SignIn
Kerala Kaumudi Online
Friday, 26 April 2024 2.07 AM IST

തിരുവഞ്ചൂരിന്റെ മുല്ലപ്പെരിയാർ അന്യോന്യം

niyamasabha

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ താഴ്‌വാരത്തിൽ മരങ്ങൾ കടപുഴകിയാലും ഇല്ലെങ്കിലും അവിടെയെന്തോ ചീഞ്ഞുനാറുന്നുവെന്ന് പ്രതിപക്ഷം സംശയിച്ചു. അവിടെ ബേബി ഡാമിന് കീഴ്ഭാഗത്തുള്ള 15 മരങ്ങൾ മുറിച്ചുമാറ്റാൻ തമിഴ്നാടിന് അനുവാദം നൽകിക്കൊണ്ടുള്ള വന്യജീവി വാർഡന്റെ ഉത്തരവ് അത്ര നിഷ്കളങ്കമല്ലെന്നാണ് അവരുടെ തീർപ്പ്. വന്യജീവി ബോർഡിന്റെ ചെയർമാൻ മുഖ്യമന്ത്രിയും വൈസ് ചെയർമാൻ വനംമന്ത്രിയുമാകുമ്പോൾ ഉത്തരവിറക്കിയതിന്റെ 'വികാരിയസ് ലയബിലിറ്റി' ആർക്കാണെന്ന് വികാരഭരിതനായി ചോദിച്ചത് മരംമുറി ഉത്തരവുളവാക്കിയ ആശങ്കകളെപ്പറ്റി അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ തിരുവഞ്ചൂർ രാധാകൃഷ്ണനാണ്.

മുല്ലപ്പെരിയാർ വിഷയം സഭയിൽ പലകുറി ചർച്ച ചെയ്തതായതിനാൽ ചർവിതചർവണം പാടില്ലെന്ന് സ്പീക്കർ എം.ബി. രാജേഷിന്റെ മുന്നറിയിപ്പിന് തിരുവഞ്ചൂർന്യായം ഉടനുണ്ടായി. നൂറുവർഷം പഴക്കമുള്ള നിയമസഭയിൽ 128 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ കരാർ എത്രവട്ടം ചർച്ച ചെയ്തെന്ന് ചികഞ്ഞു പോകണോ!

മരംമുറി ഉത്തരവിലെ അപകടം വനംമന്ത്രി എ.കെ. ശശീന്ദ്രൻ സമ്മതിച്ചുകൊടുത്തു. അവധി പോലും നോക്കാതെ ഞായറാഴ്ച തന്നെ ഉത്തരവ് മരവിപ്പിച്ചത് അതുകൊണ്ടാണെന്നദ്ദേഹം പറഞ്ഞു. ഏതുദ്യോഗസ്ഥൻ പുറപ്പെടുവിച്ചതായാലും ഉത്തരവ് നിലനില്‌ക്കില്ലെന്ന് മന്ത്രി തീർത്തുപറഞ്ഞു. അങ്ങനെയെങ്കിൽ മരവിപ്പിക്കാതെ അതങ്ങ് റദ്ദാക്കിക്കൂടേയെന്ന് തിരുവഞ്ചൂർ . മരവിപ്പിക്കൽ ഒരു ഫസ്റ്റ് എയ്ഡ് മാത്രമാണെന്നും ബാക്കി നടപടി തുടരന്വേഷണത്തിന് ശേഷമുണ്ടാകുമെന്നും തിരുവഞ്ചൂരിനെ മന്ത്രി സമാധാനിപ്പിക്കാൻ ശ്രമിച്ചു. ചില തലകൾ ഉരുളാനായി കിടപ്പുണ്ടെന്ന് അങ്ങനെയദ്ദേഹം പറയാതെ പറഞ്ഞു.

ഇവിടെ ജലവിഭവ അഡിഷണൽ ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് മരംമുറിക്ക് തീരുമാനിച്ചതും വന്യജീവി വാർഡൻ ഉത്തരവിറക്കിയതുമൊക്കെ, കേരളത്തിലെ മുഖ്യമന്ത്രിയും മന്ത്രിമാരും അറിയും മുമ്പേ തമിഴ്നാട് സർക്കാരിലെ സകലരും അറിഞ്ഞതിലാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അദ്ഭുതപരതന്ത്രനായത്. ഇതൊന്നും അറിയുന്നില്ലെങ്കിൽ എന്തിനാണ് ആ കസേരയിലിരിക്കുന്നതെന്ന് അദ്ദേഹം വനംമന്ത്രിയെ നോക്കി ചോദിച്ചു. ആരെന്നും എന്തെന്നും ആർക്കറിയാം എന്ന ആത്മഗതം അന്തരീക്ഷത്തിൽ പ്രതിദ്ധ്വനിച്ചുവോ, എന്തോ!

