്തിൽ ജീവിക്കുന്ന രീതിയിലല്ല സംസാരിച്ചത് എന്ന് മുഖ്യമന്ത്രി മാർദ്ദവമില്ലാതെ കുടഞ്ഞു. കൊവിഡ് മഹാമാരി കേരളത്തിൽ ഒരേ അളവിൽ തുടരുന്നതിന് ജനസാന്ദ്രതയടക്കമുള്ള കാരണങ്ങൾ അദ്ദേഹം സമയമെടുത്തു തന്നെ നിരത്തി. എല്ലാം അഴിച്ചുവിടുക സാദ്ധ്യമല്ലെന്നാണ് അന്തിമതീർപ്പ്.

പാവങ്ങളുടെ കണ്ണീരും വിലാപവും കാണാനും കേൾക്കാനുമുള്ള കണ്ണും കാതും സർക്കാരിന് ഇല്ലാതെ പോയെന്ന് പരിതപിച്ചത് പ്രതിപക്ഷനേതാവ് വി.ഡി. സതീശനാണ്. മോറട്ടോറിയം ഏർപ്പെടുത്തൽ, ബാങ്കുകളുടെ യോഗം വിളിക്കൽ എന്നിവയെല്ലാം തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം കണ്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കാണുന്നില്ലെന്നാണ് പറയുന്നത്. പാലം കടക്കുവോളം നാരായണ, അതു കഴിഞ്ഞപ്പോൾ കൂരായണ എന്ന 'സ്വഭാവവൈശിഷ്ട്യം' അങ്ങനെയദ്ദേഹം വിവരിച്ചു.

പ്രതിപക്ഷ ഉപനേതാവിനെതിരായ മുഖ്യമന്ത്രിയുടെ ആക്രമണത്തിന് പ്രതിപക്ഷനേതാവ് വക പ്രത്യാക്രമണമുണ്ടായി. അണികൾ ദൈവമാക്കി വച്ചതിനാൽ വിമർശനത്തിന് അതീതനായെന്ന് കരുതരുതെന്നാണ് മുന്നറിയിപ്പ്. ഏത് ദൈവമായാലും ചക്രവർത്തിയായാലും വിമർശിക്കേണ്ടിടത്ത് വിമർശിക്കുമെന്നുള്ള ആ വെല്ലുവിളി കൈയോടെ ഏറ്റെടുക്കാൻ നിൽക്കാതെ മുഖ്യമന്ത്രി ആ സമയം പുറത്തേക്ക് പോയിരുന്നു.

വ്യവസായം, വൈദ്യുതപദ്ധതികൾ എന്നീ ധനാഭ്യർത്ഥനകളിന്മേലായിരുന്നു ചർച്ച. ചർച്ചയിൽ പങ്കെടുത്ത എം.എം. മണിക്ക് രാവിലത്തെ അടിയന്തരപ്രമേയ വേളയിലെ പ്രതിപക്ഷപ്രകടനത്തെ വിമർശിക്കാതിരിക്കാനായില്ല. കിറ്റ് കൊടുത്താൽ പരാതി, പെൻഷൻ കൊടുത്താൽ പരാതി, കേരള ജനത ഇത് കണ്ടുകൊണ്ടിരിക്കുന്നതിനാൽ അടുത്ത തവണ ഈ 41 പോലും സ്വാഹ എന്ന് സ്വതസിദ്ധ ശൈലിയിൽ നീട്ടിപ്പറഞ്ഞ് അദ്ദേഹം സായൂജ്യമടഞ്ഞു.

കേരളത്തിന്റെ വ്യവസായമുന്നേറ്റം പലർക്കും സഹിക്കുന്നില്ലെന്നാണ് ചർച്ച തുടങ്ങിവച്ച പി. നന്ദകുമാറിന്റെ തോന്നൽ. പ്രതിപക്ഷത്തെയാണോ അതോ മറ്റാരെയെങ്കിലുമാണോയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. മുഖ്യമന്ത്രിയെ ദേശീയദൈവമായും 20 മന്ത്രിമാരെ പ്രാദേശികദൈവമായും കുടിയിരുത്തിയ എൽദോസ് കുന്നപ്പിള്ളിൽ, പി. രാജീവിനെ വ്യവസായദൈവമെന്ന് വിളിച്ചു. വ്യവസായ ഇടനാഴി പോലെ ചില കാര്യങ്ങൾ പറഞ്ഞസമയത്ത് നടപ്പാക്കിയാൽ അദ്ദേഹം ആ 'ദൈവ'ത്തിന് പൊൻമോതിരം വാഗ്ദാനം ചെയ്തു.

കയറിന്റെ നാടായ ചിറയിൻകീഴിന്റെ പ്രതിനിധിയായതിനാലാകണം, കയറടക്കമുള്ള പരമ്പരാഗത വ്യവസായങ്ങളുടെ അഭിവൃദ്ധിക്കുള്ള ചില ശുപാർശകളും കഴിഞ്ഞകാല നേട്ടങ്ങളും വിവരിച്ച് വി. ശശി വിഷയത്തിലൊതുങ്ങി നിന്നു. അസെൻഡ് കേരള നടന്നതിന് തലേന്ന് സമരമുണ്ടായ കേരളത്തിലെങ്ങനെ നിക്ഷേപം വരുമെന്ന് മഞ്ഞളാംകുഴി അലി ചോദിച്ചു.

കിറ്റെക്സ് കമ്പനിയോടുള്ള അമർഷം അവരുടെ പേര് പറയാതെ പ്രകടമാക്കുന്നതിൽ പക്ഷഭേദമുണ്ടായില്ല. ട്വന്റി -20 ഇഫക്ടും സമീപകാലത്തെ അവരുടെ തെലങ്കാനയിലേക്കുള്ള പോക്കുമൊക്കെയാണ് അമർഷത്തിന് കാരണം. പെറ്റമ്മയായ കേരളത്തെ തള്ളിപ്പറഞ്ഞ് അക്കരെപ്പച്ച കണ്ടോടുന്നവരെന്ന് കെ.ബാബു (നെന്മാറ) കുറ്റം കണ്ടു. കടമ്പ്രയാർ മലിനീകരണത്തിലാണ് പി.ടി.തോമസ് പതിവുപോലെ പിടിച്ചത്. കേരളത്തിൽ വരേണ്ടത് നിയമങ്ങൾ അനുസരിക്കുന്ന വ്യവസായങ്ങളാണെന്ന് പറഞ്ഞ അദ്ദേഹം ഉദ്ദേശിച്ചതാരെയെന്ന് വ്യക്തം.

ഈ സമ്മേളനകാലത്തെ ശ്രദ്ധിക്കപ്പെട്ട അസാന്നിദ്ധ്യമാണ് കടകംപള്ളി സുരേന്ദ്രന്റേത്. ചിക്കുൻഗുനിയ ബാധിച്ച് കിടപ്പിലായതാണ് കാരണമെന്ന് അദ്ദേഹത്തിന്റെ അവധി അപേക്ഷ ചെയറിലിരുന്ന ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വായിച്ചപ്പോഴാണ് ബോദ്ധ്യമായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHAYIL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.