SignIn
Kerala Kaumudi Online
Friday, 19 April 2024 5.16 AM IST

സൈക്കിൾ യജ്ഞവും ചില്ലറ കണക്കും

niyamasabha

ഏത് കണക്കാണ് കണക്ക് എന്ന് ചിന്തിച്ച് പകച്ചുപോകവേ ആണ് പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനത്തിന്റെ അവസാനദിവസം പ്രതിപക്ഷം സഭാനടപടികളാകെ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്. കൊട്ടിക്കലാശം ഗംഭീരമാക്കാനുള്ള ചിട്ടവട്ടങ്ങളൊക്കെ അവരൊരുക്കിയിരുന്നു. സൈക്കിൾയജ്ഞം, സഭാനടുത്തളത്തിലിറങ്ങൽ, മുദ്രാവാക്യഘോഷം എന്നുവേണ്ട സകലതും. 'മഹാജനങ്ങൾക്ക് രസിക്കുമെങ്കിലീ മമശ്രമം നിഷ്ഫലമല്ല കേവലം' എന്നവർ പറഞ്ഞില്ലെന്നേയുള്ളൂ. ശൂന്യവേളയിൽ പെട്രോൾ, ഡീസൽ വിലവർദ്ധന അടിയന്തരപ്രമേയമായി കൊണ്ടുവന്നത് കെ.ബാബുവിന്റെ നേതൃത്വത്തിലാണ്.

പെട്രോൾ, ഡീസൽ വില്പനയിലൂടെയുള്ള സംസ്ഥാനത്തിന്റെ അധികനികുതിയിൽ കുറവ് വരുത്തുമോ ഇല്ലയോ എന്ന് ചോദിച്ചാണ് ധനമന്ത്രി കെ.എൻ. ബാലഗോപാലിന് നേർക്ക് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അവസാനത്തെ ചാട്ടുളിയെറിഞ്ഞത്. ധനമന്ത്രിയും പ്രതിപക്ഷനേതാവും സ്വന്തം കണക്കുകൾ നിരത്തി മപ്പടിച്ചുനിന്നു. ധനമന്ത്രിയുടെ കണക്ക് ഒരു വഴിക്കും പ്രതിപക്ഷനേതാവിന്റെ കണക്ക് വേറെ വഴിക്കും കൂട്ടിമുട്ടാതെ സഞ്ചരിച്ചു. അധികനികുതി കുറയ്ക്കുമോ ഇല്ലയോ എന്ന ചോദ്യത്തിന് ധനമന്ത്രി പറഞ്ഞ ഉത്തരമൊന്നും പ്രതിപക്ഷനിരയ്ക്ക് ബോധിച്ചില്ല. അങ്ങനെ അവർ മുദ്രാവാക്യം മുഴക്കി. 'കൊള്ളയാണേ, കൊള്ളയാണേ, ഇന്ധനനികുതി കൊള്ളയാണേ...'

നടുത്തളത്തിന്റെ വക്കിൽ നിന്നായിരുന്നു ആദ്യത്തെ അഞ്ച് മിനിറ്റ് മുദ്രാവാക്യംവിളി. അതിന് ശൗര്യം പോരെന്ന് സ്വയം ചിന്തിച്ചപ്പോൾ നടുത്തളത്തിലേക്ക് കുതിച്ചു. സ്പീക്കറുടെ ഡയസിൽ കയറിപ്പിടിച്ച് മുദ്രാവാക്യം മുഴക്കി. സ്പീക്കർ ഗൗനിക്കാതെ ശ്രദ്ധക്ഷണിക്കൽപ്രമേയത്തിനായി കെ.എൻ. ഉണ്ണികൃഷ്ണനെ ക്ഷണിച്ചു. മുദ്രാവാക്യത്തിന്റെ കനം കൂടി. മന്ത്രി പി. രാജീവ് ആദ്യ ശ്രദ്ധക്ഷണിക്കലിന് മറുപടി പറഞ്ഞുതീർന്നപ്പോൾ, പ്രതിപക്ഷനേതാവ് ബഹിഷ്കരണം പ്രഖ്യാപിച്ചു. മുദ്രാവാക്യംവിളിച്ച് തന്നെ അവർ പുറത്തേക്ക് നടന്നു.