കേരള വിദ്യാഭ്യാസ ഭേദഗതി ബില്ലും കശുവണ്ടി, തയ്യൽ തൊഴിലാളികളുടേതടക്കമുള്ള ക്ഷേമനിധി ഭേദഗതി ബില്ലുകളും കർഷകത്തൊഴിലാളി ഭേദഗതി ബില്ലും സഭ പാസാക്കി. വിദ്യാഭ്യാസവും തൊഴിലും വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായതിനാൽ അഞ്ച് ബില്ലുകളും ഒറ്റയടിക്ക് അവതരിപ്പിച്ചത് മന്ത്രി വി. ശിവൻകുട്ടി. ഒരുമിച്ച് ചർച്ച നിശ്ചയിച്ചെങ്കിലും മോരും മുതിരയും കുഴച്ചെടുക്കേണ്ടി വരുന്ന അവസ്ഥയിലെ വശക്കേട് ബോദ്ധ്യപ്പെട്ടത് ചർച്ച തുടങ്ങിക്കഴിഞ്ഞപ്പോഴാണ്. വിദ്യാഭ്യാസത്തിൽ നിന്ന് നേരേ തൊഴിലിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ ഏത് ശിവൻകുട്ടിമന്ത്രിക്കും അതിന്റേതായ ബുദ്ധിമുട്ട് സ്വാഭാവികമാണ്.

ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളെ ഒരുമിപ്പിക്കാനുള്ള വിദ്യാഭ്യാസഭേദഗതി ബില്ലിനെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനാണെന്ന് ന്യായീകരിക്കുന്നവരോടുള്ള വിയോജിപ്പ് ഹയർസെക്കൻഡറി അദ്ധ്യാപകനായ ടി.വി. ഇബ്രാഹിം പ്രകടിപ്പിച്ചു: "വിരൂപിയായ ആൾക്ക് സുന്ദരൻ എന്ന് പേരിടുന്നത് പോലെ." ഇബ്രാഹിമിന് സദ്ബുദ്ധി ഉപദേശിക്കാൻ ഡോ.കെ.ടി. ജലീൽ ഇടയ്ക്കിടെ എഴുന്നേറ്റ് ഇടപെട്ടുകൊണ്ടിരുന്നു. ഹയർസെക്കൻഡറി പ്രിൻസിപ്പലായ അങ്ങയുടെ ഭാര്യയെ നോക്കുകുത്തിയാക്കി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ വൈസ് പ്രിൻസിപ്പലായി കാര്യങ്ങൾ നിയന്ത്രിച്ചാൽ ശരിയാകുമോ എന്ന് ജലീലിനോട് ഇബ്രാഹിം ചോദിച്ചു.

തൊഴിലാളിക്ഷേമനിധി ബില്ലുകളിൽ വിയോജനം രേഖപ്പെടുത്തിയ അൻവർ സാദത്ത് സിനിമാനടൻ ജോജു ജോർജിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. "അഹങ്കാരത്തിന് കൈയും കാലും വച്ച സിനിമാനടനെതിരെ ശക്തമായ നിയമപോരാട്ടമുണ്ടാകും."

തയ്യൽതൊഴിലാളി ക്ഷേമനിധി ഭേദഗതിബില്ലിന്റെ ചർച്ചയിൽ മഞ്ചേശ്വരത്തെ എ.കെ.എം. അഷറഫ് നൊസ്റ്റാൾജിക് ആയി. മാധവേട്ടന്റെ ഉഷ ടെയ്‌ലറിംഗ് ഷോപ്പിലേക്ക് പെരുന്നാളിന് ഷർട്ട് തയ്പിക്കാനായി തന്നെയും കൂട്ടിപ്പോകുന്ന പിതാവിനെ അഷറഫ് ഓർത്തെടുത്തു. അദ്ധ്യാപകന്റെ ഭാഷയും ശൈലിയും വിദ്യാർത്ഥികൾക്ക് മാതൃകയാവണമെന്ന് ചീഫ് വിപ്പും മുൻ കോളേജദ്ധ്യാപകനുമായ ഡോ.എൻ. ജയരാജ് പറഞ്ഞു. സാലറിചലഞ്ച് ഉത്തരവ് കത്തിച്ച അദ്ധ്യാപകരുടെ മാതൃകയെ അപ്പോൾ കെ.ബാബു (നെന്മാറ) ഓർമ്മിച്ചു. പ്രിൻസിപ്പലിന് കുഴിമാടം തീർത്ത ആർട്ട് ഇൻസ്റ്റലേഷൻ മാതൃക പി.സി. വിഷ്ണുനാഥിന്റെ ഓർമ്മയിലെത്തി. എറണാകുളത്ത് പ്രിൻസിപ്പലിന്റെ കസേര കത്തിച്ച മാതൃക കെ. ബാബു(തൃപ്പൂണിത്തുറ) ഓർത്തു. 'മാതൃക'കളുടെ ഓർമ്മപ്രവാഹം കുത്തിയൊലിച്ചെത്തിയതോടെ, എല്ലാ അനഭിലഷണീയ മാതൃകകളെയും ഒറ്റവാക്കിൽ തള്ളി തടിയൂരാനേ ചീഫ് വിപ്പിന് സാധിച്ചുള്ളൂ!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHAYAIL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.