എം.എൽ.എ ഹോസ്റ്റലിന് വിളിപ്പാടകലെയുള്ള നിയമസഭാമന്ദിരത്തിലേക്ക് പ്രതിപക്ഷത്തെ 41പേരും രാവിലെ സൈക്കിൾ ചവിട്ടിയാണെത്തിയത്. നിങ്ങൾ സൈക്കിളും ചവിട്ടി ഡൽഹിയിലേക്കാണ് പോകേണ്ടതെന്നാണ് ധനമന്ത്രി അവരെ ഉപദേശിച്ചത്! കേന്ദ്രം പെട്രോളിന് പത്ത് രൂപ കുറച്ചപ്പോൾ ഇവിടെ 12.30 രൂപ കുറഞ്ഞത് ഞങ്ങൾ കുറച്ചതുകൊണ്ടാണെന്നും അദ്ദേഹം കണക്ക് നിരത്തി. ഉമ്മൻ ചാണ്ടി ഭരണകാലത്ത് 13 തവണ നികുതി കൂട്ടിയില്ലേയെന്ന് ചോദിച്ചു.

സംശയവുമായി എഴുന്നേറ്റത് ഉമ്മൻ ചാണ്ടിയാണ്. 13 തവണ അന്ന് കൂടിയത് കേന്ദ്രം കൂട്ടിയപ്പോഴുണ്ടായ സ്വാഭാവിക വർദ്ധനയല്ലേയെന്നദ്ദേഹം ചോദിച്ചു. അല്ലാതെ കൂട്ടിയിട്ടുണ്ടെന്നായി ധനമന്ത്രി. വണ്ടിയിടിച്ച് അപകടമരണം സംഭവിച്ചവന്റെ വിരലിലെ മോതിരമടിച്ചുമാറ്റുന്ന നിലപാടാണ് സംസ്ഥാനസർക്കാരിന്റേതെന്ന് അദ്ദേഹമാരോപിച്ചു.

പാർലമെന്റിൽ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ സൈക്കിൾ ചവിട്ടി പോയവരിൽ തങ്ങളുടെ 19 എം.പിമാരുണ്ടായിരുന്നുവെന്നും നിങ്ങളുടെ ഒരു എം.പിയേ പോകാതിരുന്നുള്ളൂവെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറ‌ഞ്ഞു. യു.ഡി.എഫിന്റെ അഞ്ച് കൊല്ലം പെട്രോളിയം നികുതിയിനത്തിൽ 500കോടി കിട്ടിയപ്പോൾ കഴിഞ്ഞ അഞ്ച് കൊല്ലം 5000കോടി പിരിച്ചെന്നാണ് അദ്ദേഹത്തിന്റെ കണക്ക്. അതിലൊരു വിഹിതം ഇന്ധനസബ്സിഡി നൽകൂവെന്നാണാവശ്യം. ഉമ്മൻ ചാണ്ടി സർക്കാർ 95 ശതമാനം അഞ്ച് കൊല്ലം കൊണ്ട് നികുതി കൂട്ടിയപ്പോൾ പിണറായിസർക്കാർ 15 ശതമാനമേ കൂട്ടിയുള്ളൂവെന്ന കണക്ക് ധനമന്ത്രിയും നിരത്തി. അതിൽ ബോധിക്കാതെയാണ് പ്രതിപക്ഷബഹിഷ്കരണം. ബഹിഷ്കരിച്ചിറങ്ങിയവർ വന്ന സൈക്കിളിൽ എം.എൽ.എ ഹോസ്റ്റലിലേക്ക് മടങ്ങി.

പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ഉപക്ഷേപങ്ങൾക്കുള്ള മറുപടികൾ മന്ത്രിമാർ മേശപ്പുറത്ത് വച്ചു. സ്വാശ്രയ കോളേജുകളിലെ അദ്ധ്യാപക-അനദ്ധ്യാപകർക്കുള്ള സേവനവേതന വ്യവസ്ഥകൾ നിശ്ചയിക്കുന്ന ബിൽ പാസാക്കി. 57ലെ വിദ്യാഭ്യാസപരിഷ്കരണത്തിന് ശേഷമുള്ള അഭിമാനകരമായ കാൽവയ്പെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് പകരം ബിൽ അവതരിപ്പിച്ച മന്ത്രി കെ. രാധാകൃഷ്ണൻ വിശേഷിപ്പിച്ചു. ബില്ലിന് ബീജാവാപം നൽകിയ മുൻമന്ത്രിയായ കെ.ടി. ജലീൽ ചർച്ചയിൽ സംസാരിക്കവേ അഭിമാനപുളകിതനായി.

ഉപധനാഭ്യർത്ഥനചർച്ചകളിൽ ശൂന്യമായ പ്രതിപക്ഷനിരയെ നോക്കി ഭരണകക്ഷിയംഗങ്ങൾ ആക്ഷേപം ചൊരിഞ്ഞ് ആത്മസംതൃപ്തിയടഞ്ഞു. ജനത്തെ കൊള്ളയടിക്കൽ യു.പി.എ തുടങ്ങിവച്ചത് എൻ.ഡി.എ തുടരുന്നുവെന്നാണ് ചീഫ് വിപ്പ് എൻ.ജയരാജിന്റെ വാദം. ഈ ജന്മത്തിൽ അധികാരത്തിൽ വരില്ലെന്നുറപ്പുള്ളതിനാലാണ് കേന്ദ്രത്തിന്റെ നികുതികൊള്ളയ്ക്കെതിരെ മിണ്ടാതെ കേരളസർക്കാരിനെ എതിർക്കുന്നതെന്ന് പി. നന്ദകുമാർ പറഞ്ഞു. പ്രതിപക്ഷമില്ലാത്ത കേരളം എന്ന തന്റെ സ്വപ്നം എ.എൻ. ഷംസീർ മറയില്ലാതെ പ്രകടമാക്കി. പൊലീസ് പിടികൂടാൻ കാരണമുണ്ടാക്കുന്ന ജൂനിയർ മാൻഡ്രേക്ക് സിനിമയിലെ ജഗതിയുടെ കഥാപാത്രത്തോട്, ഇല്ലാത്ത കാരണമുണ്ടാക്കി ബഹിഷ്കരിച്ച പ്രതിപക്ഷത്തെ ഷംസീർ ഉപമിച്ചു. പന്ത്രണ്ടരയ്ക്കുള്ള ട്രെയിനിന് പോകാൻ ടിക്കറ്റെടുത്ത പ്രതിപക്ഷ അംഗങ്ങളുടെ വിക്രിയയായേ എം.എം.മണിക്ക് ബഹിഷ്കരണത്തെ കാണാനായുള്ളൂ. കോഴിയെ സംരക്ഷിക്കാൻ കുറുക്കനെ ഏല്പിച്ച പോലെ ഇന്ധനവില കൈകാര്യം ചെയ്യാൻ കുത്തകകളെ ഏല്പിച്ച കോൺഗ്രസ് നയത്തെയോർത്താണ് കടകംപള്ളി സുരേന്ദ്രൻ വ്യസനിച്ചത്.

ധനവിനിയോഗബിൽ ചർച്ചയില്ലാതെ പാസാക്കിയാണ് സഭ പിരിഞ്ഞത്. 34 ബില്ലുകൾ പാസാക്കി ചരിത്രത്തിലേക്ക് നടന്നുകയറിയ സഭയുടെ നേട്ടത്തിൽ സ്പീക്കർ അഭിമാനിക്കുകയും സഹകരിച്ച അംഗങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്താണ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHAYIL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.